മുന്തിരി കഴിച്ച അഞ്ചു വയസ്സുകാരനു സംഭവിച്ചത്; മാതാപിതാക്കൾ ശ്രദ്ധിക്കുക

Representative Image

കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുമ്പോൾ അമ്മമാർ അതീവ ജാഗ്രത പാലിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്താനാണ് ബ്രിസ്ബെൻ സ്വദേശിയായ എയ്ഞ്ചല ഹെൻഡേഴ്സൺ സോഷ്യൽ മീഡിയയിൽ സ്വന്തം കുഞ്ഞിന്റെ എക്സ്റേ പോസ്റ്റ് ചെയ്തത്. ഒപ്പം ഒരു കുറിപ്പും 'ആ എക്സ്‌റെയില്‍ നിങ്ങള്‍  ഒരു ചെറിയ വസ്തു കാണുന്നുണ്ടോ, എങ്കില്‍ അതൊരു മുന്തിരിയാണ്‌. കുഞ്ഞുങ്ങള്‍ക്ക്‌ ആഹാരസാധനങ്ങള്‍ നല്‍കുമ്പോള്‍ എത്രത്തോളം ശ്രദ്ധിക്കണം എന്ന് ഓര്‍ക്കുക'.  ഇതായിരുന്നു എയ്ഞ്ചലയുടെ കുറിപ്പിന്റെ ഉള്ളടക്കം.

രണ്ടു കുഞ്ഞുങ്ങളുടെ അമ്മയും ബ്ലോഗറും മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുമായ എയ്ഞ്ചല എല്ലാ രക്ഷിതാക്കള്‍ക്കും ഒരു മുന്നറിയിപ്പ് നല്‍കാനാണ് ഈ ചിത്രം പങ്കുവെച്ചത്. ഭാഗ്യംകൊണ്ടുമാത്രം ചിത്രത്തിലെ കുഞ്ഞുൃ് ഇന്ന് ജീവനോടെ ഉണ്ടെന്നും അവർ പറയുന്നു. 

ഒരു മുന്തിരി കഴിച്ചതിനെത്തുടർന്ന് അഞ്ചു വയസ്സ് പ്രായമുള്ള അവന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നു. അതുകൊണ്ടുമാത്രം കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ശ്വാസനാളം പൂര്‍ണമായി അടയാതിരുന്നതുകൊണ്ടു മാത്രമാണ് കുഞ്ഞ് രക്ഷപ്പെട്ടതെന്ന് എയ്ഞ്ചല  ഓര്‍മിപ്പിക്കുന്നു.

കുഞ്ഞുങ്ങള്‍ക്ക്‌ ആഹാരം നല്‍കുമ്പോള്‍ മാതാപിതാക്കള്‍ എത്രത്തോളം ജാഗരൂകരായിരിക്കണം എന്നതിന്റെ ഉദാഹരണം ആണിത്. ഏഴ് വയസ്സിനിടയില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കുമ്പോള്‍ അവര്‍ ചുമയ്ക്കാന്‍ സാധ്യത കൂടുതലാണ്. പലപ്പോഴും മാതാപിതാക്കള്‍ അവരെ സ്കൂളിലോ കളിക്കാനോ വിടുമ്പോള്‍ ആഹാരം നിര്‍ബന്ധിപ്പിച്ചു കഴിപ്പിക്കാറുണ്ട്. ഇത് വലിയ അപകടം ആണെന്ന് എയ്ഞ്ചല പറയുന്നു. 

മുന്തിരി, നെല്ലിക്ക പോലെയുള്ള വസ്തുക്കള്‍ കുഞ്ഞുങ്ങൾക്ക് കഴിക്കാന്‍ നല്‍കുമ്പോള്‍ മുറിക്കാതെ നല്‍കരുത്. കഴിക്കുമ്പോള്‍ അറിയാതെ ചുമച്ചാല്‍ അത് അവരുടെ ശ്വാസനാളത്തില്‍ കയറും. കുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള മരണനിരക്കില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന വില്ലനാണ് മുന്തിരി എന്ന് മറക്കേണ്ട. എയ്ഞ്ചലിന്റെ പോസ്റ്റ്‌ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നിരവധി ആളുകള്‍ ഇത് സംബന്ധിച്ചു തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരുന്നു. രക്ഷിതാക്കള്‍ ഇത് ഒരു മുന്‍കരുതലായി കാണുക തന്നെ വേണം.

Read More : Health Tips