ADVERTISEMENT

കൊറോണയ്ക്കു ശേഷം ആളുകൾ കൂടുതൽ ട്രാവൽ ചെയ്തു തുടങ്ങി, ലോകത്ത് പല സ്ഥലങ്ങളിൽ യാത്ര ചെയ്തതിന്റെ അനുഭവത്തിൽ – നമ്മുടെ നാടിന്റെയത്ര ഭംഗിയും വ്യത്യസ്തതയും വേറൊരിടത്തും ഇല്ലെന്നാണ് 44 ൽ അധികം രാജ്യങ്ങൾ‌ ചുറ്റിയ മലയാളിയുടെ  ബല്‍റാം മേനോന്റെ അനുഭവം. ‘‘കുറേ യാത്ര ചെയ്തു കഴിയുമ്പോൾ യൂറോപ്പ് മടുക്കും. സമൂഹമാധ്യമങ്ങൾ പല പുതിയ സ്ഥലങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെ ആൾക്കാർക്ക് പുതിയ ഡെസ്റ്റിനേഷൻസ് കിട്ടുകയാണ്, ഇത് നല്ല രീതിയിൽ നമ്മുടെ യാത്രയെ സഹായിക്കുന്നുണ്ട്. റെസ്പോൺസിബിൾ ടൂറിസമാണ് നമ്മുടെ ഭാവി. യാത്രയെക്കുറിച്ചുള്ള ആളുകളുടെ മനോഭാവവും സങ്കൽപവും മാറി. നമ്മുടെ നാട്ടിൽ സാധ്യതകൾ ധാരാളം ഉണ്ട്. മറ്റ് രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ സീനിയർ സിറ്റിസൺ ഫ്രണ്ട്​ലിയല്ല ഇവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ.  അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ ലോകം ഈ നാട് തേടി വരും, അത്രയധികം വൈവിധ്യങ്ങൾ ഇവിടുണ്ട്’’. ടൂറിസം ദിനത്തിൽ ബൊളിവിയയുടെ തലസ്ഥാന നഗരമാണ് ലാ പാസിലേക്കുള്ള യാത്രവിശേഷങ്ങൾ ബൽറാം മനോരമ ഓൺലൈനോടു പങ്കുവയ്ക്കുന്നു.

ഒരുപാടു ബുദ്ധിമുട്ടുകളിലൂടെയാണ് ബല്‍റാം ബൊളിവിയയിലെ ലാപാസിലേക്ക് എത്തിചേര്‍ന്നത്. ബൊളിവിയയുടെ തലസ്ഥാന നഗരമാണ് ലാ പാസ്. സമുദ്രനിരപ്പില്‍ നിന്നും ശരാശരി 3,500 മീറ്റര്‍(11,482 അടി) ഉയരെയാണ് ലാ പാസ് സ്ഥിതി ചെയ്യുന്നത്. അവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് സാധാരണ ഈ ഉയരക്കൂടുതല്‍ മൂലം ഓള്‍ട്ടിട്ട്യൂഡ് സിക്‌നസ് അനുഭവപ്പെടാറുണ്ട്. ബസിലും ബോട്ടിലുമെല്ലാം സഞ്ചരിച്ച് സമയമെടുത്ത് ഇവിടേക്ക് എത്തിയതിനാലാവണം ബല്‍റാമിന് മറ്റു ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടില്ല.  ലാ പാസിലെ ബസ് സ്റ്റേഷനില്‍ നിന്ന് ടാക്‌സി വിളിച്ച് ഹോസ്റ്റലിലെത്തി. ഈ യാത്രക്കിടയിലെല്ലാം സുരക്ഷിതത്വവും കുറഞ്ഞ ചിലവും പരിഗണിച്ച് ഹോസ്റ്റുലുകളാണ് താമസിക്കാനായി ബല്‍റാം തിരഞ്ഞെടുത്തിരുന്നത്. അന്ന് അവിടെ തങ്ങി പിറ്റേന്ന് അതിരാവിലെ തന്നെ ലാ പാസ് നഗരഹൃദയത്തിലേക്കിറങ്ങി.  

