Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുറിവ്

wound

കാലംതെറ്റി പെയ്ത മഴയായിരുന്നു തുടക്കം. വേനൽച്ചൂടിൽ വിയർത്ത് വീർപ്പുമുട്ടി നിന്ന നഗരപ്രാന്തത്തിലെ കുടുസ്സുമുറിയിൽ മുഷിഞ്ഞ ജനാല കർട്ടണുകൾ ഇളക്കി ശീതക്കാറ്റ് കടന്നു വന്നപ്പോൾ പത്മയുടെ ഹൃദയം അകാരണമായി ഭാരപ്പെട്ടു. നഗരം ഇരുണ്ടു, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെക്കുറിച്ചുള്ള കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ ഓൾഇന്ത്യ റേഡിയോ പുറത്തുവിട്ടു. കനത്ത മഴയും കൊടുങ്കാറ്റും പ്രതീക്ഷിച്ച് ആ കൊച്ചുനഗരം ജാഗ്രതയോടെ കാത്തിരുന്നു. 

വരണ്ട മണ്ണിനെ നനച്ച് മഴത്തുള്ളികൾ വീണു തുടങ്ങിയപ്പോൾ പത്മ കുട്ടിയെ നോക്കി. അവൾ മണ്ണിൽ ഇരുന്നു കളിക്കുകയാണ്. നിലത്ത് വികൃതമായി ചിരിക്കുന്ന ഒരു പാവ കിടക്കുന്നു. കുട്ടി നനഞ്ഞ മണ്ണ് വാരി ഉരുട്ടി പാവയെ ഊട്ടുകയാണ്. പത്മയുടെ ഉള്ളിൽ നീചമായ ഒരു ചിന്ത പാഞ്ഞു. പാവയുടെ സ്ഥാനത്ത് പട്ടിൽ പൊതിഞ്ഞ ഒരു പുരുഷശരീരം അവൾ കണ്ടു. അരിയും എള്ളും പൂവും കുഴച്ച് കുട്ടി ആ ശരീരത്തെ ഊട്ടുന്നു. പത്മ ഞെട്ടിത്തരിച്ചു. 

നഗരത്തിൽ കറണ്ട് പോകന്നത് അസാധാരണമായ സംഭവമായിരുന്നില്ല. എങ്കിലും കുടുസ്സു മുറിയിലെ ആകെയുള്ള ബൾബ് അണഞ്ഞപ്പോൾ പത്മയ്ക്ക് ഭയമേറി. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ചുമരിലെ കടലാസ് പൂക്കളെ നോക്കി അവൾ കിടന്നു. മയക്കം വിട്ട് ഞെട്ടിയുണർന്നപ്പോൾ കതക് തകരുംവിധം ആരോ ശക്തിയായി മുട്ടുകയാണ്. പത്മ വാതിൽ തുറന്നു.

“ഒരു ഫോൺ ഉണ്ട് കുട്ടി. താഴേക്ക് വാ..” ടാക്കൂർ ദാദയാണ്

“വരുന്നു ടാക്കൂർ ദാ.”

അവൾ വാതിൽ തഴുതിട്ട് വെളിയിലിറങ്ങി. മഴ കനത്തിരുന്നു. കുടയുടെ ചെറിയ വൃത്തത്തിനുള്ളിൽ നനയാതിരിക്കാൻ അവൾ പണിപ്പെട്ടു. 

സ്വീകരണമുറിയുടെ ഓരത്ത് നിറം മങ്ങിയ ഫോൺ റിസീവർ കഴുവേറ്റപ്പെട്ട ജഡം കണക്കെ താഴേക്ക് തൂങ്ങി കിടന്നിരുന്നു.

“ഇതാരാ താഴെ ഇട്ടത്” കൃഷ്ണ ടാകൂർ ദേഷ്യത്തോടെ ചോദിച്ചു. കുട്ടി അമ്മയുടെ പിന്നിൽ ഒളിച്ചു. വികൃതമുഖമുള്ള പാവ തലയും ഉടലും വേർപെട്ട് മുറിയുടെ കോണിൽ ഒരപശകുനം പോലെ കിടന്നു. 

