ADVERTISEMENT

സമയം പാതിരാത്രി കഴിഞ്ഞിരുന്നു. വടക്കന്‍ ഫിന്‍ലന്‍ഡിലെ സ്യോട്ടേ ദേശീയ പാര്‍ക്കില്‍ മരങ്ങള്‍ക്കിടയിലൂടെ ആകാശം നോക്കിയിരിക്കുകയായിരുന്നു ഞങ്ങള്‍. ധ്രുവദീപ്തി പ്രതീക്ഷിച്ച് ആകാശം നോക്കിയിരുന്ന ഞങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട്, ആകാശം മൂടിയ മേഘങ്ങള്‍ ദൂരക്കാഴ്ചയെ മറച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഗൈഡ് മാര്‍ട്ട ടെര്‍വോനെന്‍ കുട്ടിക്കാലത്തു കേട്ട ഒരു കഥ പറഞ്ഞത്. സാന്താക്ലോസുമായി പിണങ്ങിയാല്‍ മന്ത്രവാദി ചെറിയൊരു കുപ്പിയില്‍ ധ്രുവദീപ്തി അടച്ചുവ/dക്കുമത്രേ. അങ്ങനെ ധ്രുവദീപ്തി കുപ്പിയിലടച്ചിരിക്കുന്ന ദിവസങ്ങളിലൊന്നാവാം ഇതെന്ന് ഒരു നെടുവീര്‍പ്പോടെ മാര്‍ട്ട കൂട്ടിച്ചേര്‍ത്തു. 

സ്യോട്ടേ ദേശീയ പാര്‍ക്ക് ഫിന്‍ലന്‍ഡിലെ പ്രസിദ്ധമായ പോജോല റൂട്ടിന്റെ ഭാഗമാണ്. തീരദേശത്തോടു ചേര്‍ന്നുള്ള 900 കിലോമീറ്റര്‍ നീളുന്ന പോജോല റൂട്ടില്‍ ദ്വീപുകളും ചതുപ്പും തീരദേശങ്ങളും കാടുമെല്ലാം ഉള്‍പ്പെടുന്നു. കാലജോകിയിലെ മണല്‍തീരങ്ങളും ഹൈലുവോട്ടോ ദ്വീപ സമൂഹങ്ങളും ലിമിന്‍കയിലെ തണ്ണീര്‍തടങ്ങളും യുനെസ്‌കോ പട്ടികയിലുള്ള റോകുവ ജിയോപാര്‍ക്കുമെല്ലാം വ്യത്യസ്ത അനുഭവങ്ങളാണ്. സാന്റാസ് റിസോര്‍ട്ട് ആൻഡ് സ്പാ ഹോട്ടല്‍ സാനിയും ലാപ്ലാന്‍ഡ് ഹോട്ടലും ധ്രുവദീപ്തി സ്വന്തം മുറിയില്‍ നിന്ന് ആസ്വദിക്കാന്‍ അവസരം നല്‍കുന്ന ഹോട്ടല്‍ ഇസോ സ്യോട്ടെയുമെല്ലാം അപൂര്‍വ അനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കും. ഫിന്‍ലന്‍ഡിലെ പോജോലെ റൂട്ടിലെ എനിക്ക് ഇഷ്ടപ്പെട്ട ഏഴ് അനുഭവങ്ങള്‍ പങ്കുവയ്ക്കാം. 

Cruise-Makalla-Island-
മാകല്ല ദ്വീപ്. ചിത്രം : ലക്ഷ്മി ശരത്

1. മാകല്ല ദ്വീപ്

കാലജോകി തീരത്തു നിന്നും ബോട്ടിലെത്താം മാകല്ല ദ്വീപിലേക്ക്. ബോത്‌നിയ ഉള്‍ക്കടലിലെ ഈ ദ്വീപ് സ്ഥിരമായി ആള്‍താമസമില്ലാത്ത പ്രദേശമാണ.് അതുകൊണ്ടുതന്നെ പ്രകൃതിയുടെ മനോഹാരിത ആവോളം ആസ്വദിക്കാം. ഇവിടെ 18–ാം നൂറ്റാണ്ടില്‍ മരംകൊണ്ടു നിര്‍മിച്ച പള്ളിയും നാല്‍പത് കുടിലുകളുമുണ്ട്. മരം കൊണ്ടു നിര്‍മിച്ച ഈ കുടിലുകളില്‍ വേനല്‍ക്കാലത്ത് മത്സ്യത്തൊഴിലാളികള്‍ താമസിക്കാനെത്തും. മുത്തശ്ശിക്കഥകളില്‍ മാത്രം കേട്ടറിഞ്ഞിട്ടുള്ളതു പോലുള്ള നാട് നേരിട്ടു കാണണമെങ്കില്‍ മാകല്ല ദ്വീപിലേക്കു പോയാല്‍ മതി. 

