തിരുവനന്തപുരത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വരുന്നു

ആരോഗ്യ രംഗത്തെ എല്ലാ തലത്തിലും രോഗീസൗഹൃദമാക്കുന്നതിനും ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമായി തിരുവനന്തപുരത്ത് ആരോഗ്യകേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. ആരോഗ്യ മേഖലയിലെ സമഗ്രമാറ്റമാണ് കുടുംബാരോഗ്യകേന്ദ്രങ്ങള്‍.  ഓരോ കുടുംബത്തിലേയും അംഗങ്ങളുടെ രോഗവിവരങ്ങളെക്കുറിച്ച് തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് വ്യക്തമായ ധാരണയുണ്ടാക്കാനും അതുവഴി മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. ഒ.പി. വിഭാഗത്തിലെ തിരക്കു കുറയ്ക്കുന്നതിനായി ആധുനികവല്‍ക്കരിച്ച റജിസ്‌ട്രേഷന്‍, ടോക്കണ്‍ സംവിധാനങ്ങള്‍, രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, അംഗപരിമിതര്‍ക്കു വേണ്ടിയുള്ള പ്രത്യേക ടോയ്‌ലറ്റ്, കാത്തിരിപ്പു സ്ഥലം, കുടിവെള്ളം, സൂചന ബോര്‍ഡുകള്‍ എന്നിവ ക്രമീകരിക്കും.

ജില്ലയില്‍ 16 ആരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നത്. ആറ് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഓഗസ്റ്റ് 15നകം കുംബാരോഗ്യ കേന്ദ്രങ്ങളാകും. വാമനപുരം, ചെമ്മരുതി, കടകംപള്ളി, അരുവിക്കര, ബാലരാമപുരം, പള്ളിച്ചല്‍, കിളിമാനൂര്‍, തോന്നയ്ക്കല്‍, കീഴാറ്റിങ്ങല്‍, വട്ടിയൂര്‍ക്കാവ്, കോട്ടുകല്‍, പരണിയം, പൂഴനാട്, കരകുളം, ആമച്ചല്‍, ജഗതി എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാകും. ഇതില്‍ വാമനപുരം, ചെമ്മരുതി, കടകംപള്ളി, അരുവിക്കര, ബാലരാമപുരം, പള്ളിച്ചല്‍ എന്നിവയെ ഓഗസ്റ്റ് 15നകം കുംബാരോഗ്യ കേന്ദ്രങ്ങളാക്കാനാണ് പ്രവര്‍ത്തനം നടത്തുന്നത്. കിളിമാനൂര്‍, തോന്നയ്ക്കല്‍, കീഴാറ്റിങ്ങല്‍, വട്ടിയൂര്‍ക്കാവ്, കോട്ടുകല്‍, പരണിയം, പൂഴനാട്, കരകുളം എന്നീ ആരോഗ്യകേന്ദ്രങ്ങള്‍ സെപ്തംബര്‍ 15ന് മുന്‍പും ആമച്ചല്‍, ജഗതി എന്നിവ നവംബര്‍ 15ന് മുന്‍പും കുടുംബാരോഗ്യ കേന്ദ്രങ്ങളാകും. കുടുംബാരോഗ്യ കേന്ദ്രങ്ങളായി പദവി ഉയര്‍ത്തിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ വൈകിട്ട് 6വരെ ആയിരിക്കും.

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസ് ഡിക്രൂസ് എന്നിവര്‍ ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കും. ഇതിനുപുറമേ വിവിധ മേഖലയില്‍ നിന്നുള്ള പണം കൂടി സമാഹരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആര്‍ദ്രം പദ്ധതിയില്‍പ്പെടുത്തിയാണിത് പ്രാവര്‍ത്തികമാക്കുന്നത്.