ഡെങ്കിപ്പനി എന്തുകൊണ്ട് അപകടകാരിയാകുന്നു?

പ്രളയാനന്തരകാലത്തും മഴക്കാലത്തും ഡെങ്കിപ്പനി പടര്‍ന്നു പിടിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാല്‍  അവയെ പ്രതിരോധിക്കാനും ആരംഭത്തിലേ  തിരിച്ചറിയാനും എല്ലാവരും ജാഗ്രത പാലിക്കണം. പകര്‍ച്ചപ്പനികളില്‍ വളരെ മാരകമായേക്കാവുന്നതാണ് ഡെങ്കിപ്പനി. അൽപം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ പ്രതിരോധിക്കാവുന്നതും ആരംഭത്തില്‍തന്നെ ചികിത്സ നേടിയാല്‍ മരണം ഒഴിവാക്കാവുന്നതുമാണ് ഈ രോഗം.

ഡെങ്കിപ്പനി എന്തുകൊണ്ട് ? 

ആര്‍ബോ വൈറസ് വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കളാണ് രോഗം ഉണ്ടാക്കുന്നത്. അവ മനുഷ്യന്‍റെ ശരീരത്തില്‍ പ്രവേശിക്കുന്നതാവട്ടെ ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന, രോഗാണുവാഹകരായ കൊതുകുകള്‍ കടിക്കുമ്പോഴാണ്.  ഈ കൊതുകുകള്‍ പകല്‍ സമയങ്ങളിലാണ് മനുഷ്യനെ കടിക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 2-7 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

വിറയലോടുകൂടിയ പനി

ശക്തമായ തലവേദന

ശക്തമായ പേശി- സന്ധിവേദന

കണ്ണിനു പുറകില്‍ വേദന, പ്രത്യേകിച്ച് കണ്ണ് അനങ്ങുമ്പോള്‍, 

അതിയായ ക്ഷീണം

വിശപ്പില്ലായ്മ, ഛര്‍ദ്ദി, വയറു വേദന

ലക്ഷണങ്ങള്‍ക്കനുസരിച്ചും രോഗത്തിന്‍റെ തീവ്രതയ്ക്കനുസരിച്ചും ഡെങ്കിപ്പനി മൂന്നു തരത്തിലുണ്ട്.

1. സാധാരണ ഡെങ്കിപ്പനി

സാധാരണ വൈറല്‍പനിയുടെ സമാനലക്ഷങ്ങളായ മുകളി ല്‍സൂചിപ്പിച്ചവയോടൊപ്പം ശരീരത്തില്‍ ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും. ചികിത്സയും വിശ്രമവും കൊണ്ട് ഈ പനി മിക്കവരിലും ഭേദമാകുന്നു.

2. ഡെങ്കു ഹെമറാജിക് ഫീവര്‍   

ചിലരില്‍ മുകളില്‍ സൂചിപ്പിച്ചിട്ടുള്ള ലക്ഷങ്ങള്‍ കൂടാതെ മൂക്കില്‍നിന്നോ മോണയില്‍ നിന്നോ മലത്തില്‍ക്കൂടിയോ രക്തസ്രാവം ഉണ്ടാകുന്നു. ചിലപ്പോള്‍ രക്തം ഛര്‍ദ്ദിക്കുന്നു. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം രക്തത്തില്‍ കുറയുന്നതാണ് കാരണം. വൃക്ക, കരള്‍ എന്നിവയുടെ പ്രവര്‍ത്തനവും തകരാറിലാകാം. മരണം സംഭവിക്കാം.

3. ഡെങ്കി ഷോക്ക്സിന്‍ഡ്രോം 

രക്തസമ്മര്‍ദം കുറഞ്ഞ രോഗി ഷോക്കിലേക്കു പോകുകയും പലപ്പോഴും മരണം സംഭവിക്കുകയും ചെയ്യുന്നു. രക്തപരിശോധനയിലൂടെ രോഗനിര്‍ണയം സാധ്യമാകും

ചികിത്സ

രോഗാണുക്കളായ വൈറസിനെ നശിപ്പിക്കുവാനുള്ള മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍ ലക്ഷണങ്ങള്‍ക്കനുസരിച്ചും ശരീരരക്ഷയ്ക്ക് ആവശ്യമായതും ആയ ചികിത്സയാണു നല്‍കാറുള്ളത്. പ്ലേറ്റ്‌ലെറ്റ് കുറവ് ക്രമാതീതമാകുമ്പോള്‍ അവ നല്‍കേണ്ടിവരും. പലപ്പോഴും വിദഗ്ധ ചികിത്സ വേണ്ടിവരും.