Makalla-Island---Church-
മാകല്ല ദ്വീപ്. ചിത്രം : ലക്ഷ്മി ശരത്

2. നല്ലികാരി ലൈറ്റ്ഹൗസ്

ഔളുവില്‍നിന്ന് തീരത്തോടു ചേര്‍ന്നുള്ള നല്ലികാരിയിലേക്കു ഡ്രൈവ് ചെയ്തു പോവാം. വേനലില്‍ നീന്തല്‍ക്കാരെയും വെയില്‍ കായാന്‍ വരുന്നവരെയും കൊണ്ട് ഈ കടപ്പുറം നിറയും. എന്നാല്‍ മഞ്ഞുകാലത്ത് ഇവിടെ മഞ്ഞു മൂടും. ഏതു കാലത്തായാലും നല്ലികാരി ലൈറ്റ്ഹൗസിനു മുകളില്‍ നിന്നുള്ള കാഴ്ചകള്‍ അതി മനോഹരം തന്നെ. ബീച്ചിന്റെ വടക്കന്‍ തീരത്താണ് ഈ ലൈറ്റ്ഹൗസുള്ളത്. 

Nallikari-lighthouse
നല്ലികാരി ലൈറ്റ്ഹൗസ്. ചിത്രം : ലക്ഷ്മി ശരത്

3. ഹെയ്‌ലൂട്ടോ ദ്വീപ്

ഔളുവില്‍നിന്നു ഫെറിയില്‍ ഹെയ്‌ലൂട്ടോ ദ്വീപിലേക്കു പോവാം. ഇവിടെയുള്ള ആല്‍പ്‌സ് മരക്കാടുകളും തണ്ണീര്‍ത്തടങ്ങളും നിരവധി വൈവിധ്യമാര്‍ന്ന പക്ഷികളുടെ താമസസ്ഥലം കൂടിയാണ്. പ്രകൃതിയെ ആസ്വദിച്ചുകൊണ്ട് കടല്‍തീരങ്ങളിലൂടെയുള്ള നടത്തം ആസ്വദിക്കാനാവുമെങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ ഇടമാണിത്. സാഹസപ്രിയരെങ്കില്‍ 19–ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ലൈറ്റ്ഹൗസിനു മുകളിലേക്കു വച്ചുപിടിക്കാം. പ്രാദേശിക ബീയര്‍ നിര്‍മിക്കുന്ന ഇവിടുത്തെ ഓര്‍ഗാനിക് ബ്രൂവെറി കൂടി സന്ദര്‍ശിക്കാതെ ഇവിടേക്കുള്ള യാത്രകള്‍ പൂര്‍ണമാവില്ല. 

Hailuoto-brewery
പ്രാദേശിക ബീയര്‍ നിര്‍മിക്കുന്ന ഇവിടുത്തെ ഓര്‍ഗാനിക് ബ്രൂവെറി കൂടി സന്ദര്‍ശിക്കാതെ ഇവിടേക്കുള്ള യാത്രകള്‍ പൂര്‍ണമാവില്ല. ചിത്രം : ലക്ഷ്മി ശരത്

