ശരീരത്തിന്റെ ബാലൻസ് നഷ്ടമായി വീഴുമ്പോൾ?

ഞാൻ 73 വയസ്സായ ഒരു സ്ത്രീ ആണ്. എനിക്ക് കുറേ വർഷങ്ങളായി വയറ്റിൽ നിന്നും ഗ്യാസ് പോലെ എന്തോ ഒന്നു കയറിവരുന്നതായി തോന്നും. അത് തലയിൽ കൂടി വന്ന് ചെവിയിൽ കൂടി കടന്നു പോകുന്നതായി അനുഭവപ്പെടുന്നു. ആ സമയത്ത് എനിക്ക് വലിയ ഒരു വിഷമം അനുഭവപ്പെടുന്നു. പലപ്രാവശ്യം ഞാൻ വീണു പോകുന്നു. പെട്ടെന്നു തന്നെ അത് മാറുകയും ചെയ്യുന്നു. ചിലപ്പോൾ ദിവസത്തിൽ പല പ്രാവശ്യം ഉണ്ടാകുന്നു. വയറിനുള്ളിൽ ഒരു നീറ്റൽ (എരിച്ചിൽ) പോലെ തോന്നും. ഞാൻ രണ്ടും മൂന്നും പ്രാവശ്യം അൾട്രാ സ്കാനിംഗും ഒരു പ്രാവശ്യം എൻഡോസ്കോപ്പിയും ചെയ്തു. കാര്യമായ കുഴപ്പങ്ങൾ ഒന്നും ഇല്ല. അലോപ്പതി ഡോക്ടർ പറഞ്ഞത് അൾസറിന്റെ ആരംഭം ഉണ്ടെന്നാണ്. അതിനു മരുന്ന് കഴിച്ചിട്ടും ഒരു ഗുണവും കിട്ടിയില്ല. ഞാൻ ഇപ്പോൾ ആയുർവേദം (കഷായം, ലേഹ്യം, ഗുളിക) എന്നിവ കഠിന പഥ്യത്തോടെ കഴിക്കുകയാണ്. 4 മാസത്തോളമായി സ്ഥിര മായി കഴിക്കുന്നു. അസിഡിറ്റിയാണ് രോഗം എന്നാണ് ഡോക്ടറുടെ അഭിപ്രായം.  എനിക്ക് വലിയ ടെൻഷൻ ഉണ്ട്. അതിനും ആയുർവേദ ഗുളിക കഴിക്കുന്നു. ഇപ്പോൾ കുറച്ചു കുറവുണ്ട്. എന്നാൽ കുറച്ചു ദിവസമായി എനിക്ക് വയറിൽ നിന്നും മുകളിലേക്കു കയറുന്നതായി അനുഭവപ്പെടുന്നു. ഇനി ഞാൻ എന്താണു ചെയ്യേണ്ടത്.

എനിക്ക് ഷുഗറും കൊളസ്ട്രോളും ഇല്ല. ബി.പി. ഉണ്ട്. അതിന് 2 നേരം ഗുളിക (അലോപ്പതി) കഴിക്കുന്നുണ്ട്. സാറിന്റെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

പ്രിയ സുഹൃത്തേ,

താങ്കളുടെ അസുഖം കത്തിൽ നിന്നും മനസ്സിലാക്കുന്നതനുസരിച്ച് ഗ്യാസുപോലെ എന്തോ വയറിൽ നിന്നു കയറി വരുന്നതായി അനുഭവപ്പെടുകയും അത് ചെവിയിലൂടെ പുറത്തേക്കു പോകുന്നതായി തോന്നുകയും ആ സമയങ്ങളിൽ ബാലൻസ് നഷ്ടപ്പെടുകയും വീണു പോവുകയും ചെയ്യുന്നതാണല്ലോ. ഈ അസുഖത്തിനു പ്രധാനമായ കാരണം. നമ്മുടെ ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്ന ഞരമ്പിന് ഉണ്ടാകുന്ന അസുഖം മൂലമാണ്. ഈ അസുഖം വരുമ്പോൾ ഓക്കാനമോ ഛർദ്ദിയോ ഉണ്ടോയെന്ന് കത്തിൽ പറഞ്ഞിട്ടില്ല. മിക്കവർക്കും ഈ അസുഖത്തിനോടൊത്തു ഛർദ്ദിയും ഓക്കാനവും കൂടി ഉണ്ടാകാറുണ്ട്. അതിനോടൊപ്പം തന്നെ പെപ്റ്റിക് അൾസറിന്റെ അസുഖവും തുടങ്ങുന്നുണ്ടാകാം. പക്ഷേ, എൻഡോ സ്കോപ്പിയിൽ കുഴപ്പം കാണാഞ്ഞതിനാൽ വളരെ കൃത്യമായ രീതിയിൽ പെപ്റ്റിക് അൾസർ അസുഖം ഉണ്ടാകാൻ വഴിയില്ല. താങ്കളുടെ ഈ ബാലൻസിങ് ഞരമ്പിന്റെ അസുഖത്തിന് ഒരു പരിചയസമ്പന്നനായ ഇഎൻടി സ്പെഷ്യലിസ്റ്റിനെയാണ് കാണേണ്ടത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം പരിശോധ നകൾ നടത്തുകയും ചികിത്സ സ്വീകരിക്കുകയുമാണ് വേണ്ടത്. ഈ അസുഖത്തിനു ഫലപ്രദമായ മരുന്നുകളും മറ്റു രീതികളും ലഭ്യമാണ്. ആയതിനാൽ താമസിയാതെ ഒരു ഇഎൻടി സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണുകയും ചികിത്സ സ്വീകരിക്കുകയുമാണ് വേണ്ടത്.