ഒരു കോൾ മതി ആശുപത്രി വീട്ടിൽ വരും

ആരോഗ്യത്തിൽ ആശങ്കാകുലരാണ് നമ്മളിൽ പലരും. ചെറിയ ഒരു പനിയോ തലവേദനയോ ക്ഷീണമോ ഒക്കെ വന്നാൽ മതി, ഉടൻ എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയും പിന്നെ ആകെ തളർച്ചയുമായി. ആശുപത്രിയിൽ പോകുക എന്നത് പലർക്കും ബുദ്ധിമുട്ടുളവാക്കുന്നുമുണ്ട്. ഒന്നുകിൽ പ്രായമേറിയവരായിരിക്കാം, ഒറ്റയ്ക്ക് ആശുപത്രിയിൽ പോകാൻ കഴിയാത്ത സാഹചര്യമായിരിക്കാം അല്ലെങ്കിൽ അവിടെ ചെന്ന് ഡോക്ടറെ കാണാനുള്ള തിരക്ക് ഓർത്ത് പേടിച്ച് പോകാതിരിക്കുന്നതുമാകാം. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനാണ് മെഡികാർ എന്ന ചികിത്സരീതിയുമായി ഒരു സംഘം എത്തിയിരിക്കുന്നത്.

എന്താണ് മെഡികാർ?

ഒരു ടെലിഫോൺ കോൾ കൊണ്ട് ഡോക്ടർ ഉൾപ്പടെയുള്ള ചികിത്സാ സഹായം വീട്ടിൽ‌ ലഭിക്കുമെന്നതാണ് മെഡികാറിന്റെ പ്രത്യേകത. ആധുനിക ചികിത്സ സംവിധാനങ്ങളും ഒരു ഫിസിഷ്യനും നഴ്സുമാരും സംഘത്തിലുണ്ടാകും. ഉറ്റവർ കൂടെ ഇല്ലാത്ത സാഹചര്യങ്ങളിലും മറ്റ് അടിയന്തര ഘട്ടങ്ങളിലുമെല്ലാം മെഡികാറിന്റെ സേവനം ലഭ്യമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. പലപ്പോഴും വിദേശത്തു നിന്ന് അച്ഛനും അമ്മയും വീട്ടിൽ ഒററയ്ക്കാണ്, പ്രായമേറിയവരാണ് ഒന്നു പോയി നോക്കാമോ എന്ന രീതിയിൽ സഹായം അഭ്യാർഥിച്ചുള്ള വിളികളും വരാറുണ്ടെന്ന് സംഘാടകരിലൊരാളായ അനിൽ മനോരമ ഓൺലൈനോടു പറഞ്ഞു. ഡോക്ടര്‍മാരെ കൂടാതെ വൈദ്യപാരമ്പര്യത്തിൽ പെട്ടവരാണ് ഇതിന്റെ അമരക്കാരെല്ലാം.

മെഡികാർ വ്യത്യസ്തമാകുന്നതിങ്ങനെ?

ഒരു അടിയന്തര ഘട്ടത്തിൽ ഒരു ഫോൺ കോൾ വരുമ്പോൾ 20 മുതൽ 25 മിനിറ്റിനകം പ്രത്യേക സംഘം അവിടെ എത്തി വേണ്ട ശുശ്രൂഷകൾ നൽകുന്നു. ഓക്സിജൻ സിലിണ്ടർ, ട്രിപ്പ് ഇടാനുള്ള സൗകര്യം, തുടങ്ങി എല്ലാ സജ്ജീകരണങ്ങളും അടങ്ങിയ ഒരു കാർ വിളിച്ചാൽ വിളിപ്പുറത്തെത്താൻ എപ്പോഴും റെഡിയാണ്. യോഗ്യരായ മെയിൽ നഴ്സുമാരും അഞ്ച് ഡോക്ടർമരും ഏതു സമയത്തും റെഡിയാണ്. എത്രയും പെട്ടെന്ന് കിട്ടാവുന്ന മെഡിക്കൽ കെയർ ആണ് മെഡികാർ നൽകുന്നത്.

ഒറ്റയ്ക്കു താമസിപ്പിക്കുന്നവർക്കൊക്കെ എപ്പോഴും വേണ്ടത് അത്യാവശ്യ ഘട്ടങ്ങളിൽ ഓടിയെത്താൻ ഒരാളുണ്ടെന്ന തോന്നലാണ്. അതും മെഡികാറിലൂടെ സാധ്യമാകുന്നുണ്ട്. പെട്ടെന്ന് ഓടിയെത്തി ഒന്ന് ആശ്വസിപ്പിക്കുമ്പോൾ തന്നെ പലർക്കും രോഗശമനം സാധ്യമാകുകയും ചെയ്യുന്നുണ്ട്. ഇവർക്ക് പലപ്പോഴും സൈക്കോളജിക്കൽ ആയിട്ടുള്ള പ്രശ്നങ്ങളാകാം. അവരുടെ അടുത്തിരുന്ന് ഡോക്ടർ കാര്യങ്ങൾ ചോദിച്ച് മനസിലാക്കി ആശ്വാസം പകരുന്നു. അത്യാവശ്യം വേണ്ട രക്തപരിശോധനയൊക്കെ നടത്താനുള്ള സൗകര്യം മെഡികാറിലുണ്ട്. അതല്ല കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിൽ മറ്റൊരു ലാബിൽ ടെസ്റ്റ് ചെയ്ത് രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ അവർ ഫലം മെയിൽ ചെയ്തു തരുന്നുണ്ട്.

ആശുപത്രിയിലേക്ക് കൊണ്ടുപോയേ മതിയാകൂ എന്നുള്ള അവസ്ഥയാണെങ്കിൽ ആംബുലൻസ് സൗകര്യം റെഡിയാക്കി അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ വേണ്ട സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. ഒരു ആശുപത്രിയുമായും മെഡികാറിന് യാതൊരുവിധ ടൈ-അപ്പും ഇല്ല.

ഏതു പരിശോധന ആയാലും 1000 രൂപ മാത്രം

മെഡികാറിന്റെ സേവനത്തിന് ഫീസായി ഈടാക്കുന്നത് 1000 രൂപയാണ്. എന്ത് പരിശോധന ചെയ്താലും അതിനായി കൂടുതൽ കാശ് ഈടാക്കുന്നില്ല. ഇസിജി എടുത്താലും ട്രിപ്പ് ഇട്ടാലും ഓക്സിജൻ കൊടുത്താലുമെല്ലാം 1000 രൂപ തന്നെ. മറിച്ച് ഇതൊന്നും ചെയ്തില്ലെങ്കിലും ഫീസായി 1000 രൂപ നൽകണം. മെഡികാറിന്റെ സേവനങ്ങൾക്കായി 9446020077 എന്ന നമ്പരിൽ ബന്ധപ്പെടാം.കൊച്ചിയിലും കോഴിക്കോടുമാണ് നിലവിൽ മെഡികാറിന്റെ സേവനം ലഭ്യമാകുക. വൈകാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.