ADVERTISEMENT

ഉക്രെയിന്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്ന നിരവധി ചിത്രങ്ങളുണ്ട്. സോവിയറ്റ് പ്രതാപകാലത്തെ ഓര്‍മകളുണര്‍ത്തുന്ന നിര്‍മിതികളും ഭയാനകമായ തണുപ്പുകാലവും ആണവദുരന്തങ്ങളുമെല്ലാമാണ് ഇക്കൂട്ടത്തില്‍ പ്രധാനം. എന്നാല്‍ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന ഒട്ടനവധി മനോഹരമായ സ്ഥലങ്ങളും കിഴക്കൻ യൂറോപ്പിലെ ഈ രാജ്യത്തിലുണ്ട്. തലസ്ഥാനമായ കീവ് നഗരം തന്നെ ഉദാഹരണം. വര്‍ണ്ണാഭമായ ഒട്ടനവധി കാഴ്ചകളാണ് ഇവിടെ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്. പഴമയും പുതുമയും ഇഴചേര്‍ന്ന് കണ്ണിനുത്സവമൊരുക്കുന്ന കീവ് നഗരത്തിലെ ചില കാഴ്ചകളിലേക്ക്.

1. വോസ്ഡ്വിഷെങ്ക

2000- കളുടെ തുടക്കത്തിൽ സമ്പന്നരുടെ വാസസ്ഥലമായി മാറുമെന്ന പ്രതീക്ഷയിൽ ബറോക്ക് ശൈലിയിൽ പുനർനിർമിച്ച പ്രദേശമാണ് വോസ്ഡ്വിഷെങ്ക. ഇവിടെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെ പകർപ്പുകള്‍ നിര്‍മിക്കാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ക്കിടയില്‍ പരിഹാസ്യമാവുകയാണ് ചെയ്തത്. അതേസമയം, വർണ്ണാഭമായ വാസ്തുവിദ്യ നിരവധിപ്പേരെ ആകര്‍ഷിക്കുകയും ചെയ്തു. കല്ലുകള്‍ പാകിയ തെരുവുകളിൽ അണിനിരക്കുന്ന പച്ച, നീല, ഓറഞ്ച് നിറത്തിലുള്ള മാളികകളും ടൈൽ വിരിച്ച അവയുടെ മേൽക്കൂരകളും മനോഹരമായ കാഴ്ചയാണ് എന്ന് പറയാതിരിക്കാന്‍  കഴിയില്ല. വോസ്ഡ്വിഷെങ്കയുടെ തൊട്ടടുത്തുള്ള സാംകോവ ഹോറ എന്ന കുന്നിന്‍മുകളില്‍ നിന്നും നോക്കിയാല്‍ ഈ പ്രദേശത്തിന്‍റെ ഏറ്റവും സുന്ദരമായ ദൃശ്യം കാണാം.

2. കംഫര്‍ട്ട് ടൗണ്‍ 

സോവിയറ്റ് ശൈലി നിറഞ്ഞ, ഡിനിപ്രോ നദിയുടെ കിഴക്കൻ തീരപ്രദേശത്ത് തികച്ചും വേറിട്ടുനില്‍ക്കുന്ന ഒരു പ്രദേശമാണ് കംഫർട്ട് ടൗണ്‍. പ്ലാസ്റ്റിക് കട്ടകള്‍ കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കുന്ന കളിപ്പാട്ട വീടുകള്‍ കണ്ടിട്ടില്ലേ? മഴവില്‍ നിറങ്ങള്‍ ഉപയോഗിച്ച്, അതേ മാതൃകയില്‍ ഉണ്ടാക്കിയ വീടുകളാണ് ഈ റെസിഡൻഷ്യൽ കോംപ്ലക്‌സിന്‍റെ പ്രത്യേകത. സന്തോഷവും ശോഭയും പ്രസരിപ്പിക്കുന്ന വര്‍ണ്ണങ്ങളില്‍ നിര്‍മിച്ച ഈ സുന്ദരന്‍ വീടുകള്‍ ഇന്‍സ്റ്റഗ്രാം പ്രേമികളുടെ പറുദീസയാണ്!

