കരിയറും ജീവിതവും ഒന്നായ നിമിഷം; സ്വന്തം കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത അമ്മ

ഒരു മിഡ് വൈഫ്‌ ആയി ജോലി ചെയ്തിരുന്ന എമിലി ഡയലിന് താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം ഒരേയൊരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദിവസവും നിരവധി പ്രസവങ്ങള്‍ കാണുന്ന തനിക്ക് സ്വന്തം കുഞ്ഞിനെ കൈകൊണ്ട് ആദ്യം എടുക്കണം. ആ നിമിഷം ക്യാമറയില്‍ പകര്‍ത്താന്‍ സുഹൃത്തും ഫോട്ടോഗ്രഫറുമായ സാറയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നാളുകളും മാസങ്ങളും കടന്നു പോയി. എമിലിയുടെ പ്രസവദിവസം എത്തി. കുഞ്ഞിനെ കയ്യില്‍ വാങ്ങുമ്പോള്‍ മാത്രം കുഞ്ഞിന്റെ ലിംഗം അറിഞ്ഞാല്‍ മതിയെന്ന് ആദ്യംതന്നെ എമിലി തീരുമാനിച്ചിരുന്നു. കെന്റക്കിയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. 

അതൊരു വല്ലാത്ത അനുഭവം ആയിരുന്നെന്ന് എമിലി പറയുന്നു. എത്രയോ പ്രസവങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എങ്കിലും സ്വന്തം കുഞ്ഞിനെ ആദ്യമായി തൊടുന്ന നിമിഷം ഒരിക്കലും മറക്കാന്‍ സാധിക്കില്ല. വയറിന്റെ ഭാഗം മാത്രമായിരുന്നു എമിലിയുടെ മരവിപ്പിച്ചിരുന്നത്. അതുകൊണ്ട് എമിലി തന്നെയാണ് കുഞ്ഞിനെ ആദ്യമായി തൊട്ടത്. കുഞ്ഞിനെ പുറത്തേക്ക് എടുത്തതും എമിലി തന്നെ. 

എമിലിയുടെയും ഭര്‍ത്താവ് ദാനിയലിന്റെയും രണ്ടാമത്തെ കുഞ്ഞാണ് എമ്മ. ആദ്യത്തെ കുഞ്ഞു ജനിച്ചപ്പോള്‍ തന്നെ മരിച്ചു പോയിരുന്നു. സിസേറിയന്‍ മതിയെന്ന തീരുമാനവും എമിലിയുടേതായിരുന്നു. തന്റെ കരിയറും ജീവിതവും ഒത്തുചേര്‍ന്ന നിമിഷം എന്നാണ് കുഞ്ഞിന്റെ ജനനത്തെ കുറിച്ചു എമിലി പറഞ്ഞത്.

Read More : ആരോഗ്യവാർത്തകൾ