തിരക്കേറിയ നഗരമാണ് ലാപാസ്. പലയിടങ്ങളിലും രണ്ടു കിലോമീറ്റര്‍ പോകാന്‍ ഒരു മണിക്കൂറൊക്കെ എടുക്കും. അവിടെയെത്തുന്ന സഞ്ചാരികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കുമായി കേബിള്‍ കാര്‍ സംവിധാനം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ലാ പാസില്‍ റോഡിനേക്കാള്‍ കാര്യക്ഷമമായ സംവിധാനമാണ് ഈ ആകാശമാര്‍ഗം. മാത്രമല്ല ചിലവും കുറവാണ്. വെറും 80 രൂപയില്‍ നഗരം മൊത്തം ചുറ്റിക്കറങ്ങാം.

ബല്‍റാം മേനോന്‍
ബൊളിവിയൻ യാത്രാ വിശേഷങ്ങളുമായി ബല്‍റാം മേനോന്‍

കയറ്റവും ഇറക്കവും നിറഞ്ഞ ഭൂപ്രദേശമാണ് ലാപാസിന്റെ പ്രത്യേകത. അതിനാല്‍തന്നെ നിരത്തിലൂടെയുളള സഞ്ചാരം യാത്രക്കാരുടെ ഒട്ടേറെ സമയം അപഹരിക്കും. ആകാശത്തുകൂടെ കേബിള്‍ കാറില്‍ കയറിയുളള യാത്രയാണ് എല്ലാതരത്തിലും അവിടത്തുകാര്‍ക്കും അവിടെയെത്തുന്നവര്‍ക്കും സൗകര്യപ്രദം. ലാ പാസിലെ പ്രത്യേക ഭൂപ്രകൃതിയും കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ അവിടെ എത്തുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്.

ബല്‍റാം മേനോന്‍
ബൊളിവിയൻ യാത്രാ വിശേഷങ്ങളുമായി ബല്‍റാം മേനോന്‍

സമുദ്ര നിരപ്പില്‍ നിന്നും 3,637 മീറ്റര്‍(11,932 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എസ്റ്റാഡിയോ ഹെര്‍നാന്‍ഡോ സൈല്‍സ് എന്ന ഫുട്‌ബോള്‍ സ്‌റ്റേഡിയം ഈ ഉയരക്കൂടുതലിന്റെ പേരില്‍ കുപ്രസിദ്ധമാണ്. ഇവിടെ കളിക്കുമ്പോള്‍ ആതിഥേയരായ ബൊളിവിയക്ക് സന്ദര്‍ശക രാജ്യങ്ങളേക്കാള്‍ മുന്‍തൂക്കം ലഭിക്കുന്നുവെന്നതാണ് പ്രധാന ആരോപണം. സന്ദര്‍ശക ടീമുകള്‍ക്ക് ഇവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടിവരാറുണ്ട്. ഈ സ്റ്റേഡിയത്തെ ഫിഫ നിരോധിച്ചതും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് നിരോധനം എടുത്തുമാറ്റിയതുമെല്ലാം ചരിത്രമാണ്. 2018ലെ ലോകകപ്പ് യോഗ്യതക്ക് മുമ്പ് ബ്രസീല്‍ താരങ്ങള്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ചുകൊണ്ട് ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത് പ്രതിഷേധിച്ചിരുന്നു.

ചെഗുവേരയോ അതാരാ?

ചെഗുവേരയോ? അതാരാണെന്ന് ബൊളിവിയക്കാര്‍ ചോദിച്ചാല്‍ അത്ഭുതപ്പെടാനില്ല. കാരണം അവരെ സംബന്ധിച്ച് ചെഗുവേര ഒരിക്കലും അവരില്‍ സ്വാധീനിച്ച വിപ്ലവനക്ഷത്രമായിരുന്നില്ല. വധശിക്ഷ നടപ്പിലാക്കാന്‍ വന്ന സൈനികനോട് നിങ്ങള്‍ ഒരു മനുഷ്യനെയാണ് കൊല്ലാന്‍ പോകുന്നത്, കണ്ണിലേക്ക് നോക്കി വെടിവെക്കൂ എന്ന ചെഗുവേരയുടെ അവസാന വാക്കുകള്‍ ലോകത്തിലെ നിരവധി പേര്‍ക്ക് ആവേശമാണ്. എന്നാല്‍ അര്‍ജന്റീനയില്‍ ജനിച്ച്, ഒളിപോരാട്ടം നടത്തി, ബൊളിവിയന്‍ കാടുകളില്‍ ഒളിച്ചു താമസിച്ച്, ഒടുവില്‍ അവിടത്തെ പ്രസിഡന്റ് റെനെയുടെ വധശിക്ഷാ ഉത്തരവില്‍ വെടിയേറ്റു മരിച്ച ഒരാള്‍ മാത്രമാണ് ചെഗുവേര ബൊളിവിയക്കാര്‍ക്കെന്നും ബല്‍റാം പറയുന്നു.

