പിറന്നുവീണാൽ മിനിട്ടുകള്‍ മാത്രം ആയുസ്സുള്ള കുഞ്ഞിനെ ഈ അമ്മ നശിപ്പിക്കാത്തതിനു കാരണം നിസ്സാരമല്ല

ഒരമ്മയോളം ത്യാഗം സഹിക്കാന്‍ ആര്‍ക്കും കഴിയില്ല. അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണ്. അത്തരത്തിലൊരമ്മയാണ് ഹൈലി മാര്‍ട്ടിന്‍ എന്ന മുപ്പതുകാരിയും. 

ഒരമ്മയാകാന്‍ പോകുന്നുവെന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം മുതല്‍ എല്ലാ അമ്മമാരെയും പോലെ തന്റെ കുഞ്ഞിന്റെ മുഖം കാണാനുള്ള കാത്തിരിപ്പിലായിരുന്നു ഹൈലിയും. പക്ഷേ വിധി മറ്റൊന്നായിരുന്നു.

 ഇരുപതാം ആഴ്ചയിലെ സ്കാനിങിന് ശേഷമാണ് ഹൈലിയുടെയും ഭര്‍ത്താവിന്റെയും എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞത്. തങ്ങള്‍ക്കു പിറക്കാന്‍ പോകുന്ന കുഞ്ഞിനു ആയുസ്സ് ചിലപ്പോള്‍ മണിക്കൂറുകള്‍ മാത്രമാകും എന്നായിരുന്നു ഡോക്ടര്‍ അന്നു നല്‍കിയ റിപ്പോര്‍ട്ട്. ചിലപ്പോൾ ചാപിള്ളയാകും പിറക്കുക എന്നും ഡോക്ടര്‍ അറിയിച്ചു. ഏറ്റവും നല്ല മാര്‍ഗം ഗര്‍ഭം അലസിപ്പിക്കുന്നതു തന്നെയെന്നു ഡോക്ടര്‍ വെളിപ്പെടുത്തിയതോടെ ഇരുവരും പ്രതീക്ഷയറ്റിരുന്നു പോയി.

എന്നാല്‍ തങ്ങള്‍ക്കു പിറക്കാന്‍ പോകുന്ന കുഞ്ഞിനെ ഇല്ലാതാക്കാന്‍ ഹൈലി തയാറായിരുന്നില്ല. കുഞ്ഞു മരണപ്പെട്ടാലും അത് അബോര്‍ഷന്‍ വഴിയാകരുതെന്നു ആ അമ്മ നിശ്ചയിച്ചുറപ്പിച്ചു. കൂടാതെ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനും അവര്‍ തീരുമാനിച്ചു. അവയവദാനത്തിനായി  കാത്തിരിക്കുന്ന ഏതെങ്കിലും കുഞ്ഞുങ്ങളുടെ ജീവന്‍ അതുവഴി രക്ഷിക്കാം എന്നായിരുന്നു ആ നിമിഷം ആ അമ്മയും അച്ഛനും തീരുമാനിച്ചത്. തങ്ങളുടെ കുഞ്ഞു മറ്റു കുഞ്ഞുങ്ങളിലൂടെ ജീവിക്കണം എന്ന ചിന്തയായിരുന്നു ഇതിനു പ്രേരിപ്പിച്ചത്. 

വരുന്ന ആഴ്ചയാണ് ഹൈലിയ്ക്ക് ഡോക്ടര്‍മാര്‍ പ്രസവതീയതിനൽകിയിരിക്കുന്നത്.  'ഇതൊരിക്കലും വേഗത്തില്‍ എടുത്തൊരു തീരുമാനമായിരുന്നില്ല എന്നാല്‍ ഇതാണ് ശരിയായ തീരുമാനം. സങ്കടങ്ങള്‍ക്കപ്പുറം ഞങ്ങളുടെ കുഞ്ഞിന്റെ അവയവങ്ങള്‍ വഴി മറ്റു കുഞ്ഞുങ്ങളുടെ ജീവനെങ്കിലും രക്ഷിക്കാന്‍ സാധിക്കുന്നത് ഈ ദുഃഖത്തിന് ആശ്വാസം നൽകും‌' ഹൈലിയും ഭര്‍ത്താവ് സ്കോട്ടും പറയുന്നു.

