ജീവിതം തിരിച്ചു പിടിക്കാൻ അവസാനം വരെയും ശ്രമിച്ച അബി

ചലച്ചിത്ര മിമിക്രി താരം അഭിയുടെ പെട്ടെന്നുള്ള മരണം ജനഹൃദയങ്ങൾക്കുള്ളിൽ ഉണ്ടാക്കിയത് ഒരു ഞെട്ടൽ തന്നെയായിരുന്നു. അറി‍ഞ്ഞവർ പരസ്പരം ചോദിച്ചതും ഇത്ര പെട്ടെന്ന് എന്ത് അസുഖമാണ് അബിയുടെ ജീവൻ കവർന്നെടുത്തത് എന്നതുതന്നെയായിരുന്നു. രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുന്ന രോഗമായിരുന്നു അബിക്ക്. എല്ലാ മാസവും രക്തം മാറ്റിവയ്ക്കുന്നുമുണ്ടായിരുന്നു. ഏകദേശം രണ്ടുവർഷമായി ഈ രോഗം ബാധിച്ചിട്ടും. എങ്ങനെയും ജീവിതം തിരിച്ചു പിടിക്കണമെന്ന ശക്തമായ ആഗ്രഹം അബിക്കുള്ളിലുണ്ടായിരുന്നു. അതാണ് അബിയുടെ പ്രിയ സുഹൃത്ത് ഷെരീഫ് ചുങ്കത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് സൂചിപ്പിക്കുന്നത്. പോസ്റ്റ് വായിക്കാം.

ഇന്നലെ (29-11-17)ഉച്ചകഴിഞ്ഞ് ഞാൻ വീട്ടിലിരിക്കുമ്പോൾ എന്റെ മൊബൈൽ റിംഗ് ചെയ്യുന്നത് കണ്ട് നോക്കുമ്പോൾ അബീക്കയാണ്.അത്യാവശ്യമായി നീ ഒന്ന് എന്റെ വീട്ടിലേക്ക് വരണം എനിക്ക് ഒരിടം വരെ പോകാനുണ്ട് കൂടെ നീ വരണം . 

എങ്ങോട്ട് എന്നെന്റെ ചോദ്യത്തിന് വന്നിട്ട് പറയാമെന്ന് പറഞ്ഞു,

ഞാൻ കൃത്യം രണ്ട് മണിക്ക് അബീക്കയുടെ വീട്ടിലെത്തി എന്നെ വിളിച്ചിരുത്തി ഭക്ഷണം കഴിക്കുന്നതിനിടയിൽ എന്നോട് പറഞ്ഞു നമുക്ക് ചേർത്തല കായ്‌പുറം എന്ന സ്ഥലം വരേ ഒന്ന് പോകണം ഒരു വൈദ്യനെ കാണണം കുറച്ച് മരുന്നും വാങ്ങണം. അങ്ങനെ ഞങ്ങൾ രണ്ടു പേരും ചേർത്തലയിലേക്ക് യാത്ര തിരിച്ചു, ആയുർവേദം കഴിച്ചിട്ട് ഇക്കയുടെ അസുഖം ഭേദമാകുന്നില്ലെങ്കിൽ വേറെ ഏതെങ്കിലും ഹോസ്പിറ്റലിൽ നമുക്ക് പോയാലോ എന്ന എന്റെ ചോദ്യത്തിന് തന്ന മറുപടി

ഇതും കൂടി നോക്കാം കുറഞ്ഞില്ലെങ്കിൽ അമേരിക്കയിൽ ചികിൽസ തേടാം. ചേർത്തലയിലെ വൈദ്യ ചികിൽസയിൽ അസുഖം പൂർണ്ണമായി മാറും എന്ന് എനിക്ക് ഉറപ്പ് തന്നിരുന്നു .

വൈദ്യനെ കണ്ട് തിരിച് വരുമ്പോൾ രാത്രി 9 മണി കഴിഞ്ഞു,7 മണിക്കൂർ മനസ്സ് തുറന്ന് എന്നോട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അബിക്കയുടെ കഴിഞ്ഞ 35 വർഷത്തെ മിമിക്രി ജീവിതത്തെ കുറിച്ചുള്ള ഓർമകൾ പുതുക്കി ,അതിൽ അബിക്കയുടെ ജന്മനാടായ മൂവാറ്റുപുഴയും ഉണ്ടായിരുന്നു .

സിനിമ ലോകത്ത് എങ്ങും എത്താതിരുന്നതിൽ ആരോടും പരിഭവം ഇല്ല എന്ന് കൂടെ കൂടെ എന്നോട് പറഞ്ഞിരുന്നു. മകൻ ഷെയിൻ നിഗത്തിൽ ഇക്കാക്കുള്ള പ്രതീക്ഷകൾ എന്നോട് തുറന്നു പറഞ്ഞിരുന്നു .

അവസാനം ഞങ്ങൾ പിരിയുന്നതിന് മുൻപ് വണ്ടിയിൽ ഇരുന്ന് ഒരുപാട് സിനിമ നടൻമാരെ അനുകരിക്കുകയും കോമഡി പറഞ്ഞ് എന്നെ പൊട്ടി ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു.ആ നിമിഷം ഞാൻ ഒരിക്കലും കരുതിയില്ല ഇത് മിമിക്രിയുടെ സുൽത്താൻ അവതരിപ്പിക്കുന്ന അവസാന വേദിയാകും ഇതെന്ന്, അവസാന ഓഡിയൻസാകും ഈ ഞാനെന്ന്. അങ്ങനെ വീട്ടിലെത്തി പിരിയാൻ നേരം അബീക്ക എന്നോട് പറഞ്ഞു ഞാൻ കുറെ കാലങ്ങൾക്ക് ശേഷം ഒരുപാട് മനസ്സ് തുറന്ന് സന്തോഷിച്ച യാത്രയായിരുന്നു ഇതെന്ന് നാളെ രാവിലെ നീ ഒന്നു കൂടി വരണം നമുക്ക് വേറെ ഒരു സ്ഥലത്ത് കൂടി പോകണം ഞാൻ വിളിക്കാമെന്നു പറഞ്ഞു അബീക്ക എന്നെ വീട്ടിലേക്കയച്ചു. ഇന്ന് രാവിലെ അബീക്കയുടെ ഫോൺ കോൾ കണ്ട് സലാം പറഞ്ഞ് ഫോണെടുക്കമ്പോൾ അങ്ങേതലക്കലിൽ ഒരു വിതുമ്പുന്ന ഇടറിയ ശബ്ദത്തിൽ അബീക്ക പോയി എന്ന് പറഞ്ഞ് പൊട്ടിക്കരച്ചിൽ ഇത് കേട്ടതും ഞെട്ടിതരിച്ച് ഷോക്കേറ്റപോലെ അവസ്ഥയിൽ എന്റെ കണ്ണു നറഞ്ഞു. അബീക്ക നമുക്കൊരുമിച്ച് ഒരു യാത്ര പോകണമെന്ന് പറഞ്ഞിട്ട് എന്നെന്നേക്കുമായി ഞങ്ങളെ വിട്ട് പോയല്ലോ.

പരലോക ജീവിതം വിജയത്തിലാക്കാൻ ആത്മാർത്ഥമായ പ്രാർത്ഥന മാത്രമാണ് ഈ അനുജന് പകരം തരാനുള്ളൂ. . പോസ്റ്റിൽ പറയുന്നു.

Read More : Health News