Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലുപ്പച്ചെറുപ്പം നോക്കാത്ത തന്റേടി

chemmanam വിടവാങ്ങിയ മലയാളത്തിന്‍റെ പ്രിയ കവി ചെമ്മനം ചാക്കോയെ കുറിച്ച് മനോജ് കുറൂർ എഴുതുന്നു.

കാൽ നൂറ്റാണ്ടു മുമ്പുവരെ കവിയരങ്ങുകളുടെ പ്രഭാവകാലമായിരുന്നു. ഒഎൻവിയും കടമ്മനിട്ടയും ബാലചന്ദ്രൻ ചുള്ളിക്കാടും മധുസൂദനൻ നായരുമൊക്കെ അവരവരുടെ സ്വന്തം ഛായയിൽ കവിതയുടെ പല മുഖങ്ങൾ കാണിച്ചു തന്ന കാലം. എഴുത്തിന്റെ ലഹരി ചൊല്ലലിൽ പൂർത്തീകരിച്ചിരുന്ന കാലം. എഴുത്തിലെന്നപോലെ ചൊല്ലലിലും കവിതാസ്വാദകരെ ഹരം പിടിപ്പിച്ചിരുന്ന ഈ കവികളുടെ കാലത്തുതന്നെ ചെമ്മനം ചാക്കോയും കവിയരങ്ങുകളിൽ അനിവാര്യനായിരുന്നു. അന്നു കവിതയിൽ തുടക്കക്കാരനായിരുന്നെങ്കിലും എനിക്കു ചെമ്മനം ചാക്കോ സാറിനൊപ്പം ധാരാളം കവിസമ്മേളനങ്ങളിൽ പങ്കെടുക്കാൻ സാഹചര്യമുണ്ടായിട്ടുണ്ട്.

കവിയരങ്ങുകളിൽ ആദ്യം കവിതചൊല്ലുന്നവരിലൊരാൾ അദ്ദേഹമായിരിക്കും. തന്റെ വ്യക്തിപരമായ അനുഭവങ്ങളും കവിതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കവിതയുടെ പ്രമേയവുമൊക്കെ ആമുഖമായി വിവരിച്ച ശേഷമാണ് അദ്ദേഹം കവിത ചൊല്ലുക. ലളിതമായ വരികളാണെങ്കിലും അവയുടെ വിശദീകരണവും ഇടയ്ക്കിടെയുണ്ടാവും. അതേ വരികൾ ആവർത്തിച്ചു ചൊല്ലുകയും ചെയ്യും. അത്തരത്തിൽ എന്തു ചെയ്താലും കേൾവിക്കാരുടെയിടയിൽനിന്നു പൊട്ടിച്ചിരിയും കൈയടിയും ഉറപ്പ്. കാരണം അവർ ദൈനംദിനജീവിതത്തിൽ അനുഭവിക്കുന്നതും പ്രതികരിക്കാൻ ആഗ്രഹിക്കുന്നതുമായ സംഗതികളാണ് ആ വരികളിൽ അവർക്കു കേൾക്കാനാവുക.

'ഇക്കൊല്ലമെങ്കിലും ഡാഡിതൻ പൊന്നുമോൾ-

ക്കൊക്കണം, കേട്ടോ 'കലാതിലകം'

എന്നു യുവജനോത്സവവേദികളിലെ സമ്മാനമോഹത്തെയും

വഴിയിൽ പട്ടി ചത്തു കിടക്കുന്ന കാര്യം ഒരു പള്ളിയിലച്ചൻ കോർപ്പറേഷനിൽ വിളിച്ചറിയിച്ചപ്പോൾ,

'അതിനച്ചോ, സ്വന്തനാട്ടിൽ മരിച്ചോർതൻ കാര്യമെല്ലാം

വിധി പോലെ പുരോഹിതരല്ലി നോക്കേണ്ടൂ?'

എന്നു മറുപടി പറയുന്ന  ജീവനക്കാരുടെ ചുമതലാബോധമില്ലായ്കയെയും

'മോളിലായ് കറങ്ങുന്നു പങ്കകൾ, താഴെയെങ്ങു-

മാളില്ലാക്കസേരകൾ, പ്യൂണില്ലാക്കവാടങ്ങൾ'

എന്നു സർക്കാരോഫീസിലെ കെടുകാര്യസ്ഥതയെയുമൊക്കെ ചെമ്മനം തന്റെ വിമർശഹാസ്യകവിതയുടെ വിഷയമാക്കി. വാരികയിൽ ഫീച്ചർ ഉണ്ടാക്കാനായി കൊലപാതകം സ്വയം ആസൂത്രണം ചെയ്യുന്ന പത്രാധിപന്മാർ, വ്യാജവാർത്തകൾ നൽകുന്ന പത്രങ്ങൾ, ദുർഗ്രഹമായ ശൈലിയിലുള്ള കവിതകൾ എന്നുവേണ്ട, വിമർശിക്കണം എന്നു താൻ കരുതുന്ന എന്തിനെയും അദ്ദേഹം കവിതകളിലൂടെ നേരിട്ടു. അദ്ദേഹത്തിന്റെ കവിതകൾക്ക് അധികാരികളെവരെ സ്വാധീനിക്കാനും തിരുത്തലിന് ആവശ്യമായ നടപടികളെടുക്കാൻ അവരെ പ്രേരിപ്പിക്കാനും വരെ സാധിച്ചിരുന്നു എന്നത് 'ആളില്ലാക്കസേരകൾ' എന്ന കവിതയ്ക്കു ലഭിച്ച പ്രതികരണങ്ങൾതന്നെ വ്യക്തമാക്കുന്നുണ്ടല്ലൊ.