സലാര്‍ ഡി യു യൂനി

ഏതൊരു യാത്രക്കാരനെയും ബൊളിവിയയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം അവിടത്തെ സലാര്‍ ഡി യൂനി എന്ന പ്രദേശമാണ്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പുപാടമാണത്. എന്താണ് ഈ ഉപ്പുപാടത്തിന് ഇത്ര പ്രത്യേകതയെന്നാവും. ലോകത്തിലെ അതിമനോഹരമായ കാഴ്ചകളിലൊന്ന് സമ്മാനിക്കുന്നു എന്നതുതന്നെ. ടിടിക്കാക്ക തടാകത്തിന്റെ ഭാഗമായുളള ഒരു പുഴയുണ്ടായിരുന്നു പണ്ട് സലാര്‍ ഡി യൂനി എന്ന പ്രദേശത്ത്. എന്നാല്‍ അത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വറ്റിപോവുകയും പകരം ഒരു ഉപ്പുപാടം രൂപപ്പെടുകയും ചെയ്തു.

ഫെബ്രുവരി അവസാന സമയം ഈ ഭാഗത്ത് സാധാരണ ചെറിയ മഴകളുണ്ടാകും. ആ സമയമാണ് സലാര്‍ ഡി യൂനിയിലെ മാസ്മരിക ദൃശ്യം കാണാനാവുക. ഭൂമിയും ആകാശവും ഒന്നാകുന്ന മിറര്‍ ഇഫക്ട്. ആദ്യം സലാര്‍ ഡി യൂനിയിലെത്തിയപ്പോള്‍ ഈ അപൂര്‍വ്വ ദൃശ്യം ബല്‍റാമിന് കാണാന്‍ സാധിച്ചിരുന്നില്ല. പിന്നെ സൂര്യാസ്തമയ സമയമായപ്പോള്‍ വീണ്ടും തിരികെയെത്തി ഈ മാസ്മരിക ദൃശ്യം ആസ്വദിക്കുകയായിരുന്നു. സലാര്‍ ഡി യൂനിയുടെ സമീപത്തായി മുള്‍ചെടിയുടെ ഒരു വലിയ സെന്റര്‍ ഉണ്ട്. വലിയ പൊക്കമുളളവയാണ് ആ മുള്‍ചെടികള്‍. മരങ്ങളില്ലാത്ത ഈ പ്രദേശത്തെ ആകെയുളള പച്ചപ്പാണ് അവ.  

സലാര്‍ ഡി യൂനിയുടെ മറ്റൊരു പ്രത്യേകത അവിടത്തെ കെട്ടിടങ്ങളാണ്. വെളള നിറത്തിലുളള ഈ കെട്ടിടങ്ങളില്‍ മിക്കതും ഉപ്പുകൊണ്ട് നിര്‍മ്മിച്ചവയാണ്. ഉപ്പ് മറ്റ് പദാര്‍ത്ഥങ്ങളുമായി കൂട്ടിചേര്‍ത്ത് നിര്‍മ്മാണത്തിന് അനുയോജ്യമായ രീതിയിലുളള മാറ്റങ്ങള്‍ വരുത്തിയാണ് ഉപ്പുകെട്ടിടങ്ങള്‍ പണിയുന്നത്. സലാര്‍ ഡി യൂനിയിലെ ഉപ്പ് നിര്‍മ്മാണ കമ്പനി സന്ദര്‍ശിക്കാനും അവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകാണാനുമുളള അവസരവും ബല്‍റാമിന് ലഭിച്ചു.

