ADVERTISEMENT

ആര്‍ത്തവ വിരാമഘട്ടം എന്നത് സ്ത്രീകളെ സംബന്ധിച്ച് കഠിനമായ കാലമാണ്. മാനസികവും ശാരീരികവുമായ ഒട്ടേറെ മാറ്റങ്ങളിലൂടെ ആണ് അവര്‍ കടന്നുപോവുക. നിരവധി പഠനങ്ങള്‍ ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വെര്‍ജീനിയന്‍ സര്‍വകലാശാലയിലെ ആരോഗ്യ വിദഗ്ധര്‍ ആര്‍ത്തവ വിരാമം സംബന്ധിച്ച് ഒരു ഗൈഡ് തന്നെ പുറത്തിറക്കിയിരിക്കുന്നു. ആര്‍ത്തവവിരാമം എങ്ങനെയാണ് ഒരു സ്ത്രീയെ മാറ്റിമറിക്കുന്നതെന്നും അവരുടെ ജോലിയെയും ജീവിതത്തെയും സാമ്പത്തികാവസ്ഥയെപോലും എങ്ങനെ ഇത് ബാധിക്കുമെന്നും ഈ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍ത്തവ വിരാമത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന മിഥ്യാധാരണകളിലേക്കു വെളിച്ചം വീശുന്നതാണ് വെര്‍ജീനിയന്‍ സര്‍വകലാശാലയുടെ ഈ പഠനം. 

മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കു പോലും ഉപകാരപ്രദമാകുന്ന തരത്തിലാണ് പഠനം നടത്തിയിരിക്കുന്നതെങ്കിലും ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ടുളള സ്ത്രീ-അനുഭവങ്ങള്‍ ഏതൊരാള്‍ക്കും പ്രയോജനപ്രദമാവുന്നതാണ്. ഈ പഠനത്തില്‍ പങ്കാളിയായ ഡോ. ജോവാന്‍ വി. പിങ്കര്‍ടണ്‍ പറയുന്നത് സ്ത്രീകള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമൂഹത്തിനുതന്നെയും പുതിയ പഠനം മുതല്‍ക്കൂട്ടാവുമെന്നാണ്. 

മാനസികവും ശാരീരികവുമായ ഒട്ടേറെ മാറ്റങ്ങളാണ് ആര്‍ത്തവവിരാമ സമയത്ത് സ്ത്രീകളിലുണ്ടാവുന്നത്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ക്രമരഹിതമായ ആര്‍ത്തവം, അമിതഉഷ്ണം, രാത്രി വിയര്‍ക്കുക, യോനീ വരള്‍ച്ച, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ഉറക്ക തകരാറുകള്‍ എന്നിവ അനുഭവപ്പെടാം. എല്ലാ സ്ത്രീകളും ആര്‍ത്തവവിരാമത്തിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഏതാണ്ട് 15 ശതമാനത്തില്‍ കുറവ് സ്ത്രീകള്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടാറുളളു എന്ന് ഡോ. ജോവാന്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍ത്തവവിരാമം എന്നത് സ്ത്രീയെ മാത്രം ബാധിക്കുന്ന കാര്യമല്ല അവരുടെ ചുറ്റിലുമുളളവരെ കൂടി ബാധിക്കുന്നതാണ് ഈ പ്രശ്‌നങ്ങളെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. 

ആര്‍ത്തവവിരാമം സ്ത്രീകള്‍ക്ക് ശാരീരികമായ ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതിനാല്‍ ജോലിയിലെ കാര്യക്ഷമതയും ഉന്മേഷവും ഇത് കുറക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഠിനമായ ജോലികള്‍ ചെയ്യുന്ന സ്ത്രീകളെയാണ് ഇത് കാര്യമായി ബാന്ധിക്കുന്നത്. ഒരു പങ്കാളിയില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നവര്‍, പുകവലിക്കുന്നവര്‍, അമിത ശരീരഭാരമുളള സ്ത്രീകള്‍, പരിചരണ ജോലികള്‍ ചെയ്യുന്നവര്‍, സ്വന്തമായി വീടില്ലാത്തവര്‍ എന്നിവരെയാണ് ആര്‍ത്തവവിരാമം സാമ്പത്തികമായും ശാരീരികവും മാനസികവുമായും കാര്യമായി ബാധിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു. 

