രണ്ടാഴ്ച... ആറുലക്ഷം രൂപയ്ക്ക് വീട് റെഡി!

നിർമാണം പൂർത്തിയാക്കാൻ 15 ദിവസം. 560 ചതുരശ്രയടി വലുപ്പമുള്ള വീടിന് ചെലവ് ഏകദേശം ആറുലക്ഷം രൂപ മാത്രം. പണിക്കാരായി വേണ്ടത് രണ്ട് വെൽഡർമാരും രണ്ടോ മൂന്നോ തൊഴിലാളികളും. പ്രളയത്തിലകപ്പെട്ട് വിഷമത അനുഭവിക്കുന്നവർക്കായി ആർക്കിടെക്ട് ഹസൻ നസീഫ് രൂപകൽപന ചെയ്ത റീഹാബ് ഷെൽറ്റർ അഥവാ പുനരധിവാസ വീടിന്റെ സവിശേഷതകളിൽ ചിലതു മാത്രമാണിത്.

മൈൽഡ് സ്റ്റീലും ജിഐയും ഉപയോഗിച്ച് നിർമിച്ച സ്ട്രക്ചറിൽ ഫൈബർ സിമന്റ് ബോർഡ് ഉറപ്പിച്ച് തയാറാക്കിയ തറയും ഭിത്തിയുമാണ് വീടിനുള്ളത്. ഓടു മേഞ്ഞ മേൽക്കൂരയും. ഇപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലത്തും പണിയാം.

തറയിൽ നിന്ന് ഒരു മീറ്റർ ഉയർന്നു നിൽക്കും വിധമാണ് വീടിന്റെ ഡിസൈൻ. അതിനാൽ വെള്ളപ്പൊക്കം പെട്ടെന്ന് വീടിനെ ബാധിക്കില്ല. ഒരു മീറ്റർ പൊക്കത്തിൽ കോൺക്രീറ്റ് നിറച്ച വലിയ വീപ്പകളിലാണ് വീടിന്റെ തൂണുകൾ ഉറപ്പിക്കുന്നത്. നിലവിൽ വെള്ളക്കെട്ടുള്ള സ്ഥലത്തും വീടു വയ്ക്കാം.

ബാത്അറ്റാച്ഡ് ആയ രണ്ട് കിടപ്പുമുറികൾ, ലിവിങ് കം ഡൈനിങ് ഹാൾ, അടുക്കള, സിറ്റ്ഔട്ട് എന്നിവയാണ് വീട്ടിലുള്ളത്.

വീടിന്റെ ഉറപ്പിന്റെയും ഈടിന്റെയും കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്ന് ഹസൻ നസീഫ് ഉറപ്പു പറയുന്നു. താൽക്കാലിക വസതി എന്ന നിലയിലല്ല, സ്ഥിരമായ വീട് എന്ന രീതിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഭാവിയിൽ ആവശ്യത്തിന് കൂട്ടിച്ചേർക്കലുകൾ വരുത്താനുള്ള സൗകര്യമുണ്ട്. വീടിന്റെ നിർമാണം സംബന്ധിച്ച സൗജന്യ മാർഗനിര്‍ദേശങ്ങൾ ഹസൻ നസീഫിന്റെ നേതൃത്വത്തിലുള്ള ഉർവി ഫൗണ്ടേഷൻ നൽകും.

മേന്മകൾ ഒറ്റനോട്ടത്തിൽ

∙ നാലോ അഞ്ചോ ജോലിക്കാർ മാത്രം മതി. സങ്കീർണമായ ജോലികളില്ല.

∙ ഭാവിയില്‍ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി വീട് വലുതാക്കാം.

∙ നിർമാണച്ചെലവ് ചതുരശ്രയടിക്ക് 1100 രൂപ മാത്രം

∙ തറനിരപ്പിൽ നിന്ന് ഒരു മീറ്റർ ഉയരത്തിലാണ് വീട്. പെട്ടെന്ന് വെള്ളം കയറില്ല.