തീവണ്ടികളുടെ ശവപറമ്പ്

യൂനി റെയില്‍വെ സ്റ്റേഷന്റെ സമീപത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റവളവിലുളള വ്യത്യസ്തമായ ചരിത്രാവശേഷിപ്പുകളാണ് ഗ്രേറ്റ് ട്രെയിന്‍ ഗ്രേവ് യാര്‍ഡ് അഥവാ തീവണ്ടികളുടെ ശവപറമ്പ് എന്ന് വിളിക്കുന്നയിടം. പണ്ട് യൂനിയില്‍ നിന്ന് ചിലിയിലേക്ക് തീവണ്ടി സൗകര്യമുണ്ടായിരുന്നു. അന്ന് യൂനിയില്‍ നിന്ന് കോപ്പറും, സില്‍വറുമൊക്കെ ഈ തീവണ്ടികളിലായിരുന്നു കടത്തികൊണ്ടുപോയിരുന്നത്.

ജര്‍മ്മനിയില്‍ നിന്നു കൊണ്ടുവന്നതായിരുന്നു ആ തീവണ്ടികള്‍. യൂനിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പാളങ്ങളും യാത്രാസൗകര്യങ്ങളും ഒരുക്കണമെന്ന ഉദ്ദേശത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കൂടുതല്‍ തീവണ്ടികളും മറ്റ് മെഷിനറികളും യൂനിയിലേക്ക് ഇറക്കുമതി ചെയ്തത്. ബ്രിട്ടനില്‍ നിന്നായിരുന്നു ഇവ എത്തിയത്. എന്നാല്‍ അയല്‍രാജ്യങ്ങളുമായുണ്ടായ തര്‍ക്കങ്ങളും മറ്റ് സാങ്കേതിക തടസങ്ങളും ഈ പദ്ധതിയെ ഇരുട്ടിലാക്കി. തീവണ്ടികളും മെഷിനറികളും ഇരുന്നിരുന്ന് തുരുമ്പുവന്നു, പലതും നശിച്ചു. എന്നിരുന്നാലും ആ തീവണ്ടികളുടെ ശേഷിപ്പുകള്‍ എടുത്തുമാറ്റാതെ അത് ഒരു ചരിത്രസ്മാരകം പോലെ ഇന്നും കാത്തുസൂക്ഷിക്കുകയാണ് ബൊളിവിയന്‍ അധികൃതര്‍. ഈ തീവണ്ടികള്‍ക്കുളളില്‍ കയറാനും ചിത്രങ്ങളെടുക്കാനും യാത്രക്കാര്‍ക്ക് അനുവാദവുമുണ്ട്.

മരണ നിരത്തും പൊട്ടോസിയും

ഒരുകാലത്ത് അതിസാഹസികമായ യാത്രക്കായി പലരും ബൊളിവിയയിലെത്താറുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും അപകടകരമായ വഴിയെന്ന വിളിപ്പേരുളള ഡെത്ത് റോഡിലൂടെയുളള യാത്രയായിരുന്നു ഇവരുടെ ആകര്‍ഷണം. യുങ്കാസ് റോഡെന്നാണ് ഇതിനെ ബൊളിവിയക്കാര്‍ വിളിക്കുന്നത്. ഒരു വശം കൊക്കയും മറുവശം വലിയ മലനിരകളുമാണ് ഈ റോഡിന്റെ പ്രത്യേകത. മഞ്ഞുമൂടിയ വഴികളിലൂടെ വളഞ്ഞും പുളഞ്ഞുമുളള യാത്രയാണ് ഇവിടെ അപകടങ്ങള്‍ക്കുളള പ്രധാന കാരണം. നിരവധിപേരാണ് ഇവിടെ മരണപ്പെട്ടിട്ടുളളത്. അതുതന്നെയാണ് ഡെത്ത് റോഡ് എന്ന വിളിപേര് യുങ്കസ് റോഡിന് വരാന്‍ കാരണവും. എന്നിരുന്നാലും വര്‍ഷാവര്‍ഷം അവിടെ ഡെത്ത് റോഡ് ബൈക്കിംഗ് മത്സരങ്ങള്‍ നടക്കാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും സാഹസികത ഇഷ്ടപ്പെടുന്ന പലരും ഈ മത്സരത്തില്‍ പങ്കെടുക്കാനായി എത്താറുമുണ്ട്.

ബൊളിവിയയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നാണ് പൊട്ടോസി. വെള്ളി ഖനി സ്ഥിതിചെയ്യുന്ന ഇടമാണ് പൊട്ടോസി. മുന്‍പ് ഇവിടെ വലിയതോതില്‍ വെളളി ഖനനം നടന്നിരുന്നു. പൊട്ടോസിയെ രാജ്യത്തിന്റെ ചരിത്രമുറങ്ങുന്ന സ്മാരകമായി സംരക്ഷിച്ചു നിര്‍ത്തിയിരിക്കുകയാണ് ഇന്ന്. പൊട്ടോസിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ആ ചരിത്രമറിയാനായി ഒരു മ്യൂസിയവും അവിടെ കാണാം.

