ADVERTISEMENT

ഇടുക്കി മലനിരകൾ കടന്ന് ദേശങ്ങളിലേയ്ക്ക് കോടമഞ്ഞുപോലെ പരന്നൊഴുകുന്ന ഒരു വനിതയുടെ അതിജീവനത്തിന്റെ വിജയകഥയാണിത്. ഇവിടുത്തെ കാറ്റാണ് കാറ്റ് എന്ന് സിനിമയിൽ പാടും പോലെ ഇവിടുത്തെ സ്ത്രീകളുടെ ധൈര്യമാണ് യഥാർത്ഥ ധൈര്യം എന്നുപറയാം നമുക്ക് നിസംശയം. കഷ്ടപ്പാടിന്റെയും വേർപാടിന്റെയുമെല്ലാം വേദനകളെ മാറ്റിനിർത്തി ഈ സ്ത്രീകൾ ഇന്ന് നമ്മെ നോക്കി പുഞ്ചിരിക്കുന്നത് അവർ സ്വയം പടുത്തുയർത്തിയ ജീവിതവിജയത്തിന്റെ പ്രഭയിലാണ്. 

 

അഞ്ച് വനിതകളും അവരുടെ അതിജീവനവും
ശ്യാമള ഒരു സാധാരണ വീട്ടമ്മയാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരു കൂട്ടം വനിതകളെ തനിക്കൊപ്പം ചേര്‍ത്ത് നിര്‍ത്തി ലക്ഷ്മി സ്‌പൈസസ് ആന്‍ഡ് പിക്കിൾസ് ഫുഡ് പ്രൊഡക്റ്റ് എന്ന സംരംഭത്തെ വളര്‍ച്ചയിലേക്ക് നയിച്ച സംരംഭകയാണ് അവർ. കുടുംബശ്രീയൊക്കെ പിറവിയെടുക്കുന്നതിന് മുമ്പ് സംരംഭം ആരംഭിക്കുകയും തന്നെപോലെ തന്നെ ഒരു കൈതാങ്ങിനായി കാത്തിരിക്കുന്ന കുറച്ചുപേരെ ക്കൂടി ഒപ്പം കൂട്ടി വിജയിപ്പിച്ചു കാണിച്ചയാളാണ് ശ്യാമള. 2004-05 കാലഘട്ടത്തിലാണ് ശ്യാമളുടെ ജൈത്രയാത്ര ആരംഭിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് മുഖാന്തരമാണ് താൻ ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നതെന്ന് ശ്യാമളചേച്ചി പറയുന്നു. അന്ന് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന മേളകളിൽ പങ്കെടുക്കുന്നതിനായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടത്. എന്നാൽ ഭാഷ ഒരു വിഷയമായതിനാൽ ആദ്യം ശ്യാമള മടിച്ചുനിന്നുവെങ്കിലും പഞ്ചായത്ത് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നപ്പോൾ മേളയിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഒറീസയിലെ ജഗന്നാഥപുരി എന്ന സ്ഥലത്താണ് ആദ്യം താൻ പോകുന്നതെന്നും അവിടെയെത്തിയ മറ്റ് സംരംഭകരെ കണ്ട് പുതിയ പല കാര്യങ്ങളും തനിക്ക് പഠിക്കാനായെന്നും ശ്യാമള. ആദ്യമൊക്കെ സുഗന്ധവ്യജ്ഞനങ്ങളുടെ വിപണനമായിരുന്നുവെങ്കിൽ ഇന്ന് അത് വളർന്ന് സ്വന്തമായി വെളിച്ചെണ്ണയും, മുളകുപൊടിയും, മസാലയും, വിവിധ തരം പലഹാരങ്ങളും എല്ലാമുള്ള സംരംഭമായി പന്തലിച്ചിരിക്കുന്നു. 

syamala1

 

