ADVERTISEMENT

ഏതു ജലാശയം കണ്ടാലും ഒന്ന് മുങ്ങാന്‍ തോന്നുന്നവര്‍ക്ക്, ന്യൂസിലന്‍ഡിലെ വൈമാന്‍ഗു താഴ്‍‍‍വരയിലുള്ള ഫ്രൈയിങ് പാന്‍ തടാകത്തില്‍ ആ ആഗ്രഹം നിറവേറ്റാന്‍ നോക്കിയാല്‍ നല്ല പണി കിട്ടും. പിന്നീട്, കുളം പോയിട്ട് കുളിമുറിയിലെ വെള്ളം കണ്ടാല്‍പ്പോലും പേടിച്ച് വിറയ്ക്കുന്ന അവസ്ഥയാകും! എന്താണെന്നല്ലേ? ഈ തടാകത്തിലെ ജലത്തിന് വര്‍ഷം മുഴുവന്‍ 50–60 °C ആണ് താപനില!

അഗ്നിപര്‍വ്വതങ്ങളും മനോഹരമായ ഭൂപ്രകൃതിയും നിറഞ്ഞ വൈമാന്‍ഗുവിലേക്ക് റോട്ടറോവ നഗരത്തില്‍ നിന്നും റോഡ്‌ വഴി സഞ്ചരിച്ചാല്‍ ഏകദേശം 25 മിനിറ്റ് ദൂരമുണ്ട്. നിരവധി ടൂര്‍ കമ്പനികള്‍ ഇവിടേക്കുള്ള ടൂറുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സഞ്ചാരികള്‍ക്ക് ഇവിടെ ഹൈക്കിങ്ങിനും ക്രൂയിസ് യാത്ര ചെയ്യാനുമെല്ലാമുള്ള അവസരം ഇവര്‍ ഒരുക്കുന്നുണ്ട്‌. 

എല്ലാ ദിവസവും രാവിലെ എട്ടരമുതല്‍ വൈകീട്ട് അഞ്ചുമണി വരെ സന്ദര്‍ശകര്‍ക്ക് വൈമാന്‍ഗു താഴ്‌‌‌വരയിലേക്ക് പ്രവേശനമുണ്ട്. പ്രവേശനം തികച്ചും സൗജന്യമാണ്.

ഫ്രൈയിങ് പാന്‍ തടാകം

ലോകത്തില്‍ ഏറ്റവും ചൂടുള്ളതും അസിഡിക് സ്വഭാവമുള്ളതുമായ ജലം ഉള്ള തടാകമാണ് ഫ്രൈയിങ് പാന്‍. ഏകദേശം 38,000 ച.മീ വിസ്തൃതിയുള്ള തടാകത്തിന് 18 അടി മുതല്‍ 60 അടി വരെ താഴ്ചയുള്ള ഭാഗങ്ങളുണ്ട്. എപ്പോള്‍ നോക്കിയാലും തടാകത്തിന്‍റെ ഉപരിതലത്തില്‍ നിന്നും പുക ഉയരുന്നത് കാണാം. കാര്‍ബണ്‍ ഡയോക്സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ് തുടങ്ങിയ വാതകങ്ങള്‍ സദാ സമയവും തടാകത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നു.

Frying-Pan-Lake

1886-ൽ ഉണ്ടായ ഒരു വലിയ അഗ്നിപർവ്വത സ്‌ഫോടനത്തിൽ നിന്നായിരുന്നു തടാകത്തിന്‍റെ പിറവി. ഇവിടെയുള്ള താരാവേര അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് നിരവധി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. യൂറോപ്യന്മാരുടെ വരവിന് ശേഷം ന്യൂസിലൻഡിലുണ്ടായതില്‍ വച്ച് ഏറ്റവും വലിയ പൊട്ടിത്തെറിയായിരുന്നു ഇത്. ഇതോടെ വൈമാന്‍ഗു താഴ്വരയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറി, അവിടുത്തെ ഭൂമിയുടെ താപധാരിതയിലും ചാലകതയിലുമെല്ലാം മാറ്റം വന്നു.

പൊട്ടിത്തെറി കഴിഞ്ഞ് 15 വർഷത്തിനുള്ളിൽ നിരവധി ചൂടുനീരുറവകൾ വൈമാന്‍ഗു താഴ്‌വരയിൽ പ്രത്യക്ഷപ്പെട്ടു.  ഇക്കൂട്ടത്തില്‍ ഉണ്ടായ, ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണജലപ്രവാഹമായ വൈമാന്‍ഗു ഗെയ്‌സർ കഴിഞ്ഞ നാലുവർഷമായി അര കിലോമീറ്ററോളം നീളത്തില്‍ വെള്ളം ചീറ്റുന്നു. മഴവെള്ളവും ചൂടുള്ള ഭൂഗർഭജലവും നിറഞ്ഞ ചെറിയ കുഴികള്‍ വേറെയും ധാരാളമുണ്ടായിരുന്നു. അതിലൊന്നായിരുന്നു എക്കോ ക്രേറ്ററിൽ രൂപപ്പെട്ട ഫ്രൈയിംഗ് പാൻ തടാകം. 

1917 ൽ എക്കോ ക്രേറ്ററിൽ ഉണ്ടായ മറ്റൊരു വലിയ പൊട്ടിത്തെറി മൂലമാണ് തടാകത്തിന്‍റെ ഇപ്പോഴുള്ള ആകൃതിയും വലുപ്പവും അതിനു കൈവന്നത്.

തടാക പ്രദേശത്തിന് ചുറ്റും അതിലോലമായ സിലിക്ക ഘടനകളും അഗ്നിപര്‍വ്വത പ്രവര്‍ത്തനം മൂലമുണ്ടായ ധാതു നിക്ഷേപങ്ങളാല്‍ വർണ്ണാഭമായ പ്രതലങ്ങളും കാണാം. തടാകത്തിന്‍റെ കിഴക്കു വശത്തായാണ് വൈമാന്‍ഗു ഗെയ്‌സർ. 

English Summary: Frying Pan Lake – Waimangu, New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com