മെര്‍ക്കാഡോ...

ആരെയും അമ്പരപ്പിക്കുന്ന വൃത്തിയും അടുക്കും ചിട്ടയുമുളള ബൊളിവിയന്‍ മാര്‍ക്കറ്റുകളാണ് മെര്‍ക്കാഡോയെന്ന് ബല്‍റാം പറയുന്നു. ഒരു എക്‌സിബിഷന് പോയപോലെ നിരനിരയായിട്ടാണ് ജ്യൂസ് കടകള്‍, പഴക്കടകള്‍, മീന്‍ വില്‍പന കേന്ദ്രങ്ങള്‍ എല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നത്. മധുരം ചേര്‍ക്കാത്ത പഴങ്ങളുടെ തനത് രുചിയും ഗുണവും നല്‍കുന്നവയാണ് അവിടെ കിട്ടുന്ന ജ്യൂസുകള്‍. അതുപോലെ ഫ്രഷ് ഫ്രൂട്ടുകള്‍ ഉള്‍പ്പെടുത്തിയുളള ഫ്രൂട്ട് സലാഡും അവിടത്തെ പ്രധാന വിഭവമാണ്. പോര്‍ക്കാണ് ബൊളിവിയന്‍ ഭക്ഷണത്തിലെ മറ്റൊരു പ്രധാന ഐറ്റം. ബൊളിവിയയിലെ വളരെ പ്രശസ്തമായ സ്ട്രീറ്റ് ഫുഡാണ് സാല്‍ചിപാപ്പാസ്. സാല്‍ചി എന്നാല്‍ സോസേജെന്നും പാപ്പാ എന്നാല്‍ ഉരുളക്കിഴങ്ങുമെന്നാണ് അര്‍ത്ഥം. ഈ രണ്ടിന്റെയും കോമ്പിനേഷനാണ് സാല്‍ചിപാപ്പാസ്.

തിരികെ...

ദിവസങ്ങള്‍ നീണ്ട ബൊളീവിയന്‍ യാത്രയില്‍ മനസ്സുനിറച്ചാണ് ബല്‍റാം തിരികെ പോരാനുളള ഒരുക്കം തുടങ്ങിയത്. ബൊളിവിയയിലേക്കെത്താന്‍ ഏറെ ബുദ്ധിമുട്ടിയെങ്കിലും ബൊളിവിയയിലെത്തിയ ശേഷമുളള ഓരോ നിമിഷവും അടിപൊളിയായിരുന്നുവെന്ന് ബല്‍റാം സ്വതസിദ്ധമായ ശൈലിയില്‍ ഒരു ചിരിയോടെ പറയുന്നു.

ബല്‍റാം മേനോന്‍
ബൊളിവിയൻ യാത്രാ വിശേഷങ്ങളുമായി ബല്‍റാം മേനോന്‍

ലാപാസില്‍ നിന്ന് തിരികെ പെറുവിലേക്കാണ് ബല്‍റാം പോയത്. അവിടെ ലിമയിലെത്തി ഒരു ചെറിയ ഫുഡ് ടൂറും നടത്തി. പച്ചമീന്‍വെച്ചുളള സിവച്ചെയാണ് ബല്‍റാമിന് അവിടെ ഇഷ്ടമായത്. പച്ചമീനില്‍ നാരങ്ങപിഴിഞ്ഞുണ്ടാക്കുന്ന ഈ ഭക്ഷണം കേള്‍ക്കുമ്പോള്‍ കഴിക്കാന്‍ മടിതോന്നുമെങ്കിലും കഴിച്ചപ്പോള്‍ ഏറെ ഇഷ്ടമാവുകയും ചെയ്തു. പോര്‍ക്ക് റിബ് എന്ന ഭക്ഷണമാണ് ഇഷ്ടപ്പെട്ട മറ്റൊരു വിഭവം. ബീഫും പഴംപൊരിയും കോമ്പിനേഷന്‍ അടുത്തകാലത്ത് നമ്മുടെ നാട്ടില്‍ പൊന്തിവന്ന കൗതുകമാര്‍ന്ന വിഭവങ്ങളാണെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെ പെറുവില്‍ ബീഫും പഴവും കൂട്ടിയുളള വിഭവങ്ങളുണ്ടെന്ന് ബല്‍റാം പറയുന്നു. ബീഫ് കറിയാക്കി പഴവും ചേര്‍ത്ത് റോളാക്കിയാണ് അവിടത്തുകാര്‍ കഴിക്കുന്നത്.

