ഏഴു വയസ്സുകാരിയുടെ ശ്വാസകോശത്തിൽ എൽ ഇ ഡി ബൾബ്

കളിപ്പാട്ടങ്ങളുടെ ലോകത്ത് പാവ, തോക്ക്, കാർ… ഇവയൊക്കെ ഉണ്ടെങ്കിലും ഇന്നത്തെ കുട്ടിക്ക് വേണ്ടത് മൊബൈല്‍ ഫോൺ ആണ്. കളിപ്പാട്ട മൊബൈൽ ഫോണുകൾ ഇന്ന് ഏതു കടയിലും ലഭ്യവുമാണ്. എന്നാൽ കുട്ടി ഇതുകൊണ്ട് കളിക്കുന്നത് എത്രമാത്രം സുരക്ഷിതമാണ്.

രത്നഗിരിയിലെ ഒരു കുട്ടിക്ക് മൊബൈൽ ഫോൺ കളിപ്പാട്ടം വാങ്ങി നൽകുമ്പോൾ അവളുടെ രക്ഷിതാക്കൾ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല ഇത് ഇത്രയും അപകടകരം ആണെന്ന്.

ഏഴുവയസ്സുകാരി കളിക്കിടയിൽ കളിപ്പാട്ട മൊബൈൽ ഫോണിലെ ബൾബ് വിഴുങ്ങി. പനിയും, ചുമയും വിട്ടു മാറാത്തതിനാൽ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് ശ്വാസകോശത്തിൽ എൽ ഇഡി ബൾബ് ഉള്ളതായി കണ്ടത്.

ബായ് ജെറാബായ് വാഡിയ ഹോസ്പിറ്റലിലെ ഡോക്ടർമാർ 2 സെന്റീമീറ്റർ വ്യാസമുള്ള എൽ ഇ ഡി ബൾബ് കുട്ടിയുടെ ശ്വാസകോശത്തിൽ നിന്നും നീക്കം ചെയ്തു. ബൾബ് വിഴുങ്ങി ഒരാഴ്ചയ്ക്കു ശേഷം ബ്രോങ്കോസ്കോപ്പിയിലൂടെയാണ് ഇത് കണ്ടെത്തിയത്.

വാഡിയ ഹോസ്പിറ്റലിലെ ഇഎൻടി വിഭാഗം ഡോക്ടറായ ദിവ്യ പ്രഭാത് ആണ് എക്സ്റേ റിപ്പോർട്ടിൽ കുട്ടിയുടെ വലതു ശ്വാസകോശത്തിൽ എന്തോ വസ്തു ഉണ്ടെന്നു കണ്ടത്. ഉടൻ അണുബാധ തടയാൻ കുട്ടിക്ക് ആന്റിബയോട്ടിക്കുകൾ നൽകി.

തുടർന്ന് രണ്ടു ദിവസം ആന്റിബയോട്ടിക്കുകളും സ്റ്റിറോയ്ഡുകളും ഉൾപ്പെടെയുള്ള മരുന്നുകൾ നൽകി. മൂന്നാം ദിവസം ശ്വാസകോശം വ്യക്തമായി കാണാറായപ്പോൾ ബ്രോങ്കോസ്കോപ്പി നടത്തി. 

രത്നഗിരിയിലെ അരിബാഖാൻ എന്ന കുട്ടിയാണ് കളിക്കുന്നതിനിടയിൽ കളിപ്പാട്ടത്തിലെ ബൾബ് വിഴുങ്ങിയത്.

കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ രക്ഷിതാക്കൾ വളരെയധികം ശ്രദ്ധിക്കണം. ചെറിയ കുട്ടികളാകുമ്പോൾ അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഏഴു വയസ്സുകാരിയുടെ ഈ സംഭവം വളരെ ഗൗരവമേറിയതാണ്. കൊച്ചു കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങി നൽകുമ്പോൾ അവ വായിലിടാതെ രക്ഷിതാക്കൾ ശ്രദ്ധിക്കണം.