ആലപ്പുഴയിൽ പകർച്ചവ്യാധി പ്രതിരോധ ഗവേഷണകേന്ദ്രം

ആലപ്പുഴയിൽ പകർച്ചവ്യാധി പ്രതിരോധ ഗവേഷണകേന്ദ്രം ആരംഭിക്കണമെന്ന്, കുട്ടനാടിനെ കരകയറ്റാൻ ‘മനോരമ’ സംഘടിപ്പിച്ച ‘കര തേടി കുട്ടനാട്’ ആശയക്കൂട്ടത്തിൽ നിർദേശം വന്നു. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ചേർത്തലയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, മെഡിക്കൽ കോളജിലെ പകർച്ചവ്യാധി പ്രതിരോധ സെൽ, മൈക്രോ ബയോളജി വിഭാഗം എന്നിവയുടെയെല്ലാം കൂട്ടായ്മയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ഗവേഷണ കേന്ദ്രം ആരംഭിക്കാം. ഇതു രോഗങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠന പ്രവർത്തനങ്ങളും പ്രതിരോധ മാർഗങ്ങളും വികസിപ്പിക്കാൻ സഹായകരമാകും. 

കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ പകർച്ചവ്യാധികളും കണ്ടെത്തിയ സ്ഥലമായ കുട്ടനാട്ടിൽ ആരോഗ്യ മേഖലയിൽ നിതാന്ത ജാഗ്രത വേണം. ഇതിനു നിർദിഷ്ട ഗവേഷണ കേന്ദ്രം ഏറെ സഹായകരമാകും. ഇത്തവണ കുട്ടനാട്ടിൽ രണ്ടു വെള്ളപ്പൊക്കമുണ്ടായെങ്കിലും അതിന്റെ തുടർച്ചയായി പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെട്ടില്ല. ആരോഗ്യ വകുപ്പിനു കാര്യക്ഷമമായി ഇടപെടാനായതാണു കാരണം.

ശുദ്ധമായ കുടിവെള്ളം, ശുചിമുറി സംവിധാനങ്ങൾ എന്നിവയുണ്ടായാലേ കുട്ടനാട്ടിലെ ആരോഗ്യ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്താനാകൂ. വ്യക്തിശുചിത്വം അടക്കമുള്ളവ പ്രധാനമാണ്. കൂടാതെ ജല മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളും വേണം. 

പൊതുജനാരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നു വിലയിരുത്തിയാകണം വികസന പ്രവർത്തനങ്ങൾ. ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. അറിവുകൾ എല്ലാവരിലേക്കും എത്താനുള്ള വിവര കൈമാറ്റ സംവിധാനം ശക്തമാക്കണം. പകർച്ചവ്യാധി പ്രതിരോധത്തിനടക്കം വിവര കൈമാറ്റം ഏറെ ഗുണകരമാകും. വിവിധ സന്നദ്ധ സംഘടനകളും സർക്കാർ സംവിധാനങ്ങളും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രളയാനന്തര കുട്ടനാട്ടിൽ ഇനി ശ്രദ്ധ വേണ്ടതു മാനസിക–സാമൂഹികാരോഗ്യ മേഖലയിലാണെന്നും ആശയക്കൂട്ടം വിലയിരുത്തി.

Read More : Health News