യൂറിനറി  ഇൻഫെക്ഷൻ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

യൂറിനറി  ഇൻഫെക്ഷൻ അഥവാ മൂത്രത്തിൽ അണുബാധ സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്നൊരു രോഗമാണ്. എട്ടുപേരിലൊരാള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ മൂത്രാശയ അണുബാധയുണ്ടാകുന്നു എന്നാണു പഠനങ്ങള്‍ പറയുന്നത്. ശരീരത്തില്‍ വെള്ളത്തിന്റെ അളവ്‌ കുറയുന്നതു മൂലമുണ്ടാകുന്ന രോഗമാണിത്. എങ്കിലും ചിലപ്പോഴൊക്കെ നമ്മുടെ അശ്രദ്ധ കൊണ്ടും കാലാവസ്ഥാ വ്യതിയാനം കൊണ്ടും  രോഗം വരാം. 

യഥാസമയത്തെ ചികിത്സ കൊണ്ട് ഭേദമാക്കാമെങ്കിലും ചിലരില്‍ ഇതു വളരെ ഗുരുതരമാകാറുണ്ട്. പ്രതിരോധശേഷി കുറയുകയോ മുത്രസഞ്ചിയില്‍ നിന്നും മുത്രം പൂര്‍ണമായും ഒഴിവാകാതെ കിടക്കുകയോ ചെയ്യുമ്പോഴാണ് സാധാരണ യൂറിനറി  ഇൻഫെക്ഷൻ തലപൊക്കുന്നത്. 

മുത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, അടിവയറ്റില്‍ വേദന, പുറം കഴപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത്തരം അണുബാധകള്‍ക്ക് സിസ്‌റ്റൈറ്റിസ് എന്നാണ് പറയാറുള്ളത്. 

മൂത്രാശയ അണുബാധയുടെ ചികില്‍സയ്ക്ക് പ്രധാനമായും ആന്റിബയോട്ടിക്ക് മരുന്നുകളാണ് ഉപയോഗിക്കുന്നത്. 

അപ്പര്‍ യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ, ലോവര്‍ ട്രാക്റ്റ് ഇൻഫെക്ഷൻ ഇങ്ങനെ രണ്ടുരീതിയിലുള്ള അണുബാധയാണ് കാണപ്പെടുന്നത്. ഗര്‍ഭാശയം, കിഡ്നി എന്നിവ അടങ്ങിയ ഭാഗത്തിനു സമീപമുള്ള മുത്രനാളിയെ അപ്പര്‍ യൂറിനറി ട്രാക്റ്റ് എന്നും മുത്രസഞ്ചി, മുത്രാശയം എന്നിവ ഉൾക്കൊണ്ട ഭാഗത്തെ ലോവര്‍ ട്രാക്റ്റ്  എന്നും വേര്‍തിരിക്കാം.  സാധാരണഗതിയില്‍  ലോവര്‍ യൂറിനറിട്രാക്റ്റിനെ ബാധിക്കുന്ന

അണുബാധ വേഗത്തില്‍ ചികിത്സിച്ചു മാറ്റാന്‍ കഴിയും. ഡോക്ടര്‍ നിര്‍ദേശിക്കും പ്രകാരം ചെറിയ അളവിലെ ആന്റിബയോട്ടിക്ക് മരുന്നുകള്‍ കൊണ്ട് ഇതു ഭേദമാക്കാം. കൂടാതെ ധാരാളം വെള്ളം കുടിക്കുകയും ആവശ്യത്തിനു വിശ്രമം എടുക്കുകയും വേണം. ഹൃദ്രോഗത്തിനോ കിഡ്നി സംബന്ധമായ രോഗങ്ങള്‍ക്കോ മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അത് ഡോക്ടറോടു പറയണം. മൂത്രം ഒഴിക്കുമ്പോള്‍ വേദനയും പുകച്ചിലും, കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന തോന്നല്‍ രക്തം കലര്‍ന്ന് മുത്രം പോകുക, രൂക്ഷമായ ദുര്‍ഗന്ധം, മൂത്രത്തിനു നിറവ്യത്യാസം എന്നിവയാണ് ലക്ഷണങ്ങള്‍. 

അതേസമയം അപ്പര്‍ യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷന്‍ കുറച്ചു കൂടി ഗൗരവകരമാണ്. ആന്റിബയോട്ടിക്ക് മരുന്നുകളും വേദനസംഹാരികളുമാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. കടുത്തപനി, വിറയല്‍, ഛര്‍ദ്ദി, അടിവയറ്റില്‍ കടുത്ത വേദന, പുറംവേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്‌. മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം രോഗി ചിലപ്പോള്‍ ആശുപത്രിയില്‍ കഴിയേണ്ടിയും വരും.

ശരിയായ സമയത്ത് ചികിത്സ തേടാതിരിക്കുന്ന സാഹചര്യങ്ങളില്‍ ഇത് ഗുരുതരമായ രോഗമായി മാറാറുണ്ട്. കിഡ്നി, ഗര്‍ഭപാത്രം എന്നിവയുടെ പ്രവര്‍ത്തനത്തെവരെ ബാധിക്കാം. അതുകൊണ്ട് കൃത്യമായ ചികിത്സയും മുന്‍കരുതലുകളും പാലിക്കുകയും ആവശ്യത്തിനു വെള്ളം കുടിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യുകവഴി മൂത്രാശയ അണുബാധയെ അകറ്റാം.

Read More : Health News