ADVERTISEMENT

‘‘യാത്ര ചെയ്യാനുള്ള മനസ്സും ആരോഗ്യവുമുള്ള ആരും ഭാഗ്യവാൻമാരാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. നമ്മുടെ ഏത് അവസ്ഥയിലും– സങ്കടമായാലും സന്തോഷമായാലും ഒറ്റപ്പെടലായാലുമെല്ലാം– ഒറ്റ യാത്ര കൊണ്ട് വരുന്ന മാറ്റം വലുതായിരിക്കും. ധാരാളം യാത്രകൾ നടത്തിയിട്ടില്ലെങ്കിലും ചെറിയ യാത്ര പോലും എന്നെന്നും ഓർത്തിരിക്കാനാണ് എനിക്കിഷ്ടം. കണ്ണൂരിലെ വീട്ടിൽനിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള ചെറിയ ഡ്രൈവ് പോലും ഞാൻ ഏറെ ആസ്വദിക്കുന്നു.’’ ആത്മീയ രാജന്റെ ഈ വാക്കുകൾ എല്ലാ യാത്രാപ്രണയികളും ശരിവയ്ക്കും. ജോസഫ് എന്ന ഒറ്റച്ചിത്രം മതി ആത്മീയയെ നമുക്ക് ഓർത്തെടുക്കാൻ. ‘പൂമുത്തോളേ’ എന്നു മനസ്സുനിറഞ്ഞ് മലയാളക്കര മുഴുവൻ വിളിച്ച അഭിനേത്രിക്ക്, അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും തന്റേതായൊരു സ്ഥാനം മലയാള സിനിമയിൽ ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും സാന്നിധ്യമറിയിച്ചുള്ള ആത്മീയയ്ക്ക് യാത്രകൾ തന്നിലേക്കു തന്നെയുള്ള മടക്കമാണ്. കാടും മലയും വെള്ളച്ചാട്ടങ്ങളും കടൽത്തീരവുമെല്ലാം അങ്ങനെയാണ് ആത്മീയയ്ക്കു പ്രിയപ്പെട്ടതാകുന്നത്.  

ആത്മീയ രാജൻ
ആത്മീയ രാജൻ

മൂഡ് സ്വിങ്സ് മാറാൻ യാത്രകൾ നല്ലതാണ് 

‘‘യാത്രകൾ ഒത്തിരിയിഷ്ടമുള്ളയാളാണ് ഞാൻ. യാത്ര ചെയ്യാനുള്ള മനസ്സും ആരോഗ്യവുമുള്ള ആരും അനുഗൃഹീതരാണ് എന്നു വിശ്വസിക്കുന്നു. നമ്മുടെ ആത്മാവിനെ നിറയ്ക്കാൻ പറ്റുന്നതാണ് യാത്രകൾ. എന്റെ മൂഡ് സ്വിങ്സിനുള്ള വലിയൊരു തെറാപ്പിയാണ് യാത്ര. അത് ഒറ്റയ്ക്കായാലും ഫാമിലിയുടെ കൂടെയായാലും ഫ്രണ്ട്സിനൊപ്പമായാലും ഞാൻ അങ്ങേയറ്റം ആസ്വദിക്കും. എന്റെ വീട്ടിലുള്ളവരും ഇങ്ങനെ തന്നെയാണ്. കുറച്ചു സമയം കിട്ടിയാൽ, എല്ലാവരും കൂടുന്ന സമയത്ത് നമുക്ക് എവിടെയെങ്കിലും പോയാലോ എന്നു പറയുന്നവരാണ് എന്റെ കുടുംബവും. ലോങ് ട്രിപ്പുകളെക്കാൾ ഇങ്ങനെ എല്ലാവരും കൂടെ പോകുന്ന ചെറിയ യാത്രകളായിരിക്കും സന്തോഷത്തിന്റെ നിമിഷങ്ങളാകുന്നത്. ഇതുപോലെയുള്ള ചെറിയ ട്രിപ്പുകൾ ഏറെ ആസ്വദിക്കുന്നയാളാണ് ഞാൻ. പുറത്തിറങ്ങി കുറച്ചു കാറ്റും വെളിച്ചവും കൊണ്ട് പ്രത്യേകിച്ചൊരു ഡെസ്റ്റിനേഷനുമില്ലാതെ പോയി വരുമ്പോൾത്തന്നെ നമ്മുടെ മൂഡൊക്കെ ഓകെയായിട്ടുണ്ടാകും.’’