ഉയർച്ച താഴ്ചകളിൽ പരസ്പരം താങ്ങാവുന്നവർ
കുടുംബശ്രീ പ്രവർത്തനങ്ങളൊക്കെ ആരംഭിച്ചതിനുശേഷമാണ് തനിക്ക് കുറച്ചുകൂടി വിപുലമായ സംരംഭം ആക്കണമെന്ന ചിന്തയുണ്ടായതെന്ന് ശ്യാമളചേച്ചി പറയുന്നു. അങ്ങനെ ആദ്യം അച്ചാർ നിർമാണത്തിലേയ്ക്ക് കടന്നു. സ്വന്തം ആശയത്തിൽ നിന്നുകൊണ്ട് അച്ചാർ ഉണ്ടാക്കി ചെറിയ തോതിൽ വിപണനം തുടങ്ങി. പോകെ പോകെ തിരക്കേറിവന്നപ്പോൾ കുറച്ചുപേരെ ഒപ്പം കൂട്ടാൻ തീരുമാനിച്ചു. ജീവിതത്തിൽ ഒരു തുണയില്ലാതെ ഒറ്റപ്പെട്ടുപോയവരാണ് ശ്യാമളയ്ക്കൊപ്പം ഇന്നുള്ളവർ. ഒരു സംരംഭം തുടങ്ങുമ്പോൾ ഇവർക്കുകൂടി കരുത്തുപകരുക എന്നതായിരുന്നു ശ്യാമളയുടെ ലക്ഷ്യം. പങ്കാളിയെ നഷ്ടപ്പെട്ട് ജീവിതം മാർഗ്ഗം നിലച്ചുപോയ നാലു വനിതകളാണ് ഇന്ന് എല്ലാ കാര്യത്തിനും ഒറ്റക്കെട്ടായി ശ്യാമളയ്ക്കൊപ്പമുള്ളത്. തിരക്കേറി വരുമ്പോൾ, വിപണന ആവശ്യങ്ങൾക്ക് ശ്യാമള ചേച്ചി പുറത്തു പോകുമ്പോൾ എല്ലാം ഷോപ്പും മറ്റു കാര്യങ്ങളും നോക്കുന്നതും ഇവർ നാലുപരും ചേർന്നാണ്. നിർമ്മാണത്തിൽ മാത്രമല്ല ഈ സംരംഭത്തിന്റെ ഉയർച്ചതാഴ്ചകളിലും ഇവർ അന്യോന്യം താങ്ങായി നിലകൊള്ളുന്നു. ശ്യാമള ചേച്ചിയ്ക്കൊപ്പം ചേർന്ന് ജോലിചെയ്യാൻ ആരംഭിച്ചതു മുതൽ സ്വന്തമാവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവന്നിട്ടില്ലെന്ന് നാലുചേച്ചിമാരും ഒന്നടങ്കം പറയുന്നു. ലാഭേച്ഛയേക്കാൾ ഇവരുടെ സന്തോഷമാണ് തനിക്കേറ്റവും വലുതെന്ന് ശ്യാമളയും.  

 

കൂടെയുള്ളവരെ പോലെ ഞാനുമിന്ന് വിധവ
കുറച്ചുനാളുകൾക്ക് മുമ്പായിരുന്നു ശ്യാമള ചേച്ചിയുടെ ഭർത്താവിന്റെ വിയോഗം. അതോടെ എല്ലാ കാര്യങ്ങളും സ്വന്തം ചുമരിലേയ്ക്ക് എടുത്തുവയ്ക്കേണ്ടിവന്നെങ്കിലും ചെറുപുഞ്ചിരിയോടെ എല്ലാം നോക്കി നടത്താൻ ഈ വനിതയെടുത്ത ധീരമായ തീരുമാനത്തിന്റെ പിൻബലത്തിലാണ് ഈ സംരംഭം ഇന്നും നിലനിലനിൽക്കുന്നത്. സർക്കാരിന്റെ രണ്ട് ഓണം വിപണിയിലെയും താരമായിരുന്നു ശ്യാമള ചേച്ചിയുടെ ശർക്കര വരട്ടി. കഴിഞ്ഞ വർഷത്തെ ഓണം വിപണിയ്ക്കായി മാത്രം ഒരു ലക്ഷത്തിലധികം ശർക്കര വരട്ടി പായ്ക്കറ്റുകളാണ് ഈ വനിതകൾ നിർമ്മിച്ചുനൽകിയത്. അതിന്റെ ഭാഗമായി 30 ഓളം പേർക്ക് ജോലി നൽകാനും സാധിച്ചുവെന്നും ഇത്തവണയും സർക്കാർ തങ്ങൾക്ക് ഒരവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്യാമള ചേച്ചി പറഞ്ഞു.  

