സാന്‍വിച്ച് കഴിച്ച 14കാരനു സംഭവിച്ചത്?

വയറ്റില്‍ കടുത്ത അസ്വസ്ഥതകളുമായാണ് അലക്സ്‌ ഹെബ്ബില്‍വെയിത്ത് എന്ന 14 കാരന്‍ കഴിഞ്ഞ ഏപ്രിലില്‍ ആശുപത്രിയിലെത്തിയത്. ബേക്ക് ചെയ്യുന്ന ഒരുതരം ഭക്ഷണം മാത്രമായിരുന്നു ആ സമയത്ത് അവന്‍ കഴിച്ചത്. എന്തെങ്കിലും ദഹനപ്രശ്നങ്ങള്‍ ആകാമെന്ന് പറഞ്ഞു അപ്പോള്‍ ഡോക്ടര്‍ അവനെ മടക്കിയയക്കുകയും ചെയ്തു. 

എന്നാല്‍ ഒരുമാസത്തിനു ശേഷം സ്കൂളില്‍ സോക്കര്‍ കളിക്കുന്നതിനിടയില്‍ വീണ്ടും അലക്സിന് കടുത്ത അസ്വസ്ഥതകള്‍ ആരംഭിച്ചു. ഉടന്‍ അവനെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഒരു സാന്‍വിച്ച് മാത്രമായിരുന്നു അന്നേരം അവന്‍ കഴിച്ചിരുന്നത്. ആദ്യം നിസ്സാരമെന്നു കരുതിയെങ്കിലും പിന്നെയുള്ള ഏഴ്മാസങ്ങള്‍ അലക്സ്‌ ആശുപത്രിയില്‍ തന്നെയായിരുന്നു. 

ആദ്യ പരിശോധനയില്‍ അലക്സിന്റെ അന്നനാളത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. മെയ്‌ മാസത്തിലാണ് അലക്സിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രണ്ടാം ദിവസം ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മ്മാര്‍ ഒരുങ്ങുമ്പോഴാണ് നെഞ്ചില്‍ അണുബാധയുണ്ടെന്നു കണ്ടെത്തിയത്. അതോടൊപ്പം തൊണ്ടയില്‍ ഒരു ട്യൂമര്‍ കൂടി കണ്ടെത്തിയതോടെ അന്നനാളത്തിലെ ശസ്ത്രക്രിയ മാറ്റി വെച്ചു. പകരം ആഹാരം ഉള്ളില്‍ എത്തിക്കാനും അണുബാധ തടയാനും ട്യൂബ് ഘടിപ്പിച്ചു. 

ജൂണില്‍ അലക്സിന് ബ്ലഡ്‌ ട്രാന്‍സ്ഫ്യൂഷന്‍ നടത്തി ശേഷം അന്നനാളത്തില്‍ ഒരു സ്റെന്റ്റ് ഘടിപ്പിച്ചു. പരിക്ക് കുറയാനും പുതിയ ടിഷ്യൂകള്‍ വളരാനുമായിരുന്നു 8 സെന്റിമീറ്റര്‍ ഉള്ള ഈ സ്റെന്റ്റ് ഘടിപ്പിച്ചത്. എന്നാല്‍ പിന്നെയും അലക്സ്‌ ഗുരുതരാവസ്ഥയിലായി. അണുബാധ വീണ്ടും  കടുത്തതോടെ കൂടുതല്‍ ചികിത്സകള്‍ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ ഇട്ട സ്റെന്റ്റ് നീക്കം ചെയ്തു പുതിയൊരെണ്ണം ഘടിപ്പിച്ചു. ഒരു മാസം കഴിഞ്ഞതോടെ അന്നനാളത്തിലെ മുറിവുകള്‍ കരിഞ്ഞുതുടങ്ങി. 

അപ്പോഴാണ്‌ അടുത്ത പ്രശനം തലപൊക്കിയത്. അലക്സിന്റെ മുത്രസഞ്ചിയില്‍ കടുത്തവീക്കം. എത്രയും വേഗം മുത്രസഞ്ചി നീക്കം ചെയ്യുക എന്നതായിരുന്നു പ്രതിവിധി. അണുബാധ കടുത്തതോടെ ശസ്ത്രക്രിയ ഒക്ടോബറിലേക്കു മാറ്റി. അപ്പോഴേക്കും അലക്സ്‌ ആശുപത്രിയിലായിട്ടു ആറു മാസങ്ങള്‍ പിന്നിട്ടിരുന്നു. അപ്പോഴും അവന്റെ  ആരോഗ്യപ്രശത്തിന്റെ യഥാര്‍ഥ കാരണം ഡോക്ടര്‍മ്മാര്‍ തിരയുകയായിരുന്നു. 

