Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

30,000 മലയാളികൾക്കു തൊഴിൽ നൽകും: എം.എ.യൂസഫലി

ma-yusafali

വെറും ഷോപ്പിങ് മാളുകളല്ല രാജ്യാന്തര മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ലക്ഷ്യം. നാടിന്റെ അടിസ്ഥാന സൗകര്യത്തിന് ഏതു നിക്ഷേപവും മുതൽക്കൂട്ടാവണം. ആയിരങ്ങൾക്കു തൊഴിൽ ലഭിക്കണം. കൊച്ചിയിലെ ലുലു മാൾ അത്തരത്തിലുള്ള സംരംഭമായിരുന്നു. 1800 കോടി മുതൽ മുടക്കിൽ ബോൾഗാട്ടിയിൽ സ്ഥാപിച്ച ലുലു കൺവൻഷൻ സെന്ററും ഗ്രാൻഡ് ഹയാത്ത് ഹോട്ടലും സമ്മേളന ടൂറിസം സൗകര്യത്തിൽ കേരളത്തെ ഇന്ത്യയിലെ തന്നെ മുൻനിരയിലെത്തിക്കുന്നു.

അഭിമുഖത്തിൽ നിന്ന്:

? വ്യവസായി എന്നതിനപ്പുറം ബിസിനസ് രംഗത്തെ വിഷൻ

∙ ഇതുവരെയില്ലാത്ത സൗകര്യങ്ങൾ കൊണ്ടു വരണം. നാടിനെ എന്റെ കഴിവിന്റെ പരിധിയിൽ നിന്നുകൊണ്ട് ലോകത്തിന്റെ മുൻ നിരയിൽ എത്തിക്കണം. പരമാവധി മലയാളികൾക്കു തൊഴിലും ജീവിത മാർഗവും നൽകണം. എന്റെ ബിസിനസുകളിലെല്ലാം ആയിരങ്ങൾക്കു തൊഴിലവസരമുണ്ട്. ഹോട്ടലും ഹോസ്പിറ്റലും റീട്ടെയിലും റിയൽ എസ്റ്റേറ്റും ചേർന്ന നാലു വെർട്ടിക്കലുകൾ അതിന്റെ ഭാഗമാണ്.

? എത്ര മലയാളികൾക്കു തൊഴിൽ നൽകി

∙ ഇതുവരെ 28000 മലയാളികൾ വിവിധ രാജ്യങ്ങളിലായിട്ടുണ്ട്. ആഗോള തലത്തിൽ ആകെ 42000 ജീവനക്കാരിലാണ് 28000 മലയാളികൾ. 2020 നകം മലയാളി ജീവനക്കാരുടെ എണ്ണം 30000 ആക്കുകയാണു ലക്ഷ്യം.

? ബോൾഗാട്ടി ലുലു കൺവൻഷൻ സെന്റർ എന്തു വ്യത്യാസം ടൂറിസം രംഗത്ത് സൃഷ്ടിക്കും

∙ സിംഗപ്പൂരാണ് ലോകത്തു തന്നെ ഏറ്റവും കൂടുതൽ സമ്മേളനങ്ങൾ (മൈസ്) നടക്കുന്ന ഒരു നഗരം. സിംഗപ്പൂർ ടൂറിസം കേന്ദ്രവും കൂടിയായതിനാലാണിത്. കേരളം ആകെ ടൂറിസം കേന്ദ്രമാണ്. അതിനാൽ ലുലു കൺവൻഷൻ സെന്ററും ഹോട്ടലും ചേരുമ്പോൾ ഇവിടേക്കു വരുന്ന രാജ്യാന്തര സമ്മേളനങ്ങളുടെ എണ്ണം വർധിക്കും. സിംഗപ്പൂരിൽ നടക്കുന്നതിന്റെ പാതിയെങ്കിലും കേരളത്തിൽ കൊണ്ടു വരണമെന്നാണ് ആഗ്രഹം.?? 

? സ്വന്തം നാടായ നാട്ടികയ്ക്ക് എന്തു ചെയ്തു

∙ നാട്ടികയിൽ ഒരു ചെറിയ മാൾ വരുന്നുണ്ട്. ഓഗസ്റ്റിൽ ഉദ്ഘാടനം. സൂപ്പർമാർക്കറ്റും അതിന്റെ ഭാഗമാണ്. ഏറ്റവും എളിയവർക്കും അവിടെ നിന്നു സാധനം വാങ്ങാൻ കഴിയും.

? പുതിയ നിക്ഷേപങ്ങൾ

∙ തിരുവനന്തപുരത്തെ ലുലു മാൾ വൻ നിക്ഷേപമാണ്. 2020 ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. കൊച്ചി ഇൻഫോ പാർക്കിലെ പുതിയ ലുലു സൈബർ ടവറിൽ പതിനായിരം പേർക്ക് ഇരിപ്പിടമുണ്ട്. ഗൾഫിലും ഈജിപ്റ്റ്, ഇന്തൊനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലുമായി 20 ഹൈപ്പർ മാളുകൾ കൂടി 2019 ഡിസംബറിനകം തുറക്കും. 

? പുതിയ ബിസിനസ് മേഖലകളിലേക്കു വരുന്നുണ്ടോ

∙ ഭക്ഷ്യ സംസ്കരണ രംഗത്തേക്കു കടന്നിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ ഭക്ഷ്യ സംസ്കരണ യൂണിറ്റുകളുണ്ട്. ലണ്ടനിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിൽ നിലവിൽ 500 ബ്രിട്ടിഷുകാർ ജോലി ചെയ്യുന്നു. അവിടെ ബർമിങ്ഹാമിലെ ഫ്രീ സോണിൽ എട്ട് ഏക്കർ സ്ഥലം തന്നു. അവിടെ മറ്റൊരു ഭക്ഷ്യ സംസ്കരണ യൂണിറ്റ് തുടങ്ങുമ്പോൾ മറ്റൊരു 500 പേർക്കു കൂടി തൊഴിൽ ലഭിക്കും. കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇന്ത്യ–യുകെ സിഇഒ ഫോറത്തിൽ പങ്കെടുത്തപ്പോൾ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ ആഹ്ലാദം പ്രകടിപ്പിച്ച പദ്ധതിയാണിത്.