ആത്മീയ രാജൻ
ആത്മീയ രാജൻ

ആറു മണിക്കൂർ യാത്രയ്ക്ക് 12 മണിക്കൂർ!

“എന്റെ വീട് കണ്ണൂരാണ്. സിനിമയുടെ ഷൂട്ടിനും മറ്റും കൊച്ചിയിലേക്ക് എപ്പോഴും വരണം. പലപ്പോഴും ഒറ്റയ്ക്കായിരിക്കും ആ യാത്രകളൊക്കെ. പക്ഷേ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചിട്ടുള്ള യാത്രകളാണത്. സാധാരണ ആറോ എഴോ ഏഴോ മണിക്കൂർ കൊണ്ട് എത്തുന്ന യാത്രകളൊക്കെ ഞാൻ കൂറേക്കൂടി സമയമെടുത്തായിരിക്കും പൂർത്തിയാക്കുക. വഴിയിലൊക്കെ നിർത്തി, പൂക്കളും ചെടികളുമൊക്കെ പറിച്ച്, കാഴ്ചകളൊക്കെ കണ്ട് അങ്ങനെ. ആ ഡ്രൈവ് നൽകുന്ന സുഖം ഒന്നുവേറെയാണ്. നമ്മുടെ നാടും നാട്ടുവഴികളുമെല്ലാം എന്നും പുതുമയോടെ നിൽക്കുന്നവയാണ്. തിരക്കിട്ടുള്ള യാത്രകൾ എനിക്കിഷ്ടമല്ല, അത് എന്റെ മൂഡ് തന്നെ മാറ്റിക്കളയും. സമയമെടുത്തു പോകണം. ഇത്ര സമയത്ത് അവിടെ എത്തണം, ഇത്ര സമയത്ത് അവിടെനിന്നു പോകണം എന്നൊക്കെ പറഞ്ഞാൽ ഞാൻ ഡിസ്റ്റർബ്ഡ് ആകും. പോകുന്നയിടങ്ങളുടെ ഫോട്ടോയെടുക്കുക, സെൽഫി എടുക്കുക അങ്ങനെയുള്ള കാര്യങ്ങളൊന്നും ചെയ്യാറില്ല. കൂടെയുള്ളവർ എടുക്കുമ്പോൾ ഒപ്പം നിൽക്കും എന്നുമാത്രം. ഫോട്ടോയെടുത്തു വയ്ക്കുന്നതു നല്ല കാര്യമാണെങ്കിലും എനിക്കെന്തോ അങ്ങനെ ചെയ്യാൻ തോന്നാറില്ല. കാണുന്നതത്രയും മനസ്സിൽ സൂക്ഷിക്കാനാണ് ഇഷ്ടം.’’

ആത്മീയയും ഭർത്താവ് സനൂപും
ആത്മീയയും ഭർത്താവ് സനൂപും

കഴിഞ്ഞ വർഷമായിരുന്നു ആത്മീയയുടെ വിവാഹം. മറൈൻ എൻജിനീയറായ ഭർത്താവ് സനൂപും യാത്രാപ്രേമിയാണ്. യാത്രകളോടുള്ള ഇഷ്ടം കൊണ്ടാണ് സനൂപ് ഈ ജോലി തിരഞ്ഞെടുത്തതെന്ന് ആത്മീയ പറയുന്നു. ലോകം ചുറ്റിക്കറങ്ങാനുള്ള അവസരമല്ലേ ഇതിലൂടെ കിട്ടുന്നത്. വിവാഹത്തിനുശേഷം ചില ചെറിയ യാത്രകളല്ലാതെ ഒരുമിച്ച് കാര്യമായ യാത്രകളൊന്നും ചെയ്തിട്ടില്ല. പല കാരണങ്ങളാൽ അതു നടക്കാതെ പോയതാണെന്നും ആത്മീയ പറയുന്നു. വിവാഹശേഷമായിരുന്നു താരത്തിന്റെ അച്ഛന്റെ വിയോഗവും. അച്ഛന്റെ വേർപാടിൽനിന്നു പതിയെ കരകയറുന്നതേയുള്ളു ആത്മീയയും കുടുംബവും. അതുകൊണ്ടുകൂടിയാണ് ഒരുമിച്ചുള്ള യാത്രകൾ ചെയ്യാനാകാതെ പോയതെന്നും ആത്മീയ പറയുന്നു. 

