Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെന്യാമിന്റെ ആരാധകൻ സുസ്മേഷ് ചന്ത്രോത്തിന്റെ മുന്നിൽ പെട്ടപ്പോൾ!!

bennyamin-susmesh

എഴുത്തുകാരോട് ആരാധനാ മനോഭാവം വച്ചുപുലർത്തുന്ന വായനക്കാർ കുറവല്ല. ഇങ്ങനെ എഴുത്തുകാരനെ തേടി ഇറങ്ങുന്ന ആരാധകൻ തന്റെ പ്രീയ എഴുത്തുകാരന്റെ വീട്ടിലേക്കുള്ള വഴി ചോദിക്കുന്നത് മറ്റൊരു എഴുത്തുകാരനോടാണെങ്കിലോ? ഒരു ചെറുകഥ പോലെ മനോഹരമായിരിക്കില്ലേ ആ സീൻ? ഇത്തരം ഒരു അനുഭവം പങ്ക് വയ്ക്കുകയാണ് സുസ്മേഷ് ചന്ത്രോത്ത് തന്റെ ഫെയ്സ്ബുക് കുറിപ്പിലൂടെ, മലയാളത്തിൽ ആരാധകർ ഏറെയുള്ള ഒരു എഴുത്തുകാരനാണ് ബെന്യാമിൻ. ബെന്യാമിനെ തേടിയിറങ്ങിയ ആൾ എത്തിപ്പെട്ടതാവട്ടെ സുസ്മേഷ് ചന്ത്രോത്തിന്റെ മുൻപിലും. അസൂയ, കുശുമ്പ്, കുനുഷ്ട്, കണ്ണിക്കടി ഒന്നുമില്ല എന്ന ആമുഖത്തോടെ സുസ്മേഷ് അവതരിപ്പിക്കുന്ന കുറിപ്പ് ഇങ്ങനെ :

അസൂയ, കുശുമ്പ്, കുനുഷ്ട്, കണ്ണിക്കടി ഒന്നുമില്ലാതെയാണ് ഇനി പറയാന്‍ പോകുന്ന കാര്യം അവതരിപ്പിക്കുന്നതെന്ന് ആദ്യമേ ബോധിപ്പിക്കട്ടെ. ഞാനും ഒരെഴുത്തുകാരനാകയാല്‍ വായനക്കാരങ്ങനെ ധരിക്കാനിടയുണ്ട്. 