ഒടുവില്‍ നവംബര്‍ മാസത്തില്‍ രോഗം സ്ഥിരീകരിച്ചു. കുട്ടിക്ക് അപൂര്‍വമായ ഇയോസിനോഫിലിക് ഈസോഫാഗൈറ്റിസ്.( Eosinophilic Esophagitis)എന്ന രോഗാവസ്ഥയായിരുന്നു. 

കട്ടിയേറിയ ഭക്ഷണത്തോടുള്ള അലർജിയാണ് ഈ രോഗത്തിന്റെ പ്രധാനപ്രശ്നം. ഏത് ആഹാരമാണ് അലർജിക്കു കാരണമെന്നു കണ്ടെത്തി അതൊഴിവാക്കുകയെന്നതാണ് ഏക പരിഹാരം. രോഗം ബാധിച്ചിരിക്കുന്നവരിൽ ഇയോസിനോഫിൽസ് എന്ന ശ്വേത രക്തകോശങ്ങൾ കൂടിയ അളവിൽ കാണപ്പെടും. ഒരുപക്ഷേ കുഞ്ഞ് ജനിച്ചപ്പോള്‍ മുതല്‍ ഈ അവസ്ഥ ഉണ്ടായിരുന്നിരിക്കാം. ഇത് ഗുരുതരമായത്‌ ഇപ്പോള്‍ മാത്രമാകാമെന്നു ഡോക്ടർമാര്‍ പറയുന്നു. 

അന്നനാളത്തില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകളാണ് ഈ രോഗത്തെ ഗുരുതരമാക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ തവണയും ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നതും ഇതിനെ അപകടകരമായ ഒരവസ്ഥയാക്കുന്നു. 

എന്നാല്‍ അലക്സ്‌ വളരെ ശുഭാപ്തിവിശ്വാസത്തോടെയാണ് പെരുമാറുന്നതെന്ന് അവന്റെ അമ്മ കെസി ഹണ്ടര്‍ പറയുന്നു.106 ദിവസമാണ് അവന്‍ ആശുപത്രിക്കിടക്കയില്‍ കഴിഞ്ഞത്. ചെറുപ്പം മുതലേ ആഹാരം കഴിക്കുമ്പോള്‍ വല്ലാതെ ചുമയ്ക്കുമായിരുന്നുവെന്നും അന്നൊന്നും ഇതിന്റെ ഗൗരവം മനസ്സിലായില്ലെന്നും അവര്‍ പറയുന്നു. 

അന്നനാളം വികസിപ്പിക്കുക അതുവഴി ആഹാരം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കുക, ഡയറ്ററി തെറാപ്പി(dietary therapy) എന്നിവയാണ് പൊതുവേ ഈ രോഗത്തിനുള്ള ചികിത്സകള്‍. ചികിത്സയുടെ ഭാഗമായി  മൂന്നുമില്ലിമീറ്റര്‍ ഉണ്ടായിരുന്ന അലക്സിന്റെ അന്നനാളം ഇരുപതു മില്ലിമീറ്റര്‍ വികസിപ്പിച്ചിരുന്നു. അതിനൊപ്പം അവന്റെ ആഹാരശീലങ്ങളിലും മാറ്റം വരുത്തി. 

കട്ടിയേറിയ ഭക്ഷണത്തോടുള്ള അലർജിയാണ് ഈ രോഗത്തിന്റെ പ്രധാനപ്രശ്നം. തീരെ കട്ടികുറഞ്ഞ ആഹാരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അലക്സിന് കഴിക്കാന്‍ സാധിക്കുന്നത്‌. ചീസ്, പാസ്ത്ത പോലുള്ള ആഹാരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അവന്റെ ഭക്ഷണത്തിലുള്ളത്. 

ബ്രഡ്, ചിപ്സ്, വറുത്തതും പൊരിച്ചതും എല്ലാം തീര്‍ത്തും ഒഴിവാക്കി. അന്നനാളത്തിന് യാതൊരു കേടുപാടുകളും സംഭവിക്കാന്‍ പാടില്ലാത്ത ഭക്ഷണം മാത്രമാണ് ഇന്നവന്‍ കഴിക്കുന്നതെന്നു അമ്മ കെസി പറയുന്നു. മാസത്തില്‍ നാല് വട്ടമെങ്കിലും ഡോക്ടറെ കാണണം. അമ്മയ്ക്കും രണ്ടാനച്ഛനും സഹോദരങ്ങങ്ങള്‍ക്കുമൊപ്പമാണ് അലക്സ്‌ കഴിയുന്നത്‌. 

Read More : ആരോഗ്യവാർത്തകൾ