ADVERTISEMENT

ആമുഖങ്ങളില്ലാതെ മലയാളികൾക്കു മുന്നിൽ കൊണ്ടുവരാവുന്ന വ്യക്തി. കഴിഞ്ഞ 33 വർഷമായി ഒരു കുടുംബാംഗത്തെ പോലെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചുമൊക്കെ നമ്മുടെ കൂടെത്തന്നെയുള്ളൊരാൾ. ഷീ ടോക്സിലൂടെ ബീന ആന്റണി മനസ്സ് തുറക്കുന്നു.

ഇന്ന് കാണുന്ന ബീന ആന്റണിയിലേക്ക് എത്താൻ ഒരുപാട് ബുദ്ധിമുട്ടിയല്ലോ. കഷ്ടപ്പാട് നിറഞ്ഞ ഒരു ഭൂതകാലമുണ്ട്. തിരിഞ്ഞു നോക്കുമ്പോൾ എന്താണ് തോന്നുന്നത്?

തിരിഞ്ഞു നോക്കുമ്പോൾ പല പല കാര്യങ്ങളിലും ചെന്നുനില്‍ക്കും. ഞാനന്ന് അത്രയും കഷ്ടപ്പെട്ടു. ഒരുപാട് പ്രശ്നങ്ങൾ, ഉയർച്ചയും താഴ്ചയുമൊക്കെയായി നല്ല വർക്കുകൾ ചെയ്തു. പിന്നെ എന്റെ കല്യാണം. അതു കഴിഞ്ഞു കുറേ ഇഷ്യൂസ്. പിന്നെ മോനുണ്ടാകുന്നു. ശേഷം അമ്മയും അപ്പച്ചനും നഷ്ടപ്പെട്ടു. ഒന്നു സന്തോഷമായി വരുമ്പോൾ വീണ്ടും ചേച്ചിയുടെ മോൻ നഷ്ടപ്പെടുന്നു. ഇപ്പോൾ നോക്കുമ്പോൾ എന്റെ ഭർത്താവ്, കുഞ്ഞ് ഒക്കെയായി കംഫർട്ട് സോണിൽ നിൽക്കുന്നു. ദൈവാനുഗ്രഹം കൊണ്ട് എനിക്ക് ഇതുവരെ വർക്കിന് ഒരു മുട്ടും ഉണ്ടായിട്ടില്ല. പക്ഷേ ജീവിതത്തിൽ ഞാൻ വളരെ വേദന അനുഭവിച്ച ഒരു കാലത്തിലൂടെയാണ് കടന്നു പോയത്. അതിന്റെ ഒരു വല്ലാത്ത വേദനയുണ്ട്. പക്ഷേ ഞാനിപ്പോൾ ഹാപ്പിയായി മുന്നോട്ട് പൊയ്ക്കോണ്ടിരിക്കുന്നു. 

മൂന്ന് പെൺകുട്ടികളുള്ള ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത്. അന്നൊക്കെ അഭിനയം ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമല്ലേ. അവിടെ സിനിമാ നടി എന്നു പറഞ്ഞാൽ പ്രശ്നമല്ലേ. 

സിനിമയെപ്പറ്റി നമ്മൾ ചിന്തിക്കുന്നില്ലല്ലോ. മഞ്ഞുമ്മൽകാരിക്ക് നാടകം എന്നു പറയുന്നത് പോലും ചിന്തിക്കാൻ പറ്റില്ല. ഒരു നാടകത്തിൽ പോലും ഞാനഭിനയിച്ചിട്ടില്ല. 

പഠിക്കാൻ മിടുക്കി. പത്താംക്ലാസിൽ ഫസ്റ്റ് ക്ലാസ്. ഒരു കോൺവന്റ് സ്കൂളിലാണ് പഠിച്ചത്.

പത്തു വരെ ഞാനൊരിക്കലും പരാജയം അറിഞ്ഞിട്ടില്ല. ഒരു വിഷയത്തിനും ഒരിക്കൽ പോലും തോറ്റിട്ടില്ല. പഠിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു. തോൽക്കുക എന്നു പറയുന്നത് എനിക്ക് ചിന്തിക്കാൻ പറ്റില്ല. നാണക്കേടായിരുന്നു. 

∙പതിനഞ്ചു വയസ്സുവരെ സിസ്റ്റർമാരുെട ശിക്ഷണത്തിൽ. അത്രതന്നെ സ്ട്രിക്റ്റായിട്ടുള്ള ഒരു കുടുംബ പശ്ചാത്തലവും. അതു കഴിഞ്ഞ് കോളജിലേക്കെത്തിയപ്പോൾ നല്ലോണം ഉഴപ്പിയോ? 

അവിടെ ഉഴപ്പി. എന്റെ നാട്ടിൽ ഒന്നു വായിനോക്കാൻ പോലും പറ്റിയിട്ടില്ല. എന്റെ അപ്പച്ചനെ പേടിച്ചിട്ട് ഒറ്റ ചെക്കൻമാര്‍ എന്നെയും വായിനോക്കിയിട്ടില്ല. കോളജില്‍ ചെന്നപ്പോൾ മിക്സഡ് കോളജാണ്. ആദ്യമൊക്കെ പേടിയായിരുന്നു. അപ്പച്ചന്റെ പെങ്ങളുടെ ഭർത്താവ് അവിടുത്തെ സൂപ്രണ്ടായിരുന്നു. അച്ചനും ഉണ്ടവിടെ. ആ ഒരു ഭയം കൂടി ഉണ്ടായിരുന്നു. ക്രിക്കറ്റിനെ കുറിച്ച് ഒരു ഐഡിയയും ഇല്ലാത്ത ഞാനും ചേച്ചിയും ക്രിക്കറ്റ് ടീമിൽ ചേർന്നു. മഞ്ഞുമ്മൽ സ്കൂളിൽ പഠിക്കുന്ന സമയത്ത് കൈ നോക്കുന്ന ഒരു അമ്മ തത്തമ്മയുമായി അവിടെ വന്നു. ആ കൈനോട്ടക്കാരി എന്റെ മുഖത്തു നോക്കി പറഞ്ഞത് ഇത് ഒരു ആണിന്റെ ഫലം ചെയ്യുമെന്നാണ്. അന്നു കേട്ടപ്പോൾ എനിക്ക് ചിരി വന്നു. ഒരു ആണ് ജനിക്കേണ്ട സമയത്ത് ജനിച്ചതാണെന്ന് അവരു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് ഞാൻ ജനിക്കേണ്ടതേയല്ല എന്നായിരുന്നു. 

എന്റെ അപ്പച്ചനും അമ്മച്ചിക്കും ചേച്ചി ഉണ്ടായ ശേഷം െപട്ടെന്ന് ഉണ്ടായതാണ് ഞാൻ. ശരിക്കും അമ്മച്ചിക്കൊന്നും എന്നെ വേണ്ടായിരുന്നു. നാണക്കേടു കാരണം എങ്ങനെയെങ്കിലും ഇതിനെ കളയാമോ എന്ന് ഡോക്ടറോട് ചോദിച്ചിട്ടുണ്ട്. ആരോഗ്യമുള്ള കുഞ്ഞാണ്, അതിനെ കളയേണ്ട എന്നു പറഞ്ഞ് ഡോക്ടർ സമ്മതിച്ചില്ല. പക്ഷേ ജനിച്ചപ്പോൾ എനിക്ക് ഒരു കാലിന് മുടന്തുണ്ടായിരുന്നു. ‘ഈശ്വരാ അന്നേ അങ്ങ് വേണ്ടാന്ന് വച്ചാൽ മതിയായിരുന്നു’ എന്നു പറഞ്ഞ് അമ്മച്ചി സങ്കടപ്പെട്ടു. പഠനം കുറച്ചു കഴിഞ്ഞാൽ ഉഴപ്പും എന്നു കൂടി കൈ നോട്ടക്കാരി പറ‍ഞ്ഞിരുന്നു. അപ്പോൾ ഞാൻ നന്നായി പഠിക്കുന്ന സമയമാണ്. അതുകേട്ടപ്പോൾ എനിക്കു വിഷമമായി. പക്ഷേ ഞാനതൊന്നും വിശ്വസിച്ചില്ല. ഇതൊന്നും സത്യമല്ല എന്നു പറഞ്ഞ് ഞാൻ പോയി. 

