ADVERTISEMENT

അമേരിക്കയുടെ മുൻ പ്രഥമ വനിതയായ മിഷേൽ ഒബാമയെ തേടി നിലവിലെ പ്രഥമ വനിതയായ ജിൽ ബൈഡന്റെ സ്നേഹസമ്മാനം എത്തി. വൈറ്റ് ഹൗസിന്റെ അടുക്കളത്തോട്ടത്തിലുണ്ടായ പച്ചക്കറികളാണ് ജിൽ മിഷേലിന് സമ്മാനിച്ചത്. ജില്ലിന്റെ പക്കൽനിന്നും 'കരുതലിന്റെ പാക്കേജ് ' എത്തിയതിലുള്ള സന്തോഷം മിഷേൽ ഒബാമ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ  പങ്കുവച്ചത്.തനിക്ക് ലഭിച്ച സമ്മാനത്തിൻറെ ചിത്രവും മിഷേൽ പങ്കുവച്ചിട്ടുണ്ട്.

ജിൽ ബൈഡനും മിഷേൽ ഒബാമയും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. അപ്രതീക്ഷിതമായി ഇത്തരമൊരു സമ്മാനം എത്തിച്ച ജില്ലിനോട്  തനിക്കുള്ള സ്നേഹവും മിഷേൽ പോസ്റ്റിൽ കുറിക്കുന്നു. 2009 ൽ പ്രഥമവനിതയായിരിക്കെ മിഷേൽ തന്നെയാണ് വൈറ്റ് ഹൗസിന്റെ അടുക്കളത്തോട്ടത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. 2800 ചതുരശ്ര അടി വിസ്തീർണമുള്ള  അടുക്കളത്തോട്ടത്തിൽ പ്രാദേശികമായി വിളയുന്ന പച്ചക്കറികൾ തന്നെയാണ്  നട്ടത്. അന്നുമുതൽ ഇങ്ങോട്ട് വൈറ്റ് ഹൗസിൽ ഉള്ളവർക്കും എത്തുന്ന അതിഥികൾക്കും ഭക്ഷണം പാകം ചെയ്യുന്നത് അടുക്കളത്തോട്ടത്തിലെ  പച്ചക്കറികൾകൊണ്ട് തന്നെയാണ്.

വൈറ്റ് ഹൗസിൽ താൻ വളർത്തിയെടുത്ത അടുക്കളത്തോട്ടത്തെ പറ്റി 2012 ൽ മിഷേൽ ഒബാമ 'അമേരിക്കൻ ഗ്രോൺ : സ്റ്റോറി ഓഫ് വൈറ്റ് ഹൗസ് കിച്ചൻ ഗാർഡൻ ആൻഡ് ഗാർഡൻസ് എക്രോസ് അമേരിക്ക' എന്ന പേരിൽ ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു. പച്ചക്കറി കൃഷിക്ക് തടമെടുത്തത് അടക്കമുള്ള കാര്യങ്ങൾ വിശദമായി  വിവരിച്ച പുസ്തകത്തിൽ അടുക്കള തോട്ടത്തിന്റെ വളർച്ച രാജ്യത്തെ കുട്ടികൾക്ക് വേണ്ടിയുള്ള തന്റെ പ്രതീക്ഷയെ സൂചിപ്പിക്കുന്നതാണ് എന്നും മിഷേൽ കുറിച്ചിരുന്നു.

ഒബാമ കുടുംബത്തിന്റെ വസതി വൈറ്റ് ഹൗസിൽ നിന്നും അധികം അകലെയല്ലാത്തതിനാൽ  വിളവെടുത്ത പച്ചക്കറികൾ  ഫ്രഷായി തന്നെ മിഷേലിന് എത്തിച്ചു നൽകുകയായിരുന്നു. സന്തോഷം അറിയിച്ചുകൊണ്ടുള്ള മിഷേലിന്റെ  പോസ്റ്റിന്  മറുപടിയായി 'ഭക്ഷണം സ്നേഹമാണ്' എന്ന മറുപടിയാണ് ജിൽ ബൈഡൻ കുറിച്ചത്.  മിഷേലിനു ശേഷം  പ്രഥമ വനിതയായി  സ്ഥാനമേറ്റ മെലാനിയ ട്രംപും വൈറ്റ് ഹൗസിലെ അടുക്കളതോട്ടത്തിന് ഏറെ പ്രാധാന്യം നൽകി പരിപാലിച്ചിരുന്നു.

English Summary: 'Love you, Jill!' Michelle Obama thanks First Lady for a 'care package' of vegetables sent from the White House Kitchen Garden that she planted in 2009

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com