ആളുകള്‍ കരുതി പൂര്‍ണഗര്‍ഭിണിയാണെന്ന്; പക്ഷേ പരിശോധനയില്‍ കണ്ടത്?

കെയ്‌ല റാന്‍ എന്ന സ്ത്രീയ്ക്ക് എന്നും വിട്ടുമാറാത്ത അസുഖങ്ങളായിരുന്നു കൂട്ട്. ശ്വാസമെടുക്കാനും സംസാരിക്കാനും വരെ ബുദ്ധിമുട്ട്. കൂടാതെ വയറ്റില്‍ കടുത്ത വേദനയും. 

അമിതവണ്ണമുള്ള കെയ‌്‌ലയുടെ ഈ അസ്വസ്ഥതകളുടെ കാരണം അവരുടെ അമിതവണ്ണം ആയിരിക്കാം എന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാൽ ഭാരം കുറയ്ക്കാന്‍ കഠിനപരിശ്രമം നടത്തിയിട്ടും ഒരിഞ്ചു പോലും വണ്ണം കുറയാത്ത അവസ്ഥയായിരുന്നു.  കെയ്‌ലയെ കണ്ടാല്‍ ഗര്‍ഭിണിയാണോ എന്നു വരെ ആളുകള്‍ സംശയിക്കുന്ന അവസ്ഥ. വയര്‍ അത്രത്തോളം വീര്‍ത്തു നിന്നിരുന്നു. 

എന്നാല്‍ അടുത്തിടെ നടത്തിയ ഒരു പരിശോധനയിലാണ് 30 കാരിയായ കെയ്‌ലയുടെ വയറ്റില്‍ ഒരു തണ്ണിമത്തനോളം വലിപ്പത്തില്‍ ഒരു മുഴയുള്ളതായി കണ്ടെത്തിയത്. ഇത് കണ്ടെത്തുമ്പോഴേക്കും മുഴ മറ്റ് അവയവങ്ങളെക്കൂടി ഞെരുക്കുന്ന അവസ്ഥയായിരുന്നു. 

ഏകദേശം 22  കിലോയോളം ഭാരമുള്ള മുഴയാണ് കഴിഞ്ഞ മെയില്‍ ഡോക്ടര്‍മാര്‍ വയറ്റില്‍ നിന്നും നീക്കം ചെയ്തത്. ഇത്രയും വലിയൊരു മുഴ ഇതുവരെ നീക്കം ചെയ്തിട്ടില്ല എന്നാണ് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. Mucinous cystadenoma എന്നതരം ട്യൂമറായിരുന്നു കെയ‌്‌ലയ്ക്ക്. 

ഈ മുഴ നീക്കം ചെയ്തതോടെ ഇവരുടെ ശരീരത്തില്‍ നിന്നും കുറഞ്ഞത്‌ 34 കിലോയാണ്. കെയ്‌ലയുടെ ഗര്‍ഭപാത്രത്തിലായിരുന്നു ഈ മുഴ. ഒന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇത് നീക്കം ചെയ്തത്. 

Read More : Health News