ADVERTISEMENT

ഹിമാചല്‍ പ്രദേശില്‍ കയാക്കിങ്ങിനും റിവര്‍ റാഫ്റ്റിങ്ങിനും പോകുന്നവര്‍ക്ക് പ്രായപരിധി നിര്‍ണയിക്കണമെന്ന നിര്‍ദേശവുമായി ഹിമാചല്‍ പ്രദേശ് ഹൈക്കോടതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കുളു ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി കഴിഞ്ഞു. ജസ്റ്റിസ് എംഎസ് രാമചന്ദ്ര റാവു, ജസ്റ്റിസ് ജ്യോത്സന റേവല്‍ ദുവ എന്നിവരടങ്ങുന്ന ബെഞ്ചാണ് സാഹസിക വിനോദങ്ങള്‍ക്കായെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. കയാക്കിങ് റിവര്‍ റാഫ്റ്റിങ് പോലുള്ള റിവര്‍ സ്‌പോര്‍ട്‌സിനായെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കു പ്രായപരിധി ഏര്‍പ്പെടുത്തുകയോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയോ ചെയ്യണമെന്ന നിര്‍ദേശമാണ് കോടതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇത്തരം സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരുക്കേണ്ട സുരക്ഷാ സൗകര്യങ്ങളുടെ കാര്യത്തില്‍ കുറവുകളുണ്ടെന്ന നിരീക്ഷണം ഹിമാചല്‍ പ്രദേശ് ഹൈക്കോടതി നടത്തിയിരുന്നു. 

Image Credit : Christopher Moswitzer/istockphotos
Image Credit : Christopher Moswitzer/istockphotos

2005ലെ ഹിമാചല്‍ പ്രദേശ് റിവര്‍ റാഫ്റ്റിങ് നിയമത്തെ കാലാനുസൃതമായി പരിഷ്‌ക്കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. റിവര്‍ റാഫ്റ്റിങും മറ്റും നടത്തുന്നവര്‍ റാഫ്റ്റുകള്‍ക്കൊപ്പം രണ്ട് രക്ഷാ റാഫ്റ്റുകളോ ഒരു റാഫ്റ്റും ഒരു കയാക്കുമോ കൊണ്ടുപോകണമെന്ന് ഈ നിയമം നിര്‍ദേശിക്കുന്നുണ്ട്. 65കാരന്‍ റിവര്‍ റാഫ്റ്റിങിനിടെ ദാരുണമായി മരിക്കാനിടയായ സാഹചര്യത്തിലാണ് ഹിമചല്‍പ്രദേശിലെ റിവര്‍ സ്‌പോര്‍ടുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്നത്. ജൂലൈ 18നാണ് ഈ കേസ് വീണ്ടും ഹിമാചല്‍ പ്രദേശ് ഹൈക്കോടതി പരിഗണിക്കുക. 

റിവര്‍ റാഫ്റ്റിങിനെ ഏറെ പ്രസിദ്ധമായ ഹിമാചല്‍പ്രദേശിലെ അഞ്ച് സ്ഥലങ്ങള്‍

ബിയാസ് നദി- കുളു താഴ്​വരയിലെ ബിയാസ് നദി റിവര്‍ റാഫ്റ്റിങിന് അനുയോജ്യമായ സ്ഥലമാണ്. ഹിമാലയത്തിന്റെ അതിമനോഹരമായ പശ്ചാത്തലവും മഞ്ഞുരുകി വരുന്ന വെള്ളവും തെളിമയുമെല്ലാം ബിയാസിലെ റിവര്‍ റാഫ്റ്റിങ് കൂടുതല്‍ സുന്ദരമാക്കും. തുടക്കക്കാര്‍ക്ക് അനുയോജ്യമായതു മുതല്‍ പ്രൊഫഷണല്‍സിനു വരെ വെല്ലുവിളിയാവുന്ന തരത്തിലുള്ള പരതരത്തിലുള്ള റിവര്‍ റാഫ്റ്റിങ് റൂട്ടുകള്‍ ഇവിടെയുണ്ട്. 

സത്‌ലജ് നദി - ഷിംലയിലെ സത്‌ലജ് നദിയും റിവര്‍ റാഫ്റ്റിങിനു പേരു കേട്ടതാണ്. ഷിംല താഴ്‌വരയിലാണ് റിവര്‍ റാഫ്റ്റിങ് സൗകര്യമുള്ളത്. സാഹസികരായ റിവര്‍ റാഫ്റ്റിങ് പ്രേമികള്‍ക്കായുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. 

രവി നദി- ചംബ ജില്ലയിലാണ് രവി നദിയുള്ളത്. പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് ഇവിടെ റിവര്‍ റാഫ്റ്റിങ് നടത്താനാവും. ചംബ മുതല്‍ ബലായ് വരെയുള്ള ഭാഗമാണ് നദിയിലെ സാഹസിക വിനോദങ്ങള്‍ക്ക് അനുയോജ്യമായത്. 

ചെനാബ് നദി - ലാഹുള്‍ താഴ്‌വരയിലൂടെ ഒഴുകുന്ന ചെനാബ് നദിയില്‍ റിവര്‍ റാഫ്റ്റിങ് സൗകര്യങ്ങളുണ്ട്. ഹിമാചല്‍ പ്രദേശിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ റാഫ്റ്റിങ് അനുഭവങ്ങള്‍ ഇവിടെ നിന്നും ലഭിച്ചേക്കാം. 

സ്പിതി നദി- പ്രസിദ്ധമായ സ്പിതി താഴ്‌വരയിലാണ് സ്പിതി നദിയും ഒഴുകുന്നത്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഒറ്റപ്പെട്ടു കിടക്കുന്ന സ്പിതി താഴ്‌വര വ്യത്യസ്തമായ ഭൂപ്രകൃതി കൊണ്ടും ശ്രദ്ധേയമാണ്. ഹിമാലയന്‍ റിവര്‍ റാഫ്റ്റിങുകളില്‍ മനോഹരമായ അനുഭവങ്ങള്‍ സമ്മാനിക്കാന്‍ പോന്നവയാണ് ഹിമാചല്‍ പ്രദേശിലെ ഈ അഞ്ചു കേന്ദ്രങ്ങളും.

English Summary:

Himachal Pradesh High Court Calls for Age Limits in Kayaking and Rafting - What Adventure Seekers Need to Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com