beena-antony1
ബീന ആന്റണി. ചിത്രം∙മനോരമ

പക്ഷേ പ്രീഡിഗ്രി വന്നപ്പോൾ കറക്റ്റായിട്ട് സംഭവിച്ചു. ഞാനൊരു വിഷയത്തിന് തോറ്റു. എനിക്കത് താങ്ങാൻ പറ്റാത്ത വേദനയായിരുന്നു. ഞാനോർത്തു, ഞാനെങ്ങനെ വീട്ടിൽ പോകും. അപ്പച്ചന്റെ അടുത്ത് പറയാനുള്ള ധൈര്യവും ഇല്ല. അപ്പച്ചന്റെ അടി എന്നു പറഞ്ഞാൽ പെരുന്നാളാണ്. അപ്പുറത്ത പറമ്പിൽ കളിക്കാൻ പോയാൽ കൂടി ഞങ്ങളെ മുട്ടിൽ നിർത്തും. അപ്പച്ചനോട് തോറ്റെന്നു പറയാന്‍ പേടിച്ചിട്ട് പുഴയിൽ ചാടാൻ വരെ ഒരുങ്ങി. പക്ഷേ വെള്ളം കുടിച്ച് ശ്വാസം മുട്ടുമെന്ന് പേടിച്ച് ചാടിയില്ല. പിന്നെ ഓർത്തു ട്രെയിനിനു മുന്നിൽ ചാടി ചാവാം, അതാകുമ്പോൾ ഒറ്റയിടിയിൽ എല്ലാം തീരുമല്ലോ. അങ്ങനെ ഞാൻ മരിക്കാനായി പോകുമ്പോൾ ആരോ കണ്ട് അമ്മച്ചിയുടെ അനിയത്തിയുടെ വീട്ടിൽ വിളിച്ച് പറഞ്ഞു, അവിടുന്ന് ആൾക്കാര് വന്ന് എന്നെ പൊക്കിയെടുത്ത് വീട്ടിൽ കൊണ്ടു വന്നു. അപ്പച്ചന്‍ ചോദിച്ചത് നിനക്ക് ഭ്രാന്താണോ എന്നാണ്. അമ്മച്ചി ഭയങ്കര കരച്ചിലായിരുന്നു. എനിക്കിപ്പോൾ അത് മനസ്സിലാകുന്നുണ്ട്. എന്റെ മോന്‍ അങ്ങനെ ഒരു ഡിസിഷൻ എടുത്തിട്ട് എന്റെ മുന്നിലേക്ക് വന്നാൽ ഞാൻ തകർന്നു പോകില്ലേ. എന്റെ അപ്പച്ചനും അമ്മച്ചിക്കും എന്നെ ഇത്രയും ഇഷ്ടമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞ ദിവസം കൂടിയാണത്. എന്നെ അന്ന് അടിക്കുകയോ ഒന്നും ചെയ്തില്ല. 

അത് തൊണ്ണൂറുകളുടെ ആദ്യമായിരുന്നു അല്ലേ. അതു കഴിഞ്ഞ് ജോലിക്കു പോയിരുന്നില്ലേ?

അതെ. ഞാനന്ന് ട്രാവൽ ഇന്ത്യയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്നു. 

സിനിമ ഒരു പാഷനായിരുന്നോ?

ഒരിക്കലുമില്ല. സീരിയലുകളൊക്കെ കാണുമ്പോൾ ആഗ്രഹം തോന്നിയിരുന്നു. സ്കൂളിലൊക്കെ അഭിനയിക്കുകയും മോണോ ആക്ടൊക്കെ െചയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷേ പുറത്തേക്ക് ഞാൻ ചിന്തിക്കുന്നില്ലല്ലോ. ഒരു ദിവസം ഞാനും എന്റെ കസിൻ ബ്രദറും കൂടി ബാങ്ക് ടെസ്റ്റ് എഴുതാൻ തേവര സേക്രട്ട് ഹാർട്ട് സ്കൂളിൽ പോയിട്ട് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ അവിടെ ഷൂട്ട് നടക്കുന്നു. കനൽക്കാറ്റാണെന്നൊന്നും എനിക്ക് മനസ്സിലായില്ല. ഞാനവനോട് പറഞ്ഞു, ‘ഞാനിതുവരെ ഒരു ഷൂട്ടിങ്ങൊന്നും കണ്ടിട്ടില്ല, നമുക്കൊന്ന് പോയി കാണാം’. അവൻ വേണ്ടെന്നു പറഞ്ഞെങ്കിലും ഞാൻ അവനെയും വലിച്ചു കൊണ്ടു പോയി ഷൂട്ടിങ് കണ്ടു. ആരൊക്കെയാ അഭിനയിക്കുന്നതെന്നൊന്നും അറിയില്ല. അപ്പോൾ ആരോ പറഞ്ഞു മമ്മൂക്ക വരുന്നുണ്ടെന്ന്. അപ്പോളതാ മമ്മൂക്ക വരുന്നു എന്തൊരു ഗ്ലാമറ്. ഫൈറ്റും കാര്യങ്ങളും ഒക്കെ നോക്കി നിന്നു. അപ്പോൾ തൊട്ടടുത്തൊരു ചെയറിൽ ഷൺമുഖണ്ണൻ ഇരിക്കുന്നു. എനിക്ക് പേരൊന്നും അറിയില്ല. വൈറ്റ് ആൻഡ് വൈറ്റ് ഒക്കെയിട്ട് തടിച്ചിട്ടൊരാൾ. പുള്ളിയാണ് എല്ലാം ഓർഡർ ചെയ്യുന്നത്. എല്ലാവരും വലിയ ബഹുമാനത്തോടെയാണ് നിൽക്കുന്നത്. ഞാൻ പുള്ളിയുടെ അടുത്തായാണ് നിൽക്കുന്നത്. പുള്ളി എന്റടുത്ത് ഓരോന്നും സംസാരിച്ചു. ഞാൻ നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ്. പുള്ളി എന്നോടു ചോദിച്ചു ‘അഭിനയിക്കാൻ ഇഷ്ടമാണോ?’. ഞാൻ ‘ആർക്കാ ഇഷ്ടമല്ലാത്തത്. എന്തു രസമാ’ എന്നു പറഞ്ഞു. അന്നു ഞാൻ മുടിയൊക്കെ നന്നായി വെട്ടി നല്ല ഭംഗിയായാണ് നടക്കുന്നത്. പുള്ളിക്ക് എന്നെ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. പുള്ളി എന്നോടു പറഞ്ഞു മോൾക്ക് അഭിനയിക്കണമെങ്കിൽ അഭിനയിക്കാമെന്ന്. ഞാൻ പറഞ്ഞു എന്റെ വീട്ടിൽ സമ്മതിക്കില്ലെന്ന്. പുള്ളി എന്റെ വീടൊക്കെ അന്വേഷിച്ചു. ഞാൻ എല്ലാ ഡീറ്റെയിൽസും കൊടുത്ത് ഷൂട്ടിങ്ങും കണ്ട് തിരിച്ചു പോന്നു. 

രണ്ടു മൂന്നു ദിവസം കഴി‍‍ഞ്ഞ് വിഷുവിന് എന്റെ വീടിനു മുന്നിൽ ഒരു വണ്ടി വന്നു നിന്നു. വണ്ടിയിൽ നിന്ന് ഒരു ചേട്ടനിറങ്ങിയിട്ട് പറ‍ഞ്ഞു. ‘ബീനയുടെ വീടല്ലേ. അന്ന് ഒരു സിനിമയുടെ കാര്യം പറഞ്ഞല്ലോ, അതിലൊരു വേഷം ഉണ്ട്.’ ഞാനും വീട്ടുകാരുമൊക്കെ ഞെട്ടിപ്പോയി. സിനിമയിലഭിനയിക്കാനോ എന്ന് അവരൊക്കെ അദ്ഭുതപ്പെട്ടു നിൽക്കുകയാണ്. ഞാൻ പറഞ്ഞു ‘എനിക്ക് പോകണം’. ‘അപ്പോൾ അപ്പച്ചനോ’ എന്ന് അമ്മച്ചി പറഞ്ഞു. ‘അപ്പച്ചനെ വേഗം വിളിക്ക്, എനിക്കു പോകണം’ എന്നു പറഞ്ഞ് ഞാൻ തിരക്കു കൂട്ടുകയാണ്. ഞാൻ എല്ലാരോടും വിളിച്ചു പറഞ്ഞു ‘എങ്ങനെയെങ്കിലും അപ്പച്ചനെ തപ്പിക്കൊണ്ടു വാ, എനിക്കു പോകണം’. ആർക്കും ഒരു പ്രതീക്ഷയുമില്ല. പക്ഷേ എല്ലാവർക്കും ഒരു എക്സൈറ്റ്മെന്റ് ഉണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അപ്പച്ചനെ കൊണ്ടു വന്നു. നടക്കണ കാര്യമല്ലെന്ന് അപ്പച്ചൻ. ഞാൻ ഭയങ്കര കരച്ചിലും ബഹളവും. അമ്മച്ചിയുടെ കാല് പിടിച്ച് കരച്ചിലാണ്. അപ്പച്ചനോട് പറയാൻ പേടിയാണ്. അങ്ങനെ അമ്മച്ചി പറഞ്ഞു അമ്മച്ചിയുടെ ബ്രദറിനെയും വൈഫിനെയൊക്കെ കൂട്ടി വിടാമെന്ന്. അങ്ങനെ ഒരു ബറ്റാലിയനായിട്ടാണ് ഞങ്ങൾ സെറ്റിലേക്ക് ചെല്ലുന്നത്. സെറ്റിൽ ചെന്നപ്പോൾ മാമുക്കോയ ഇരിക്കുന്നു. എനിക്ക് ഭയങ്കര സന്തോഷം. ആദ്യമായിട്ടു കാണുകയല്ലേ. എന്നെ കണ്ടതും ‘മോളു വാ’ എന്നു പറഞ്ഞു. അപ്പോൾ അവിടെ ഭക്ഷണം കഴിക്കുന്ന സമയമായിരുന്നു. അങ്ങനെ ഞങ്ങളെല്ലാവരും കൂടി ഭക്ഷണം കഴിച്ചു എന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു. എന്നെക്കൊണ്ട് പാട്ടൊക്കെ പാടിച്ചു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ മമ്മൂക്ക വന്നു. ലോഹി സാറ്, സത്യൻ സാറൊക്കെ വന്നു. 

beena-antony-she-talks
ബീന ആന്റണി. ചിത്രം∙മനോരമ

ആദ്യത്തെ കോംബിനേഷൻ സീൻ മമ്മൂക്കയുടെ കൂെടയായിരുന്നല്ലോ. അതൊരു വലിയ പ്രതീക്ഷ തന്നില്ലേ?