“വികൃതി കുട്ടി” ടാക്കൂർ കണ്ണുരുട്ടി.

അലറിതിമിർക്കുന്ന പേമാരിയിലും ഫോണിൽ മുറിഞ്ഞു കേട്ട അനുജത്തിയുടെ ശബ്ദം പത്മ തിരിച്ചറിഞ്ഞു. അവൾ വല്ലാതെ  കിതയ്ക്കുന്നുണ്ടായിരുന്നു.

“ദീദി വേഗം വീട്ടിലേക്കു വരൂ. രണ്ടു ദിവസമായി ബാബ വീട്ടിൽ വന്നിട്ട്.. പൊലീസ് ഇപ്പൊ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. എനിക്കു പേടിയാകുന്നു.. ദീദീ വേഗം വരൂ..”

ഒരു മിന്നൽപ്പിണർ തന്റെ ജ്വലിക്കുന്ന കരങ്ങൾനീട്ടി ക്ഷണനേരം നഗരത്തെ ഭയാനകമായ നരച്ച വെളിച്ചത്തിൽമുക്കി. കൃഷണ ടാകൂർ ബലമായി റിസീവർ തട്ടിപ്പറിച്ചു.

“ഇടിവെട്ടുമ്പോൾ ഫോൺ അപകടമാണ്” അയാൾ നീരസത്തോടെ ടെലഫോൺ കേബിൾ ഊരി.

“എനിക്ക് വീട്ടിൽ പോകണം ടാക്കൂർദാ”

“ഈ സമയത്തോ?”

“അത്യാവശ്യമാണ് പോകാതെ പറ്റില്ല”

“ജോർഹട്ടിലെക്കുള്ള അവസാന ബസ്സ് എട്ടുമണിക്കാണ്. നീ ഇപ്പോൾ ഇറങ്ങിയാലും അതു കിട്ടില്ല. ഇനി കിട്ടിയാൽ തന്നെ ഈ നശിച്ച  മഴയത്ത് ഫെറി കിട്ടാതെ നീ ബുദ്ധിമുട്ടും. നാളെ പോകൂ..”

“എനിക്കൊരു ടാക്സി വിളിച്ചു തരൂ ടാകൂർദാ.” അവൾ കൂടുതലൊന്നും പറയാതെ ഇറങ്ങി.

വഴികൾ വിജനമായിരുന്നു. ഭൂമിയിലെ മനുഷ്യജീവികളെ ഒന്നടങ്കം പേമാരി നാവുനീട്ടി വിഴുങ്ങിയോ എന്നവൾ സംശയിച്ചു. ഇടയ്ക്കിടെ വീശുന്ന മിന്നൽ രാത്രിയെ കൂടുതൽ വിരൂപയാക്കി. പത്മ കണ്ണുകളടച്ചു. ഭൂതകാലത്തിന്റെ തണുത്തുറഞ്ഞ ഇടനാഴികളിലെവിടെയോ കളഞ്ഞു പോയ ഒരു വിലാപഗാനം, കാരണമില്ലാതെ അവളുടെ കാതിലേക്ക് ഒഴുകി വന്നു..

“കൈവിറച്ചില്ല നിൻ-

നെഞ്ചില് ചുടുനിണം നനഞ്ഞ-

ഗംച്ച ചുറ്റുമ്പോൾ, എൻ-

ഫുകാൻ ഓ ഫുകാൻ.”

മുഗളന്മാരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച അഹോം സൈന്യതലവനു വേണ്ടിയുള്ള വിലപഗാനമാണ്. ബാബയുടെ ചുണ്ടിൽ എപ്പോഴും ചരിത്രവും പാരമ്പര്യവുമുണ്ടായിരിന്നു “ഫുകാൻ എന്നാൽ ഏഴായിരം കാലാൾ പടയ്ക്ക് തലവൻ, രാജ്ഖോവ എന്നാൽ നാലായിരം പടയ്ക്ക് തലവൻ, നമ്മുടെ പൂർവികർ എത്ര ഉന്നതരും വീരന്മാരയിരുന്നു എന്നറിയുമോ പത്മാ? നമ്മുടെ കുലവും പാരമ്പര്യവും വളരെ ശ്രേഷ്ടമാണ്. അതിൽ നാം അഭിമാനിക്കണം.”

