പുസ്തകവായന ആയുസ്സ് കൂട്ടും

പുസ്തകപ്പുഴുക്കൾക്ക് സന്തോഷവാർത്ത. പുസ്തകവായന ശീലമാക്കിയവർ കൂടുതൽകാലം ജീവിക്കുമെന്നു പഠനം. 50 വയസിനു മുകളിൽ പ്രായമുള്ള 3635 പേരിൽ നടത്തിയ വിശദമായ ആരോഗ്യപഠനത്തിലാണ് ഈ കണ്ടെത്തൽ. യുഎസിലെ യേൽ സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്.

പഠനത്തിൽ പങ്കെടുത്തവരെ ഒന്നും വായിക്കാത്തവർ, ആഴ്ചയിൽ മൂന്നര മണിക്കൂർ വരെ വായിക്കുന്നവർ, മൂന്നര മണിക്കൂറിൽ കൂടുതൽ വായിക്കുന്നവർ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. പ്രായം, വർഗം, ആരോഗ്യം, വിഷാദം, ജോലി, വൈവാഹികാവസ്ഥ തുടങ്ങിയ ഘടകങ്ങളും ഗവേഷകർ പരിശോധിച്ചു.

ആഴ്ചയിൽ മൂന്നര മണിക്കൂറെങ്കിലും വായിക്കുന്നവർക്ക് ഒട്ടും വായിക്കാത്തവരെ അപേക്ഷിച്ച് മരണസാധ്യത 17 ശതമാനം കുറവാണെന്നും മൂന്നര മണിക്കൂറിലധികം വായിക്കുന്നവർക്ക് മരണസാധ്യത 23 ശതമാനം കുറവാണെന്നും കണ്ടു. വായനാശീലമുള്ള ഒരാൾക്ക് ഒട്ടും വായിക്കാത്തവരെക്കാൾ ശരാശരി രണ്ടു വർഷമെങ്കിലും കൂടുതൽ ആയുസ്സുണ്ടാകും. ദിനപത്രങ്ങളും ആഴ്ചപ്പതിപ്പുകളും വായിക്കുന്ന ആളുകളെ പഠനവിധേയരാക്കിയെങ്കിലും ഗുണഫലങ്ങൾ കണ്ടില്ല. സോഷ്യൽ സയൻസ് ആൻഡ് മെഡിസിൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.