മനുഷ്യശരീരത്തിൽ പ്ലാസ്റ്റിക്; ആരോഗ്യകാര്യത്തിൽ മുന്നറിയിപ്പുമായി ഗവേഷകർ

നമ്മള്‍ കഴിക്കുന്ന ആഹാരത്തിനൊപ്പം പ്ലാസ്റ്റിക് കൂടി ശരീരത്തിലെത്തുന്നുണ്ട് എന്നറിയാമോ? പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് മനുഷ്യര്‍ വ്യാകുലപ്പെട്ടുതുടങ്ങിയ കാലമാണിത്. അതേസമയം നമ്മളറിയാതെ അതേ പ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലും അപകടം വിതയ്ക്കുന്നുണ്ട് എന്ന അറിവ് ശാസ്ത്രലോകം ഞെട്ടലോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മനുഷ്യരില്‍നിന്നു ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പഠനത്തിലാണ് ഒന്‍പതുതരം മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. മത്സ്യം കഴിക്കുന്നതു വഴിയോ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിക്കുന്നത് വഴിയോ ആകാം പ്ലാസ്റ്റിക് മനുഷ്യരില്‍ എത്തുന്നതെന്നാണ് ഗവേഷകര്‍ കരുതുന്നത്.

നമ്മുടെ പ്രതിരോധശേഷിയെത്തന്നെ തകര്‍ക്കുംവിധം മാരകമാണ് ഇതെന്നു ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഈ പഠനത്തിനു നേതൃത്വം നല്‍കിയ ഗവേഷകന്‍ ഡോക്ടര്‍ ഫിലിപ്പ് പറയുന്നത്, ഒരിക്കലും ഈ പ്ലാസ്റ്റിക് നമ്മിലേക്ക് എത്തുമെന്നു വിശ്വസിച്ചിരുന്നില്ല എന്നാണ്. എന്നാല്‍ അതു സംഭവിച്ചിരിക്കുന്നു. ഏറ്റവും ചെറിയ മൈക്രോപ്ലാസ്റ്റിക് അംശങ്ങള്‍ നമ്മുടെ രക്തക്കുഴലുകളില്‍ പ്രവേശിക്കാന്‍ പോലും സാധ്യതയുണ്ട്. ഇത് മനുഷ്യന്റെ കരളിന്റെ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കാം.

വിയന്ന മെഡിക്കല്‍ സര്‍വകലാശാലയില്‍ നടത്തി ഒരു പഠനത്തിന്റെ ഭാഗമായി നൂറുകണക്കിന് മനുഷ്യരില്‍നിന്നു ശേഖരിച്ച വിസര്‍ജ്യങ്ങളാണ് പഠനത്തിനായി പരിശോധിച്ചത്. യുകെ, ഫിന്‍ലൻഡ്, ഓസ്ട്രേലിയ, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ടെസ്റ്റില്‍ പങ്കെടുത്തവരില്‍ അധികവും. ഒന്‍പതുതരം പ്ലാസ്റ്റിക് അംശങ്ങളാണ് മിക്കവരിലും കണ്ടെത്തിയത്. ഇതില്‍ polypropylene, polyethylene-terephthalate (PET) എന്നിവയാണ് കൂടുതല്‍ കണ്ടെത്തിയത്. ഇവ രണ്ടും പ്ലാസ്റ്റിക് ബോട്ടിലിലും ആഹാരത്തിലുമാണ് കാണപ്പെടുന്നത്. 

50 മുതല്‍  500 മൈക്രോ മീറ്റര്‍ വരെയുള്ള മൈക്രോപ്ലാസ്റിക് ആയിരുന്നു ഉണ്ടായിരുന്നത്. ലോകത്താകമാനം ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കില്‍  2 മുതൽ 5 ശതമാനം വരെ കടലില്‍ എത്തുന്നുണ്ടെന്നാണു കണക്ക്. കടൽമത്സ്യങ്ങളില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് എങ്ങനെയൊക്കെ നമ്മുടെ ജീവിതത്തിനും പ്രകൃതിക്കും ദോഷകരമാകുന്നു എന്നതിനു മറ്റൊരു തെളിവാണ് ഈ കണ്ടെത്തല്‍.