കുലമഹിമയും പാരമ്പര്യവും മനസിലാക്കാൻ പ്രായമാകാത്ത ഒന്നരവയസ്സുകാരി പത്മ അച്ഛന്റെ മുഖത്ത് നോക്കി നിഷ്കളങ്കമായ് പുഞ്ചിരി പൊഴിച്ചു.

“ഇന്നിനി നോക്കണ്ട കുട്ടി. എത്ര പണം തരാമെന്നു പറഞ്ഞാലും ഈ മഴയിൽ ആരും ബോട്ടെടുക്കില്ല. അതിനുള്ള ധൈര്യം ഇപ്പൊ ആർക്കുമില്ല.” വിജനമായ ഫെറിഗട്ടിൽ പത്മയെ ഒറ്റയ്ക്കാക്കി വൃദ്ധൻ നടന്നകന്നു.

“മാഡം, ഇവിടെ നിൽക്കുന്നതിൽ അർഥമില്ല. വെള്ളം കൂടിവരികയാണ്. നമുക്ക് തിരിച്ചുപോകാം.. നിങ്ങളെ ഇവിടെ ഒറ്റയ്ക്കാക്കി പോകാൻ 

മനസ്സു വരുന്നില്ല.” ടാക്സി ഡ്രൈവർ വിളിച്ചു പറഞ്ഞു..

അയാൾ പറയുന്നതും ശരിയാണ്. പക്ഷേ ഇത്രയും വന്നിട്ട് തിരികെപോകാൻ മനസ്സനുവദിക്കുന്നില്ല. അനുജത്തിയുടെ ഭയംകൊണ്ട് ചിലമ്പിച്ച  ശബ്ദം പത്മയുടെ കാതുകളിൽ മുഴങ്ങി.

“മാഡം ഒരു തോണി വരുന്നുണ്ട് നോക്കൂ.” ടാക്സി ഡ്രൈവറുടെ ശബ്ദം അവളെ ചിന്തയിൽ നിന്നുണർത്തി. മഴ അൽപം കുറഞ്ഞു. 

ബ്രഹ്മപുത്രന്റെ വിരിമാറിൽ അടിയുലഞ്ഞ് ഒരു ചെറു വെളിച്ചം അടുക്കുന്നത് അവൾ കണ്ടു. അതൊരു കടത്തുവഞ്ചിയായിരുന്നില്ല. ഉറച്ചുപോയ നദീജന്യദ്വീപുകളിൽ വളരുന്ന പുല്ലരിയാൻ ഗ്രാമവാസികൾ ഉപയോഗിച്ചിരുന്ന ഒരു തരം ചെറുവഞ്ചി. പത്മ വഞ്ചിക്കരികിലേക്ക് നടന്നു. “അക്കരയ്ക്കോ? നടപ്പില്ല.. ഇതൊരു കടത്ത് വഞ്ചി അല്ല. പിന്നെ ഈ മഴയും.” വഞ്ചിക്കാരൻ തോണി കെട്ടുകയാണ്.

കിഴക്കു നിന്ന് ആഞ്ഞു വീശുന്ന ശീതക്കാറ്റിൽ അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു. പത്മ ഏറെനേരം സംസാരിച്ചു. ബാബയുടെ കാര്യവും ഈ അസമയത്ത് ഇറങ്ങിപ്പുറപ്പെടാനുണ്ടായ സാഹചര്യവും അവൾ അയാളെ ധരിപ്പിച്ചു. 

“എന്താ നിങ്ങളുടെ പേര്?” 