പാവങ്ങളുടെ ഗാലപ്പഗോസ്

ലിമയില്‍ നിന്ന് 300 കിമോ ദൂരെ പറാക്കാസ് എന്നൊരിടമുണ്ട്. പുവര്‍ മാന്‍സ് ഗലപ്പാഗോസ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. വളരെ ചിലവേറിയ യാത്രയാണ് ഇക്വഡോറിലെ ഗാലപ്പഗോസ് ദ്വീപിലേക്ക്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും അവിടെ ചെന്നെത്താന്‍ സാധിക്കണമെന്നില്ല. അങ്ങനെയുളളവര്‍ക്ക് ഒരുപരിധിവരെ സമാന അനുഭവം നല്‍കുന്നതാണ് പറാക്കാസ്. ഗാലപ്പഗോസിന്റെ ഒരു മിനി രൂപം ഇവിടെ കാണാനാകും. പറാക്കാസില്‍ നിന്ന് പിന്നീട് ഹൊക്കചീനയിലേക്കാണ് ബല്‍റാം പോയത്. അവിടെ മരുഭൂമിയുടെ നടുവില്‍ കാണുന്ന മരുപച്ച മനോഹരമായ ഒരു കാഴ്ചയാണ്. ഇതിനുപുറമെ മണല്‍കൂനകളും കാണാം. ഈ മണല്‍കൂനകള്‍ക്കു മുകളിലൂടെ ബോഡില്‍ കയറിയുളള സാന്‍ഡ് ബോര്‍ഡിംഗ് വിനോദത്തിനുളള അവസരവും അവിടെ ലഭിക്കും. അന്നവിടെ തങ്ങിയശേഷം പിറ്റേന്ന് രാവിലെ തന്നെ ബല്‍റാം യാത്രതിരിച്ചു, ഇന്നും ദുരൂഹമായ നാസ്‌ക ലൈന്റെ ചരിത്രമറിയാന്‍.

ബല്‍റാം മേനോന്‍
ബൊളിവിയൻ യാത്രാ വിശേഷങ്ങളുമായി ബല്‍റാം മേനോന്‍

നാസ്‌ക ലൈന്‍സ്

ലിമയില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരെ നാസ്‌ക- പല്‍പ പട്ടണങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പീഠഭൂമിയാണ് നാസ്‌ക. അവിടെ പാറകള്‍ക്കു മുകളിലായാണ് നാസ്‌ക ലൈന്‍സ് കാണാനാവുക. ജിയോഗ്ലിഫുകളെന്നാണ് ശാസ്ത്രജ്ഞര്‍ ഇവയെ വിശേഷിപ്പിക്കുന്നത്.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പെറുവില്‍ താമസിച്ചിരുന്ന മനുഷ്യര്‍ തയ്യാറാക്കിയതെന്ന് കരുതുന്ന ചരിത്രരേഖകളാണ് നാസ്‌ക ലൈനുകള്‍. നമ്മുടെ അറിവില്‍ മനുഷ്യന്‍ വിമാനത്തില്‍ കയറി പറക്കാന്‍ തുടങ്ങിയിട്ട് 120 വര്‍ഷങ്ങള്‍ ആയിട്ടേയുളളു. അതിന് മുന്‍പ് ചൂടുവായു നിറച്ച ബലൂണില്‍ അവര്‍ സഞ്ചാരം നടത്തിയതായും പറയപ്പെടുന്നുണ്ട്. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാസ്‌ക ലൈനുകള്‍ നിലവില്‍ വന്നത്. ഇവയ്ക്ക് മനുഷ്യന്റെ പറക്കലുമായി എന്താണ് ബന്ധമെന്ന് ചോദിച്ചാല്‍. ആകാശത്തുനിന്ന് നോക്കിയാല്‍ മാത്രം മുഴുവനായി ആസ്വദിക്കാനാവും വിധത്തിലാണ് നാസ്‌ക ലൈനുകള്‍ വരച്ചിരിക്കുന്നത്. വലിയ പാറകള്‍ക്കു മുകളില്‍ വെളളവരകളായാണ് ഇവ കാണപ്പെടുന്നത്.  

