ആരോഗ്യ മേഖലയിൽ ഇനി ഇ–ആരോഗ്യ പദ്ധതി

ഇ ഹെൽത്ത് കേരള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച ശേഷം സമീപത്തുള്ള സ്ക്രീനിലേക്കു നോക്കിനിൽക്കുന്ന ഡപ്യൂട്ടി സ്പീക്കർ വി.ശശി, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കെ.ശൈലജ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, വൈസ് പ്രസിഡന്റ് ശൈലജ ബീഗം എന്നിവർ.

സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ഇനി ഇ – ആരോഗ്യ പദ്ധതിയും. കംപ്യൂട്ടർ സംവിധാനത്തിലൂടെ പൊതുജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു മികച്ച ചികിത്സ ലഭ്യമാക്കാൻ സഹായിക്കുന്നതാണു പദ്ധതി. രണ്ടു ഘട്ടമായാണു പദ്ധതി നടപ്പാക്കുക. ഒന്നാംഘട്ടത്തിൽ തിരുവനന്തപുരം ഉൾപ്പെടെ ഏഴ് ജില്ലകളിലും രണ്ടാംഘട്ടമായി മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഉദ്ഘാടനം പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ആരോഗ്യരംഗത്ത് അനവധി മാറ്റങ്ങൾ വരുത്താൻ പുതിയ പദ്ധതിക്കാവുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ മേഖലകളിലുള്ള അലോപ്പതി ആരോഗ്യ ചികിൽസാകേന്ദ്രങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും കംപ്യൂട്ടർവൽക്കരിക്കുകയും പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ഒരു കേന്ദ്രീകൃത കംപ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു വലിയ പദ്ധതിയാണിത്. ഇത് വഴി ആശുപത്രികളിലെത്തുന്നവർക്കു തുടർ ചികിൽസ ഉറപ്പുവരുത്താൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേന്ദ്രസർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമമന്ത്രാലയം അനുശാസിക്കുന്ന രീതിയിലാണു പദ്ധതി നടപ്പാക്കുന്നതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ജില്ലയിലെ 13 ആശുപത്രികളിൽ പൈലറ്റ് പദ്ധതിയായി ഇതു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.