“പത്മ രാജ്ഖോവ”

***

പൊലീസ് സ്റ്റേഷൻ പരിസരം വിജനമായിരുന്നു. മുളകൊണ്ടു വേലി കെട്ടി തിരിച്ച ആ പഴയ കെട്ടിടത്തിലേക്ക് അസമയത്ത് നടന്നുകയറിയ അപരിചിതനെ നീരസത്തോടെ നോക്കി പൊലീസുകാരൻ പറഞ്ഞു.

“പരാതി വല്ലതും ബോധിപ്പിക്കാനാണെങ്കിൽ നാളെ കാലത്ത് വരൂ..”

“എനിക്ക് സോണ്വൽ സാബിനെ ഒന്ന് കാണണമായിരുന്നു.”

“സോണ്വൽ സാബ് ഇവിടെയില്ല. നിങ്ങൾ നാളെ വരൂ.”

“ഞാൻ ഒരു പട്ടാളക്കാരനാണ്, അവധി കഴിഞ്ഞ് ഇന്നു രാത്രിയിലെ ട്രെയിനിൽ തിരികെ പോകുകയാണ്.  നാളെ വന്നു കാണാൻ കഴിയില്ല. 

സോണ്വൽ സാബിനെ കണ്ട് ഒരു പഴയ ഒരു കേസിന്റെ കാര്യം സംസാരിക്കണം. അദ്ദേഹം എവിടെയാണ് ഉള്ളതെന്നു പറഞ്ഞാൽ ഞാൻ ചെന്നു കണ്ടോളാം”

“അയാൾ എവിടെയാണ് ഉള്ളതെന്ന് എനിക്കെങ്ങനെ അറിയാം മിസ്റ്റർ. നാശം പിടിക്കാൻ.. ഇന്ന് എന്തയാലും തനിക്കു ദ്വീപ് വിട്ടു പോകാൻ കഴിയില്ല. കണ്ടില്ലേ ബംഗാൾ മുടിക്കാൻ ഒരു ചുഴലിക്കാറ്റൊരുങ്ങുന്നു. താൻ പോയിട്ട് നാളെ വെളുപ്പിനു വാ..”

പട്ടാളക്കാരൻ കൂടുതലൊന്നും പറയാതെ പുറത്തേക്കിറങ്ങി. 

***

ഒഴുക്കിൽ വഞ്ചി ആടിയുലയുന്നുണ്ടായിരുന്നു. മഴ വീണ്ടും കനക്കുകയാണ്. കിലോമീറ്ററുകൾ വീതിയുള്ള നദിയുടെ പൈശാചിക മുഖം ഇരുട്ടിൽ പത്മയെ തുറിച്ചു നോക്കി. 

“ആ റാന്തൽ കൂടി കത്തിക്കൂ.” അയാൾ തോണിയുടെ പടിക്കു കീഴിൽ സൂക്ഷിച്ചിരുന്ന വിളക്ക് പത്മയ്ക്ക് കാട്ടിക്കൊടുത്തു. 

വിളക്കിന്റെ തിരി നീണ്ടു. അരണ്ട വെളിച്ചത്തിൽ അവൾ തോണിക്കാരനെ നോക്കി.. അയാളുടെ കൈകൾ ബലിഷ്ടവും തോളുകൾ വിരിഞ്ഞതുമായിരുന്നു. പത്മയെ നോക്കാതെ അയാൾ വഞ്ചിതുഴഞ്ഞു. നനഞ്ഞ പായ്ക്ക് കീഴിൽ പത്മ വിറച്ചു. കലങ്ങിയൊഴുകിയ പുഴയുടെ ശീൽക്കാരങ്ങൾക്കിടയിൽ ഒരു നനുത്ത ശബ്ദത്തിൽ ആ വിലാപഗാനം വീണ്ടും പത്മയുടെ കാതുകളിൽ ഒഴുകിയെത്തി.

“കാൽ കുഴഞ്ഞില്ല നിൻ-

തല ഉരുണ്ട മണ്ണിൽ

വിരൽപ്പാടുകൾ ആഴ്തുമ്പോൾ എൻ

ഫുകാൻ ഓ ഫുകാൻ.”

ബാബ പത്മയെ നോക്കി.. അവളുടെ കുഞ്ഞിക്കണ്ണ് വിടർന്നു..

