ADVERTISEMENT

റെക്കാലം ജീവിക്കണം എന്നല്ല, ജീവിക്കുന്നിടത്തോളം കാലം ആരോഗ്യത്തോടെ ഇരിക്കണം എന്നാണു നമ്മളില്‍ പലരും ആഗ്രഹിക്കുന്നത്. മുപ്പതു വയസ്സ് കഴിയുമ്പോഴേ ഷുഗറും പ്രഷറും കൊളസ്ട്രോളും തലപൊക്കിത്തുടങ്ങുന്നു. അപ്പോള്‍പ്പിന്നെ ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ കൂടുതല്‍ ആരോഗ്യകരമായ ജീവിതത്തിനു വേണ്ടി ആഗ്രഹിക്കുക മാത്രമേ വഴിയുള്ളൂ.

ഈ ആധുനികയുഗത്തിലും ആരോഗ്യവും ആയുസ്സും ഒരുപോലെ അനുഗ്രഹിച്ച ജനതകള്‍ ഈ ലോകത്ത് പലയിടത്തുമുണ്ട്.  "ബ്ലൂ സോണുകൾ" എന്നറിയപ്പെടുന്ന ഈ പ്രദേശങ്ങളില്‍ നിന്നും നമുക്ക് പഠിച്ചെടുക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. പരമ്പരാഗത ഭക്ഷണരീതികൾ സ്വീകരിക്കുന്നത് മുതൽ ശക്തമായ സാമൂഹിക ബന്ധങ്ങൾ വളർത്തിയെടുക്കുന്നതും പ്രതിരോധ ആരോഗ്യ സംരക്ഷണത്തിനു മുൻഗണന നൽകുന്നതും വരെ, ആയുർദൈർഘ്യം രൂപപ്പെടുത്തുന്ന ഒട്ടേറെ സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ ഇവിടങ്ങളില്‍ പ്രകടമായി കാണാനാകും. അസാധാരണമായ ആയുർദൈർഘ്യമുള്ള ഈ രാജ്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം.

Japanese Geisha. Image Credit: cowardlion/shutterstock
Japanese Geisha. Image Credit: cowardlion/shutterstock

ജപ്പാൻ

ആഗോള ആയുർദൈർഘ്യ ചാർട്ടുകളിൽ സ്ഥിരമായി ഒന്നാം സ്ഥാനത്തുള്ള ജപ്പാനിലെ ജനങ്ങളുടെ ശരാശരി ആയുസ്സ്, 2022 ലെ ലോക ബാങ്കിന്‍റെ കണക്ക് പ്രകാരം 85 വർഷത്തിൽ കൂടുതലാണ്. രാജ്യത്തുടനീളം ദീർഘായുസ്സ് കാണാമെങ്കിലും ചില പ്രദേശങ്ങൾ വേറിട്ടുനിൽക്കുന്നു. തെക്കൻ ജപ്പാനിലെ ദ്വീപുകളുടെ ഒരു കൂട്ടമായ ഒകിനാവ, നൂറു വയസ്സിനു മുകളിലുള്ള ആളുകളുടെ ലോകത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സ്ഥലങ്ങളിലൊന്നാണ്. പച്ചക്കറികൾ, ടോഫു, മത്സ്യം എന്നിവയാണ് ഒകിനാവയിലെ പ്രധാന ഭക്ഷണം. കൂടാതെ, ജപ്പാനിലെ സാർവത്രിക ആരോഗ്യസംരക്ഷണ സംവിധാനം എല്ലാ പൗരന്മാർക്കും ഗുണനിലവാരമുള്ള വൈദ്യസഹായം ലഭ്യമാക്കുന്നു, നേരത്തെയുള്ള പ്രതിരോധ നടപടികളും ഇവരുടെ മികച്ച ആരോഗ്യത്തിന് സംഭാവന നല്‍കുന്നു.

Image Credit: SimonSkafar/ istockphoto
Image Credit: SimonSkafar/ istockphoto

ഇറ്റലി

മെഡിറ്ററേനിയൻ ജീവിതശൈലിക്കും ഭക്ഷണക്രമത്തിനും പേരുകേട്ട ഇറ്റലിയിലെ ശരാശരി ആയുർദൈർഘ്യം 83 വർഷത്തിലധികമാണ് (ലോക ബാങ്ക്, 2022). മെഡിറ്ററേനിയൻ കടലിൽ സ്ഥിതി ചെയ്യുന്ന സാർഡിനിയ ദ്വീപ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളുടെ ആവാസ കേന്ദ്രമാണ്. ഒലിവ് ഓയിൽ, പഴങ്ങൾ, പച്ചക്കറികൾ, റെഡ് വൈൻ എന്നിവയാൽ സമ്പുഷ്ടമായ പരമ്പരാഗത ഭക്ഷണരീതിയും ശക്തമായ കുടുംബബന്ധങ്ങളും സജീവമായ ജീവിതശൈലിയും ഈ ആയുര്‍ദൈര്‍ഘ്യത്തിനു സംഭാവന നല്‍കുന്നു. ഒവോഡ, വില്ലഗ്രാൻഡെ സ്ട്രിസൈലി തുടങ്ങിയ ഗ്രാമങ്ങളിൽ നൂറു വയസ്സു പ്രായമുള്ളവരുടെ ഉയർന്ന ജനസംഖ്യ തന്നെയുണ്ട്. ഇറ്റലിയുടെ സാർവത്രിക ആരോഗ്യസംരക്ഷണ സംവിധാനം എല്ലാ പൗരന്മാർക്കും വൈദ്യസഹായം ലഭ്യമാക്കുന്നു, പ്രതിരോധ മരുന്നുകളും നേരത്തെയുള്ള രോഗനിർണയവും പ്രോത്സാഹിപ്പിക്കുന്നു.

