Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുമേഖലാ ബാങ്കുകളിൽ വൻതോതിൽ നിയമനം

bank-job

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നവീന സാങ്കേതികവിദ്യകളുടെ വ്യാപനം മൂലം ബാങ്കിങ് മേഖലയിലെ തൊഴിലവസരങ്ങൾ പരിമിതപ്പെടുമെന്ന ആശങ്കയ്‌ക്കിടയിലും ബാങ്കുകൾ വൻതോതിൽ നിയമനങ്ങൾ നടത്തുന്നു. പൊതുമേഖലയിലെ മൂന്നു ബാങ്കുകൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളതു മൂവായിരത്തോളം തസ്‌തികകളിലേക്കാണ്. 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് അനുമതി ലഭിച്ചിട്ടുള്ള 10 സ്‌മോൾ ഫിനാൻസ് ബാങ്കുകളിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള ആറെണ്ണത്തിനും വലിയ തോതിലാണു ജീവനക്കാരെ ആവശ്യമായിട്ടുള്ളത്. 

അതേസമയം, സ്വകാര്യ മേഖലയിലെ ബാങ്കുകൾക്കു നിയമനങ്ങളുടെ കാര്യത്തിൽ പൊതുവേ മെല്ലെപ്പോക്കുനയമാണ്. നിലവിലുള്ള ജീവനക്കാരിൽ ഒരു പങ്കിനെത്തന്നെ ഒഴിവാക്കാനുള്ള നീക്കങ്ങളും അപൂർവമല്ല. സ്വകാര്യ മേഖലയിലെ പല മുൻനിര ബാങ്കുകളുടെയും ഇടപാടുകാരിൽ 75 ശതമാനത്തോളവും ഡിജിറ്റൽ ബാങ്കിങ്ങിലേക്കു മാറിക്കഴിഞ്ഞതാണു കാരണം.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) യാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. എസ്‌ബിഐക്കു പ്രൊബേഷനറി ഓഫിസർമാരായി 2000 പേരെയാണ് ആവശ്യം. ഓൺലൈൻ റജിസ്‌ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. മേയ് 13 വരെ റജിസ്‌റ്റർ ചെയ്യാം.

ബാങ്ക് ഓഫ് ബറോഡ സ്‌പെഷലിസ്‌റ്റ് ഓഫിസർമാർ, വെൽത്ത് മാനേജ്‌മെന്റ് പ്രഫഷനലുകൾ എന്നീ വിഭാഗങ്ങളിലായി 785 തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ബാങ്ക് ഓഫ് ഇന്ത്യ ജനറൽ ബാങ്കിങ് വിഭാഗത്തിലെ ഓഫിസർ (ക്രെഡിറ്റ്) തസ്‌തികയിൽ 158 പേർക്കു നിയമനം നൽകും.

മൈക്രോ ഫിനാൻസ് രംഗത്തും മറ്റും പ്രവർത്തിച്ചിരുന്ന ബാങ്ക് ഇതര ധനസ്‌ഥാപന (എൻബിഎഫ്‌സി) ങ്ങളാണു സ്‌മോൾ ഫിനാൻസ് ബാങ്കുകളായി മാറിയിട്ടുള്ളത്. നിലവിലുണ്ടായിരുന്ന ജീവനക്കാരെ നിലനിർത്തുന്നുണ്ടെങ്കിൽപ്പോലും അതിവേഗ വികസനമാണ് ഇവ ലക്ഷ്യമിടുന്നത് എന്നതിനാൽ തൊഴിലവസരങ്ങൾ ആയിരക്കണക്കിനാണ്. ബാങ്കുകളിൽനിന്നു വിരമിച്ചവരിൽ പലരും ഈ അവസരം പ്രയോജനപ്പെടുത്തുന്നുണ്ട്. താരതമ്യേന ഉയർന്ന തസ്‌തികളിലാണ് ഇവർ നിയമിക്കപ്പെടുന്നത്. അതിനാൽ മറ്റു തസ്‌തികകളിലേക്കുള്ള വാതിലുകൾ അടയുന്നില്ല. 

കേരളത്തിൽനിന്നുള്ള ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഈ സാമ്പത്തിക വർഷം 300 ശാഖകൾ തുറക്കാനാണു ലക്ഷ്യമിടുന്നതെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അയ്യായിരത്തിലേറെ പേർക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരം നൽകിയിട്ടുള്ള ഇസാഫ് അഞ്ചു വർഷത്തിനകം 5000 പേർക്കു കൂടി നിയമനം നൽകും. മൂന്നു വർഷത്തിനകം 10,000 ഏജന്റുമാരുടെ ശൃംഖലയും ഇസാഫിന്റെ ലക്ഷ്യമാണ്.