ആദ്യത്തെ ഷോട്ട് എന്റെ കഴുത്തിനു പിടിക്കുന്ന സീനാണ്. അതു കഴിഞ്ഞ് മമ്മൂക്ക ചോദിച്ചത് ഇതിനു മുൻപ് അഭിനയിച്ചിട്ടുണ്ടോ എന്നാണ്. ഞാൻ പറഞ്ഞു, ഇല്ല. ആഹാ കൊള്ളാലോ നീ എന്നു മമ്മൂക്ക പറഞ്ഞു. സത്യൻ അന്തിക്കാട് സാറിനും ലോഹി സാറിനും ഒക്കെ ഇഷ്ടപ്പെട്ടു. കുഴപ്പമില്ലാതെ ചെയ്തു എന്നു പറ‍ഞ്ഞു. എനിക്ക് ഷൺമുഖണ്ണൻ 500 രൂപയും തന്നു. അതും മേടിച്ച് വീട്ടിൽ പോയി. ഭയങ്കര ഹാപ്പി. എന്റെ ഒരു മോഹം കഴിഞ്ഞ് ഞാൻ പോകുകയാണ്. പക്ഷേ ണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ മാഗസിനുകളില്‍ എന്റെ ഫോട്ടോയൊക്കെ വന്നു. മമ്മൂക്കയൊടൊപ്പമുള്ള സ്റ്റിൽസ് ഒക്കെ വന്നു. ഞാൻ ആർട്ടിസ്റ്റായി. മഞ്ഞുമ്മൽ മുഴുവൻ അത് ഭയങ്കര സംഭവമായി. എല്ലാവരും വിളിച്ചു പറയുന്നു, നാനയിലൊക്കെ ബീന ആന്റണിയുടെ പടം ഉണ്ടെന്ന്. അടുത്ത പടം ‘ആധാര’ത്തിലേക്ക് വിളിച്ചു. പിന്നെ വീട്ടിൽ നിന്ന് വിടാനായി ഞാൻ കുറച്ച് സ്ട്രഗിൾ ചെയ്തു. ഞാൻ കരഞ്ഞ് ബഹളമായി. അപ്പച്ചൻ എന്റെടുത്ത് കുറച്ച് കാര്യങ്ങളൊക്കെ പറഞ്ഞു. പെണ്ണാണ് ഓർമ വേണം. പണ്ട് ഞങ്ങളുടെ നാട്ടിൽ നിന്ന് ഒരു പെൺകുട്ടി സിനിമയിൽ അഭിനയിക്കാൻ പോയിട്ട്, അവരെക്കുറിച്ച് പിന്നെ ഒരു വിവരവും ആർക്കും അറിയില്ല. 

അമ്മച്ചിയുടെ സപ്പോർട്ട്

അമ്മച്ചി ഭയങ്കര സപ്പോർട്ടായിരുന്നു. എന്റെ മോള് രക്ഷപ്പെട്ടാൽ കുടുംബം രക്ഷപ്പെടുമല്ലോ എന്ന പ്രതീക്ഷയായിരുന്നു അമ്മയ്ക്ക്. ഞാൻ കുറച്ച് കലാകാരിയാണെന്ന് അമ്മച്ചിക്കും ഒരു തോന്നലുണ്ടെന്ന് തോന്നുന്നു. പാട്ടും ഡാൻസുമൊന്നും പഠിച്ചിട്ടില്ലെങ്കിലും സ്കൂളില്‍ എല്ലാ പരിപാടികള്‍ക്കും ഞാൻ പങ്കെടുക്കും. അപ്പോൾ അമ്മച്ചിക്ക് വലിയൊരു പ്രതീക്ഷ വന്നു, അങ്ങനെ അമ്മച്ചി സപ്പോർട്ട് ചെയ്തു. പിന്നെ ഞാൻ പട്ടിണി കൂടി കിടന്നിട്ടാണ് പെർമിഷൻ കിട്ടുന്നത്. പിന്നെ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്റെ പഠനം നിന്നുപോയി. ക്യാരക്ടേഴ്സ് ചെയ്തു തുടങ്ങിയപ്പോൾ പേടിയായി. ഇതെങ്ങനെയാണ് പറയേണ്ടതെന്നോർത്ത്. പിന്നെ ഇത് ഞാൻ പ്രഫഷനാക്കി. 

സുന്ദരിയാണ്, ആദ്യത്തെ സിനിമയിൽ നല്ല ഒരു കോംബിനേഷൻ എന്ന ഭാഗ്യവും കിട്ടി. പക്ഷേ പിന്നീടങ്ങോട്ട് ചേച്ചി അത്ര ക്ലിക്കായില്ല. യോദ്ധ പോലെയുള്ള ചിത്രങ്ങളിലെ ചെറിയ റോളുകളാണ് കൂടുതലും ചെയ്തിരുന്നത്.

അതൊക്കെ എനിക്കിഷ്ടമായിരുന്നു. യോദ്ധയിെല ചെറിയ വേഷമായിരുന്നെങ്കിലും, എനിക്കു ഗുണം ചെയ്തു. സിനിമയിൽ എടുത്തു പറയാൻ വളയം, യോദ്ധ. മഹാനഗരത്തിൽ അശോകേട്ടന്റെ നായികയാണ്. മമ്മൂക്കയുടെ കൂടെ ത്രൂഒൗട്ട് ഉണ്ട്. പക്ഷേ പടം അത്ര ഹിറ്റായില്ല. തറവാട് എന്ന ചിത്രത്തിൽ സിദ്ദീഖിക്കയുടെ പെയറായിട്ട് ചെയ്തു. പിന്നെയൊരു മൂവി ‘ഭരതേട്ടൻ വരുന്നു’ എന്നു പറഞ്ഞ്, നദിയ മൊയ്തു, മുകേഷ്, ഞാനും ബൈജുവും. പടം ഏകദേശം ഫുള്‍ തീർന്നു. എനിക്ക് നല്ലൊരു വേഷമായിരുന്നു അതിൽ ഞാൻ ഇതുവരെ ചെയ്യാത്തൊരു വേഷം. പക്ഷേ പടം റിലീസായില്ല. എനിക്ക് നല്ല കഥാപാത്രങ്ങൾ കിട്ടുന്നില്ല. സഹോദരി, കൂട്ടുകാരി ആ റോളുകളിൽ അങ്ങ് തളച്ചു. ജയറാം, ലാലേട്ടൻ, ജഗദീഷ് അങ്ങനെ എല്ലാവരുടെയും സിസ്റ്റർ വേഷങ്ങളിലേക്ക് ഒതുങ്ങി. 

കഴിവുണ്ട്, സൗന്ദര്യമുണ്ട്, ഇതൊന്നും പോരെ അഭിനയിക്കാൻ?

ഇതൊന്നും പോര. ലക് ഫാക്ടർ എന്നൊരു സാധനം ഉണ്ട്. നമ്മുടെ തലയിലെഴുത്ത് കൂടി നന്നാവണം. സിനിമയിൽ എന്റെ തലയിലെഴുത്ത് അത്ര നന്നായില്ല. സിനിമയിൽ എനിക്ക് ഒട്ടും ഭാഗ്യമുണ്ടായില്ല. ഞാൻ വളരെ സങ്കടത്തിലിരിക്കുന്ന സമയത്താണ് കാലടി ഓമനച്ചേച്ചി സീരിയലിനു വേണ്ടി സംസാരിക്കുന്നത്.

beena-antony
ബീന ആന്റണി. ചിത്രം∙മനോരമ

സിനിമയിൽ ക്ലിക്ക് ആകുന്നില്ല, എന്നാൽ ചെറിയ കഥാപാത്രങ്ങൾ കിട്ടുന്നുമുണ്ട്. ഒരു നല്ല റോൾ കിട്ടിയിട്ടേ ഞാൻ മടങ്ങൂ എന്നു ചിന്തിക്കാതെ സീരിയലിലേക്ക് പോകാമെന്നു കരുതി?