 

ഉത്തരേന്ത്യ കീഴടക്കിയ നെടുങ്കണ്ടം പെരുമ
ഹൈറേഞ്ചിൽ ഒതുങ്ങിനിൽക്കുന്നതല്ല ശ്യാമളയും കൂട്ടരുമുണ്ടാക്കുന്ന രുചിപ്പെരുമ. അത് നാടുകൾ കടന്ന് ഉത്തരേന്ത്യയിലും സുഗന്ധം പരത്തുന്ന സംരംഭമാണ്. ഇന്ത്യാ ഇന്റർനാഷണൽ ട്രേഡ് ഫെയർ എന്ന എല്ലാ വർഷവും ഡൽഹിയിൽ നടക്കുന്ന വിപണനമേളയിൽ മിക്കവാറും പങ്കെടുക്കാറുണ്ട് ശ്യാമള. അവിടെയൊക്കെ ഈ നെടുങ്കണ്ടംകാരിയുടെ ഉത്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. എല്ലാ വർഷവും നവംബറിലാണ് മേള സംഘടിപ്പിക്കുന്നത്. ഈ വർഷം വ്യവസായ വകുപ്പും കുടുംബശ്രീയും ശ്യാമളയ്ക്കും കൂട്ടർക്കും മേളയിൽ പങ്കെടുക്കുന്നതിനായി പ്രത്യേകം സ്റ്റാളുകളും ഒരുക്കി നൽകിയിട്ടുണ്ട്. ശ്യാമളയും കൂട്ടരും എല്ലാ വർഷവും ചെല്ലുന്നതിനായതിനാൽ അവരെ പ്രതീക്ഷിച്ചുവരുന്ന ഒരുപാടുപേരുണ്ടവിടെ. അവർക്കുവേണ്ടി വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണിപ്പോൾ ശ്യാമള. കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത് ഒരു യൂണിറ്റായാണ് ഇവർ അഞ്ചുപേരും പ്രവർത്തിക്കുന്നത്. 

 

ഒപ്പമുള്ളവരെപ്പോലെ ശ്യാമളയും ഇന്ന് വിധവയാണ്. എന്നാൽ ജീവിതത്തിലെ വലിയൊരു പിന്തുണ പെട്ടെന്നില്ലാതെയാകുമ്പോൾ തളർന്നുപോവുകയല്ല, മറിച്ച് ഒപ്പമുള്ളവരേയും കൂട്ടി മുന്നോട്ട് നടക്കുകയാണ്   വേണ്ടതെന്ന് തീരുമാനിച്ച ശ്യാമള, പറഞ്ഞു പഴകിപ്പോയ പഴഞ്ചൊല്ലുകളെ നിഷ്പ്രഭമാക്കി സ്ത്രീകൾ ഒത്തുപിടിച്ചാൽ എന്തും നേടാം എന്ന് തെളിയിക്കുകയാണ്. തോളോട്തോൾ ചേർന്ന് ഈ വനിതകൾ വിജയപടവുകൾ ഓരോന്നായി ഇനിയും കീഴടക്കട്ടെയെന്ന് നമുക്കും ആശംസിക്കാം.

Content Summary: Success story of Syamala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com