ADVERTISEMENT

പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ്. ഇറാൻ ഇസ്രയേലിനെ ആക്രമിക്കുക കൂടി ചെയ്തതോടെ യുദ്ധം അതിന്റെ കൂടുതൽ ഭീകരാവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. സൈറണുകളും ബോംബ് സ്ഫോടനങ്ങളുടെ ശബ്ദവുമാണ് ഇസ്രയേലിൽ എങ്ങും. തലസ്ഥാനമായ ടെൽ അവീവിലും ജെറുസലേമിലും ഉൾപ്പെടെ ഇസ്രയേലിൽ എവിടെയും സ്ഫോടനശബ്ദങ്ങളാണ് കേൾക്കുന്നത്. ഏതായാലും പുതിയ സംഭവവികാസങ്ങൾ കണക്കിലെടുത്ത് ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യുന്നതിന് എതിരെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ. വെള്ളിയാഴ്ചയാണ് യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു മുന്നറിയിപ്പ്.

  • Also Read

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര അരുത്

ഇറാനിലേക്കോ ഇസ്രയേലിലേക്കോ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ യാത്ര ചെയ്യരുതെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പൗരൻമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. നിലവിൽ ഇറാനിലോ ഇസ്രയേലിലോ ഉള്ളവർ അവിടെയുള്ള ഇന്ത്യൻ എംബസിയുമായി ഉടനെ ബന്ധപ്പെടേണ്ടതും രജിസ്റ്റർ ചെയ്യേണ്ടതുമാണ്. സുരക്ഷാസംബന്ധമായ എല്ലാ മുൻകരുതലുകളും എടുക്കണമെന്നും യാത്രകൾ പരിമിതപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Jordan Travel. Image Credit : Anastasiia Shavshyna/istockphoto
Jordan Travel. Image Credit : Anastasiia Shavshyna/istockphoto

സിറിയയിൽ വ്യോമാക്രമണം നടത്തിയതിന് ഇസ്രയേലിനെ ടെഹ്റാൻ കുറ്റപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് വിദേശകാര്യമന്ത്രാലയം ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. ആക്രമണത്തിൽ നിരവധി ഇറാനിയൻ സൈനിക കമാൻഡർമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരികയാണ്.

നിലവിലെ സ്ഥിതിഗതികളിൽ ഇന്ത്യ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ നയതന്ത്ര കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺഡിർ ജയിസ്വാൾ പറഞ്ഞു. പശ്ചിമേഷ്യയിൽ വർദ്ധിച്ചു വരുന്ന യുദ്ധത്തിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം ഒഴിവാക്കണമെന്നും രാജ്യാന്തര നിയമത്തിന്റെ തത്വങ്ങളും മാനദണ്ഡങ്ങളും അംഗീകരിക്കണമെന്നും അദ്ദേഹം എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു.

Pigeons in The Masjid-i Jami, Isfahan, Iran. Against sunset background. Image Credit : kickimages/istockphoto
Pigeons in The Masjid-i Jami, Isfahan, Iran. Against sunset background. Image Credit : kickimages/istockphoto

നിലവിൽ ഇസ്രയേലിൽ 18,000 ഇന്ത്യൻ പൗരൻമാർ താമസിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗം ആളുകളും കെയർ ഗിവർമാരും ഐടി പ്രൊഫഷണൽസുമാണ്. അതേസമയം, ഇറാനിൽ 4000 ത്തോളം ഇന്ത്യൻ പൗരൻമാർ താമസിക്കുന്നുണ്ട്. അതിൽ വ്യാപാരികളും പഠനവുമായി ബന്ധപ്പെട്ട് എത്തിയവരുമുണ്ട്. ഇന്ത്യയെ കൂടാതെ ഫ്രാൻസും യുഎസും പൗരൻമാർക്കു യാത്രാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

English Summary:

Iran India releases a travel advise, advising against visiting Iran or Israel due to the ongoing conflict.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com