‘നന്ദി’ പറയാൻ ഒട്ടും മടിക്കേണ്ട

നാവികസേന ഗർഭിണിയെ രക്ഷിച്ച വീടിനു മുകളിൽ നന്ദി എന്ന് എഴുതിയ നിലയിൽ. ചിത്രം: എഎൻഐ ട്വിറ്റർ

പ്രളയദുരന്തത്തിനിടയിലും  മനസിന് ആശ്വസം പകരുന്ന ചില ചിത്രങ്ങളും വാര്‍ത്തകളും നമ്മൾ കാണുകയുണ്ടായി. അതിലൊന്നായിരുന്നു ഒരു വീടിന്റെ ടെറസിൽ എഴുതിയ ‘Thanks’ എന്ന വാക്ക്. ദൈവത്തിനും തങ്ങളുടെ ജീവൻ രക്ഷിച്ച സേനാംഗങ്ങൾക്കും സമർപ്പിച്ച ആ ‘നന്ദി’ എല്ലാവരുടെയും ഹൃദയത്തിലിടം നേടി. ഓസ്റ്റിനിലെ ടെക്സാസ് സര്‍വകലാശാലയിലെ ഇന്ത്യൻ വംശജൻ ഉൾപ്പെട്ട ഗവേഷക സംഘം പറയുന്നതും നന്ദി എന്ന കൊച്ചു വാക്കിന്റെ ആരോഗ്യവശമാണ്. നന്ദി പ്രകടിപ്പിക്കുന്നത് അത് എഴുതുന്ന ആൾക്കു മാത്രമല്ല സ്വീകരിക്കുന്ന  ആൾക്കും സന്തോഷം നൽകുമത്രേ.

‘‘ഏതാനും മിനിറ്റുകൾ മാത്രമേ ‘നന്ദി’ എഴുതാൻ വേണ്ടൂ’ ചെലവും കുറവാണ്. അതിന്റെ ഗുണഫലങ്ങളോ ആളുകൾ പ്രതികരക്കുന്നതിലും എത്രയോ അധികമാണ്’’. ഗവേഷകനായ അമിത് കുമാർ പറയുന്നു. തങ്ങൾക്കു വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്തവർക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള കത്തെഴുതാനും സ്വീകര്‍ത്താവിന്റെ പ്രതികരണം എന്തായിരിക്കുമെന്നു കരുതാനും പഠനത്തിൽ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു.

തങ്ങളുടെ അഭിപ്രായ പ്രകടനം സ്വീകർത്താവിന് എങ്ങനെ അനുഭവപ്പെടും എന്ന കാര്യത്തിൽ നന്ദി പ്രകടിപ്പിച്ചവർക്ക് ആശങ്കയുണ്ടായിരുന്നു എന്നാൽ നന്ദി പറഞ്ഞവർക്കും നന്ദിവാക്ക് ലഭിച്ചവർക്കും സൗഖ്യം ലഭിച്ചതായി പഠനത്തിൽ കണ്ടു. എന്തു പറയുമെന്നുള്ള ഉത്കണ്ഠയും തങ്ങളുടെ ശരീരഭാഷ തെറ്റിദ്ധരിക്കപ്പെടുമോ എന്ന ഭയവുമാണ് പലരെയും നന്ദി പ്രകടിപ്പിക്കുന്നതിൽ നിന്നും അകറ്റുന്നത്.

നന്ദിവാക്കുകള്‍ എല്ലായ്പ്പോഴും പറയണമെന്നും അത് എഴുതി ഇടയ്ക്കിടെ അയക്കുകയും ചെയ്യണമെന്ന് ഗവേഷകർ പറയുന്നു. സൈക്കോളജിക്കൽ സയൻസ് ജേണലിലാണ് നന്ദി വാക്കിന്റെ ശക്തി സൂചിപ്പിക്കുന്ന ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെറിയ കാര്യങ്ങൾക്കും ഇനി നന്ദി പറയുന്നത് ശീലമാക്കിക്കൊള്ളൂ. സന്തോഷവും മാനസികാരോഗ്യവും ആയിരിക്കും അതുവഴി നിങ്ങൾക്ക് കിട്ടുന്നത്.

Read More : Health News