ADVERTISEMENT

ജീവിതത്തിൽ ഒരു വ്യക്തിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നവർ ആരാണെന്നു ചോദിച്ചാല്‍ അത് മാതാപിതാക്കളായിരിക്കും. പ്രത്യേകിച്ച് അമ്മമാർ. ഒരു നടനെന്ന നിലയിലേക്കുള്ള വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി തന്റെ അമ്മയാണെന്ന് ബോളിവുഡ് താരം അനുപം ഖേർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മുംബൈയിലെത്തിയ കാലം മുതൽ അമ്മ പകർന്നു നല്‍കിയ മൂല്യങ്ങൾ കാത്തു സൂക്ഷിച്ചാണ് ഇതുവരെ ജീവിച്ചതെന്ന് തുറന്നു പറയുകയാണ് താരം. 

സ്കൂൾ കാലം മുതൽ ഒരു നടനെന്ന നിലയിലേക്കുള്ള വളർച്ച വരെ താങ്ങും തണലുമായി നിന്ന അമ്മയെ കുറിച്ച് പറയുകയാണ് അനുപം ഖേർ. അച്ഛൻ മരിച്ചതിനു ശേഷം അമ്മയുമായി കൂടുതൽ അടുത്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള വിഡിയോയെ കുറിച്ച് നിരവധി പേർ ചോദിക്കാറുണ്ടെന്നും താരം പറയുന്നു. 

‘അമ്മ സ്കൂളിൽ കൊണ്ടുപോകുന്നതിനെ കുറിച്ച് ഒരുപാട് ഓർമകൾ എനിക്കുണട്്. പോകുന്നതിനു മുൻപ് ഇന്നാണ് നിന്റെ ഏറ്റവും നല്ല ദിവസം എന്ന് അമ്മ പറയുമായിരുന്നു. കുട്ടിയായിരുന്ന ഞാൻ അത് വിശ്വസിക്കും. അതെന്നെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു. ദാരിദ്ര്യം മറക്കാൻ സഹായിച്ചു. അച്ഛനെ ഒരു മാസത്തെ സമ്പാദ്യം 90 രൂപയായിരുന്നു. പക്ഷേ, 14 പേരുള്ള ഒരു കുടുംബത്തിന് ജീവിക്കാൻ ആ തുക തികഞ്ഞിതരുന്നില്ല. ആഭരണങ്ങൾ പണയപ്പെടുത്തിയാണ് അമ്മ ഞങ്ങളെ നല്ല സ്കൂളിൽ അയച്ചിരുന്നത.് എന്നാൽ ഞാൻ പഠനത്തിൽ പിന്നിലായത് അമ്മയെ ആശങ്കപ്പെടുത്തിയിരുന്നു. 

ഒരു വ്യക്തി എന്ന നിലയിലേക്ക് എന്നെ പാകപ്പെടുത്തിയെടുക്കുന്നതിൽ അമ്മയ്ക്കായിരുന്നു പങ്ക്. എനിക്ക് പത്തുവയസ്സുള്ളപ്പോഴാണ് ഒരു സന്യാസി സ്കൂളിലേക്ക് വരുന്നത്. അമ്മ എനിക്ക്് 5 പൈസ നൽകി അദ്ദേഹത്തിനു കൊടുക്കാൻ പറഞ്ഞു. എന്നാൽ, ഞാൻ രണ്ടു പൈസ ചിലവാക്കുകയും ബാക്കി സൂക്ഷിച്ചു വയ്ക്കുകയും ചെയ്തു. അമ്മ ചോദിച്ചപ്പോൾ അദ്ദേഹത്തിനു പണം നൽകി എന്ന് നുണ പറഞ്ഞു. എന്നാൽ, അന്ന് വൈകുന്നേരം എന്റെ ബാഗിൽ പണം ഇരിക്കുന്നത് അമ്മ കണ്ടു. ഇത് അമ്മയെ ദേഷ്യം പിടിപ്പിച്ചു. എന്നോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. മൂന്നു മണിക്കൂറോളം പുറത്തു കാത്തിരുന്ന ഞാന്‍ ഇനി നുണ പറയില്ലെന്ന് സത്യം ചെയ്തതിനു ശേഷമാണ് വീട്ടിൽ കയറ്റാൻ അമ്മ തയ്യാറായത്. 37 രൂപയുമായി മുംബൈയിലേക്ക് നടനാകാൻ വരുമ്പോഴും ആ മൂല്യങ്ങൾ മാത്രമാണ് എനിക്കുണ്ടായിരുന്നത്. പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങിയിട്ടുണ്ട്. പക്ഷേ, അതൊന്നും അമ്മയോടു പറഞ്ഞില്ല. പരസ്പരം കരുതലോടെ നിലകൊള്ളാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. സിനിമകൾ ചെയ്തു തുടങ്ങിയപ്പോൾ എത്ര ഉയരത്തിലെത്തിയാലും ലാളിത്യം കൈവിടരുതെന്ന് അമ്മ പറയും. 

