ഈ യുവതിയുടെ ആഹാരം ചോറും പച്ചക്കറികളും മാത്രം; മറ്റെന്തു കഴിച്ചാലും ജീവന്‍ നഷ്ടമാകും

കഴിക്കാൻ സാധിക്കുന്നത് ചോറും പച്ചക്കറികളും മാത്രം. വേറേ എന്തു കഴിച്ചാലും ജീവൻ നഷ്ടമാകുന്ന അവസ്ഥ. ഇതുകാരണം എന്തു ഭക്ഷണം മുന്നിൽ വന്നാലും 'നോ' പറഞ്ഞ മതിയാകൂ 25കാരിയായ സോഫിയ്ക്ക്.

150,000 ത്തില്‍ ഒരാള്‍ക്ക്‌ മാത്രം വരുന്നൊരു രോഗമാണ് ഇവിടെ വില്ലൻ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരവസ്ഥ. വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിൻഡ്രോം. ഒട്ടുമിക്ക ആഹാരസാധനങ്ങളോടും ഉള്ള അലര്‍ജിയാണ് സോഫിയുടെ പ്രശ്നം. അലർജി അധികമായാൽ ജീവന്‍ വരെ നഷ്ടമാകാം. 

മറ്റേത് ആഹാരം കഴിച്ചാലും ഉടൻ അലർജി പ്രശ്നങ്ങൾ (Anaphylactic shock) സംഭവിക്കുകയും ചൊറിച്ചിലും അസ്വസ്ഥതകളും ആരംഭിക്കുകയും ചെയ്യും. ദേഹം തടിച്ചു വീര്‍ക്കുക, ചുണ്ടുകള്‍ ചുവന്നു വീര്‍ക്കുക, ദേഹമാസകലം ചൊറിയുക എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ആകെ കഴിക്കാനാകുന്ന ആഹാരങ്ങള്‍ ചോറും പച്ചക്കറികളും മാത്രമാണ്.

ലണ്ടനില്‍ ഡിസൈനറായി ജോലി ചെയ്യുന്ന സോഫിക്ക് ഇറച്ചി, മീന്‍, യീസ്റ്റ് ചേര്‍ന്ന ആഹാരം എന്നിവയൊന്നും ഒരിക്കല്‍ പോലും കഴിക്കാന്‍ സാധിക്കില്ല. ഇടിമിന്നല്‍, സൂര്യപ്രകാശം ഏല്‍ക്കുക തുടങ്ങി പ്രകൃതിയിലെ ചില മാറ്റങ്ങള്‍ വരെ സോഫിയുടെ ആരോഗ്യത്തെ ബാധിക്കും. 

ആദ്യമാദ്യം എന്തായിരുന്നു തന്റെ പ്രശ്നമെന്ന് സോഫിക്ക് അറിയില്ലായിരുന്നു. ഒരുദിവസം ഏഴു വട്ടം വരെ ഇതുപോലെ അലര്‍ജി ബാധിച്ചു കിടപ്പിലായിട്ടുണ്ടെന്ന് സോഫി പറയുന്നു. ഇപ്പോള്‍ ദിവസവും അറുപതു ഗുളികകള്‍ വരെ കഴിക്കേണ്ട അവസ്ഥയാണ്.

2014 വരെ വളരെ ആരോഗ്യവതിയായിരുന്നു സോഫി. കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോയി ആഹാരം കഴിക്കുകയും വ്യായാമം ചെയ്യുകയുമെല്ലാം ചെയ്യുന്ന മിടുക്കി‍. പെട്ടെന്നാണ് സോഫിയുടെ ആരോഗ്യം ഇങ്ങനെയായത്. കണക്റീവ് ടിഷ്യൂ ഡിസോർഡര്‍ ആയ  EDS എന്ന അവസ്ഥയും ഹൃദയത്തെ ബാധിക്കുന്ന POTTS എന്ന അവസ്ഥയുമാകാം ഇതിനു കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശരീരത്തിലെ രക്തധമനികൾ പുറത്തുനിന്നുള്ള വസ്തുക്കളെ പ്രതിരോധിക്കാന്‍ ഉണ്ടാക്കുന്ന കെമിക്കല്‍ റിയാക്ഷനുകള്‍ ആണ് സോഫിയുടെ രോഗത്തിന്റെ കാരണം. ഇതിനു പ്രതിവിധികള്‍ ഇല്ലെങ്കിലും രോഗം സങ്കീര്‍ണമാകാതെ നോക്കുക എന്നതാണ് ചെയ്യാന്‍ സാധിക്കുക‌.

Read More : Health News