ചുവരിൽ പതുങ്ങി ഇരയ്ക്കു നേരെ ചാടിയ പല്ലിയെ നോക്കി പത്മ തന്റെ കുഞ്ഞിക്കാൽ ഇളക്കി എന്തോ പറയാൻ ശ്രമിച്ചു.

ഗോബിന്ദ് രാജ്ഖോവ വീണ്ടും പാരമ്പര്യത്തിന്റെ കഥകൾ പറഞ്ഞു തുടങ്ങുമ്പോൾ പടിക്കൽ ആ ശബ്ദം മുഴങ്ങി.

"ഓ ഗോബിന്ദ് ദാദാ. മഹറകളിൽ ഒരുത്തി പൊതുകിണറ്റിൽ നിന്നു വെള്ളം കോരി. ഞങ്ങൾ പിടിച്ചു കെട്ടിയിട്ടുണ്ട്. നിങ്ങളു കൂടി വരിൻ”

“ഹേ. കത്തിക്കണം എല്ലാത്തിനേം” പിടഞ്ഞെഴുന്നെറ്റ് ഭൂമിയെ ചവിട്ടിക്കുലുക്കി നടന്നകലുന്ന ബാബയെ നോക്കി പത്മ കരഞ്ഞു.

തെരുവിൽ വലിയ ആൾക്കൂട്ടത്തിനിടയിലൂടെ നഗ്നരാക്കപ്പെട്ട മഹറ കുടുംബത്തെ വലിച്ചിഴച്ചു കൊണ്ടുപോകുമ്പോ ഗോബിന്ദ് രാജ്ഖോവ അട്ടഹസിച്ചു.. 

“ജീവനോടെ ചുട്ടെരിക്കണം. നാളെ ഇതാരും ആവർത്തിക്കരുത്”

“ഹോയ്.” പത്മ ഞെട്ടിയുണർന്നു. വഞ്ചിക്കാരൻ തുഴച്ചിൽ നിർത്തിയിരുന്നു.

“ഇറങ്ങിക്കോളൂ”

പത്മയുടെ കാല് ചെളിയിൽ പുതഞ്ഞു. കുത്തൊഴുക്കിൽ വഞ്ചി കടവിൽ നിന്ന് ബഹുദൂരം പിന്നോട്ട് പോയിരുന്നു.

“ഇവിടുന്നു അല്പം മുന്നോട്ടു നടന്നാൽ കടവിൽ എത്താം.”

“വളരെ നന്ദി ഭയ്യാ. ഇതാ ഇത് വാങ്ങൂ.”

“എനിക്കു പണം ഒന്നും വേണ്ട. ഞാൻ പറഞ്ഞല്ലോ ഇതൊരു കടത്തുവഞ്ചിയല്ല. ഞാൻ കടത്തുകാരനുമല്ല.. പക്ഷേ നിങ്ങൾ എനിക്കൊരു ഉപകാരം ചെയ്യണം. സ്റ്റേഷനിൽ ഉമാച്ചന്ദ്ര സോണ്വൽ എന്നൊരു പോലീസുകാരനുണ്ട്, ഈ ബാഗ് അയാളെ ഏൽപിക്കണം കൂടെ ഈ കത്തും”

അയാള്‍ നീട്ടിയ പച്ച ആർമി ടഫൽ ബാഗ് വെള്ളത്തിൽ കുതിർന്നിരുന്നു. അവൾ മുന്നോട്ടു നടന്നു. മുറ്റത്ത് അങ്ങിങ്ങായി ചിതറി നിൽക്കുന്ന ആൾകൂട്ടത്തെ നോക്കി അങ്കലാപ്പോടെ കയറിവരുന്ന പത്മയെ കണ്ട് തന്റെ കയ്യിലെ ബീഡിക്കുറ്റി ചെളിമണ്ണിൽ ചവിട്ടിപ്പൂഴ്ത്തി, പുകപുരണ്ടുകറുത്ത ചില്ല്ഭിത്തിക്കുള്ളിൽ മങ്ങി കത്തുന്ന റാന്തൽ വിളക്കിന്റെ  തിരിനീട്ടി അയാൾ എഴുന്നേറ്റു.