ഔദ്യോഗികാവശ്യങ്ങള്‍ക്കായി താല്‍ക്കാലികമായി ഏതാനും ദിവസങ്ങള്‍ പത്തനംതിട്ട ജില്ലയിലെ കുളനടയില്‍ താമസിക്കാനിടവന്നു. ഈ അടുത്ത ദിവസങ്ങളില്‍. ഒരുദിവസം രാവിലെ 6 ന് ഉണര്‍ന്ന് മുണ്ടും മടക്കിക്കുത്തി പതിവുപോലെ നടക്കാനിറങ്ങി. കുട്ടിക്കാലം മുതലേ കണ്ടു വായിക്കുന്ന കാര്‍ട്ടൂണിസ്റ്റ് ജോയി കുളനടയുടെ വീടിനുമുന്നിലൂടെയാണ് ഞാന്‍ നടന്നത്. അദ്ദേഹത്തിന്റെ മരണശേഷമാവണം, ആ വീട് അടഞ്ഞുകിടക്കുകയാണ്. മതിലില്‍ ജോയി കുളനട കാര്‍ട്ടൂണിസ്റ്റ് എന്നെഴുതിവച്ചിട്ടുണ്ട്. എനിക്കെന്നെങ്കിലും 'സുസ്‌മേഷ് ചന്ത്രോത്ത്, എഴുത്തുകാരന്‍' എന്ന് എഴുതിവയ്ക്കാനുള്ള ആത്മവിശ്വാസമുണ്ടാകുമോ എന്നു ഞാനാലോചിക്കാതിരുന്നില്ല. വിഷയം അതല്ല. അതിമനോഹരമായ ഇടവഴികളും ചെറുപാതകളുമുള്ള തനിഗ്രാമമാണിപ്പോളും കുളനടയും പരിസരങ്ങളും. ആദ്യമായിട്ടാണ് ഈ ഭാഗങ്ങളില്‍ ഞാന്‍ താമസിക്കുന്നത്. അങ്ങനെ ചെറുവഴികളിലെ നടത്തം കഴിഞ്ഞ് എം.സി റോഡിലേക്ക് കയറി. പത്രം വാങ്ങുക, കാലിച്ചായ കുടിക്കുക ഇതൊക്കെയാണ് ഇനി ചെയ്യാനുള്ളത്. ഞാന്‍ തനിച്ചേയുള്ളൂ. അങ്ങനെ എന്തോ ആലോചിച്ച് റോഡോരം ചേര്‍ന്ന് നടന്നുവരുമ്പോള്‍ എന്റെ മുന്നിലായി ഒരു ബൈക്ക് വന്നുനിന്നു. ഹെല്‍മറ്റ് വച്ചിട്ടുള്ള ഒരു ചെറുപ്പക്കാരനാണ്. വേഷം വെള്ളമുണ്ടും ബ്രൗണ്‍ നിറമുള്ള ജൂബയും. കണ്ണട. മുഖത്ത് താടിരോമങ്ങള്‍ ഒതുക്കിവച്ചിരിക്കുന്നു. ഇത്രയും ഞാന്‍ ശ്രദ്ധിച്ചു. അപരിചിതന്‍ എന്നോട് വളരെ ഭവ്യമായി ചോദിച്ചു. 

'ബെന്യാമിന്റെ വീടെവിടെയാണ് ?'

സത്യത്തില്‍ ഞാനമ്പരന്നുപോയി. ആത്മാര്‍ത്ഥമായും തിരിച്ചുചോദിച്ചത് ഇങ്ങനെയാണ്. 

'ബെന്യാമിന്‍ ഇവിടെയാണോ താമസിക്കുന്നത് ?'

'അതെ, കുളനടയിലാണ് ബെന്യാമിന്റെ വീട്.' 

ആ യുവാവിന്റെ അക്ഷമപൂണ്ട മുഖത്തേക്കുനോക്കി ഞാന്‍ സ്‌നേഹത്തോടെ പറഞ്ഞു. 

'എനിക്കറിയില്ല.' 

'ഇനിയാരോട് ചോദിച്ചാല്‍ പറഞ്ഞുതരും?' 

യുവാവിന്റെ തോളിലൊരു ബാഗുണ്ട്. കണ്ടിട്ട് സാഹിത്യ വിദ്യാര്‍ത്ഥിയാണെന്ന് തോന്നുന്നുണ്ട്. അല്ലെങ്കില്‍ പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥി. അതുമല്ലെങ്കില്‍ തീര്‍ച്ചയായും വായനക്കാരന്‍. ശരിക്കുമൊരു ആരാധകന്‍. അയാളുടെ മുഖത്തെ അക്ഷമ അത് വിളിച്ചുപറയുന്നുണ്ട്. അയാളുടെ ആവേശവും ഒപ്പമുള്ള നിരാശയും മനസ്സിലാക്കിയിട്ട് ഞാന്‍ പറഞ്ഞു. 

'ഒരെഴുത്തുകാരന്റെ വീട് ചോദിച്ചാല്‍ പറഞ്ഞുതരാന്‍ മാത്രം കേരളത്തില്‍ ആളുകളുണ്ടെന്ന് തോന്നുന്നില്ല. അയല്‍ക്കാര്‍ക്കോ അപൂര്‍വ്വം ചിലര്‍ക്കോ ചിലപ്പോള്‍ പറഞ്ഞുതരാന്‍ കഴിഞ്ഞേക്കും.' 

അയാളെന്നെ നിരാശയോടെ നോക്കി. ഞാന്‍ ആശ്വസിപ്പിക്കും പോലെ പറഞ്ഞു. 

