Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഷയുടെ ഉപ്പും മുളകും വീട്; വിഡിയോ

ഏത് ധൂസരസങ്കല്പങ്ങളിൽ വളർന്നാലും

ഏത് യന്ത്രവത്‌കൃത ലോകത്തിൽ പുലർന്നാലും 

മനസ്സിൽ ഉണ്ടാകട്ടെ ഗ്രാമത്തിൻ മണവും 

മമതയും ഇത്തിരികൊന്നപ്പൂവും

കാലം എത്ര പുരോഗമിച്ചാലും വിഷു എന്നത് മലയാളിക്ക് വീട്ടിലേക്കുള്ള മടങ്ങിപ്പോക്ക് പോലെ ഗൃഹാതുരതയുണർത്തുന്ന ഓർമയാണ്.കണിക്കൊന്നയും കണ്ണനെ കണികാണലും കൈനീട്ടവുമൊക്കെ വിഷു ആഘോഷങ്ങളുടെ ഭാഗമാണ്. എന്നാൽ എല്ലാ ദിവസവും കണ്ണനെ കണി കാണുന്ന കളിചിരികൾ നിറയുന്ന ഒരു വീടുണ്ട്. ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നിഷ സാരംഗിന്റെ വീട്. അവധിക്കാലമായതോടെ വീട് കുട്ടിപട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്. വിഷു എങ്ങനെ അടിപൊളിയാക്കാം എന്നതിന്റെ ആലോചനയിലാണ് കുട്ടിപ്പട്ടാളം.

nisha-family

കാക്കനാട് വികാസവാണി ജങ്ഷന് സമീപമാണ് നിഷയുടെ വീട്. നഗരത്തിനു സമീപം എന്നാൽ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി പച്ചപ്പും കാറ്റും ശാന്തതയും നിറയുന്ന സ്ഥലം. വീടിനു ചുറ്റും പച്ചപ്പട്ടുടുത്ത വയൽക്കാഴ്ചകൾ. വേനൽക്കാലത്തും അക്ഷയപാത്രം പോലെ മധുരമുള്ള തണുത്ത വെള്ളം നിറയുന്ന കിണർ.

nisha-house-kochi

13 വർഷം മുൻപാണ് ഈ സ്ഥലം മേടിച്ചത്. 8 വർഷം മുൻപാണ് വീടുപണിതത്. മൂന്ന് കിടപ്പുമുറികളുള്ള ഒറ്റനില വീടാണിത്. നിഷ തന്നെയാണ് പ്ലാൻ വരച്ചതും ഇന്റീരിയർ ഡിസൈൻ ചെയ്തതും. അളവുകൾ ആർക്കിടെക്ടിനെ കൊണ്ട് മാറ്റിവരപ്പിച്ചു എന്നുമാത്രം. ഉള്ള സ്ഥലം പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. "രണ്ടായിരം ചതുരശ്രയടിയോളമേ വീടിനു വിസ്തീർണമുള്ളൂ. എങ്കിലും ചെറിയ സ്ഥലം പോലും ഉപയോഗമില്ലാതെ ഇടാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. അല്ലെങ്കിലും ഞങ്ങൾ സ്ത്രീകൾ പൊതുവെ പിശുക്കികളാണല്ലോ"... നിഷ ഒരു ചിരിയോടെ പറഞ്ഞു.

വീടിന്റെ അതെ കളർടോണിൽ വെട്ടുകല്ലുകൊണ്ട് നിർമിച്ച മതിൽ. പ്രധാന വാതിൽ തുറന്നാൽ ഗെയ്റ്റിൽ നിന്നുതന്നെ പൂജാമുറി കാണണം എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു.  കാണിപ്പയൂരാണ് വീടിന് സ്ഥാനം കണ്ടത്. പൂജാമുറിയുടെ സ്ഥാനം ഐശ്വര്യം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇവിടെ താമസിച്ചു തുടങ്ങിയതിനു ശേഷമാണ് ജീവിതത്തിലും കരിയറിലും നല്ല കാര്യങ്ങൾ സംഭവിച്ചത്. നിഷ പറയുന്നു.

nisha-home-entrance

പ്രധാന ഗെയ്റ്റും വിക്കറ്റ് ഗെയ്റ്റും നൽകിയിട്ടുണ്ട്. വശത്തായി കാർ പോർച്ച്. ഗെയ്റ്റ് കടന്നാൽ ചെറിയ സിറ്റ്ഔട്ട്. ഇവിടെയിരുന്നാൽ ചുറ്റുമുള്ള പച്ചപ്പ് കാറ്റിനൊപ്പം ആസ്വദിക്കാം. എത്ര സമ്മർദങ്ങൾ ഉണ്ടെങ്കിലും വൈകുന്നേരങ്ങളിൽ വീടിന്റെ ഉമ്മറത്ത് നല്ല കാറ്റേറ്റ് ഇരുന്നാൽ മനസ്സ് സ്വസ്ഥമാകുമെന്നു നിഷ പറയുന്നു.

ഗെയ്റ്റും പ്രധാനവാതിലും തുറന്നാൽ പുറത്ത് നിന്ന് ആദ്യം കണ്ണെത്തുന്നത് പൂജാമുറിയിലേക്കാണ്. വീടിനകത്തേക്ക് കയറുമ്പോൾ തന്നെ പൊസിറ്റീവ് എനർജി മനസ്സിലേക്ക് ഒഴുകിയെത്തും. തികഞ്ഞ കൃഷ്ണഭക്തയാണ് നിഷ. വീടിന്റെ മിക്ക ഇടങ്ങളിലും കൃഷ്ണന്റെ ചിത്രങ്ങൾ കാണാം. ചെറിയ സ്വീകരണമുറി. നിഷയുടെ പിതാവിന്റെ ഛായാചിത്രം ഭിത്തിയിൽ കാണാം. തൊട്ടപ്പുറത്ത് മനോഹരമായ ഒരു മ്യൂറൽ പെയിന്റിങ്. 

nisha-living

"കൺദൃഷ്ടി ഗണപതി എന്നാണ് ഇതിന്റെ പേര്. ദൃഷ്ടിദോഷങ്ങൾ അകറ്റാൻ നല്ലതാണ് എന്നാണ് വിശ്വാസം. പ്രത്യേകം വരപ്പിച്ച് എടുക്കുന്നതാണ്" നിഷ വിശദീകരിച്ചു.

അടുത്ത മുറിയിലേക്കുള്ള കമാനാകൃതിയിലുള്ള കവാടത്തിനടുത്തായി ഷോകെയ്സ് ക്രമീകരിച്ചിരിക്കുന്നു. മികച്ച ഹാസ്യനടിക്കുള്ള സംസ്ഥാന പുരസ്‌കാരം മുതലുള്ള നിരവധി അവാർഡ് ഫലകങ്ങൾ നിറയുന്ന ഷോകെയ്‌സ്.

nisha-house-interior

സാധാരണ ഊണുമുറിയിലേക്കെത്തുമ്പോൾ ആദ്യ കാണുക ഊണുമേശയാണ്. എന്നാൽ ഇവിടെ നോട്ടമെത്തുന്നത് കൃഷ്ണഭഗവാന്റെ വിഗ്രഹത്തിലേക്കാണ്. സമീപം നിഷയുടെ കിടപ്പുമുറിയാണ് ഇവിടെ നിന്നും കണ്ണനെ കണികണ്ടുകൊണ്ടാണ് നിഷയുടെ ദിനം ആരംഭിക്കുന്നത്. നീളൻ ഹാളിന്റെ രണ്ടറ്റങ്ങളിലായി ഊണുമേശയും ടിവി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നു. ഊണുമുറിയുടെ വശത്തു ഗോവണി. ഗോവണിയുടെ താഴെയുള്ള സ്ഥലത്തു കബോർഡുകൾ നൽകി സ്റ്റോറേജ് സ്‌പേസ് ആക്കി മാറ്റി. ചെറിയൊരു റീഡിങ് സ്‌പേസും ഹാളിൽ ക്രമീകരിച്ചിട്ടുണ്ട്. 

nisha-dining

"എനിക്ക് വലിയ ഇഷ്ടമുള്ള നിറമാണ് പിങ്ക്. അതുകൊണ്ട് എന്റെ മുറിയിൽ പിങ്ക് നിറമാണ് നൽകിയത്. ഭിത്തിയിൽ പിങ്ക് ടെക്സ്ചർ പെയിന്റും നൽകി. കർട്ടനും പിങ്ക് തീമിലാണ് ഒരുക്കിയത്. മാത്രമല്ല സീലിങ്ങിൽ പിങ്ക് ചിത്രശലഭങ്ങളുടെ സ്റ്റിക്കറും ഒട്ടിച്ചു". നിഷ വിശദീകരിച്ചു.

വീടിന്റെ ശ്രദ്ധാകേന്ദ്രം പൂജാമുറി തന്നെയാണ്. ഡബിൾ ഹൈറ്റിലാണ് ഇതിന്റെ ഉൾവശം. പൂജാമുറിയിൽ മിക്ക ദൈവങ്ങളും ഹാജർ വച്ചിരിക്കുന്നു. അക്കൂട്ടത്തിൽ യേശുദേവന്റെ ഛായാചിത്രവുമുണ്ട്. ശരിക്കും പൊസിറ്റീവ് എനർജി നിറയുന്ന ഒരു സ്‌പേസ്. എന്റെ അമ്മയുടെ അമ്മ കർത്താവിന്റെ വലിയ ഭക്തയായിരുന്നു. അമ്മൂമ്മയുടെ കയ്യിൽ എപ്പോഴും കർത്താവിന്റെ ഒരു ഫോട്ടോ കാണുമായിരുന്നു. അമ്മൂമ്മ അത് അമ്മയ്ക്ക് കൊടുത്തു. നമ്മൾ വീട് വച്ചപ്പോൾ അമ്മ അത് എനിക്ക് തന്നു.  ഞാനും മക്കളും പള്ളികളിൽ പോകാറുണ്ട്. കർത്താവിന്റെയും മാതാവിന്റെയും പ്രാർത്ഥനകൾ ചൊല്ലാറുണ്ട്. എന്റെ പൂജാമുറിയിൽ കർത്താവിന്റെയും ചിത്രം വച്ചിട്ടുണ്ട്. എന്റെ മകൾ വിവാഹം കഴിച്ചതും നല്ല സ്നേഹമുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നിന്നാണ്. എല്ലാ മതങ്ങളും പറയുന്നത് ഒരേകാര്യമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

പൂജാമുറിയുടെ വശത്തായി മകളുടെ കിടപ്പുമുറി. മകളുടെ പ്രിയ നിറമായ  വയലറ്റ് തീമിലാണ് ഈ മുറി. ബെഡ്ഷീറ്റിൽ പോലും ഈ കളർ തീം കാണാം. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും നൽകിയിട്ടുണ്ട്. "എല്ലാ വാലന്റൈൻ ദിനത്തിലും ഞാനും ഇളയ മകളും പരസ്പരം ടെഡി ബിയറുകൾ കൈമാറും. അങ്ങനെ ടെഡി ബിയറുകളുടെ ഒരു കലക്ഷൻ തന്നെ മുറിയിലുണ്ട്". നിഷ ചിരിയോടെ പറഞ്ഞു.

ഗോവണി കയറുമ്പോൾ വശത്തെ ഭിത്തിയിൽ നിഷയുടെ ഫോട്ടോ ഫ്രയിമുകൾ കാണാം. അമ്മയില്ലാതെ ഒരു കുട്ടി തന്നോടുള്ള സ്നേഹം കൊണ്ട്  അയച്ചു തന്നതാണ് ആ ഫ്രയിമുകൾ എന്ന് നിഷ പറയുന്നു. മുകൾ നിലയിൽ ഒരു യൂട്ടിലിറ്റി സ്‌പേസും ഒരുക്കി. വാതിൽ തുറന്നാൽ ഓപ്പൺ ടെറസാണ്. ഇവിടെ നിന്നാൽ പച്ചപ്പട്ടുടുത്ത വയലുകളും കതിർ കൊത്താനെത്തുന്ന കിളികളെയും കാണാം. "വൈകുന്നേരം ഇവിടെ വന്നിരുന്നാൽ ഒരു ഫോട്ടോ ഫ്രെയിം പോലെ തോന്നിക്കും. ഒപ്പം നല്ല കാറ്റും."..നിഷ പറയുന്നു.

ചെറിയ അടുക്കള. സമീപം വർക്ക് ഏരിയയും. വാസ്തു അനുസരിച്ച് അടുക്കള ചെറുതായാൽ വീട്ടിൽ സമ്പത്ത് നിലനിൽക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് അടുക്കള പരമാവധി ചെറുതാക്കി. സമീപമുള്ള വർക്ക് ഏരിയയിൽ നിറയെ തുറന്ന ഇടങ്ങളുണ്ട്. അതുവഴി കാറ്റും വെളിച്ചവും അകത്തേക്ക് എത്തുകയും ചെയ്യും. വാഷിങ് മെഷീൻ, തയ്യൽ മെഷീൻ എന്നിവയും ഇവിടെ ഹാജർ വച്ചിരിക്കുന്നു.

"അത്യാവശ്യം പാചകം ചെയ്യാൻ ഇഷ്ടമുള്ള ആളാണ്. മീൻ കറിയാണ് പ്രധാന വിഭവം. കഴിവതും വിറകടുപ്പിൽ മൺചട്ടിയിലിട്ടാണ് പാചകം. പുളിശ്ശേരി, രസം തുടങ്ങിയതൊക്കെ ഇപ്പോഴും വിറകടുപ്പിൽ തന്നെ. ഗ്യാസടുപ്പിൽ വച്ചാൽ ആ രുചി കിട്ടില്ല."

വർക്ക് ഏരിയയ്ക്ക് പുറത്ത് ചെറിയൊരു പച്ചക്കറിത്തോട്ടം കാണാം. മഞ്ഞൾ, ചേന, വെള്ളരി, കുമ്പളം, വാഴ തുടങ്ങിയവയൊക്കെ ഹാജർ വച്ചിട്ടുണ്ട്.കാർ പോർച്ചിന്റെ വശത്തായി ഒരു തേക്ക് നിൽപ്പുണ്ട്. "ജാമ്പത്തൈ ആണെന്ന് കരുതി കൊണ്ടുവച്ചതാണ്. വളർന്നപ്പോഴാണ് തേക്ക് ആണെന്ന് മനസിലായത്. ഞാൻ ജാമ്പത്തേക്ക് എന്നാണ് അതിനെ വിളിക്കുന്നത്. തേക്ക് ഇടയ്ക്ക് കോതിയിറക്കുന്നതുകൊണ്ട് വിറകിനു ക്ഷാമമില്ല." വീടിനു പിറകിൽ ചെറിയൊരു ഔട്ട് ഹൗസും സ്റ്റോറേജ് റൂമും കാണാം.

മതിലിന്റെ വശങ്ങളിൽ റോസും പൂച്ചെടികളുമൊക്കെ കാറ്റിൽ തലയാട്ടുന്നു. ഷൂട്ട് കഴിഞ്ഞപ്പോഴേക്കും ഒരു അപ്രതീക്ഷിത അതിഥി വീട്ടിലേക്ക് എത്തി. മറ്റാരുമല്ല സീരിയലിലെ നിഷയുടെ മകളായി അഭിനയിക്കുന്ന (ജീവിതത്തിലും ഇരുവരും അമ്മയും മകളും പോലെയാണ്) ശിവാനി. കുറുമ്പി ശിവാനി കൂടിയെത്തിയതോടെ കുട്ടിപട്ടാളവും വീടും വീണ്ടും സജീവമായി. വിഷു അടിപൊളിയാക്കാനുള്ള പദ്ധതികളിലേക്ക് അവരെ വിട്ടിട്ട് ഞാൻ വീട്ടിൽ നിന്നിറങ്ങി...

nisha-shivani