“പത്മ രാജ്ഖോവ... അല്ലെ? ഗോബിന്ദ് രാജ്ഖോവയുടെ മൂത്ത മകൾ...

“അതെ”

“ഞാൻ ഉമാച്ചന്ദ്ര സോണ്വൽ.”  നരച്ച പുരികങ്ങൾക്കു താഴെ അയാളുടെ വെള്ളം കെട്ടിയ കണ്ണുകൾ ഒരു ജീർണജഡത്തിന്റേതു പോലെ വീർത്തിരുന്നു. ചുളിവു വീണ പിൻകഴുത്ത് തടവി മനുഷ്യത്വം തൊട്ടുതീണ്ടാത്ത സ്വരത്തിൽ അയാൾ തുടർന്നു.

“നിങ്ങൾ ആത്മസംയമനം പാലിക്കണം, ചാമർക്കുളത്തിന്റെ കരയിൽ തലയില്ലാത്ത ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. നിന്റെ അനുജത്തി പറഞ്ഞതു വെച്ചു നോക്കുമ്പോൾ...” അയാൾ നിർത്തി.

പത്മയുടെ തൊണ്ട വരണ്ടു, കാലുകുഴഞ്ഞു, കൈകൾ വിറച്ചു. കാതിൽ വന്നലച്ച ശബ്ദങ്ങൾ നിലച്ചു. ചന്ദ്രനു മുന്നിൽ കരിമ്പടം വിരിച്ച കാർമേഘങ്ങൾക്കു കീഴിൽ ഭൂമി ഒരു നിമിഷം നിശബ്ദയായി. വഴിയിലുടനീളം തന്നെ പിന്തുടർന്ന നിമിത്തങ്ങൾ വിരൽ ചൂണ്ടുന്നത്, ആ സത്യം ഒരു ദുർഭൂതത്തെ പോലെ തന്നെ നോക്കി നാവു നുണയുന്നത്, അവൾ കണ്ടു. വിഷാദത്തിന്റെ കരിമ്പടം പുതച്ചു തണുത്തു കോച്ചിയ കരയിലും പുഴയിലും അനുഗമിച്ച ആ വിലാപഗാനം ഒരിക്കൽ കൂടി കാതിലേക്ക് ഒഴുകിയെത്തുമ്പോൾ ഒത്ത മനുഷ്യന്റെ തലയറ്റ ഉടലിനരുകിൽ വാവിട്ടു കരയുന്ന കൈക്കുഞ്ഞിന്റെ രൂപം ഒരു മായ കാഴ്ചയായ് അവളുടെ കണ്ണുകൾക്കു മുന്നിൽ തെളിഞ്ഞു. 

കുഴഞ്ഞു വീഴുന്ന പത്മയെ താങ്ങിയെടുത്ത പോലീസുകാരിൽ ഒരാളാണ് ഉമാച്ചന്ദ്ര സോണ്വലിന്റെ പേരിൽ എഴുതിയ ആ കത്ത് കണ്ടെത്തിയത്. 

സോണ്വല് കത്ത് പൊട്ടിച്ചു. സാമാന്യത്തിലധികം പിന്നോട്ട് ചരിഞ്ഞ അക്ഷരങ്ങൾ പലതും മഷിപടർന്നു വികൃതമായിപ്പോയിരുന്നു.  റാന്തലിന്റെ ചെമ്പൻ വെളിച്ചത്തിൽ അയാൾ ആ കത്ത് വായിച്ചു.

പ്രിയ സോണ്വൽ,                

നിങ്ങൾക്കു സുഖമാണെന്നു കരുതുന്നു. എന്നെ നിങ്ങൾ മറന്നു കാണും. മനുഷ്യൻ എന്ന പരിഗണ പോലുമില്ലാതിരുന്ന എന്നെപോലുള്ള അപ്രസക്തരെ എങ്ങനെ ഓർക്കാൻ. 

