കുഞ്ഞുങ്ങൾ കടിച്ചാൽ ടിടി എടുക്കണോ?

മൃഗങ്ങള്‍ കടിച്ചാൽ അണുബാധയും രോഗങ്ങളും വരുമെന്ന് നമുക്കറിയാം. എന്നാൽ കുട്ടികൾ കടിച്ചാൽ പോലും രോഗം വരുന്നതായി വാർത്തകളിൽ കണ്ടു. ഇതു ശരിയാണോ? 

സാധാരണയായി കുട്ടികൾ മോണകൊണ്ടും പിന്നെ പല്ലു കൊണ്ടും കൊഞ്ചിക്കടിക്കാറുണ്ട്. അത് സ്നേഹപ്രകടന ത്തിന്റെ ഭാഗമാണ്. എന്നാല്‍ ദേഷ്യത്തെത്തുടർന്ന് പ്രകോപിതരായി കുട്ടികൾ കടിക്കുമ്പോൾ അത് ചര്‍മത്തിൽ ആഴത്തിലുള്ള മുറിവുണ്ടാക്കുന്നു. അത്തരം മുറിവുകൾ പങ്ചർ വൂണ്ട് എന്നാണ് അറിയപ്പെടുന്നത്. അതായത് ചർമത്തിലേക്കു കുത്തിക്കയറുന്ന, രക്തം വരുന്ന മുറിവ്. ഇത്തരം മുറിവുകളിലൂടെ ചർമോപരിതലത്തിലെ അഴുക്കും വായ്ക്കുള്ളിലെ അണുക്കളും ഉള്ളിൽ എത്തും. ഉപരിതലത്തിലെ ചെറിയ പോറൽ പോലുള്ള മുറിവുകൾ സോപ്പും വെള്ളവും കൊണ്ട് നമുക്ക് വൃത്തിയാക്കാം. എന്നാൽ പങ്ചർ മുറിവുകൾ അങ്ങനെ വൃത്തിയാക്കാനാകില്ല.

കുട്ടികളുടെ കടിയേറ്റാൽ വിഷമുണ്ടെന്നു പഴമക്കാർ പറയുന്നതിൽ അടിസ്ഥാനമില്ല. ജൈവപരമോ രാസപരമോ ആയ വിഷാംശങ്ങൾ കുട്ടികൾ കടിക്കുമ്പോഴുണ്ടാകുന്നില്ല. എന്നാൽ കുട്ടികളുടെ വായിൽ രോഗകാരികളായ ബാക്ടീരിയകൾ ഉണ്ട്. ടെറ്റനസ് അണുക്കളുമുണ്ട്. അത് കടിയിലൂടെ ഉള്ളിലെത്തും. കടിയെത്തുടര്‍ന്നുള്ള മുറിവിൽ നീരും പഴുപ്പും വരാം. അതിനാൽ കുട്ടി കടിച്ച് രക്തം വരത്തക്കവിധം ആഴത്തിൽ മുറിവേറ്റവർ തീർച്ചയായും ഡോക്ടറെ കണ്ട് ടെറ്റനസ് ടോക്സോയ്ഡ് കുത്തിവയ്പ് എടുക്കണം. എന്നാൽ ആറുമാസത്തിനുള്ളിൽ ടിടി എടുത്തിട്ടുള്ളവർക്കു പ്രശ്നമില്ല. കുട്ടികൾ തമ്മിൽ വഴക്കായി കടിയേറ്റു മുറിവുണ്ടായാൽ കുട്ടികൾക്കും ടിടി എടുക്കണം. മുതിർന്ന മനുഷ്യർ ശക്തിയായി കടിച്ചു മുറി വേൽപ്പിച്ചാലും ടിടി എടുക്കേണ്ടതാണ്. നേരിയ മുറിവാണെ ങ്കിൽ സോപ്പും വെള്ളവും കൊണ്ട് കഴുകി ആന്റിസെപ്റ്റിക് സൊല്യൂഷനോ ഓയിന്റ്മെന്റോ പുരട്ടാം. 

ഡോ. ടി. എസ്. ഫ്രാൻസിസ്, പ്രഫസർ ആൻഡ് ഹെഡ്, മെഡിസിൻ വിഭാഗം എംഒഎസ്‍സി മെഡി. കോളജ്. കോലഞ്ചേരി.