സിനിമയിൽ നിന്ന് പോണോ എന്ന കാര്യത്തിൽ ഞാൻ ഡബിൾ മൈൻഡഡ് ആയിപ്പോയി. കാരണം ആ സമയത്ത് സിനിമയിൽ നിന്ന് മാറി സീരിയലിലേക്ക് വരിക അത്ര നല്ലതായിരുന്നില്ല. അതുമാത്രമല്ല സഹോദരി, കൂട്ടുകാരി പോലുള്ള ക്യാരക്ടേഴ്സ് ഇഷ്ടം പോലെ വിളിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ ഒരു ലൊക്കേഷനിൽ നിന്ന് അടുത്ത ലൊക്കേഷനിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഒരു സീരിയലിനു വേണ്ടി ഓമന ചേച്ചി ടി.എസ്.സജി സാറിനെ വിളിച്ചു പറഞ്ഞു, ‘‘സജി, നല്ലൊരു കുട്ടിയുണ്ട്. നിന്റെ അടുത്ത സീരിയലിൽ അതിനെ ഇട്ടുകൂെട. ഞാൻ ഫോട്ടോസ് അയച്ചു തരാം’’  എന്നു പറഞ്ഞ് എന്റെ ഫോട്ടോയും അയച്ചു കൊടുത്തു. അദ്ദേഹം എന്റെ മഞ്ഞുമ്മലെ വീട്ടിൽ വന്നു കണ്ടു. അങ്ങനെയാണ് ഇണക്കം പിണക്കം എന്ന സീരിയലിലേക്ക് വന്നത്. ഞാനും പ്രേംകുമാറുമാണ് അഭിനയിച്ചത്. എന്റെ ആദ്യത്തെ സീരിയൽ. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരു കുടയും കുഞ്ഞു പെങ്ങളും, മനോരമയുടെ തപസ്യ, അതിലെ കഥാപാത്രം എന്റെ ജീവിതത്തിലെ ഒരു ടേണിങ് പോയിന്റാണ്. എനിക്ക് ഫാൻസ് ഉണ്ടാക്കുന്നത് ഒരു കുടയും കുഞ്ഞുപെങ്ങളുമാണ്. എനിക്കു വന്ന കത്തുകൾ ചാക്കിലായിരുന്നു ഞാൻ കെട്ടിവയ്ക്കുന്നത്. അത്രത്തോളം ഇച്ചേച്ചി എന്ന കഥാപാത്രത്തെ ആളുകൾ സ്നേഹിച്ചു. എന്നാൽ തപസ്യയിലെ അനിതയാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. ജോയ്സി സാറിന്റെ സബ്ജക്റ്റിന് സാജൻ സാറ് നായികയെ തേടുകയാണ്. അപ്പോഴാണ് തറവാടിന്റെഒരു പോസ്റ്റർ സാറ് കാണുന്നത്. ഈ കുട്ടി കൊള്ളാലോ എന്നു സാറിനു തോന്നി. അല്ലാതെ എന്നെ ശ്രദ്ധിച്ചിട്ടൊന്നുമില്ല. സാറ് എന്റെ ഫോൺ നമ്പർ തപ്പിയെടുത്തു വിളിച്ചു. സത്യം പറഞ്ഞാൽ ആ കോൾ വരുന്ന സമയത്ത് ഞാൻ ജീവിക്കണോ മരിക്കണോ എന്ന ഒരു സിറ്റുവേഷനില്‍ ഇരിക്കുന്ന സമയമാണ്. ഞാൻ അറിയാത്ത ഒരു കേസിൽ എന്നെ പെടുത്തി, അത് ഞാനാണെന്ന് പറഞ്ഞു പരത്തി ആളുകൾ. അത് മറ്റൊരു നടിയുമായിട്ടുള്ള പേരിന്റെ സാമ്യം കൊണ്ടായിരുന്നു. ബീന ആന്റണി എന്ന പേര് എന്നെ വല്ലാതെ ക്രൂശിച്ചിട്ടുണ്ട്. ആ കാര്യങ്ങൾ എനിക്ക് പറയാൻ പോലും പറ്റില്ല. അതുപോലെയുള്ള കാര്യങ്ങളിലാണ് എന്നെ പെടുത്തി എന്റെ പേര് വലിച്ചിഴച്ചത്. 

ഇത്രയും വർഷങ്ങൾക്കു ശേഷവും ചേച്ചി ഇത്രയും ഇമോഷണൽ ആകണമെങ്കിൽ അന്ന് അനുഭവിച്ചത് എന്തായിരിക്കും?

അതെ. എന്റെ കുടുംബം. ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്. ഇളയ ആള് പഠിക്കാന്‍ പോകുന്നുണ്ട്. മൂത്ത ആൾക്ക് ജോലി ഉണ്ട്. എന്റെ അനിയത്തി ഒക്കെ എന്തുമാത്രം വിഷമിച്ചിട്ടുണ്ട്. ബസിലൊക്കെ പോകുമ്പോൾ കളിയാക്കും. ജീവിതം അവസാനിപ്പിച്ചാലെന്താ എന്നൊക്കെ ആലോചിച്ചിരിക്കുന്ന സമയം ആയിരുന്നു അത്. പക്ഷേ എന്റെ ഫാമിലിയിൽനിന്നു സപ്പോർട്ടുണ്ടായിരുന്നു. കാരണം ഒരിക്കലും എന്റെ അമ്മയോ സഹോദരങ്ങളോ ഇല്ലാതെ ഒരു സ്ഥലത്തും ഞാൻ പോവില്ല. 

ഒരു പക്ഷേ ഇത് പ്രചരിപ്പിച്ചവർ അവർക്ക് രക്ഷപ്പെടാൻ വേണ്ടി ബീന ആന്റണി എന്ന പേര് യൂസ് ചെയ്തതാണ്. പക്ഷേ അവിടെ തീർന്നത് താങ്കളുടെ ജീവിതമാണ്. 

പക്ഷേ ആ സമയത്ത് ദൈവം എനിക്ക് കൈ തന്നതാണ് എന്നാണ് ഞാൻ പറയുന്നത്. ഞാനിനി എന്തു െചയ്യണം മരിക്കണോ? എന്റെ കുടുംബത്തിന് ഞാൻ മാനക്കേടുണ്ടാക്കിയോ? സത്യത്തിൽ ഞാൻ തെറ്റ് ചെയ്തിട്ടില്ല. ഞാൻ എന്നും അന്തോണീസ് പുണ്യാളന്റെ അടുത്ത് പോകും. എനിക്ക് ഭയങ്കര വിശ്വാസമാണ് അന്തോണീസ് പുണ്യാളനെ. എന്റെ എല്ലാ പ്രശ്നങ്ങളും ഇറക്കുന്നത് അവിടെയാണ്. ചൊവ്വാഴ്ചകളിൽ മിക്കവാറും കലൂർ പള്ളിയിൽ പോവും. അവിടെയാണ് എന്റെ ആശ്രയം. അവിടെ പോയിരുന്ന് പ്രാർഥിക്കും. അങ്ങനെ ഒരു ദിവസമാണ് എനിക്കീ കോൾ വരുന്നത്. മനോരമ വിഷനിൽ നിന്നു വിളിച്ചിട്ടു പറയുന്നു ‘‘ഞങ്ങൾ പുതിയ ഒരു സീരിയൽ എടുക്കുവാണ് അതിൽ ബീനയെ കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.’’ ഞാൻ ഓർത്തു ‘‘ഈശ്വരാ നീ പിന്നെയും എന്നെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തുകയാണോ?’’ കാരണം അത് വലിയൊരു പ്രോജക്റ്റാണ്. അതിനു മുൻപ് മനോരമ വിഷന്റെ സീരിയൽ ചെയ്തത് ശാന്തികൃഷ്ണ ചേച്ചിയാണ്. അന്ന് മനോരമ വിഷന്റെ സീരിയലുകൾ ഭയങ്കര ട്രെൻഡായിരുന്നു. അവിടുന്നൊരു കോൾ വരിക എന്നു പറഞ്ഞാൽ ഒരുപാട് ഉയരത്തിലേക്കെത്തി എന്നാണ് ഞാൻ കരുതുന്നത്. 

എവിെടയൊക്കെയോ നന്മ ഉണ്ടെന്നുള്ളതിന്റെ തെളിവായിരുന്നു ആ പ്രതിസന്ധി ഘട്ടത്തിൽ അങ്ങനെയൊരു കോൾ വന്നത്.

സത്യം. ആ കോൾ വന്നില്ലായിരുന്നുവെങ്കിൽ ഞാൻ മരിച്ചു പോയേനെ. ഞാൻ തീരുമാനം എടുത്തു നിൽക്കുന്ന സമയത്താണ് ദൈവം എന്നെ ഉയർത്തിയത്. പിന്നെ ഞാൻ ഹാപ്പിയായി. ഞാനിതൊന്നും മൈന്‍ഡ് ചെയ്യാത്തതാണ്. പക്ഷേ ചില സമയത്ത് നമ്മൾ തകർന്നു പോകും. അന്ന് സോഷ്യൽ മീഡിയ ഇല്ലെങ്കിലും ചില വിഡിയോസും ഫോട്ടോയും ഒക്കെ ഇടുമ്പോൾ ചിലരു വരും നെഗറ്റീവ് കമന്റ്സുമായിട്ട്, ഞാന്‍ ആലോചിക്കും, ഈശ്വരാ ഇവർക്കൊന്നും കുടുംബമില്ലേ.

ഇത് െചയ്ത ആളുണ്ടല്ലോ. അവരെ പിന്നീടെപ്പോഴെങ്കിലും ചേച്ചി കാണുകയോ ഇതിനെക്കുറിച്ച് ഡിസ്കസ് ചെയ്യുകയോ െചയ്തിട്ടുണ്ടോ?

ഒരിക്കലുമില്ല. എന്റെ പേരുള്ള വേറൊരാളുണ്ടെന്ന് ഉറപ്പാണ്. ബീന ആന്റണി എന്ന പേര് എവിടൊക്കെയോ എന്തിനൊക്കെയോ ഉപയോഗിച്ചിട്ടുണ്ട്. അന്ന് ബീന ആന്റണി എന്നു പറഞ്ഞാല്‍ എന്നെയേ അറിയുകയുള്ളൂ. ചെറിയ കുട്ടികളോട് ചോദിച്ചാൽ പോലും ബീന ആന്റണിയെ കാണിച്ചു തരും. കാരണം ദൂരദർശനിൽ ഞാൻ അത്രയും ഫേയ്മസ് ആണ്. അപ്പോൾ എല്ലാം കൂടി കൂട്ടി വായിച്ച് എന്നെ പെടുത്തിക്കളഞ്ഞു. ഞാൻ അന്നാ അലൂമിനിയത്തിന്റെ ആഡ് ചെയ്തിട്ടുണ്ട്. പക്ഷേ ഞാനൊരിക്കലും ലുങ്കിക്കോ ഒന്നിനും ആഡ് ചെയ്തിട്ടില്ല. പക്ഷേ ഈ മഞ്ഞപ്പത്രങ്ങളില്‍ എഴുതി വന്നത് ലുങ്കിയുടെ ആഡിനു വന്ന പെണ്ണാണ്, വൈറ്റിലയിലാണ്, വല്യ ഫേമസ് ആക്ട്രസ് ആണ് എന്നൊക്കെയാണ്. എന്നെ അങ്ങനെ കുറേ ക്രൂശിച്ചു. ഒരുപാട് കാര്യങ്ങൾക്കു ഞാൻ ഞെട്ടിപ്പോയിട്ടുണ്ട്. പിന്നെ ഇതൊന്നും എന്നെ ബാധിച്ചില്ല. ഇതിനെക്കുറിച്ചൊന്നും പിന്നെ ഞാൻ ചിന്തിച്ചില്ല. പിന്നെ എനിക്കൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ഫാമിലി. എന്റെ സഹോദരങ്ങളെ സെറ്റിൽഡാക്കണം. എന്റെ ലൈഫെനിക്ക് നല്ലതാക്കണം. പിന്നെ ഒന്നും ശ്രദ്ധിക്കാന്‍ എനിക്ക് സമയം കിട്ടിയില്ല. ശ്രീകുമാരൻ തമ്പി സാറിന്റെ ആദ്യത്തെ വർക്കിന് തന്നെ സ്റ്റേറ്റ് അവാർഡ് കിട്ടുന്നു. മൂന്നു തവണ ബെസ്റ്റ് ആക്ട്രസിനുള്ള സ്റ്റേറ്റ് അവാർഡ് കിട്ടി. ഒന്ന് തപസ്യയ്ക്ക്, ഒന്ന് തോറ്റങ്ങൾക്ക്. രാമു കാര്യാട്ട് അവാർഡ് വനിതാ അവാർഡ്, നാനാ അവാർഡ്  അങ്ങനെ ഒരുപാട് അവാർഡുകൾ കിട്ടി. 