'കുറച്ചുകൂടി നടന്നാല്‍ ജംഗ്ഷനിലെത്തും. അവിടെ നൂറുനൂറ്റമ്പത് ഓട്ടോകള്‍ ഉത്സവത്തിന് ആനകളെ നിരത്തിയിരിക്കുന്നതുപോലെ പകല്‍ മുഴുവന്‍ നിര്‍ത്തിയിട്ടിരിക്കുന്നതുകാണാം. ഏതെങ്കിലും ഓട്ടോക്കാര്‍ ബെന്യാമിന്റെ വീട് അറിയാതിരിക്കില്ല.' 

അയാള്‍ ലേശം സമാധാനത്തോടെ തലകുലുക്കി. വണ്ടിയോടിച്ചു മുന്നോട്ടുപോയി. 

നടക്കുമ്പോള്‍ ഞാനോര്‍ത്തത്, എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ്. കേട്ടറിഞ്ഞിടത്തോളം വായനക്കാരില്‍ നിന്നകലാതെ തലക്കനം കാണിക്കാതെ അവരോട് അടുത്തുനില്‍ക്കുന്നയാളായിട്ടാണ് ബെന്യാമിനെപ്പറ്റി മനസ്സിലായിട്ടുള്ളത്. എത്രയോ ദൂരത്തുനിന്നും ഒരെഴുത്തുകാരനെ കാണാന്‍ ഒരു വായനക്കാരന്‍ വരുന്നു. അയാള്‍ ഒരുപക്ഷേ ബെന്യാമിനെ മാത്രമായിരിക്കാം വായിച്ചിട്ടുണ്ടാവുക. ജീവിതത്തില്‍ ഈ ഒരെഴുത്തുകാരന്‍ മാത്രം മതി എന്നു നിശ്ചയിച്ച ഒരാളാവാം. ഒരുപക്ഷേ വ്യക്തിപരമായ വലിയൊരു ചോദ്യത്തിന്റെ സമാധാനം തരാന്‍ ആ എഴുത്തുകാരന് കഴിയും എന്ന പ്രതീക്ഷയിലായിരിക്കാം അയാള്‍ പോകുന്നത്. എന്തായാലും അത് എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധമാണ്. എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഒരെഴുത്തുകാരനെ തിരഞ്ഞുവരാന്‍ ഈ നാട്ടിലാളുണ്ടല്ലോ. അതിനുള്ള മഹത്തായ ഭാഗ്യം ബെന്യാമിനുണ്ടായല്ലോ. 

മുമ്പ്, ഒരു ചാനലിനുവേണ്ടി ഞാനും ബെന്യാമിനും പന്തളത്തെ ഏതോ പാടത്തിനു നടുവില്‍ നിന്നും സംസാരിച്ചിരുന്നു. അന്ന് കുളനടയിലാണ് വീടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടാവണം. ഞാനത് മറന്നുപോയിരുന്നു. 

ഞാനും കഥയെഴുതുന്ന ഒരാളാണെന്ന് എന്റെ മുഖത്തേക്ക് വളരെ നേരം തുറിച്ചുനോക്കിനിന്നിട്ടും ഇത്രയധികം ഫോട്ടോകള്‍ ഫെയ്സ്ബുക്കിലിട്ടിട്ടും ആ ചെറുപ്പക്കാരന് മനസ്സിലായില്ലല്ലോ എന്ന് ലേശം വിഷമം തോന്നാതിരുന്നില്ല. എന്നാലും എനിക്ക് ആഹ്ലാദമാണുണ്ടായത്. വാസ്തവത്തില്‍, അത് ബെന്യാമിന്റെ പ്രശസ്തിയോടുള്ള ആദരവായിട്ടാണ് പരിണമിക്കുന്നത്.

അഖിലലോക വായനക്കാരേ, നിങ്ങള്‍ക്കെന്റെ രക്താഭിവാദ്യങ്ങള്‍.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം