ADVERTISEMENT

കഴിഞ്ഞ കുറച്ചു കാലമായി നിരന്തരം യാത്രകള്‍ ചെയ്യുന്ന നടിയാണ് സാമന്ത. ആത്മാവില്‍ തൊടുന്ന അനുഭവങ്ങള്‍ തേടി യാത്ര ചെയ്യുന്ന നടിയുടെ ഏറ്റവും പുതിയ യാത്ര മലേഷ്യയിലെ ലങ്കാവിയിലേക്കാണ്. കാടും അരുവികളും ആകാശം മുട്ടുന്ന മരങ്ങളുമെല്ലാം നിറഞ്ഞ യാത്രാനുഭവം ചിത്രങ്ങളിലൂടെ നടി സോഷ്യല്‍ മീഡിയയില്‍ പകര്‍ത്തി. പ്രശസ്തമായ ഡാറ്റായ് ലങ്കാവി റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമന്ത പങ്കുവച്ചു.

സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ Image Credit : samantharuthprabhuoffl/instagram
സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ Image Credit : samantharuthprabhuoffl/instagram

ഡാറ്റായ് ലങ്കാവിയിലെ നീന്തല്‍ക്കുളത്തില്‍ നീരാടുന്നതും ധ്യാനിക്കുന്നതും പ്രകൃതിയോടിണങ്ങി നിര്‍മ്മിച്ച വില്ലയും ആമ്പല്‍പ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കുളവുമെല്ലാം ഇതില്‍ കാണാം. 

സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ Image Credit : samantharuthprabhuoffl/instagram
സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ Image Credit : samantharuthprabhuoffl/instagram

മലേഷ്യയിലെ ലങ്കാവി ദ്വീപിന്‍റെ വടക്കുപടിഞ്ഞാറൻ അറ്റത്താണ് ഡാറ്റായ് ലങ്കാവി സ്ഥിതി ചെയ്യുന്നത്. പത്തു ദശലക്ഷം വർഷം പഴക്കമുള്ള മഴക്കാടിന്‍റെ ഹൃദയഭാഗത്തായാണ് ഈ  പഞ്ചനക്ഷത്ര റിസോര്‍ട്ട്. പ്രകൃതിയുമായി ലയിച്ചുചേര്‍ന്ന്, സുഖകരവും സമാധാനപരവുമായ അവധിക്കാലം ആഘോഷിക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് പറന്നെത്തുന്നു. സമൃദ്ധമായ ഉഷ്ണമേഖലാ മഴക്കാടുകളുടെ കാഴ്ച, മനസ്സിനും ശരീരത്തിനും ആത്മാവിനും അഭൗമമായ അനുഭൂതി പകരുന്നു. റിസോര്‍ട്ടിലെ എല്ലാ മുറികളിലും മഴക്കാടുകളുടെ സാന്നിധ്യമുണ്ട്. സ്വകാര്യ ബാല്‍ക്കണികളില്‍ നിന്നും കാഴ്ചകള്‍ കാണാനുള്ള സൗകര്യവും ഉണ്ട്. 

സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ Image Credit : samantharuthprabhuoffl/instagram
സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ Image Credit : samantharuthprabhuoffl/instagram

നാഷണൽ ജിയോഗ്രാഫിക് ലോകത്തിലെ ഏറ്റവും മികച്ച പത്ത് ബീച്ചുകളിൽ ഒന്നായി തിരഞ്ഞെടുത്ത കടല്‍ത്തീരവും ഇവിടെയുണ്ട്. തീരത്തെ മഴക്കാടുകള്‍ക്കിടയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കാടിനുള്ളിലെ രണ്ടു നീന്തല്‍ക്കുളങ്ങള്‍, കാട്ടുചോലകളില്‍ നീരാടുന്നതു പോലെയുള്ള അനുഭവമാണ്‌ നല്‍കുന്നത്. പ്രകൃതി പ്രവർത്തനങ്ങളില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അതിഥികൾക്കായി റിസോര്‍ട്ടില്‍ ഒരു നേചർ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ Image Credit : samantharuthprabhuoffl/instagram
സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ Image Credit : samantharuthprabhuoffl/instagram

മൊത്തം 55 വില്ലകളിലായി ആകെ 54 മുറികളും 12 സ്യൂട്ടുകളുമാണ് ഇവിടെ ഉള്ളത്. കോംപ്ലിമെന്‍ററി മിനിബാർ, വൈഫൈ, നോൺ മോട്ടറൈസ്ഡ് വാട്ടർ സ്പോർട്സ്, ഹെൽത്ത് ക്ലബ്ബ്, സ്വകാര്യ യോഗ ക്ലാസുകൾ, ഫിറ്റ്നസ് സെന്റർ, ഫിറ്റ്നസ് സ്പാ, ഗോൾഫ് മുതലായവയും അതിഥികള്‍ക്ക് ആസ്വദിക്കാം. കൂടാതെ, മലായ്, തായ്, ഇന്ത്യൻ റസിഡന്റ് ഷെഫുകളുടെ പാചക ക്ലാസുകളുമുണ്ട്.

സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ Image Credit : samantharuthprabhuoffl/instagram
സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ Image Credit : samantharuthprabhuoffl/instagram

ലങ്കാവി എന്ന പ്രണയതീരം

മലേഷ്യയിലെ അതിമനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ലങ്കാവി. 99 ദ്വീപുകളുടെ സമൂഹമായ ലങ്കാവിയില്‍ മിക്ക സാധനങ്ങളും നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അതിനു പുറമേ അതിമനോഹരമായ ഭൂപ്രകൃതിയും ലങ്കാവിയെ സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാക്കുന്നു. ഹണിമൂണ്‍ യാത്രകള്‍ക്ക് വളരെ അനുയോജ്യമാണ് ഇവിടം.

സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ Image Credit : samantharuthprabhuoffl/instagram
സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ Image Credit : samantharuthprabhuoffl/instagram

യുനെസ്‌കോ 2007 ൽ  ലങ്കാവിയെ ഒരു ജിയോ പാർക്കായി നാമനിർദ്ദേശം ചെയ്തു. അന്നുമുതൽ ഈ പ്രദേശത്തെ പരിസ്ഥിതി സംരക്ഷണത്തിനും ഇക്കോ ടൂറിസത്തിനും വലിയ പ്രധാന്യമാണ് ലഭിച്ചു വരുന്നത്.

പന്തായ് സെനാഗ്, തെനാഗ്, തൻജംഗ് റു എന്നിവയാണ് ലങ്കാവിയിലെ പ്രശസ്തമായ ബീച്ചുകൾ. സന്ദര്‍ശകര്‍ക്ക് സ്വകാര്യ ബോട്ട് വാടകയ്‌ക്ക് എടുത്ത് ലങ്കാവിക്ക് ചുറ്റുമുള്ള മറ്റ് ദ്വീപുകൾ സന്ദര്‍ശിക്കാം. സൂര്യസ്തമയക്കാഴ്ച കണ്ട്, ക്രൂയിസില്‍ രുചികരമായ അത്താഴവും പാനീയങ്ങളും ആസ്വദിക്കാം.

രുചിയുടെ പറുദീസ!

സമുദ്രവിഭവ പ്രേമികൾക്ക് ലങ്കാവി ഒരു കൊച്ചു സ്വര്‍ഗ്ഗമാണ്. അക്വേറിയത്തിൽ നിന്ന് ലൈവായി ആവശ്യമുള്ള മീനിനെ പിടിച്ച് പാകം ചെയ്തുതരുന്ന സേവനങ്ങള്‍ ഇവിടെ പലയിടത്തുമുണ്ട്. നെൽവയലുകൾക്ക് നടുവിൽ ഒരു മേശയിട്ട് പരമ്പരാഗത മലേഷ്യൻ വിഭവങ്ങള്‍ അടക്കമുള്ള വൈവിധ്യമാര്‍ന്ന രുചികള്‍ വിളമ്പുന്ന സീഷെൽ റസ്റ്ററന്റ്, റൊമാന്റിക് അത്താഴത്തിന് ഏറെ പ്രസിദ്ധമാണ്.  

നികുതിയില്ലാതെ സമ്മാനങ്ങള്‍ വാങ്ങാം 

ലങ്കാവി ഒരു ഡ്യൂട്ടി ഫ്രീ ദ്വീപാണ്, മടങ്ങുമ്പോള്‍ ഇവിടെ നിന്നും പ്രിയപ്പെട്ടവര്‍ക്ക് നികുതി ഇല്ലാതെ സമ്മാനങ്ങള്‍ വാങ്ങാം. ദ്വീപിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാനുള്ള മലേഷ്യൻ ഗവൺമെന്‍റിന്‍റെ ശ്രമങ്ങളുടെ ഭാഗമായി, 1987 മുതലാണ് ലങ്കാവി ഡ്യൂട്ടി ഫ്രീ ആയത്. ചോക്ലേറ്റ്, വസ്ത്രങ്ങൾ, പാത്രങ്ങൾ, മദ്യം, പുകയില, പെർഫ്യൂം, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങി ഒട്ടേറെ ഡ്യൂട്ടി ഫ്രീ ഇനങ്ങൾ സഞ്ചാരികള്‍ക്ക് വാങ്ങാം. 

കേബിൾ കാര്‍ യാത്രയും ചുണ്ണാമ്പുഗുഹകളും

ലങ്കാവിയിലെ ഓറിയന്റൽ വില്ലേജില്‍ നിന്നും, ലങ്കാവി സ്കൈ ബ്രിജ് സ്ഥിതി ചെയ്യുന്ന ഗുനുങ് മാറ്റ് ചിൻചാങ് കൊടുമുടിയിലേക്ക് കേബിൾ കാർയാത്ര നടത്താം. ആർട്ട് ഇൻ പാരഡൈസ് എന്നറിയപ്പെടുന്ന ത്രിമാന ആർട്ട് മ്യൂസിയം ഉൾപ്പെടെ വേറെയും ആകര്‍ഷണങ്ങള്‍ ഇവിടെ ഉണ്ട്. 

ചുണ്ണാമ്പുകല്ല് ഗുഹകളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന മൂന്ന് നദീമുഖങ്ങളും അടങ്ങുന്ന ഒരു കണ്ടൽ വന പാർക്കായ കിലിം കാർസ്റ്റ് ജിയോഫോറസ്റ്റ് പാർക്കും സന്ദര്‍ശിക്കേണ്ട മറ്റൊരു ഇടമാണ്. വവ്വാലുകൾ, മുതലകൾ, കഴുകന്മാർ, കിങ്ഫിഷറുകൾ, മോണിറ്റർ പല്ലികൾ, മക്കാക്കുകൾ, ഒട്ടറുകൾ, പാമ്പുകൾ, മര ഞണ്ടുകൾ എന്നിങ്ങനെ ധാരാളം വന്യജീവികള്‍ ഇവിടെ വസിക്കുന്നു.

English Summary:

Samantha Ruth Prabhu has taken off on a holiday to Langkawi, Malaysian island.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com