4. സ്യോട്ടെ ദേശീയ പാര്‍ക്ക്

വേനലില്‍ ഹരിതാഭമായി മാറുന്ന സ്യോട്ടെ ദേശീയപാര്‍ക്ക് ശൈത്യകാലത്ത് മഞ്ഞില്‍ മൂടും. സ്കീയിങ്ങിനും സ്‌നോ ബോര്‍ഡിങ്ങിനുമൊക്കെ പറ്റിയ സ്ഥലമാണിത്. ഒരു ഹസ്‌കി സഫാരിയോ മഞ്ഞു വണ്ടിയിലൂടെയുള്ള യാത്രയോ തരപ്പെട്ടുവെന്നും വരാം. മഞ്ഞില്ലാത്ത സമയങ്ങളില്‍ മലകയറ്റവും സൈക്ലിങ്ങും ട്രക്കിങ്ങുമെല്ലാം ഇവിടെ നടക്കും. ഇവിടുത്തെ ഹോട്ടല്‍ ഇസോ സ്യോട്ടെയില്‍ നിന്നുള്ള കാഴ്ചകളും സ്വപ്‌ന സമാനമാണ്. 

Syote-Reindeer-farm
സ്കീയിങ്ങിനും സ്‌നോ ബോര്‍ഡിങ്ങിനുമൊക്കെ പറ്റിയ സ്ഥലമാണിത്. ചിത്രം : ലക്ഷ്മി ശരത്

5. ഹസ്‌കി ഫാം

നിങ്ങളൊരു നായപ്രേമിയാണെങ്കില്‍ തീര്‍ച്ചയായും ഒരു ഹസ്‌കി ഫാം സന്ദര്‍ശിക്കാം. നൂറുകണക്കിന് ഹസ്‌കികള്‍ ഇത്തരം ഫാമുകളിലുണ്ട്. മഞ്ഞു വണ്ടി വലിക്കാന്‍ ഈ ഫാമുകളില്‍ ഹസ്‌കികള്‍ക്കു പരിശീലനം നല്‍കാറുണ്ട്. 

Syote-Husky-Farm
ഹസ്‌കി ഫാം. ചിത്രം : ലക്ഷ്മി ശരത്

6. റെയിന്‍ഡീയര്‍ ഫാം

ഫിന്‍ലന്‍ഡ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓർമ വരുന്നവയിലൊന്നാണ് റെയിന്‍ഡീയറുകള്‍. നിരവധി റെയിന്‍ഡീയര്‍ ഫാമുകള്‍ ഈ മേഖലയിലുണ്ട്. മഞ്ഞുകാലത്ത് യാത്രകള്‍ക്ക് ഫിന്‍ലന്‍ഡുകാര്‍ റെയിന്‍ഡിയറുകളെ ഉപയോഗിക്കാറുണ്ട്. എത്ര കടുത്ത മഞ്ഞുകാലത്തും മനുഷ്യരെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതുകൊണ്ടാവും സാന്താക്ലോസ് പോലും റെയിന്‍ഡീയറുകളെ യാത്രകള്‍ക്കായി തിരഞ്ഞെടുത്തത്. 

Reindeer--farm-
മഞ്ഞുകാലത്ത് യാത്രകള്‍ക്ക് ഫിന്‍ലന്‍ഡുകാര്‍ റെയിന്‍ഡിയറുകളെ ഉപയോഗിക്കാറുണ്ട്. ചിത്രം : ലക്ഷ്മി ശരത്

7. ഔളുവിലെ തടിച്ച പൊലീസുകാരന്‍

പോജോലെ റൂട്ടിന്റെ ഭാഗമായ ഔളു നഗരത്തിലെ കാഴ്ചകളിലൊന്നാണ് ഒരു തടിച്ച പൊലീസുകാരന്റെ പ്രതിമ. ടോറി പൊലീസ് എന്നു വിളിക്കുന്ന ഈ പ്രതിമ മാര്‍ക്കറ്റ് സ്‌ക്വയറിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഔളുവിന്റെ പലഭാഗത്തും പല തരത്തിലുള്ള വെങ്കല പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഞങ്ങളുടെ ഹൃദയം കവര്‍ന്നത് ഈ പൊലീസ് പ്രതിമയാണ്.

Oulu-chubbycop-symbol
ടോറി പൊലീസ് എന്നു വിളിക്കുന്ന ഈ പ്രതിമ മാര്‍ക്കറ്റ് സ്‌ക്വയറിലാണ് സ്ഥാപിച്ചിരിക്കുന്നത്. ചിത്രം : ലക്ഷ്മി ശരത്
English Summary:

These seven best experiences in the Pohjola Route, a winter wonderland are one of the authentic ways of exploring the Nordic Country.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com