ജപ്പാനില്‍ നിന്നുളള ഗവേഷകരാണ് നാസ്‌ക ലൈനുകള്‍ കണ്ടെത്തിയത്. പെറുവിലെ നാസ്‌ക വിഭാഗക്കാരാണ് ഇത് വരച്ചതെന്നാണ് അവര്‍ കണ്ടെത്തിയത്. എന്നാല്‍ എന്തിനുവേണ്ടിയാണെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ഇതിലെ പല ചിത്രങ്ങളും ബി.സി 100ല്‍ തയ്യാറാക്കിയതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ബി.സി 100 മുതല്‍ എ.ഡി 800 വരെയായിരുന്നു നാസ്‌ക വിഭാഗക്കാരുടെ നല്ലകാലം. ഭൂമിയില്‍ തീര്‍ത്ത ഈ പ്രത്യേക അടയാളങ്ങളില്‍ ചിലതിന് 2500 വര്‍ഷം വരെ പഴക്കം കണക്കാക്കുന്നു. മനുഷ്യരുടേയും മൃഗങ്ങളുടേയും ചിത്രങ്ങളും വിചിത്രങ്ങളായ ചില രൂപങ്ങളും ഇതില്‍ കാണാം. ഈ ചിത്രങ്ങളില്‍ പല രൂപങ്ങളും തിരിച്ചറിഞ്ഞത് സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്താലാണ്.

വാനനിരീക്ഷണത്തിന്റെ ഭാഗമായി നിര്‍മിച്ചതാകാം ഈ ചിത്രമെന്നും അതല്ല വിശ്വാസപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു ഇതെന്നും പറയപ്പെടുന്നുണ്ട്. ആകാശത്തുനിന്നും താഴേക്കു നോക്കുമ്പോള്‍ ദൈവങ്ങള്‍ ഈ ചിത്രങ്ങള്‍ കണ്ട് പ്രീതിപെടുമെന്നായിരുന്നു നാസ്‌ക വിഭാഗക്കാരുടെ വിശ്വാസമെന്നും കരുതപ്പെടുന്നു. രണ്ടുതലയുളള മനുഷ്യന്‍, തീതുപ്പുന്ന വ്യാളി, റോബോട്ടിന്റെ രൂപത്തില്‍ രണ്ടു കാലില്‍ നില്‍ക്കുന്ന രൂപം വരെ നാസ്‌ക ലൈനുകളുടെ കൂട്ടത്തിലുണ്ടായിരുന്നു. അതോടെ മറ്റൊരു വാദം കൂടി ഉയര്‍ന്നു. ഈ അടയാളങ്ങള്‍ അന്യഗ്രഹ ജീവികള്‍ക്കു വഴികാട്ടാനാണെന്ന്.

ഏതായാലും നാസ്‌ക ലൈനുകള്‍ നിഗൂഢത പൂര്‍ണമായും വെളിവാകാത്ത അജ്ഞാത അടയാളങ്ങളായി ഇന്നും നിലകൊളളുകയാണ്. അഞ്ചുപേര്‍ക്ക് കയറാവുന്ന വിമാനത്തില്‍ കയറിയാണ് ബല്‍റാം നാസ്‌ക ലൈനുകള്‍ കാണാനായി പോയത്. പാറകള്‍ക്കുമുകളില്‍ വെളളവരകള്‍ കൊണ്ടുണ്ടാക്കിയ ചിത്രങ്ങള്‍ വലുപ്പമേറിയവയാണ്. മഴകൊണ്ടാലും മഞ്ഞുവീണാലുമൊന്നും ചോക്കുവരപോലുളള ഇവ മാഞ്ഞുപോയിട്ടില്ല. ഇനിയും ചരിത്രം പറയാന്‍ എത്രകാലം ഇവ ഇതുപോലെ നിലനില്‍ക്കുമെന്ന കൗതുകത്തിലാണ് ഇവിടെയെത്തുന്ന സഞ്ചാരികളും ചരിത്രകാരന്‍മാരും.