അച്ഛൻ മരിച്ചതോടെ അമ്മയുമായി കൂടുതൽ അടുത്തു. അമ്മയ്ക്ക് പങ്കാളിയെയും എനിക്ക് ആത്മാർത്ഥ സുഹൃത്തിനെയുമാണ് നഷ്ടമായത്. അച്ഛന്റെ മരണത്തെ കുറിച്ചോർത്ത് വിഷമിച്ചിരിക്കാതെ അദ്ദേഹത്തിന്റെ ജീവിതം ആസ്വദിക്കാം എന്നാണ് ഞാൻ അമ്മയോട് പറഞ്ഞത്. നിറമുള്ള വസ്ത്രങ്ങൾ ധരിച്ചു വരാൻ എല്ലാവരോടും ആവശ്യപ്പെട്ടു. ഒരു റോക്ക് ബാന്റിനെ വരെ നിയോഗിച്ചിരുന്നു. ഞങ്ങളെല്ലാവരും അച്ഛന്റെ ഓർമകൾ പങ്കുവച്ചു. ഇത്രയും വലിയൊരു മനുഷ്യനെയാണ് വിവാഹം ചെയ്തതെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നായിരുന്നു അമ്മ അന്ന് പറഞ്ഞത്. 

അമ്മയും ഞാനും അടുത്ത സുഹൃത്തുക്കളാണ്. പുരസ്കാര വേദികളിലേക്കെല്ലാം അമ്മ വരികയും എന്റെ സുഹൃത്തുക്കളുമായി എല്ലാം സൗഹൃദത്തിലാകുകയും ചെയ്തു. ഒരിക്കൽ അമ്മയറിയാതെ ഞാൻ വിഡിയോ പകർത്തുകയും അത് ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയും വൈറലാകുകയും ചെയ്തു. ഏതാനു മാസങ്ങൾക്കുള്ളിൽ തന്നെ അമ്മ പ്രശസ്തയാകുകയും എല്ലാവരും അമ്മയുടെ വിശേഷങ്ങൾ ചോദിക്കാനും തുടങ്ങി. 

വഴിയിലൊക്കെ വച്ച് അമ്മയെ തിരിച്ചറിയുന്നതു വരെ അമ്മ പ്രശസ്തയായ വിവരം അവർക്ക് അറിയില്ലായിരുന്നു. പലരും അമ്മയ്ക്കൊപ്പം സെൽഫിയെടുക്കാനെത്തി. അതൊക്കെ അമ്മയ്ക്ക് തികച്ചും അപരിചിതമായിരുന്നു. നീ ഇതെന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമായിരുന്നു. ഇപ്പോൾ അമ്മ അൽപം കരുതതലോടെയാണ് ഇരിക്കുക. മറച്ചു വച്ചാണ് ഞാൻ അപ്പോള്‍ വിഡിയോ പകർത്തതുന്നത്. നീ ക്യാമറ എവിടെയാണ് മറച്ചു വച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ കാണുമ്പോൾ അമ്മ ആദ്യം ചോദിക്കുന്ന കാര്യം.’ അനുപം ഖേർ കുറിച്ചു. 

English Summary: Anupam Kher's Emotional Post about His Mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com