ഒക്ടോബറിൽ കരുതൽ വേണം ഈ രോഗങ്ങൾക്കെതിരെ

തുലാമഴയെക്കാൾ ഇടിമിന്നലിനെ പേടിക്കേണ്ട കാലമാണ് ഒക്ടോബർ. വൈകുന്നേരങ്ങളില്‍ മിന്നലിനു സാധ്യത ഉള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഈ സമയത്ത് വീടിനു പുറത്തിറങ്ങുമ്പോൾ സ്വർണമുൾപ്പടെയുള്ള ആഭരണങ്ങൾ ഉപയോഗിക്കാതിരുന്നാൽ നല്ലത്. ഈ കാലത്ത് വൈകുന്നേരങ്ങളില്‍ കുട്ടികളെ വീട്ടിലാക്കി പോകുന്നവർ ശ്രദ്ധിക്കണം. അമിതമായ ഇടിമുഴക്കം കുട്ടികൾക്ക് അസ്വസ്ഥതയും േപടിയും വരുത്തും. 

തെരുവു നായ്ക്കൾ കൂടുകയും പേവിഷബാധ കൂടുതലായി കണ്ടുവരികയും ചെയ്യുന്ന സമയമാണിത്. നായ്ക്കൾ ബഹളം കൂട്ടിയാൽ അവയെ നിരീക്ഷിക്കണം.  വീടുകളിൽ കൊച്ചു കുട്ടികളും നായ്ക്കളും തമ്മിലുള്ള സമ്പർക്കം പരമാവധി കുറയ്ക്കുക.

കൊതുകുകൾ വഴി ജപ്പാൻ ജ്വരം പോലുള്ളവ ഉണ്ടാകാമെന്നതിനാൽ കൊതുകു നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. മാസാവസാനത്തോടെ ചെറിയ രീതിയിൽ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങാം. അപ്രതീക്ഷിത മഴ മൂലം പനിയും ജലദോഷവുമൊക്കെ ഈ സമയത്ത് സാധാരണമാണ്. ചിക്കൻ പോക്സിനും സാധ്യതയുണ്ട്. രാത്രി കിടക്കുമ്പോൾ ചെറിയ ചൂടും ഉണരുമ്പോൾ നേർത്ത തണുപ്പും അനുഭവപ്പെടുന്നത് വാർധക്യത്തിലെത്തിയവരെ വിഷമിപ്പിക്കുന്നു. അതുകൊണ്ട് അവരുടെ ആരോഗ്യകാര്യങ്ങളിൽ കൃത്യമായ ശ്രദ്ധയും ഊന്നലും നൽകണം.