ഇറ്റലിയും റോമും

നാസ്‌ക വരകളുടെ മനോഹര കാഴ്കള്‍ക്കുശേഷം ബല്‍റാം ലിമയിലേക്ക് തിരികെപോന്നു. ലിമയില്‍ നിന്ന് പിന്നീട് പാരീസിലേക്കാണ് ബല്‍റാം പോവുന്നത്. അവിടെ നിന്ന് ഇറ്റലിയിലേക്കും.   ലോകത്തിലെ ആദ്യ പിസ റെസ്റ്റോറന്റായി കരുതപ്പെടുന്ന ആന്റിക്ക പിസേറിയ പോര്‍ട് ആല്‍ബ എന്ന പേരുളള പിസേറിയ സ്ഥിതി ചെയ്യുന്നത് ഇറ്റലിയിലാണ്. നേപ്പിള്‍സിലെ ഈ പിസേറിയ വളരെ പ്രശസ്തമാണ്. മറഡോണ കളിച്ച പ്രധാന ക്ലബുകളിലൊന്നാണ് നാപ്പോളി. നേപ്പിള്‍സില്‍ പോയാല്‍ ഇപ്പോഴും കാണുന്ന ചിത്രങ്ങളും കൊടികളുമെല്ലാം അവര്‍ക്ക് മറഡോണ ആരായിരുന്നുവെന്നതിന്റെ തെളിവാണ്. ചെറിയ ഇടവഴികളൊക്കെയായി നല്ല രസമുളള സ്ഥലമാണ് നേപ്പിള്‍സെന്ന് ബല്‍റാം പറയുന്നു.

ലോകാത്ഭുതങ്ങളായ താജ് മഹല്‍, ചൈനീസ് വന്‍മതില്‍, പെട്ര ഇന്‍ ജോര്‍ദാന്‍, മാച്ചുപിച്ചു, ക്രൈസ്റ്റ് ദി റഡീമര്‍... അങ്ങനെ അഞ്ച് അത്ഭുതങ്ങള്‍ കാണാന്‍ ഇതുവരെ ബല്‍റാമിന് സാധിച്ചു. അപ്പോള്‍ ഇറ്റലിയിലെ ലോകാത്ഭുതങ്ങളില്‍ ഒന്നായ കൊളോസിയം കൂടി കണ്ടാലോ എന്ന് ബല്‍റാമിന് തോന്നി. അങ്ങനെ അതുകാണാനായി റോമിലേക്ക് തിരിച്ചു. അവിടന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും പോയി. അവിടെ വച്ചാണ് കൊച്ചി വിട്ടതില്‍പിന്നെ മലയാളികളെ കാണുന്നതെന്ന് ബല്‍റാം പറയുന്നു.

ഫ്രാന്‍സില്‍ നേരത്തെ നടത്തിയ യാത്രയില്‍ ഈഫല്‍ ടവറെല്ലാം കണ്ടതാണ്. എന്നാല്‍ ഈഫല്‍ ടവറിന്റെ രാത്രി കാഴ്ച അനുഭവിക്കാന്‍ ബല്‍റാമിന് സാധിച്ചിരുന്നില്ല. രാത്രി ഏഴ് മണിയാകുമ്പോഴേക്കും ഈഫല്‍ ടവര്‍ മൊത്തം ലൈറ്റ് കൊണ്ട് അലങ്കരിച്ചിരിക്കും. ബോട്ടില്‍ പോയാലെ ആ മനോഹര ദൃശ്യം അടുത്ത് കണ്ട് ആസ്വദിക്കാനാകൂ. അങ്ങനെ ഈഫല്‍ ടവറിന്റെ രാത്രികാഴ്ചയും കണ്ട് പാരിസില്‍ ഒരു ഫുഡ് ടൂറും നടത്തിയാണ് ബല്‍റാം ഫ്രാന്‍സിനോട് വിടപറഞ്ഞത്. ഒടുവില്‍ ഒരു മാസത്തോളം നീണ്ട തന്റെ യാത്രയില്‍ കണ്ട കാഴ്ചകളും കേട്ട കഥകളും അനുഭവങ്ങളുമെല്ലാമായി സമ്പന്നമായ മനസോടെ ബല്‍റാം നാട്ടിലേക്ക് തിരിച്ചു.

Content Summary : Bolivia travelogue by Balram Menon, traveller entrepreneur and foodie.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com