സ്വന്തം ചേച്ചിയെ ഒരു ചേച്ചിയുടെ സ്ഥാനത്തു നിന്ന് കല്യാണം കഴിപ്പിച്ചു. ഒരു ബ്രദറിന്റെ കാര്യം എവിടെയോ എഴുതി കണ്ടു. അതിനെക്കുറിച്ച് പിന്നീടൊന്നും കേട്ടില്ല.

അത് കേൾക്കാത്തതിനു കാരണം അതെന്റെ സ്വന്തം ബ്രദറല്ല. അഡോപ്റ്റഡ് ആണ്. ഞങ്ങൾ മൂന്നു പെൺകുട്ടികൾ ആണ്. അച്ഛന്റെ ജ്യേഷ്ഠന്‍ തമിഴ്നാട്ടിൽ എവിടെയോ പോയപ്പോൾ അവിടെ വച്ച് വിവാഹം കഴിച്ചതിൽ ഉണ്ടായ കുട്ടിയാണത്. ആ കുട്ടിയെ വീട്ടിൽ കൊണ്ടു വന്നപ്പോൾ അപ്പച്ചൻ പറഞ്ഞു ഇങ്ങു തന്നേക്കൂ, ഞാൻ നോക്കിക്കോളാം എന്ന്. തീരെ വയ്യാത്തൊരു കുട്ടി. ദേഹത്തൊക്കെ വ്രണങ്ങളും ശ്വാസംമുട്ടലും ഒക്കെയായിട്ടുള്ള ഒരു കുട്ടി. എന്റെ അപ്പച്ചനും അമ്മച്ചിയും കൂടി അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി, ഒരുമാതിരിയൊക്കെ ശരിയായി വന്നു. അമ്മച്ചിക്ക് ഇളയ കുട്ടിയും ആയി. ആയിടയ്ക്കാണ് വല്യപ്പച്ചൻ വേറെ കല്യാണം കഴിച്ചത്. അപ്പോൾ അവർക്ക് ഈ മോനെ വേണമെന്നു പറഞ്ഞു. ഞങ്ങൾ ഒരു തറവാട്ടിൽ അപ്പുറത്തും ഇപ്പുറത്തുമാണ് താമസിക്കുന്നത്. അമ്മ മനസ്സില്ലാമനസ്സോടെ തിരികെ കൊടുത്തു. പിന്നീട് അവർക്ക് കുട്ടികളുണ്ടായപ്പോൾ ഞങ്ങൾ തിരികെ അവനെ മേടിക്കേണ്ട അവസ്ഥ വന്നു. ഞാനിക്കാര്യം ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. അവനെ കല്യാണം കഴിപ്പിച്ചു. കുഞ്ഞുണ്ടായി. എന്റെ ഫാദർ മരിച്ചു കഴിഞ്ഞപ്പോഴേക്കും എന്തോ അവർക്കൊരു വേറെ തോന്നലുണ്ടായി. ഒരു പ്രാവശ്യം ദുബായിൽ നിന്നു വന്നപ്പോൾ അവൻ വീട്ടിലേക്കു വന്നില്ല. അവന്റെ വൈഫ് ഇവിടുന്ന് അങ്ങോട്ടു പോയി. അവർ വേറെ എവിടേക്കോ പോയി. അതുകഴിഞ്ഞ് അവൻ അവന്റെ രണ്ടാനമ്മയുടെ അടുത്തേക്ക് പോയി എന്നാണ് ഞങ്ങളറിഞ്ഞത്. എന്റെ അമ്മയ്ക്ക് അത് ഭയങ്കര ഷോക്കിങ് ആയിരുന്നു. മകൻ എന്നു പറഞ്ഞാൽ അമ്മച്ചിക്ക് ഞങ്ങളേക്കാളും സ്നേഹം ആയിരുന്നു. എന്റെ അമ്മച്ചിക്ക് മരിക്കുന്നതു വരെയും ആ മോനോട് സ്നേഹം ആയിരുന്നു. ഇപ്പോഴും അവനെന്തെങ്കിലും ആവശ്യം പറഞ്ഞാൽ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും. 

beena-antony-manoj-kumar-2

ഒരു പ്രായം വരെ കുടുംബത്തിനുേവണ്ടി ജീവിച്ചു അതിനുശേഷം ഈ ഫീൽഡില്‍ തന്നെയുള്ള ഒരാളെ കല്യാണം കഴിച്ചു. അതൊരു വലിയ ഡിസിഷനായിരുന്നില്ലേ? മതം പ്രശ്നമായിരുന്നില്ലേ?

എനിക്ക് മതം ഒരു ഭ്രാന്തായി മാറിയില്ല. ഒരിക്കലും ക്രിസ്ത്യനാണോ ഹിന്ദുവാണോ മുസ്‌ലിമാണോ എന്നുള്ള ഒരു വ്യത്യാസവും എനിക്കില്ലായിരുന്നു. അതുപോലെ തന്നെയാണ് മനോജും. കലാകാരന്മാരങ്ങനെയാണെന്ന് എനിക്കു തോന്നുന്നു. അവർക്ക് മതഭ്രാന്തന്മാരാവാൻ പറ്റില്ല. 

33 കൊല്ലമായി ഈ ഫീൽഡിൽ നിൽക്കുന്നു. ഒപ്പം വന്ന പലരും ഇന്ന് ഈ ഫീൽഡിൽ ഇല്ല. ഇൻഡസ്ട്രിയിൽ ചേച്ചി കൂടുതൽ ജനപ്രീതി നേടി. വീട്ടിലെ ഒരംഗത്തെ പോലെ എല്ലാവരും സ്വീകരിച്ചു കഴിഞ്ഞു. മാരീഡ് ലൈഫിലും വളരെ സന്തോഷത്തോടെ മുന്നോട്ടു പോകുന്നു. 

സത്യസന്ധമായി പറഞ്ഞാല്‍ രണ്ട് ആർട്ടിസ്റ്റുകൾ കല്യാണം കഴിക്കുന്നത് വലിയ പ്രോബ്ലം ആണ്. ശരിക്കും ഈഗോയും കാര്യങ്ങളും ഒക്കെയുണ്ട്. പക്ഷേ അവിടെയെല്ലാം നമ്മൾ പരസ്പരം കോംപ്രമൈസ് ചെയ്യുക. ഒരു ജീവിതമല്ലേ ഇത്. കുറേ അഡ്ജസ്റ്റ്മെന്റ്സ് ആണ്. അല്ലാതെ നമ്മൾ അഡമന്റ് ആയി നിന്നാൽ അവിടെ തീരും. പലപ്പോഴും നമുക്ക് പിരിയണമെന്നു തോന്നും. എന്റെ ലൈഫിൽ ഞാനും മനുവും കൂടി എത്രപ്രാവശ്യം വഴക്കിട്ടിട്ടുണ്ട്. മനു ഭയങ്കരമായിട്ട് ദേഷ്യപ്പെടും. ചിലപ്പോൾ മനു തന്നെ പറയും, എന്നാൽ നമുക്ക് പിരിയാം അല്ലാതെന്താണ് ചെയ്യുന്നത്? പക്ഷേ അതൊന്നും അവിടെ തീരുകയല്ല. ആത്യന്തികമായിട്ട് നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഒരു സ്നേഹത്തിന്റെ ഒരു ബോണ്ടിങ് കിടക്കുന്നുണ്ട്. പിന്നെ നമ്മുടെ കുഞ്ഞ്, നമ്മുടെ ഫാമിലി, നമ്മളെ ചുറ്റിയുള്ള കുറേ ആൾക്കാര്‍, ഇതൊക്കെ നമ്മൾ മുന്നിൽ കാണുകയാണ്. അപ്പോൾ ഞാനും ആലോചിക്കണം. എനിക്കെന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ട്. അത് മനു അഡ്ജസ്റ്റ് ചെയ്യുന്നു. അതുപോലെ മനുവിന്റെ എന്തു കുറ്റങ്ങളും കുറവുകളുമാണെങ്കിലും ഞാനും അഡ്ജസ്റ്റ് ചെയ്യണം. രണ്ടുപേരും പെർഫെക്റ്റല്ലല്ലോ. ഞാൻ ഒരിക്കലും ഒരു പെർഫെക്റ്റ് വുമൺ അല്ല. എനിക്കെന്തെല്ലാം കുറവുകളും കുഴപ്പങ്ങളും ഉണ്ടാകും. ഇതെല്ലാം മനു അഡ്ജസ്റ്റ് ചെയ്യുന്നു. രണ്ടുപേരും അഡ്ജസ്റ്റ് െചയ്താല്‍ മാത്രമേ മുന്നോട്ടു പോകാൻ പറ്റൂ. ഞങ്ങൾ ഇന്നു വരെ വഴക്കിട്ടിട്ടില്ല, ഞങ്ങളുടെ ജീവിതത്തിൽ അങ്ങനെയൊരു സംഭവം ഇല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഏറ്റവും വലിയ നുണയാണ്. അല്ലെങ്കിൽ അവരുടെ ഉള്ളിൽ കാപട്യം ഉണ്ടെന്നായിരിക്കും അർഥം. ഞങ്ങൾ വീട്ടിലുണ്ടെങ്കിൽ ഒരു ദിവസം 20 തവണയെങ്കിലും വഴക്ക് പിടിക്കും. അത് അങ്ങനെ പൊയ്ക്കോണ്ടിരിക്കും. ഞങ്ങളുടെ 20 ാം വർഷമാണ്. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം അതെല്ലാം പറയും പ്രകടിപ്പിക്കും. മിണ്ടാതിരിക്കും. രണ്ടു മൂന്ന് ആഴ്ചകളൊക്കെ മിണ്ടാതിരുന്നിട്ടുണ്ട്.  