ലേഖനമായോ ചെറുകഥയായോ എഴുതേണ്ട കാര്യങ്ങളാണ് അദ്ദേഹം പദ്യമാക്കിയത് എന്നൊരു വിമർശനം പലരും പങ്കുവെച്ചു കേട്ടിട്ടുണ്ട്. പക്ഷേ ആ വിമർശനത്തിൽ കഴമ്പുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല. കവിതയിലല്ലാതെ മറ്റൊരു തരത്തിൽ സാധ്യമല്ലാത്ത ചിലത് അദ്ദേഹത്തിന്റെ കവിതയിലുണ്ട്. സാധാരണക്കാരുടെ സംസാരഭാഷയിൽനിന്ന് വലിയൊരു പദസമ്പത്ത് അദ്ദേഹം കവിതയിൽ കൊണ്ടുവന്നു. കവിതയ്ക്കിണങ്ങുന്നവയും അല്ലാത്തവയുമായ വാക്കുകളെക്കുറിച്ചുള്ള പൊതുധാരണയെ അദ്ദേഹത്തിന്റെ കവിതകൾ ലംഘിച്ചു. പദഘടനയുടെ നിരപ്പ് എടുത്തു പറയേണ്ട മറ്റൊരു കാവ്യഗുണമാണ്. താളവൈവിധ്യവും അനായാസമായ പ്രാസവുമാണ് അവയുടെ മറ്റു സവിശേഷതകൾ. ആഖ്യാനകവിതയുടെ നാടകീയമായ പരിണാമഗുപ്തിയാണ് അദ്ദേഹത്തിന്റെ കവിതകളെ ഏറെ ജനപ്രിയമാക്കിയത് എന്നു കൂടി പറയട്ടെ.

ഞാൻ ഓർക്കുന്നത് വ്യക്തിപരമായി അദ്ദേഹം എന്നും കാണിച്ചു പോന്നിട്ടുള്ള സ്നേഹത്തെപ്പറ്റിയാണ്. ആദ്യമൊക്കെ തമ്മിൽ കാണുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നു:

'പ്രായമായി. ഓർമയൊന്നും പഴയതുപോലെയില്ല. ഇനി കാണുമ്പോഴും സംസാരിക്കാതിരിക്കരുത്. ഞാൻ തിരിച്ചറിഞ്ഞില്ലെങ്കിലും പിണക്കം തോന്നരുത്."

പക്ഷേ പിന്നീടു കണ്ടപ്പോഴും സ്വയം പരിചയപ്പെടുത്തേണ്ടിവന്നില്ല. തെളിഞ്ഞൊരു ചിരിയോടേ അദ്ദേഹം സമപ്രായക്കാരായ കൂട്ടുകാരോടെന്നപോലെ കൈയുയർത്തി അഭിവാദ്യം ചെയ്യും. അടുത്തു ചെന്നാൽ ഒരേ വർഗ്ഗമെന്ന സമഭാവനയോടെ സ്നേഹവാത്സല്യങ്ങളോടേ സംസാരിക്കും. 1997 ലോ മറ്റോ ചെർപ്പുളശ്ശേരിയിൽ ഒരു കവിയരങ്ങു കഴിഞ്ഞ് കോട്ടയം വരെ ഒരുമിച്ചുണ്ടായ ഒരു തീവണ്ടിയാത്ര ഓർക്കുന്നു. സാമൂഹികവിഷയങ്ങളും വ്യക്തിപരമായ കാര്യങ്ങളുമൊക്കെ വളരെ സൗഹൃദത്തോടെ സംസാരിച്ചുകൊണ്ട് ഒരു യാത്ര. ഒരു കാര്യം തീർത്തു പറയാം. ചാക്കോ സാറിനു വലിപ്പച്ചെറുപ്പം നോക്കലോ മറ്റേതെങ്കിലും നാട്യങ്ങളോ ഉണ്ടായിരുന്നില്ല. വ്യക്തിപരമായ ആ ഗുണമാണു കവിതയിലൂടെ ആരെയും വിമർശിക്കുന്നതിനും ആരോടും സൗഹൃദത്തോടെ ഇടപെടുന്നതിനുമുള്ള തന്റേതായ ഇടം, തന്റേടം, അദ്ദേഹത്തിനു നൽകിയത് എന്നു ഞാൻ കരുതുന്നു. സ്നേഹവും സൗഹൃദവും അദ്ദേഹത്തിന്റെ വലിയ നന്മകളായിരുന്നു. ആ ഒരു ഗോത്രബന്ധത്തിന്റെ ഓർമകൾക്കു മുന്നിൽ വണങ്ങുന്നു. ഈ ലോകം വിട്ടുപോകുമ്പോഴും അങ്ങനെ അദ്ദേഹം ഉള്ളിൽ അടയാളപ്പെടുന്നു. ചെമ്മനം ചാക്കോ സാറിനു സങ്കടത്തോടേ വിട.

Read More  Articles on Malayalam Literature & Books to Read in Malayalam