3. ലാന്‍ഡ്‌സ്കേപ്പ് അലി

നിയമവിരുദ്ധമായ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രദേശവാസികൾ നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്ന് കുട്ടികളുടെ പാർക്കാക്കി മാറ്റിയ വര്‍ണ്ണാഭമായ ഒരു സ്ഥലമാണ് ലാന്‍ഡ്‌സ്കേപ്പ് അലി. ഒരു വശത്ത് ഡിനിപ്രോ നദിയും മറുവശത്ത് കാർട്ടൂൺ കഥാപാത്രങ്ങളുടെ ശില്പങ്ങളുമാണ് ഇവിടെ സന്ദര്‍ശകര്‍ക്ക് കാണാനുള്ളത്. പച്ച നിറമുള്ള മുയല്‍പ്രതിമയുടെ വായില്‍ സഞ്ചാരികള്‍ക്ക് ഇരിക്കാന്‍ ചുവന്ന ബെഞ്ചും രസകരമായ പ്രതിമകളും ഇവിടെ കാണാം. 

4. സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ചും കലാകാരന്മാരുടെ തെരുവും

അലങ്കരിച്ച പള്ളികൾ കീവിന്‍റെ മുഖമുദ്രയാണ്. സ്വർണ്ണനിറത്തില്‍ ഡിസൈനുകള്‍ ചേര്‍ത്ത് മനോഹരമാക്കിയ ഇരുണ്ട പച്ച നിറമുള്ള താഴികക്കുടങ്ങളും ഒപ്പം വെളുത്ത നിറം പൂശിയ ചുവരുകളും സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ചിനെ വ്യത്യസ്തമായ കാഴ്ചയാക്കി മാറ്റുന്നു. പള്ളി നില്‍ക്കുന്ന കുന്നിനു താഴെയായി പ്രാദേശിക ചിത്രകാരന്മാരുടെ ഒരു ചെറിയ ചന്തയുണ്ട്. ഇതിലൂടെ നടക്കുന്നത് മനസ്സിന് പ്രത്യേക അനുഭൂതിയാണ് പകര്‍ന്നു നല്‍കുക.

5. മൈതാൻ നെസലെസ്നോസ്റ്റിയിലെ പാട്ടു പാടും ജലധാരകൾ

'നിറങ്ങളുടെ ഉത്സവം' എന്ന ശൈലിയുടെ പര്യായപദമാണ് രാത്രികളില്‍ മൈതാൻ നെസലെസ്നോസ്റ്റി. കീവ് നഗരത്തിലെ പ്രധാന ചത്വരമായ മൈതാൻ നെസലെസ്നോസ്റ്റിയില്‍ ഏപ്രിൽ അവസാനം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സമയത്ത് നിയോൺ നിറങ്ങളാൽ അലംകൃതമായ കൂറ്റന്‍ ജലധാരകള്‍ കാണാം. വര്‍ണ്ണപ്രകാശങ്ങളുടെയും ജലത്തിന്‍റെയും സംഗീതത്തിന്‍റെയും തികച്ചും വിസ്മയകരമായ ഒരു കൂടിച്ചേരലാണിത്. 

6. താരാസ് ഷെവ്ചെങ്കോ പാർക്ക്

ഉക്രെയ്നിലെ ദേശീയ കവിയുടെ പേരിലുള്ള താരാസ് ഷെവ്ചെങ്കോ പാർക്ക് നഗരത്തിലെ ഏറ്റവും മികച്ച പാർക്കുകളിൽ ഒന്നാണ്. കടുത്ത വേനലില്‍പ്പോലും പച്ചപ്പു കെടാത്ത പാര്‍ക്കിനുള്ളില്‍ ചുവന്ന, പിങ്ക്, മഞ്ഞ നിറങ്ങളിൽ എങ്ങും നിറഞ്ഞു നില്‍ക്കുന്ന പൂക്കള്‍ കാണാം. സന്ദര്‍ശകര്‍ക്ക് മനസ്സിനേറെ സന്തോഷം പകരുന്ന ഒരു കാഴ്ചയാണ് ഇത്.

English Summary: Colorful Places in Kiev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com