Alexandros Michailidis
Image Credit : Alexandros Michailidis/istockphoto

ഗ്രീസ്

ഗ്രീസില്‍ പ്രായമെന്നാല്‍ വെറും ഒരു സംഖ്യയാണ്. 82 വർഷത്തിലധികമാണ് ഇവിടുത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം എന്ന് 2022 ലെ ലോക ബാങ്കിന്‍റെ റിപ്പോര്‍ട്ട് കാണിക്കുന്നു. "ദീർഘായുസ്സിന്റെ ബ്ലൂ സോണ്‍" എന്നറിയപ്പെടുന്ന ഇക്കാരിയ ദ്വീപ്, നൂറു വയസ്സുള്ളവരുടെ ഉയർന്ന ജനസംഖ്യയ്ക്കും വിട്ടുമാറാത്ത രോഗങ്ങളുടെ കുറഞ്ഞ നിരക്കിനും പ്രസിദ്ധമാണ്. പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, ഒലിവ് ഓയിൽ, ഹെർബൽ ടീ എന്നിവയാൽ സമ്പന്നമായ ഇക്കാരിയൻ ഭക്ഷണക്രമമാണ് ആയുര്‍ദൈര്‍ഘ്യത്തിനും പ്രതിരോധശേഷിക്കും പ്രധാന സംഭാവന നല്‍കുന്നത്. ഗ്രീസിന്റെ ആരോഗ്യസംരക്ഷണ സംവിധാനം എല്ലാ പൗരന്മാർക്കും മെഡിക്കൽ സേവനങ്ങള്‍ ഉറപ്പാക്കുന്നു.

കോസ്റ്റാറിക്ക

മധ്യ അമേരിക്കൻ പറുദീസയായ കോസ്റ്റാറിക്കയില്‍ 80 വർഷത്തിലധികമാണ് ശരാശരി ആയുസ്സ്. രാജ്യത്തിൻ്റെ പസഫിക് തീരത്ത് സ്ഥിതി ചെയ്യുന്ന നിക്കോയ പെനിൻസുല ഒരു പ്രധാനപ്പെട്ട ബ്ലൂ സോണ്‍ ആണ്.  പഴങ്ങൾ, പച്ചക്കറികൾ, ബീൻസ്, ധാന്യങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇവരുടെ ഭക്ഷണക്രമം, ശക്തമായ സാമൂഹിക ബന്ധങ്ങളും സജീവമായ ജീവിതരീതികളും അവരുടെ ദീർഘായുസ്സിന് സംഭാവന ചെയ്യുന്ന മറ്റു ഘടകങ്ങളാണ്. കൂടാതെ, കോസ്റ്റാറിക്കയുടെ സാർവത്രിക ആരോഗ്യ സംരക്ഷണ സംവിധാനം, പ്രതിരോധ മരുന്ന്, കമ്മ്യൂണിറ്റി അധിഷ്‌ഠിത ആരോഗ്യ സംരംഭങ്ങൾ എന്നിവ എല്ലാ പൗരന്മാർക്കും വൈദ്യസഹായം ലഭ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Catalina-Island-Credit--Visit-California

യുണൈറ്റഡ് സ്റ്റേറ്റ്സ്

മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ മൊത്തത്തിലുള്ള ആയുർദൈർഘ്യം കുറവാണെങ്കിലും ചില പ്രദേശങ്ങൾ അസാധാരണമായ ആയുര്‍ദൈര്‍ഘ്യത്തിന്‌ പ്രസിദ്ധമാണ്. സെവൻത് ഡേ അഡ്വെൻറിസ്റ്റുകളുടെ ഒരു കമ്മ്യൂണിറ്റിയുടെ ആസ്ഥാനമായ കലിഫോർണിയയിലെ ലോമ ലിൻഡയാണ് ഇതിലൊന്ന്. രാജ്യത്തെ ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള ഇടങ്ങളിലൊന്നാണ് ഇത്. സസ്യാധിഷ്ഠിത ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, വിശ്രമം, ശക്തമായ സാമൂഹിക ബന്ധങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന അഡ്വെൻറിസ്റ്റ് ജീവിതശൈലി, ഇവിടുള്ളവർക്കു ദീർഘായുസ്സിന് സംഭാവന നൽകുന്നു. മാത്രമല്ല, ഉയർന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങളും ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനകരമാണ്.

English Summary:

Discover the Secret to a Longer Life: Explore the Top 5 Places with the Highest Life Expectancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com