പ്രതിരോധം

പ്രതിരോധത്തിനു മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. കൊതുകുകടി ഏല്‍ക്കാതിരിക്കുക എന്നതുതന്നെയാണ് പ്രതിരോധം.

കൊതുകുകളുടെ എണ്ണം പെരുകുന്നതു തടയുക. അവയുടെ ആവാസ സ്ഥലങ്ങള്‍ ഇല്ലാതാക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കീടനാശിനികള്‍ സ്പ്രേ ചെയ്യുക. 

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകുവലകളോ മോസ്ക്കിറ്റോ ബാറ്റുകളോ ഉപയോഗിക്കുക.

ഡെങ്കിപ്പനി എന്തുകൊണ്ട് അപകടകാരിയാകുന്നു? 

വിശ്രമവും ചികിത്സയും കൊണ്ട് സാധാരണ ഡെങ്കിപ്പനി ഭേദമാകും. പക്ഷേ പലപ്പോഴും രോഗം സങ്കീര്‍ണ്ണമാകുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.

കാരണങ്ങള്‍

∙ രോഗനിര്‍ണയം വൈകുന്നത്

ഡെങ്കിയുടെ ആരംഭത്തില്‍ വൈറല്‍  പനിയുടെ അതേ ലക്ഷങ്ങള്‍ ഉള്ളതുകൊണ്ട് വൈറല്‍ പനി ആയിരിക്കാം എന്നു കരുതി ചികിത്സ വൈകിപ്പിക്കുന്നത്.

∙ പൂര്‍ണ്ണ വിശ്രമം ഇല്ലാതെ പോകുന്നത്

ഏതുപനിയായാലും വിശ്രമം ആവശ്യമാണ്.

∙ സ്വയം ചികിത്സ ചെയ്യുന്നത്

പലപ്പോഴും ഇത് രോഗനിര്‍ണ്ണയം വൈകിപ്പിക്കുന്നു. അപകടം വരുത്തിവെയ്ക്കുന്നു

കുഞ്ഞുകുട്ടികളിലും പ്രായമായവരിലും പ്രമേഹം പോലുള്ള മറ്റു രോഗങ്ങള്‍ ഉള്ളവരിലും രോഗപ്രതിരോധശക്തി കുറവായതിനാല്‍ ഡെങ്കിപ്പനി അപകടകാരിയാകാം.

∙ തീവ്ര പരിചരണവും വിദഗ്ധ ചികിത്സയും വൈകുന്നത്

ഡെങ്കുഹെമറാജിക് ഫീവറും ഷോക്ക്സിന്‍ഡ്രോവും ഡെങ്കിപ്പനിയുടെ അപകടകരമായ രൂപങ്ങളാണെന്നതിനാല്‍ അവയുടെ ആരംഭത്തില്‍ത്തന്നെ വിദഗ്ധചികിത്സ ആവശ്യമാണ്. അത് വൈകുന്നത് അപകടം ഉണ്ടാക്കുന്നു.

ഡെങ്കിപ്പനി രണ്ടാമതും ഉണ്ടാകുന്നത് 

ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും ഡെങ്കിപ്പനിയുണ്ടാകുമ്പോള്‍ രോഗം അപകടകാരിയായി മാറാം. കാരണം ഡെങ്കു വൈറസിന് നാലു സിറോടൈപ്സ് ഉണ്ട്. നാലും മനുഷ്യനില്‍ രോഗമുണ്ടാക്കുന്നു. ആദ്യം പനി വന്നപ്പോള്‍ രോഗകാരണമായ സിറോടൈപ്പിനു ശരീരം പ്രതിരോധശക്തി ആര്‍ജിക്കുന്നു. വീണ്ടും മറ്റൊരു ഡിറോടൈപ് വൈറസ് ആണ് രോഗകാരണമാകുന്നതെങ്കില്‍ ശരീരത്തില്‍ ഉണ്ടാകുന്ന പ്രതിപ്രവര്‍ത്തനം അപകടകരമാകുന്നു. ഒന്നില്‍ കൂടുതല്‍ സിറോടൈപ്സ് അണുബാധ ഒരുമിച്ച് ഉണ്ടാകുമ്പോഴും ഇത് സംഭവിക്കാം.

(മെഡിക്കല്‍ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവര്‍ത്തകനുമാണ് ലേഖകന്‍)

Read More : Health News