ഈ മേഖലയെക്കുറിച്ച് എല്ലാം അറിയാവുന്ന ചുരുക്കം വ്യക്തികളിലൊരാളാണ്. ഇന്നും സിനിമ – സീരിയൽ എന്നൊക്കെ പറയുമ്പോൾ പെൺകുട്ടികളെ വിടാൻ പലർക്കും ധൈര്യ കുറവാണ്. അതല്ലെങ്കിൽ അഭിനയം ഒരു പ്രഫഷനായി എടുക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ശരിക്കും അഭിനയരംഗം സെയ്ഫാണോ?

സത്യസന്ധമായി പറയുകയാണ്, ഒരു കള്ളത്തരവും ഇല്ല. സീരിയൽ ഇൻഡസ്ട്രിയിൽ വന്നിട്ട് ഇത്രയും വർഷമായി, മോശമായിട്ട് ഒരു കമന്റോ ഒന്നും ഒരു സ്ഥലത്തു നിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം വനിതാ കമ്മിഷന്റെ ഒരു മീറ്റിങ് ഉണ്ടായിരുന്നു. സ്ത്രീകളുടെ സുരക്ഷയെപ്പറ്റി  ഞാനവിടെ പറഞ്ഞു, എന്റെ വീട്ടിൽ കിട്ടുന്ന അതേ സുരക്ഷ കിട്ടുന്നുണ്ട്. ഒരു സ്ഥലത്തും എനിക്കൊരു മോശം അനുഭവം ഉണ്ടായിട്ടില്ല. എന്നോടൊരാള്‍ മോശമായിട്ടു പെരുമാറുകയോ ഉണ്ടായിട്ടില്ല. ഞാൻ നല്ല അന്തസ്സോടെ, അഭിമാനത്തോടെ, സന്തോഷത്തോടെ വർക് ചെയ്യുന്നു. എനിക്ക് തരേണ്ട റെസ്പക്റ്റ് തരുന്നു. ഞാനങ്ങോട്ടും കൊടുക്കുന്നു. ചില ലൊക്കേഷൻസിൽ ചിലർ സ്ട്രിക്ട് ആയിരിക്കും, ചിലയിടത്ത് നല്ല ജോളിയായിരിക്കും. ടി.വി.ചന്ദ്രൻ സാറിന്റെയും ശ്യാമപ്രസാദ് സാറിന്റെയുമൊക്കെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അവരുടെ കൂടെയൊക്കെ ഫ്രീയായിട്ട് വർക്ക് ചെയ്യാം. ശ്യാമപ്രസാദ് സാറിന് ഒരു വർക്കിങ് പാറ്റേൺ തന്നെ ഉണ്ട്. ചന്ദ്രൻ സാര്‍ നീ ഇതങ്ങനെ ചെയ്യ്, എന്നൊക്കെ പറയും, എന്തൊരു ഫ്രീ ആണെന്നറിയാമോ. ശ്യാമപ്രസാദ് സാറൊക്കെ നമുക്ക് ഇംപ്രൊവൈസ് ചെയ്യാനുള്ള എല്ലാം ഫ്രീഡവും തരും. ‘നിലാവു പോലെ’യൊക്കെ അത്ര ആസ്വദിച്ചു ചെയ്തതാണ്. നാഷനൽ അവാർഡിന് എനിക്കു നോമിനേഷനും ഉണ്ടായിരുന്നു. പക്ഷേ എന്റെ ഫാദർ എന്നെ വിട്ടില്ല. കാരണം ഞാൻ ഒറ്റയ്ക്കു പോകേണ്ടിവരും, അതുകൊണ്ട് പുള്ളി പറഞ്ഞു പോകാൻ പറ്റില്ല എന്ന്. ശ്യാമപ്രസാദ് സാറിന്റെ ഭാര്യയുടെ അച്ഛൻ എന്നെ വിളിച്ചു, മോളെ അത് കളയരുത് പോയി വാങ്ങണം എന്ന്. പക്ഷേ എനിക്കത് മേടിക്കാൻ കഴിഞ്ഞില്ല.

ഫിനാൻഷ്യൽ ഇൻഡിപെൻഡൻസിയുടെ കാര്യം നോക്കുമ്പോളും സീരിയൽ വളരെ നല്ലതല്ലേ?

തീർച്ചയായും. നമ്മൾ മാറിനിൽക്കുന്നില്ലല്ലോ. സിനിമയിൽ എന്നെപ്പോലെയുള്ള ആർട്ടിസ്റ്റുകൾക്ക് വല്ലപ്പോഴും അല്ലേ ഒരു ക്യാരക്ടർ കിട്ടുന്നത്. ഇതങ്ങനെയല്ല. ഒരു സ്ഥിരവരുമാനമാണിത്. 

മേക്കപ്പിനും ഡ്രസ്സിനും ഒരുപാട് പൈസ ചെലവാകില്ലേ? സീരിയലിൽ  ഇട്ട ഡ്രസ് റിപ്പീറ്റ് ചെയ്യാൻ പാടില്ല എന്നാണ് കേട്ടിട്ടുള്ളത്. 

ഇപ്പോൾ കിട്ടുന്ന റോളുകള്‍ മുഴുവൻ ആഡംബരത്തിന്റെ അങ്ങേയറ്റത്തു നിൽക്കുന്ന റോളുകളാണ്. ദാരിദ്ര്യവാസിയായിട്ട് എന്നെ വിളിക്കുന്നില്ല ആരും. എല്ലാത്തിലും അടുക്കളക്കാരിയായിട്ടാണ് വിളിക്കുന്നതെന്ന് ചില ആർട്ടിസ്റ്റുകൾക്ക് പരാതിയുണ്ട്. എന്നെ കൂടുതലും നെഗറ്റീവ് റോളുകൾക്കാണ് വിളിക്കുന്നത്. കിട്ടുന്നതില്‍ നല്ലൊരു പങ്കും മേക്കപ്പിനും ഡ്രസ്സിനും വേണ്ടിയാണ് മാറ്റി വയ്ക്കുന്നത്. എല്ലാ മാസവും പൈസ കിട്ടും. എങ്കിലും സേവിങ്ങ്സൊന്നും ഇതിൽ നിന്ന് നടക്കില്ല. ഉദ്ഘാടനങ്ങൾ, പരിപാടികൾ, സ്റ്റേജ് ഷോകൾ ഒക്കെയാണ് നമുക്ക് കുറച്ചൊരു സേവിങ്സിലേക്ക് കിട്ടുന്നത്. സീരിയലിൽ ആണുങ്ങൾക്ക് അധികം ചെലവില്ല. പക്ഷേ സ്ത്രീകൾക്ക് ഒരു പാട് പൈസ മേക്കപ്പിനും മറ്റുമായി ചെലവാകുന്നുണ്ട്. 

beena-antony-interview
ബീന ആന്റണി. ചിത്രം∙മനോരമ

സീരിയൽ പിടിച്ചു നിൽക്കുന്നതു തന്നെ സ്ത്രീ കഥാപാത്രങ്ങളെക്കൊണ്ടാണ്. 

അതെയതെ. സ്ത്രീകളെയാണ് സീരിയലിൽ എപ്പോഴും ഫോക്കസ് ചെയ്യുന്നത്. എന്റെ ക്യാരക്ടർ എന്താണോ ഡിമാൻഡ് ചെയ്യുന്നത് അതിനു ഞാൻ ഇംപോർട്ടൻസ് കൊടുക്കും, പിശുക്കാറില്ല. മനുവും എന്റെ അമ്മയും എപ്പോഴും പറയും ഇവളിതെല്ലാം എടുത്തു കൂട്ടിയാൽ എവിടെകൊണ്ട് വയ്ക്കും എന്ന്. കുറെയൊക്കെ ഞാൻ മറ്റുള്ളവർക്ക് കൊടുക്കും. എന്റെ സിസ്റ്റേഴ്സ് ഒന്നും വാങ്ങിക്കാറില്ല എല്ലാം ഇവിടെ നിന്ന് എടുത്തു കൊണ്ടു പോകും. പിന്നെ കസിൻസിനും വീട്ടിൽ ഹെൽപ് ചെയ്യാൻ നിൽക്കുന്നവർക്കും ഒക്കെ കൊടുക്കും. എന്നാലും നമ്മളിങ്ങനെ മേടിച്ചു കൊണ്ടിരിക്കുകയല്ലേ. മേക്കപ്പ്, ഓർണമെന്റ്സ്, കോസ്റ്റ്യൂം.. വലിയൊരു ഇൻവെസ്റ്റ്മെന്റ് അതിലേക്ക് പോകുകയാണ്. 

