അച്ഛന്റെ തടി കുഞ്ഞിന് കേട്!

ഒരു ഗമയ്ക്ക് അൽപം തടി ഇരുന്നോട്ടെ എന്നു കരുതുന്ന അച്ഛന്മാരുടെ ശ്രദ്ധയ്ക്ക്. അച്ഛന്റെ തടി കുട്ടികളെ ബാധിക്കുമെന്നാണ് വാഷിങ്ടണിൽ നടന്ന പുതിയ പഠനങ്ങൾ അവകാശപ്പെടുന്നത്. തടി കൂടുതലുള്ള അച്ഛന്മാരുടെ മക്കൾക്ക് മറ്റു കുട്ടികളെ അപേക്ഷിച്ച് കായികശേഷി കുറവായിരിക്കുമത്രേ. ഇവരുടെ പേശികളുടെയും എല്ലുകളുടെയും വളർച്ചയും പ്രവർത്തനവും മറ്റുള്ളവരേക്കാൾ മന്ദഗതിയിലാകാനാണ് സാധ്യത. അമ്മയ്ക്ക് തടിയുണ്ടായാലും ചില കുട്ടികൾക്ക് ഇതേ വൈകല്യങ്ങൾ വന്നേക്കാം.

ന്യൂയോർക്കിലെ അയ്യായിരത്തോളം ദമ്പതികളെയാണ് പഠനത്തിനു വിധേയരാക്കിയത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരഭാരവും അവർക്കു ജനിച്ച കുഞ്ഞുങ്ങളുടെ കായികശേഷിയും വിശദമായി പഠിച്ച ശേഷമായിരുന്നു നിഗമനം. അച്ഛന്റെയോ അമ്മയുടെയോ ഭാരക്കൂടുതൽമൂലം കുഞ്ഞിനു ശാരീരികവൈകല്യം ഉണ്ടാവുമെന്നല്ല, മറിച്ച് ശാരീരിക ശേഷികളുടെ വളർച്ച മെല്ലെയായിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

മറ്റു കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുഞ്ഞുങ്ങൾക്ക് ഊർജസ്വലതയും ചുറുചുറുക്കും കുറവായിരിക്കും. കുഞ്ഞുങ്ങൾക്ക് നാലുമാസം, ആറുമാസം, ഒരു വയസ്സ് അങ്ങനെ വിവിധ പ്രായങ്ങളിൽ നടത്തിയ പഠനത്തിൽനിന്നാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. അച്ഛനും അമ്മയ്ക്കും അമിതഭാരമുള്ള കുഞ്ഞുങ്ങൾക്ക് ഇത്തരം ബലഹീനതകൾ കൂടുതലായി കണ്ടുവരുന്നുണ്ടത്രേ.