Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണും ചർമവും നൽകുന്ന ഈ രോഗലക്ഷണങ്ങൾ അവഗണിക്കരുതേ...

disease-symptoms

പല രോഗങ്ങളും വരുന്നതിനു മുൻപ് ശരീരം ചില സൂചനകൾ തരും. ‘ഓ ഒന്നു സൂക്ഷിച്ചോണേ..... ചില പ്രശ്നങ്ങൾ കാണുന്നുണ്ട്’ എന്നെല്ലാം ശരീരം പറയും. കണ്ണിലൂടെയും ചർമത്തിലൂടെയുമെല്ലാമാണ് ശരീരം സംസാരിക്കുന്നത് എന്നു മാത്രം. എത്ര തിരക്കുകൾ ഉണ്ടെങ്കിലും സ്വന്തം ശരീരം അങ്ങനെ വല്ല സൂചനകളും നൽകുന്നുണ്ടോ എന്നറിയാൻ വല്ലപ്പോഴുമെങ്കിലും കണ്ണും ചർമവുമെല്ലാം ഒന്നു നോക്കുന്നത് നല്ലതാണ്. ചില പാടുകളും നിറവ്യത്യാസവുമെല്ലാം ചിലപ്പോൾ രോഗലക്ഷണങ്ങൾ ആകാം. അങ്ങനെ വന്നാൽ എത്രയും വേഗം വൈദ്യസഹായം േതടണം. നേരത്തെ കണ്ടെത്തിയാൽ ഏതു രോഗവും മാറ്റാൻ സാധിക്കും എന്നത് ഓർക്കുക. 

കണ്ണിലെ ചുവപ്പ്, മുടി കൊഴിയുന്നത്, ചർമത്തിലെ തടിപ്പുകൾ ഇവയെല്ലാം അനാരോഗ്യത്തിന്റെ ലക്ഷണങ്ങളാകാം. ഹൃദ്രോഗം, വ‍‍ൃക്കത്തകരാറുകൾ മുതലായവയുടെ ലക്ഷണങ്ങൾ ആദ്യം പ്രകടമാകുന്നത് പലപ്പോഴും കണ്ണുകളിൽ ആയിരിക്കും. ഡോക്ടർമാർ കണ്ണ് പരിശോധിക്കുന്നതു ശ്രദ്ധിച്ചിട്ടില്ലേ. പല രോഗങ്ങളും കണ്ണിൽ നോക്കിയാൽ അറിയാം എന്നതു കൊണ്ടാണിത്. 

കണ്ണിലെ നേത്രപടലത്തിനു ചുറ്റും കാണുന്ന വെളുത്ത വളയങ്ങൾ ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണമാണ്. കണ്ണുകളുടെ പിടച്ചില്‍, ഫോണും ലാപ്ടോപ്പുമെല്ലാം ഉപയോഗിക്കുന്നതു മൂലമാകാം. എന്നാൽ ഇത് നീണ്ടു നിൽക്കുകയാണെങ്കിൽ നാഡീസംബന്ധമായ പ്രശ്നങ്ങൾ ആകാം കാരണം. 

കണ്ണുകളിലെ ചുവപ്പ് പ്രമേഹത്തിന്റെ സൂചനയാകാം. ഉറക്കം കുറഞ്ഞാലും ക്ഷീണം കൊണ്ടും കണ്ണ് ചുവക്കാം. എന്നാൽ ഇരുണ്ട ചുവപ്പ് നിറം കണ്ണിൽ കണ്ടാൽ അത് രക്തക്കുഴലുകൾ വീങ്ങിയതാകാം. ഡയബറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണമാകാം ഇത്. ജീവകം എയുടെ അഭാവമാണ് നിശാന്ധതയ്ക്കു കാരണം. കണ്ണുകൾക്കുണ്ടാവുന്ന വരൾച്ച ചിലപ്പോൾ തൈറോയ്ഡ് രോഗത്തിന്റെയോ മറ്റ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളായ ല്യൂവസ്,  സന്ധിവാതം മുതലായവയുടെയോ പ്രാരംഭ ലക്ഷണങ്ങൾ ആവാം. കണ്ണുകൾക്ക് ഉണ്ടാവുന്ന വേദന ട്യൂമർ, അണുബാധ, എന്തിനേറെ മൾട്ടിപ്പിൾ സ്ക്ലീറോസിസിന്റെ വരെ ലക്ഷണ മാകാം. കണ്ണിന്റെ വേദനയെ അവഗണിക്കരുത്. 

ശരീരം രോഗത്തെക്കുറിച്ചുള്ള ചില സൂചനകൾ നൽകുന്നത് ചിലപ്പോൾ ചർമത്തിലൂടെ ആയിരിക്കും. പ്രായമാകുമ്പോൾ ചർമത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടും. എന്നാൽ അതിലും വളരെ മുൻപേ തന്നെ, ആർത്തവവിരാമം, എത്തുന്നതിനു പോലും മുൻപേ ചർമത്തിൽ ചുളിവുകൾ വന്നാലോ? അത് ഓസ്റ്റിയോപൊറോസിസിന്റെ ലക്ഷണമാകാം. സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത സ്ഥലങ്ങളിൽ ഉണ്ടാവുന്ന ചുളിവുകൾ ഉയർന്ന രക്തസമ്മര്‍ദം മൂലമാകാം. ഹൃദയസംബന്ധമായ രോഗങ്ങൾ മൂലവും ഇങ്ങനെ സംഭവിക്കാം. ഈ ചുളിവുകളും മുഖത്തെ തടിപ്പുകളും പാടുകളും എല്ലാം സൂചിപ്പിക്കുന്നത് നിങ്ങൾ സമ്മർദം അനുഭവിക്കുന്നു എന്നാണ്. നഖത്തിലുണ്ടാകുന്ന പൊട്ടലുകൾ ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നില്ല എന്നതിന്റെ തെളിവാണ്. നഖങ്ങൾക്കുണ്ടാകുന്ന വിളർച്ചയും നിറമാറ്റവും വൃക്കയ്ക്കോ കരളിനോ പ്രശ്നങ്ങൾ ഉണ്ട് എന്നതിന്റെ സൂചനയാണ്. 

ഡീഹൈഡ്രേഷൻ മൂലമാകാം ചുണ്ടുകൾ വരളുന്നത്. ചിലപ്പോൾ റൈബോഫ്ലേവിന്റെ അഭാവം മൂലവും ചുണ്ടുകൾക്ക് വരൾച്ച ഉണ്ടാകാം. ശരീരത്തിലെ അമിതമായ രോമവളർച്ച ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ കൂടുതൽ ഉൽപ്പാദിപ്പിക്കുന്നതു കൊണ്ടാകാം. പോളിസിസ്റ്റിക് ഓവറി സിൻഡ്രോ (PCOS) മും അമിത രോമവളർച്ചയ്ക്ക് കാരണമാകാം. 

ഭക്ഷണത്തിലെ പോഷകങ്ങളുടെ അഭാവം മുടികൊഴിച്ചിലിനു കാരണമാകും. ഇരുമ്പിന്റെ അഭാവവും മുടികൊഴിച്ചിൽ നൽകുന്ന സൂചനയാണ്. പുരികത്തിലെ രോമം കൊഴിയുന്നത് ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ലക്ഷണമാവാം. 

രോഗം വന്നിട്ട് ചികിത്സ തേടുന്നതിലും നല്ലത് രോഗം വരാതെ നോക്കുന്നതാണ്. ചിട്ടയായ ജീവിതരീതിയും ഭക്ഷണക്രമവും എല്ലാം ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്തും. 

Read More : Health News