ജീവിതത്തിൽ ഫ്രണ്ട്ഷിപ് ആവശ്യമാണ്. നല്ലൊരു സുഹൃത്തിനെ കിട്ടുക സിനിമ, സീരിയൽ മേഖലയിൽ അത്ര കണ്ടിട്ടില്ല. ഈഗോയില്ലാതെ, വലിയ കോംപ്ലക്സുകളില്ലാതൊരു നല്ല ഫ്രണ്ടിനെ കിട്ടുക എന്നു പറയുന്നത് വലിയ കാര്യമാണ്. പക്ഷേ ബീന ആന്റണിയുടെ യൂട്യൂബ് വിഡിയോസും ഇൻസ്റ്റഗ്രാം വഴിയുമൊക്കെ എല്ലാവർക്കും അറിയാം ബെസ്റ്റ് ഫ്രണ്ടിനെക്കുറിച്ച്. തെസ്നിഖാനുമായുള്ള സൗഹൃദം എങ്ങനെയാണ്?

ഗോഡ്ഫാദർ, എന്നോടിഷ്ടം കൂടാമോ എന്നീ രണ്ടു പടങ്ങളിലാണ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചത്. പക്ഷേ ഞാൻ ആർട്ടിസ്റ്റാകുന്നതിനു മുൻപു തന്നെ തെസ്നിയുമായി ഫ്രണ്ട്ഷിപ്പ് വന്നതാണ്. തേവര കോളേജിൽ എന്റെ ഫ്രണ്ടിന്റെ ബ്യൂട്ടിപാർലർ ഉദ്ഘാടനത്തിന് വന്നത് ആശാ ജയറാം ആണ്. ആശാ ജയറാമിന്റെ കൂടെ തെസ്നിയുണ്ടായിരുന്നു. തെസ്നി അന്ന് ഏതോ ഒരു സീരിയലിൽ അഭിനയിക്കുന്നുണ്ട്. അന്നു മുതലാണ് ഫ്രണ്ട്ഷിപ് തുടങ്ങിയത്. അന്ന് ഞങ്ങൾ കത്തുകളൊക്കെ എഴുതുമായിരുന്നു. അന്നു തുടങ്ങിയ ഫ്രണ്ട്ഷിപ് ഇപ്പോഴും ഉണ്ട്. എന്നു വച്ച് ഡെയ്‌ലി വിളിക്കുകയൊന്നുമില്ല. ഇപ്പോൾ അമ്മയുടെ മീറ്റിങ്ങിൽ എന്നെ കണ്ടാൽ എല്ലാവരും ചോദിക്കും മറ്റേ ആളെവിടെ? ലാലേട്ടനടക്കം എല്ലാവരും ചോദിക്കും. ഒരു ദിവസം സിദ്ദിഖ് ഇക്ക ചോദിക്കുകയാണ്, ‘നിങ്ങളിതുവരെ പിരിഞ്ഞില്ലേടീ’ എന്ന്. കുറേപ്പേരിങ്ങനെ ചോദിച്ചിട്ടുണ്ട്. ആത്മയുടെ മീറ്റിങ്ങിനാണെങ്കിലും അമ്മയുടെ മീറ്റിങ്ങിനാണെങ്കിലും ഞങ്ങളൊരു ഗ്യാങ്ങായിട്ടാണ് പോകുന്നത്. ഞങ്ങൾ ഫാമിലി ആയിട്ടും നല്ല ഒരടുപ്പം ഉണ്ടായിരുന്നു. എന്റെ അപ്പച്ചന് െതസ്നിയെ ഭയങ്കര ഇഷ്ടമായിരുന്നു. അതുപോലെ തെസ്നിയുടെ ബാപ്പയ്ക്ക് എന്നെയും മനുവിനെയുമൊക്ക ഭയങ്കര സ്നേഹമായിരുന്നു. പിന്നെയുള്ളത് കുക്കു, അവൾ െടക്നോപാർക്കിലാണ് വർക്ക് ചെയ്യുന്നത്. അവളാണ് എന്റെ ആത്മാർഥ സുഹൃത്ത്. എന്റെ എല്ലാ കാര്യങ്ങളിലും എന്നോടൊപ്പം നിൽക്കുന്നത് കുക്കു ആണ്. എന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരി. പിന്നെ ഇപ്പോൾ സിനിമയിൽ വന്നതിനു ശേഷം എനിക്ക് ഒരു സുഹൃത്തു കൂടി ഉണ്ട്, അവന്തിക മോഹൻ. ആത്മസഖി എന്ന സീരിയലിൽ എന്റെ മോളായി തുടങ്ങിയ ബന്ധം ആണ്. പക്ഷേ അവൾ എന്നെ അമ്മ എന്നാണ് വിളിക്കുന്നത്. അച്ഛാ എന്നു വിളിക്കാൻ മനു സമ്മതിക്കില്ല. ഞാൻ പറയും എന്നെ അമ്മ എന്നു വിളിച്ചോളാൻ. അപ്പോൾ അവളുടെ അമ്മ പറയും അവൾ ഒരാളെയും അങ്ങനെ അക്സപ്റ്റ് ചെയ്യാറില്ലാത്തതാണ് എന്ന്. അവളുടെ ഡെലിവറി ടൈമിൽ പോലും എന്നെ വിളിച്ച് ഓരോന്നും ചോദിച്ചിരുന്നു. ഒരു അമ്മയോട് എന്തൊക്കെ ഡിസ്കസ് ചെയ്യുമോ അതൊക്കെ എന്നോടും പറയും ഒരു പക്ഷേ അവളുടെ അമ്മയോട് പറയാത്ത കാര്യങ്ങൾ പോലും അവള്‍ എന്നോടു പറയാറുണ്ട്. അമ്മ എന്നു വിളിക്കുന്നുണ്ടെങ്കിലും എന്റെ ഫ്രണ്ടു കൂടിയാണ് അവൾ. യൂട്യൂബിൽ ഞാൻ ഈ റിലേഷനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പിറക്കാതെ പോയ എന്റെ മകൾ എന്നു പറഞ്ഞ്. 

കൂടുതൽ യാത്ര വേണ്ടിവരാറുണ്ടല്ലോ, അപ്പോൾ മോന്റെ കാര്യങ്ങൾ നോക്കണം  ഇതിനെല്ലാം ഹസ്ബൻഡ് തന്നെയാണോ ഏറ്റവും വലിയ സപ്പോർട്ട്.

തീർച്ചയായും ഹസ്ബൻഡും അദ്ദേഹത്തിന്റെ ഫാമിലിയും. അതൊരു വലിയ കാര്യമാണ്. കല്യാണം കഴിക്കുന്നതിനു മുൻപ് എന്റെ ഫാമിലിയായിരുന്നു എന്റെ ഫുൾ സപ്പോർട്ട്. അതുകൊണ്ടാണ് എനിക്ക് വളരെ ശക്തമായിട്ട് ഇവിടെ നിൽക്കാനും സർവൈവ് ചെയ്യാനും പറ്റിയത്. അതേപോലെ തന്നെ ദൈവാനുഗ്രഹം കൊണ്ട് എനിക്കൊരു ഫാമിലിെയ കിട്ടി. മനു ഇപ്പോൾ അത് കമ്മിറ്റ് ചെയ്യേണ്ട എന്ന് പറഞ്ഞാലും മനുവിന്റെ അമ്മച്ചി അത് സമ്മതിക്കില്ല. മനുവിന്റെ അമ്മച്ചി നല്ല കലാകാരിയും കലയെ സ്നേഹിക്കുന്നയാളുമാണ്. ഞാൻ എപ്പോഴും ലൈംലൈറ്റിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരമ്മയാണ്. ഡാഡി ഒരു മിലിട്ടറിക്കാരനായതുകൊണ്ട് കലയുമായി ബന്ധമൊന്നുമില്ല. പക്ഷേ അമ്മച്ചി ഭയങ്കര സപ്പോർട്ടാണ്. അതുപോലെ മനുവിനെ ഒരു നല്ല കലാകാരനായി കാണാൻ ആഗ്രഹിച്ചത് അമ്മച്ചിയാണ്. ഞങ്ങൾ രണ്ടു പേരും വർക്കിന് പോകുമ്പോൾ കുട്ടിയുടെ കാര്യം എന്റെ കസിൻ സിസ്റ്റർ നോക്കും. ഞാനാണ് പോകുന്നതെങ്കിൽ മനു നോക്കും. മനു പോകുമ്പോൾ ഞാനും. എന്റെ ഭർത്താവിന്റെ സപ്പോർട്ടില്ലാതെ എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ലെന്ന് നൂറുശതമാനം പറയാം. എത്ര പെണ്ണുങ്ങൾ കല്യാണം കഴിയുമ്പോൾ വീട്ടിലിരിക്കുന്നുണ്ട്. ഹസ്ബൻഡ് സമ്മതിക്കാത്ത എത്രയോ പേരുണ്ട്. പക്ഷേ എന്നിലുള്ള കലാകാരിയെയും, ഞാൻ എത്രമാത്രം കലയെ ഇഷ്ടപ്പെടുന്നുണ്ടെന്നും എന്റെ ഭർത്താവിനറിയാം. പുള്ളിയും അങ്ങനെതന്നെ നല്ലൊരു കലാകാരനാണ്. 