ആത്മീയ രാജൻ
ആത്മീയ രാജൻ

ഒന്നുകൂടി പോകണം ലാസ് വേഗസിലേക്ക്

‘‘പലരുടേയും ബക്കറ്റ് ലിസ്റ്റ് ഡെസ്റ്റിനേഷനാണ് ലാസ് വേഗസ്. ഒരു പാർട്ടി ഹബ്ബായിട്ടാണ് പൊതുവെ ലാസ് വേഗസ് അറിയപ്പെടുന്നത്. കസീനോകൾ, ആഡംബര ഹോട്ടലുകൾ, മികച്ച നൈറ്റ് ലൈഫ് എന്നിവയെല്ലാം അതിന്റെ സവിശേഷതകളാണ്. പലരും പറഞ്ഞുകേട്ടിട്ടുണ്ട് ലാസ് വേഗസ് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് എന്ന്. പക്ഷേ അവിടെ ചെന്നപ്പോൾ എനിക്ക് അത്ര കാര്യമായി ആസ്വദിക്കാനൊന്നുമായില്ല. ഒരിക്കൽക്കൂടി പോയി അതൊക്കെ കാര്യമായി കാണണമെന്ന് ആഗ്രഹമുണ്ട്. നൈറ്റ് ലൈഫിനേക്കാൾ എനിക്കിഷ്ടം രാത്രിയിൽ കടൽത്തീരത്ത് പോയിരുന്നു പൂർണചന്ദ്രനെ കാണാൻ കിട്ടുന്ന ചാൻസാണ്. കുഞ്ഞു കാര്യങ്ങൾ മതി എനിക്ക് സന്തോഷം കിട്ടാൻ. നേരത്തെ പറഞ്ഞല്ലോ അധികം യാത്രകളൊന്നും ചെയ്യാത്തൊരാളാണ് ഞാൻ, ചെയ്യുന്ന യാത്രകളിലെല്ലാം ഇത്തരം ഇഷ്ടങ്ങൾ കൂടി കൊണ്ടുവരാൻ നോക്കാറുണ്ട്.”

ആത്മീയ രാജൻ
ആത്മീയ രാജൻ

ലാസ് വേഗസ് ഏതു സഞ്ചാരിയും ജീവിതത്തിൽ ഒരിക്കൽ പോകണമെന്ന് ആഗ്രഹിക്കുന്നയിടമാണ്. ഒരിക്കലും ഉറങ്ങാത്ത നഗരമെന്ന ഖ്യാതിയുള്ള ലാസ് വേഗസിൽ ഇല്ലാത്തതായി ഒന്നുമില്ല. ലോകത്ത് ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന നഗരം. ചൂതാട്ടത്തിനും കസീനോകൾക്കും പേരുകേട്ട നഗരത്തിൽ‍ ചെന്നിട്ട് ഒരു കസീനോയിലെങ്കിലും കയറി ഒരു റൗണ്ട് ഗെയിം എങ്കിലും കളിക്കാതെ മടങ്ങുന്നതെന്നാണ് ആത്മീയയുടെ അഭിപ്രായം. അവിടുത്തെ റിസോർട്ടുകളാണ് മറ്റൊരു ആകർഷണം. ലാസ് വേഗസിൽ എത്തിയാൽ ലോകം ചുറ്റിക്കാണണ്ട എന്നൊരു ചൊല്ലുണ്ട്, കാരണം ലോകത്തെ പ്രധാന ആകർഷങ്ങളുടെയെല്ലാം ചെറിയ പതിപ്പ് ഈ നഗരത്തിലുണ്ട്, ശരിക്കുമൊരു ഫുൾ പാക്ക്ഡ് യാത്രയായിരിക്കും ലാസ് വേഗസ്.  ആത്മീയയ്ക്ക് പോകണമെന്ന് ആഗ്രഹമുള്ള മറ്റൊരിടം മണാലിയാണ്. തിരക്കൊക്കെ ഒഴിഞ്ഞിട്ടുവേണം പതിയെ അവിടെയൊന്ന് പോയിവരാനെന്ന് ആത്മീയ. ഇന്ത്യയിലെ കുറച്ച് സ്ഥലങ്ങളിലൂടെ ഒരു റോഡ് ട്രിപ്പും താരത്തിന്റെ മനസ്സിലുണ്ട്. 

ആത്മീയ രാജൻ
ആത്മീയ രാജൻ
English Summary:

Talk regarding travel with actress Athmeeya Rajan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com