ആര്‍ത്തവിരാമം അനുഭവിക്കുന്ന സ്ത്രീകളില്‍ നിരവധിപേര്‍ സാമ്പത്തിക ബുദ്ധിമുട്ടുകളും വിഷാദരോഗവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നതായി യുകെയില്‍ നടത്തിയ ഒരു സര്‍വ്വെയില്‍ കണ്ടെത്തിയതായും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ജോലിസ്ഥലത്ത് ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകളുടെ സംരക്ഷണ കാര്യത്തില്‍ ബ്രിട്ടന്‍ അമേരിക്കയെക്കാള്‍ ഒരുപടി മുകളിലാണെന്ന് ഡോ. ജോവാന്‍ പിങ്കര്‍ടണ്‍ പറയുന്നു. ആര്‍ത്തവവിരാമത്തിലുളള സ്ത്രീകളുടെ ശാരീരിക ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞ് ജോലിസ്ഥലത്ത് അവര്‍ക്ക് പരിഗണനയും കരുതലും നല്‍കേണ്ടത് അത്യാവശ്യമാണെന്നും ഡോ. ജോവാന്‍ ചൂണ്ടിക്കാണിക്കുന്നു. 

ചികിത്സ

ഈ പ്രശ്‌നത്തിന് ഫലപ്രദമായ ചികിത്സാ സൗകര്യങ്ങള്‍ ഇന്ന് മിക്ക രാജ്യത്തും നിലവിലുണ്ട്. ആര്‍ത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്കും കൃത്യമായ ചികിത്സയും പരിചരണവും കിട്ടേണ്ടത് അത്യാവശ്യമാണ്. അതിന് ആദ്യം വേണ്ടത് ഇതേ കുറിച്ചുളള അവബോധമാണ്. മാത്രമല്ല ഓരോ സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിവേണം ചികിത്സയെടുക്കാന്‍. അതേസമയം ആര്‍ത്തവിരാമത്തിനായി വലിയ രീതിയില്‍ പരസ്യംചെയ്ത് ചില മരുന്നുകളും ചികിത്സാരീതികളും പൊതുവെ നല്‍കപ്പെടുന്നുണ്ട്. അത് ആര്‍ത്തവവിരാമത്തെകുറിച്ച് തെറ്റിദ്ധാരണകളുണ്ടാക്കാനും ഫലപ്രദമായ ചികിത്സ തടസപ്പെടുത്തുകയുമാണ് ചെയ്യുക.

ആര്‍ത്തവ വിരാമം നേരിടുന്നവരില്‍ ഇസ്ട്രജന്‍ സപ്ലിമെന്റുകള്‍ നല്‍കുന്ന രീതിയുണ്ട്. ഇതുകൊണ്ട് കാര്യമായ ഗുണങ്ങളില്ലെന്നാണ് ഈ പഠനം ചൂണ്ടിക്കാണിക്കുന്നത്. അതേസമയം വടക്കേ അമേരിക്കയിലെ ബ്ലാക്ക് കൊഹോഷ് എന്ന ഒരു ഔഷധസസ്യം ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ ചെറിയ രീതിയിലെങ്കിലും കുറക്കാന്‍ സഹായിക്കുന്നതാണെന്നും പഠനത്തില്‍ പറയുന്നു. 

പുതിയ പഠനം ആര്‍ത്തവവിരാമത്തെകുറിച്ചുളള തെറ്റിദ്ധാരണകള്‍ മാറ്റി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് മുതല്‍ക്കൂട്ടാവുമെന്ന് ഡോ. ജോവാന്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ആര്‍ത്തവവിരാമ സമയത്ത് ആരോഗ്യം മെച്ചപ്പെടുത്താനുളള തീരുമാനങ്ങള്‍ കൈക്കൊളളുന്നത് ആരോഗ്യകരമായ വാര്‍ധക്യത്തിലേക്കുളള വഴി തുറക്കുകയാണെന്നും ഡോ. ജോവാന്‍ പറയുന്നു. 

ഹോര്‍മോണ്‍ സംബന്ധമായും അല്ലാതെയും വളരെ ഫലപ്രദമായ ചികിത്സാ സൗകര്യങ്ങള്‍ ഇന്ന് എല്ലാ രാജ്യത്തും ലഭ്യമാണ്. ഇത് ആര്‍ത്തവവിരാമ സമയത്ത് ഈസ്ട്രജന്‍ കുറയുന്നതിലൂടെയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കുറക്കാന്‍ സഹായിക്കും. ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകള്‍ നിശബ്ദമായി വേദനകളും ബുദ്ധിമുട്ടുകളും അനുഭവിക്കുകയല്ല വേണ്ടത്. മറിച്ച് പ്രശ്‌നം മനസിലാക്കി സഹായം തേടണം. എന്നാല്‍ മാത്രമേ അവരെ ചുറ്റുമുളളവര്‍ക്ക് മനസിലാക്കാനും ശാരീരികവും മാനസികവുമായ കരുതാല്‍ അവര്‍ക്ക് നല്‍കാനും സാധിക്കൂ.

English Summary:

Women in Menopause need care at workplace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com