പ്രസവത്തിന്റെ അവശതകള്‍ മാറിയാല്‍ ഞാനും കിഡ്നി ദാനം ചെയ്യാന്‍ ഒരുങ്ങുകയാണ്– ഹൈലി പറയുന്നു. അവ്വ ജോയി എന്നാണ് പിറക്കാനിരിക്കുന്ന കുഞ്ഞിനു ഇവര്‍ നല്‍കിയ പേര്. ഏഴും അഞ്ചും രണ്ടും വയസ്സുള്ള മൂന്നു കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്. നാലാമതും അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത തങ്ങള്‍ക്കു സന്തോഷകരമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. കുഞ്ഞിന്റെ ആദ്യ മാസത്തെ സ്കാനിങ് ചിത്രം വരെ ഇവര്‍ നിധി പോലെ സൂക്ഷിച്ചിരിക്കുന്നു.

അഞ്ചാം മാസത്തെ പരിശോധനയിലാണ് കുഞ്ഞിനു ഗുരുതരമായ ജനതികവൈകല്യം ഉണ്ടെന്ന കാര്യം ഇവര്‍ അറിയുന്നത്. ബൈലാറ്റെറല്‍ റെനല്‍ അജെനിസിസ് (bilateral renal agenesis) എന്നാണു കുഞ്ഞിന്റെ അവസ്ഥയ്ക്ക്  വൈദ്യശാസ്ത്രം നല്‍കിയ പേര്. ഗര്‍ഭപാത്രത്തില്‍ അമ്നിയോടിക് ഫ്ലുയിഡിന്റെ അഭാവം മൂലം ശ്വാസനാളം വികസിക്കാത്ത അവസ്ഥയിലാണ് കുഞ്ഞ്. കിഡ്നിയോ മൂത്രസഞ്ചിയോ കുഞ്ഞിനുണ്ടാകില്ല. അതുകൊണ്ടതന്നെ ജനനത്തോടെ കുഞ്ഞു മരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. 

കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചു ഞങ്ങള്‍ ആശങ്കാകുലരാണെന്ന് ഹൈലിയും സ്കോട്ടും പറയുന്നു. ജനതിക തകരാറുകള്‍ ഉള്ളതിനാൽ നവജാതശിശുക്കള്‍ക്കു വേണ്ട വളര്‍ച്ചയോ ഭാരമോ ഇല്ല എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ടു കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.  എങ്കിലും കാര്യങ്ങളെ പോസിറ്റീവ് ആയി കാണാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

 ജീവനോടെ ലഭിച്ചാല്‍തന്നെ മിനിട്ടുകള്‍ മാത്രമാകും ജീവനോടെയിരിക്കുക എന്നാണു ഡോക്ടര്‍ പറയുന്നത്. ഒരിക്കലെങ്കിലും അവളുടെ കുഞ്ഞികണ്ണുകള്‍ തുറക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഈ അച്ഛനും അമ്മയും. 

അവള്‍ക്കായി വാങ്ങിയ കുഞ്ഞുടുപ്പുകള്‍ അണിയിച്ച് അവളെ യാത്രയാക്കുമ്പോള്‍ തങ്ങളുടെ മകള്‍ വഴി മറ്റു രണ്ടു കുഞ്ഞുങ്ങളുടെ ജീവന്‍ തിരികെകിട്ടിയല്ലോ എന്നെങ്കിലും ഒരാശ്വാസവാര്‍ത്ത കേള്‍ക്കണം. തങ്ങളുടെ മൂന്നു മക്കളുടെയും ഇളയസഹോദരിയായിരിക്കും അവ്വ എന്ന് ഹൈലി പറയുന്നു. അവളുടെ മരണാനന്തരചടങ്ങുകള്‍ മാത്രമാണ് നടത്താന്‍ തങ്ങള്‍ക്കു കഴിയുന്നത്‌. അവളുടെ ഒരു പിറന്നാളോ ക്രിസ്മസോ ആഘോഷിക്കാന്‍ കഴിയാതെ പോയതിന്റെ ദുഃഖം ഇങ്ങനെയെങ്കിലും അതിജീവിക്കണം. 

ജനതികവൈകല്യം ബാധിച്ചു മരണപ്പെടാന്‍ സാധ്യതയുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ മനസ്സ്കാണിക്കുന്ന മാതാപിതാക്കള്‍ക്കു വേണ്ടി അവ്വ ജോയിയുടെ പേരില്‍ ഒരു ചാരിറ്റി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. കുറച്ചുനേരത്തേക്ക് എങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളുമായി കഴിയാന്‍ ലഭിക്കുന്ന അവസരത്തെ എന്നന്നേക്കുമായി മനോഹരമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. 

Read More : Health Magazine