കുത്തിയിരിപ്പ് നിങ്ങളെ വലിയ രോഗിയാക്കും

ഓരോരോ അസുഖങ്ങൾ കാരണം മനുഷ്യനെ ഒന്നു വെറുതെയിരിക്കാനും സമ്മതിക്കുന്നില്ലെന്നാ തോന്നുന്നത്! എന്നൊക്കെ പിറുപിറുക്കാൻ വരട്ടെ. കുറെയധികം നേരം കുത്തിയിരിക്കുന്നതു മൂലം ഗുരുതരമായ ആരോഗ്യപ്രശനങ്ങൾ ഉണ്ടായേക്കുമെന്നാണു വൈദ്യശാസ്ത്രം ഇപ്പോൾ പറയുന്നത്. വലിയ അധ്വാനം കഴിഞ്ഞ് തളർന്ന് എവിടെയെങ്കിലും നടുനിവർത്തുന്നതിനെക്കുറിച്ചല്ല പറയുന്നത്, മറിച്ച് രാവിലെ മുതൽ വൈകുന്നേരം വരെ ഓഫീസിലും പിന്നീട് കാറിലും അതുകഴിഞ്ഞ് വീട്ടിലെ സ്വീകരണമുറിയിലെ സോഫയിലും കുത്തിയിരുന്നു നേരം തള്ളിനീക്കുന്ന അലസന്മാർക്കാണ് ഇതു ബാധകം. ഒരു ദിവസം എത്രനേരം നിങ്ങൾ ‘ഇരുന്നു’ചെലവഴിക്കുന്നു എന്നതു നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണത്രേ.
∙ഏറ്റവുമധികനേരം ഇരിക്കുന്നവർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. ഇവരുടെ ശരീരത്തിൽ രക്തചംക്രമണം ശരിയായ വേഗത്തിൽ നടക്കണമെന്നില്ല.
∙കുറെയധികം നേരം കുത്തിയിരുന്നു ജോലി ചെയ്യുന്നവരുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനുള്ള സാധ്യതയുമുണ്ട്. ഇതു രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു
∙വ്യായാമം ചെയ്യാൻ വേണ്ടത്ര സമയം നീക്കിവയ്ക്കാൻ കഴിയുന്നില്ലെങ്കിൽ അമിതവണ്ണത്തിലേക്കും ഇതുനയിക്കുന്നു. കുടവയറുണ്ടാകുന്നതിനും സാധ്യത ഇരട്ടിയാണ്.
∙ശാരീരിക അധ്വാനക്കുറവുമൂലം പ്രമേഹം പിടിപെടുകയും ചെയ്തേക്കാം. ശരീരത്തിലെത്തുന്ന ഗ്ലൂക്കോസ് ക്രമാതീതമായി അടിഞ്ഞുകൂടുന്നതു മൂലമാണിത്.
∙അധികനേരവും കംപ്യൂട്ടറിനു മുന്നിലോ ഓഫിസിലെ ഫയലുകൾക്കു മുന്നിലോ കുത്തിയിരിക്കുന്നവർക്ക് മാനസികസമ്മർദമുണ്ടായേക്കാം. ഇത്തരക്കാർ പെട്ടെന്നു വിഷാദത്തിന് അടിമപ്പെടുന്നതായും കണ്ടെത്തി.
അതുകൊണ്ട് ജോലിസമയം കഴിഞ്ഞാൽ വീട്ടിലെ ടിവിയുടെയോ കമ്പ്യൂട്ടറിന്റെയോ മുന്നിൽ ചടഞ്ഞുകൂടാതെ കൃത്യമായ സമയം വ്യായാമത്തിനു നീക്കിവയ്ക്കണമെന്നു സാരം.