മകനെ യൂട്യൂബ് വിഡിയോസിൽ കാണാം. വളരെ ആക്ടീവാണ്. നിങ്ങളുടെ രണ്ടുപേരുടെയും നല്ല ഗുണങ്ങളും കഴിവുകളും ഒക്കെ കിട്ടിയിട്ടുള്ള ആളാണ്. അവനും അഭിനയിച്ചു. ഇപ്പോൾ പ്ലസ്ടുവിനാണ്. എന്തൊക്കെയാണ് അവന്റെ ഇഷ്ടങ്ങൾ?

അവന് ആറുവയസ്സിൽ സ്റ്റേറ്റ് അവാർഡ് കിട്ടിയ ആളാണ്. ഒഎൻവിയുടെ കുഞ്ഞേടത്തി ചെയ്തപ്പോൾ. അവൻ നന്നായി അഭിനയിക്കും. അവന്റെ അഭിനയം കണ്ട് ബ്ലസി സാറൊക്കെ ഞെട്ടിപ്പോയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഞാൻ മുടക്കം വരുത്തിയിട്ടില്ല. അതുകൊണ്ട് പഠിത്തം നന്നായി പോകട്ടെ. അതിനുശേഷം അവനു താൽപര്യമുണ്ടെങ്കിൽ അഭിനയത്തിലേക്കു വരട്ടെ എന്നു വിചാരിച്ചു. അവൻ നന്നായി പാടും, ഡാൻസ് ചെയ്യും, വരയ്ക്കും. 

ജീവിതത്തിലെ വലിയ ടേണിങ് പോയിന്റാണ് വിവാഹശേഷമുള്ള ജീവിതം എന്നു പറയുന്നത്. സപ്പോർട്ടിങ് ഫാമിലി ഇല്ലെങ്കിൽ ഒരു സ്ത്രീക്ക് പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടല്ലേ. 

ഒരു കലാകാരിയെ ആദ്യം മനസ്സിലാക്കേണ്ടത് സമൂഹമല്ല, ആ കുടുംബമാണ്. എല്ലാ സ്ത്രീകൾക്കും പല മേഖലകളിൽ കഴിവുകളുണ്ട്. കല്യാണം കഴിഞ്ഞാൽ ഭാര്യയെ അടുക്കളയിൽ തളച്ചിടുക എന്നതിനോട് ഞാൻ എതിരാണ്. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. കഴിവുള്ളവരെ അങ്ങനെ തളച്ചിടുമ്പോൾ അവർ എത്രമാത്രം വേദനിക്കുന്നുണ്ടാകും. എന്നോട് കല്യാണം കഴിഞ്ഞ് അഭിനയിക്കേണ്ട എന്നു പറഞ്ഞാൽ ഞാൻ ചത്തു പോയേനെ. എനിക്ക് അഭിനയിക്കാതിരിക്കുന്ന അവസ്ഥയെപ്പറ്റി ചിന്തിക്കാൻ പോലും വയ്യ. വലിയൊരു വർക്കൊക്കെ കഴിഞ്ഞു വന്ന് ഒരാഴ്ചയൊക്കെ അഭിനയിക്കാതിരിക്കാം പക്ഷേ അതു കഴിഞ്ഞിട്ട് എങ്ങനെയെങ്കിലും ഒരു വർക്ക് ചെയ്താൽ മതി എന്ന ചിന്തയാകും മനസ്സിൽ. 

beena-antony
ബീന ആന്റണി. ചിത്രം∙മനോരമ

അടുത്ത കാലത്ത് ചേച്ചി നേരിട്ട വലിയ ഒരു വെല്ലുവിളിയായിരുന്നു ഹസ്ബൻഡിനുണ്ടായ രോഗം.

അതിനു മുൻപ് ഞാൻ നേരിട്ടത് എനിക്ക് കൊറോണ വന്നതായിരുന്നു. കൊറോണ വന്ന് ശരിക്കും ഞാൻ മുകളിലേക്ക് പോകേണ്ട ഒരവസ്ഥ വന്നു. ഭയങ്കര സീരിയസായിരുന്നു. അതില്‍നിന്ന് രക്ഷപ്പെട്ടു വന്നു കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് മനുവിന് ബെൽസ് പാൾസി വന്നത്. അതിനിടയ്ക്ക് എന്റെ സിസ്റ്ററിന്റെ മോൻ മരിച്ചു. എല്ലാം കൂടി വല്ലാത്തൊരു സിറ്റുവേഷനായിരുന്നു ഞങ്ങൾ കുറച്ചു നാളുകളായി ഫെയ്സ് ചെയ്തുകൊണ്ടിരുന്നത്. ലാസ്റ്റായിരുന്നു മനുവിന്റെ ബെൽസ് പാൾസി. ശരിക്കും പറഞ്ഞാൽ ഞെട്ടിപ്പോയി. ഞങ്ങൾ കരുതിയത് പാരലൈസ്ഡ് ആയി എന്നാണ്. വൈകിട്ട് ഞങ്ങളെല്ലാവരും കൂടി ഒരുമിച്ചിരുന്ന് സംസാരിച്ച് പിറ്റേദിവസം ഞാൻ ചായയുമായി െചല്ലുമ്പോൾ പുള്ളി പറഞ്ഞു നമുക്ക് പെട്ടെന്ന് ഹോസ്പിറ്റലിൽ പോകണം എന്ന്. അച്ഛന്റെ അനിയൻ ഡോക്ടറാണ്. അദ്ദേഹത്തെ വിളിച്ചപ്പോൾ വിഡിയോ കോളിൽ വരാൻ പറഞ്ഞു. അങ്ങനെ അദ്ദേഹം നോക്കിയിട്ട് പറഞ്ഞു പേടിക്കേണ്ട ബെൽസ് പാൾസി ആണ്. അത് ചെവിയില്‍ തുടർച്ചയായി കാറ്റ് അടിച്ച് തണുപ്പു കൊണ്ട് വരുന്നതാകാം. അല്ലെങ്കിൽ ബോഡിയിൽ എന്തോ ഒരു അസുഖം വന്നു പോയതിന്റെ ആഫ്റ്റർ ഇഫക്റ്റാകാം. അങ്ങനെ എന്തോ ആണ് ഇതിന്റെ കാരണം. മനു എസിയുമിട്ട് ഒരു ടേബിൾ ഫാൻ സൈഡിലും വയ്ക്കും. അതുകൊണ്ടായിരിക്കാം. വൈകുന്നേരമായപ്പോൾ ഒരു സൈഡ് ഫുൾ മരവിച്ചു പോയി. കണ്ണടയില്ല, പുരികം അനങ്ങില്ല. എല്ലാം ഒരു സൈഡിലേക്ക് ആയിപ്പോകും. ഒരു മാസം അങ്ങനെ തുടർന്നു. ചാലക്കുടിയിലെ ഒരു ഡോക്ടർ വന്ന് ഫിസിയോ തെറാപ്പി ഒക്കെ ചെയ്ത് പെട്ടെന്ന് ശരിയായി. 

പത്തുമുപ്പതു വർഷമായി സിനിമ സീരിയൽ രംഗത്ത് നിൽക്കുന്നു. ആഗ്രഹിച്ച വേഷങ്ങളൊക്കെ െചയ്തു. ഇനി ഏതെങ്കിലും ഒരു ക്യാരക്ടർ ചെയ്യണമെന്നോ അല്ലെങ്കിൽ അഭിനയം അല്ലാതെ മറ്റു മേഖലകളിലെന്തെങ്കിലും പരീക്ഷണം നടത്തണമെന്നോ ഉള്ള ആഗ്രഹങ്ങൾ ഉണ്ടോ?

സിനിമയിൽ നല്ല കഥാപാത്രങ്ങൾ ഇനി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കാരണം ഞാൻ ഇനി എത്ര സീരിയലിൽ അഭിനയിച്ചു എന്നു പറഞ്ഞാലും നാളത്തെ തലമുറ വരുമ്പോൾ ബീന ആന്റണിയെയൊന്നും ആർക്കും ഓർമയുണ്ടാവില്ല. എത്ര തലമുറ കഴിഞ്ഞാലും എന്നെ ഓർക്കണമെങ്കിൽ ഞാൻ നല്ല കഥാപാത്രങ്ങൾ സിനിമയിൽ ചെയ്യണം. ഞാൻ സീരിയലിൽ നിൽക്കുന്നതു കൊണ്ട് അങ്ങനെ ആരും വിളിക്കുന്നില്ല. ഇനി ട്രൈ ചെയ്യണം എന്നു വിചാരിക്കുന്നു. മരിക്കുന്നതിനു മുൻപ് കുറച്ച് നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹം തോന്നുന്നു. മനസ്സിൽ തങ്ങി നിൽക്കുന്ന കുറച്ച് കഥാപാത്രങ്ങൾ മനസ്സറിഞ്ഞ് അഭിനയിക്കണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമുണ്ട്. അതോടൊപ്പം എനിക്ക് ചെറിയൊരു ആഗ്രഹം കൂടിയുണ്ട്, എന്റെ മോെന വച്ച് നല്ല ഫയറുള്ള ഒരു സാധനം ഡയറക്ട് ചെയ്യണമെന്നുണ്ട്. 

English Summary:

Actress Beena Antony - She Talks Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com