അവധിദിനങ്ങൾ ആരോഗ്യമേകും

അവധിദിവസങ്ങൾ വിശ്രമിക്കാന്‍ മാത്രമാണോ? ആരോഗ്യം മെച്ചപ്പെടുത്താനും അവധിദിനങ്ങൾ സഹായിക്കും. സ്ഥിരം ചുറ്റുപാടുകളിൽനിന്നുള്ള മാറ്റവും കളികളും മറ്റും രോഗപ്രതിരോധ സംവിധാനം ശക്തമാക്കാൻ സഹായിക്കുമെന്നു മൃഗങ്ങളിൽ നടത്തിയ പഠനത്തിലാണു തെളിഞ്ഞത്.

എലികളിലായിരുന്നു പരീക്ഷണം. ഇതിനായി എലികളെ ഒരു വലിയ കൂട്ടിൽ കുറെ കളിപ്പാട്ടങ്ങളോടൊപ്പം പാർപ്പിച്ചു. എലികളിലെ ശ്വേതരക്താണുക്കളുടെ എണ്ണം വളരെ കൂടിയതായി കണ്ടു. ഈ ഫലം ശ്രദ്ധേയമാണ്. കാരണം മരുന്നുകളൊന്നും ഇവയ്ക്ക് നൽകിയിരുന്നില്ല. താമസസ്ഥലവും ചുറ്റുപാടുകളും മാറ്റുക മാത്രമാണു ചെയ്തതെന്ന് പഠനം നടത്തിയ ലണ്ടനിലെ ക്യൂൻമേരി സര്‍വകലാശാലയിലെ പ്രഫസർ ഫൾവിയോ ഡി അക്വിസ്റ്റോ പറഞ്ഞു. രണ്ടാഴ്ചത്തേക്ക് സ്ഥിരം ആവാസസ്ഥലം മാറ്റി പുതിയ ചുറ്റുപാടുകളെ ആസ്വദിക്കാൻ അവയെ അനുവദിക്കുക മാത്രമാണ് ചെയ്തതെന്നും ഒരു അവധിക്കാലത്ത് റിസോർട്ടിൽ താമസിക്കുന്നതുപോലെയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

എലികളുടെ താമസസ്ഥലം മാറ്റിയപ്പോൾ ഉണ്ടായതുപോലുള്ള മാറ്റം മനുഷ്യനിലും സാധ്യമാണ്. അസുഖം ബാധിച്ചവർക്ക് വേഗം സുഖമാകാനും മടുപ്പിക്കുന്ന ജോലിത്തിരക്കുകളിൽനിന്നു മാറി പുതുജീവിതം ആനന്ദകരമാക്കാനും അവധിദിനങ്ങൾ സഹായിക്കും. ആമവാതം, മൾട്ടിപിൾ സ്ക്ലിറോസി മുതലായ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങള്‍ കുറ‌‌‌യ്ക്കാൻ ശ്വേതരക്താണുക്കളുടെ എണ്ണം കൂടുന്നതു ഗുണകരമാണ്.

ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തി സൗഖ്യമേകാൻ ചുറ്റുപാടുകളുടെ മാ‌റ്റം സഹാ‌‌യകമാണ് എന്ന ഈ പഠനം ‘ഫ്രണ്ടിയേ‌ഴ്സ് ഇൻ ഇ‌മ്മ്യുണോളജി’ എ‌ന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.