Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുകെണ്ണ ചില്ലറക്കാരനല്ല

mustard-oil

കടുകെണ്ണയുടെ രുചി വടക്കേ ഇന്ത്യയിൽ ജീവിക്കുന്ന മലയാളിക്ക് പരിചിതമാകും. നമുക്ക് വെളിച്ചെണ്ണ പോലെ പ്രിയപ്പെട്ടതാണ് വടക്കേ ഇന്ത്യക്കാർക്ക് കടുകെണ്ണയും.

കടുകെണ്ണ ചില്ലറക്കാരനൊന്നുമല്ല കേട്ടോ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണിത്.

കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം തടയും. മോണോ അൺസാച്ചുറേറ്റഡ് ഫാറ്റും പോളി അൺസാച്ചുറേറ്റഡ് ഫാറ്റും കടുകെണ്ണയിലുണ്ട്. ഇവ രണ്ടും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു. കൊളസ്ട്രോളിനെ നിയന്ത്രണത്തിലാക്കുക വഴി ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായിക്കുന്നു.

ബാക്ടീരിയ, ഫംഗസ്, വൈറസ് ഇവയെ പ്രതിരോധിക്കുന്നതിനാൽ ദഹന വ്യവസ്ഥയെ അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു. ഉയർന്ന സ്മോക്കിങ്ങ് പോയിന്റ് ഉള്ളതിനാൽ വറുക്കാൻ ഈ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്.

ഒമേഗ 3 ഒമേഗ 6 ഫാറ്റി ആസിഡുകൾ മിതമായ തോതിൽ അടങ്ങിയിരിക്കുന്നു. സാച്ചുറേറ്റഡ് ഫാറ്റ് കുറവാണ്. നല്ല കൊഴുപ്പുകൾ ആയ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് കടുകെണ്ണയിൽ 60 ശതമാനം അടങ്ങിയിട്ടുണ്ട്. അതുപോലെ പോളി അൺസാച്ചുറേറ്റഡ് ഫാറ്റും. കടുകെണ്ണയിൽ അടങ്ങിയ ലിനോലെനിക് ആസിഡ് അർബുദത്തെ പ്രതിരോധിക്കുന്നു. കൂടാതെ ദഹനത്തിനും സഹായകം. ദഹന രസങ്ങളെ ഉദ്ദീപിപ്പിക്കുക വഴി വിശപ്പുണ്ടാകാനും ഇത് സഹായിക്കുന്നു.

കടുകെണ്ണയിൽ ജീവകം ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ആരോഗ്യത്തിനു ഗുണകരമാണ്. ചർമത്തെ ഫ്രീ റാഡിക്കലുകളുടെ നാശത്തിൽ നിന്നു സംരക്ഷിക്കുന്നു.

കടുകെണ്ണ ദേഹത്ത് പുരട്ടി തടവുന്നത് രക്തചംക്രമണം വർധിപ്പിക്കുന്നു. പ്രതിരോധ ശക്തി കൂട്ടുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നം. ഇത് തലമുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഗുണകരം. കടുകെണ്ണയും ഉപ്പും ചേർത്ത് തേക്കുന്നത് മോണരോഗം തടയുന്നു.

കടുകെണ്ണയിലടങ്ങിയ സെലെനിയം വീക്കവും വേദനയും അകറ്റുന്നു. സന്ധിവേദനയ്ക്ക് ആശ്വാസമേകുന്നു. ചുമയ്ക്കും ജലദോഷത്തിനും ആശ്വാസമേകാനും കടുകെണ്ണ സഹായിക്കും.

കാശ്മീർ, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പാചകത്തിന് കടുകെണ്ണയാണ് ഉപയോഗിക്കുന്നത്. സസ്യ സസ്യേതര ഭക്ഷണങ്ങൾ പാകം ചെയ്യാനും അച്ചാറിലും കടുകെണ്ണ ഉപയോഗിക്കുന്നു. നാരങ്ങയ്ക്കും തേനിനും ഒപ്പം സാലഡ് ഡ്രസിങ്ങിനും കടുകെണ്ണ ഉപയോഗിക്കുന്നു. തണുപ്പുകാലത്ത് കടുകെണ്ണയുടെ ഉപയോഗം ഏറെ ഗുണം ചെയ്യും.

Read More : Healthy Food