ADVERTISEMENT

കിഴക്കന്‍ യൂറോപ്പിലെ മനോഹര രാജ്യമായ ജോര്‍ജിയയില്‍ അവധിക്കാലം ആഘോഷിച്ചു നടന്‍ ടൊവിനോ തോമസും കുടുംബവും. ഇവിടെ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. റഷ്യ - ജോർജിയ സൗഹൃദ സ്മാരകത്തിന്‌ മുന്നില്‍ ഭാര്യയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ്‌ ആദ്യം. ജോർജിയേവ്സ്ക് ഉടമ്പടിയുടെ ദ്വിശതാബ്ദിയും സോവിയറ്റ് ജോർജിയയും സോവിയറ്റ് റഷ്യയും തമ്മിലുള്ള സൗഹൃദവും ആഘോഷിക്കുന്നതിനായി 1983-ൽ നിർമിച്ച സ്മാരകമാണ്, ഇപ്പോള്‍ പനോരമ ഗുഡൗരി എന്നറിയപ്പെടുന്ന ഈ സ്മാരകം. പ്രശസ്ത ജോർജിയൻ വാസ്തുശില്പിയായ ജിയോർജിയാണ് വൃത്താകൃതിയിലുള്ള ഈ സ്മാരകം രൂപകല്‍പ്പന ചെയ്തത്. ചുറ്റുമുള്ള മലനിരകളുടെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാവുന്ന ഇടത്താണ് സ്മാരകം.
 

Image Credit : tovinothomas/instagram
റഷ്യ- ജോർജിയ സൗഹൃദ സ്മാരകത്തിന്‌ മുന്നില്‍

ജോർജിയൻ മിലിട്ടറി ഹൈവേയിൽ, സ്കീ റിസോർട്ട് പട്ടണമായ ഗുഡൗരിക്കും ജ്വാരി പാസിനുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ സ്മാരകം കോക്കസസ് പർവതനിരകളിലെ ഡെവിൾസ് വാലിക്ക് അഭിമുഖമായാണ് നിലകൊള്ളുന്നത്. ജോർജിയൻ, റഷ്യൻ ചരിത്രത്തിൻ്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന ഒരു വലിയ ടൈൽ മ്യൂറൽ ആണ് ഇവിടുത്തെ പ്രധാന കാഴ്ച. സ്മാരകത്തിനടുത്തായി  ഗെർഗെറ്റി ട്രിനിറ്റി ചർച്ച് കാണാം.
 

ടിബിലിസി നാഷനൽ പാർക്കിന്റെ ഭാഗമായ സബദുരി ഫോറസ്റ്റില്‍ നിന്നുള്ള വിഡിയോയും ടോവിനോ പങ്കുവച്ചിട്ടുണ്ട്. രണ്ടു കരടികളാണ് ഈ വിഡിയോയില്‍ ഉള്ളത്. 
 

ജോർജിയയുടെ മധ്യഭാഗത്തായി കരേലി പട്ടണത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് സബദുരി ഫോറസ്റ്റ്. സഗുറാമോ-യൽനോ പർവതത്തില്‍, സമുദ്രനിരപ്പിൽ നിന്ന് 600 - 1,700 മീറ്റർ ഉയരത്തിൽ, ടിയാനെറ്റിക്കും ഷ്വരിചാമിയയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാന പ്രദേശം, 1973 ൽ സ്ഥാപിതമായി. ഏകദേശം 600 ഹെക്ടർ വിസ്തൃതിയുള്ള വനത്തിനുള്ളില്‍, ടൂറിസ്റ്റുകള്‍ക്കായി, പിക്നിക്, ഹൈക്കിങ്, ക്യാംപിങ്, ക്യാംപ് ഫയര്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ വനത്തിനുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇവിടേക്ക് പകല്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന ഒട്ടനവധി ടൂറിസ്റ്റ് കമ്പനികളുണ്ട്‌. 
 

കൊക്കേഷ്യൻ ടർ, ബ്രൗൺ ബിയർ, ലിങ്ക്സ്, ഗോൾഡൻ ഈഗിൾ തുടങ്ങിയ അപൂർവ ഇനങ്ങളുൾപ്പെടെ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് സബദുരി വനം. ഓക്ക്, ബീച്ച് മുതലായ മരങ്ങളാണ് ഇവിടെ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. സ്ഫടികം പോലെ തെളിഞ്ഞ വെള്ളമുള്ള നിരവധി അരുവികളും ചെറിയ വെള്ളച്ചാട്ടങ്ങളും ഈ വനത്തിലുണ്ട്. സബദുരി ഫോറസ്റ്റിൽ നിരവധി ഹൈക്കിങ് പാതകളുണ്ട്. സബദുരി റിഡ്ജ് ട്രയൽ, പോട്‌സ്‌കോവി ട്രയൽ, സിവ്‌റ്റ്‌സ്‌കാരോ ട്രയൽ എന്നിവ ഇവിടുത്തെ ജനപ്രിയ പാതകളില്‍ ചിലതാണ്.
 

Sabaduri Forest. Image Credit:k_samurkas/istockphoto
Sabaduri Forest. Image Credit:k_samurkas/istockphoto

എല്ലാ സീസണുകളിലും വളരെ മനോഹരമാണെങ്കിലും ശൈത്യകാലത്തും ശരത്കാലത്തും മാന്ത്രികമാണ് വനം. ശരത്കാലമാകുമ്പോള്‍, വനത്തിലെ സസ്യജാലങ്ങള്‍ വർണാഭമായ ഇലച്ചാര്‍ത്തുകളില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കും. മഞ്ഞുകാലത്തുപോലും ഇതൊരു അദ്ഭുതലോകം തന്നെയാണ്. വസന്തകാലത്ത് പുഷ്പങ്ങള്‍ നിറഞ്ഞ പുൽമേടുകൾക്കിടയിലൂടെ നടക്കുകയോ തടാകക്കരയിൽ കുളിക്കുകയോ വിശ്രമിക്കുകയോ ചെയ്യാം. 
 

Ushguli Village, Georgia. Image Credit: tawatchaiprakobkit/istockphoto
Ushguli Village, Georgia. Image Credit: tawatchaiprakobkit/istockphoto

നഗരത്തിൽ നിന്ന് ഏകദേശം 1 മണിക്കൂർ ഡ്രൈവ് ചെയ്താണ് ടിബിലിസി നാഷനൽ പാർക്കിലെത്തുന്നത്. ടിബിലിസിയൻ കടൽ എന്ന് വിളിക്കപ്പെടുന്ന ടിബിലിസി ജലസംഭരണിയും ടിബിലിസിയിലെ സ്റ്റോൺഹെഞ്ച് എന്നറിയപ്പെടുന്ന ജോർജിയയിലെ ശ്രദ്ധേയമായ സ്മാരകമായ ക്രോണിക്കിൾസും ഈ വഴിയിലെ ശ്രദ്ധേയമായ കാഴ്ചകളില്‍പ്പെടുന്നു. ഐവേറിയ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പുരാതന ഉജാർമ കോട്ടയും ഈ വഴിയില്‍ സന്ദര്‍ശിക്കാം. സബദുരി ഫോറസ്റ്റ് റോഡിന്റെ അറ്റത്തുള്ള ഗുലേലേബി ഗ്രാമവും സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാണ്.

English Summary:

Georgia travel diary by Tovino Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com