കാലമാണ് മുറിവുകൾ ഉണക്കുന്ന ഏറ്റവും നല്ല വൈദ്യൻ എന്നു ചെറുപ്പത്തിൽ ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ എന്റെ കാര്യത്തിൽ കാലവും തോറ്റു. കേട്ടറിഞ്ഞതു പലതും വെള്ളപൂശിയ നുണകൾ മാത്രമായിരുന്നു എന്നതാണ് എന്റെ അനുഭവം. ഈ ഭൂമിയിൽ മരവും മണ്ണും വെള്ളവുമെല്ലാം ദൈവം എല്ലാ ജീവികൾക്കുമായി ഒരുക്കിയതാണെന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു. എന്നാൽ കിണറ്റിൽ നിന്നു വെള്ളമെടുക്കാൻ എന്തുകൊണ്ട് അനുവാദമില്ല എന്ന ചോദ്യത്തിനു മുന്നിൽ അമ്മയ്ക്ക് ഉത്തരം മുട്ടും. ഇപ്പോഴും നിങ്ങൾക്കു മനസിലായില്ലേ? 

ഇരുപത്തിയഞ്ച് വർഷങ്ങൾക്കു മുൻപ് ഒരു മഹറ കുടുംബത്തിലെ രണ്ടു സ്ത്രീകളെ പൊതുവഴിയിൽ കൂട്ടബാലാത്സംഗം ചെയ്തു തീയിലെറിഞ്ഞു കൊന്ന സംഭവം നിങ്ങൾ മറന്നിട്ടുണ്ടാവില്ല എന്നു കരുതുന്നു. വേനൽ ചൂടിൽ കനലുപറക്കുന്ന മണലിൽകുഴഞ്ഞു വീണ അമ്മയെ കണ്ടു പരിഭ്രമിച്ചോടിയ പന്ത്രണ്ടുകാരി കിണറ്റിൽ നിന്നു വെള്ളം കോരിയത് അമ്മ മരിച്ചുപോകരുതെന്ന് ആഗ്രഹിച്ചാവാം. പക്ഷേനാട്ടുകാർക്കോ ഗ്രാമമുഖ്യൻ രാജ്ഖോവയ്ക്കോ അതൊന്നും മനസിലാകുമായിരുന്നില്ല.  

പൊടിപുരണ്ട മുഖത്ത് ഉപ്പുനീർ ചാലുകൾ ഒഴുക്കി നിന്ന നാലു വയസുകാരനെ നോക്കി കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ കേസില്ല എന്നു പറയുമ്പോൾ നിങ്ങളുടെ മുഖത്തു നിറഞ്ഞുനിന്നിരുന്ന ആ ചിരിയാണ് ഇന്നും നിങ്ങളെ ഞാൻ ഓർക്കാനുള്ള കാരണം. ഒരുപക്ഷേ നിങ്ങൾ ഇപ്പോൾ അന്വേഷിച്ചു തുടങ്ങാനിരിക്കുന്ന ഒരു കേസ്സിൽ സഹായകമാകാവുന്ന ഒന്ന് ഈ കത്തുമായി വരുന്ന പെൺകുട്ടിയുടെ കയ്യിൽ കൊടുത്തു വിടുന്നു. അവൾ തന്നെ ഇത് ചെയ്യണം എന്നുള്ളത് ദൈവനിശ്ചയമാകും. ഈ കേസ് നിങ്ങൾ എങ്ങനെ അവസാനിപ്പിക്കും എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

എന്ന് ഒരു പഴയ പരാതിക്കാരൻ.

കത്ത് വായിച്ചു തീരുമ്പോൾ സോണ്വലിന്റെ മൂക്കിൻ തുമ്പിൽ വിയർപ്പു പൊടിഞ്ഞിരുന്നു. അയാൾ പത്മയെ നോക്കി. പാരമ്പര്യത്തിന്റെ ലഹരി തൊട്ടുതീണ്ടാത്ത അവളുടെ കണ്ണുകൾക്ക് ഇരുപത്തിയഞ്ചാണ്ടു മുൻപ് താൻ കണ്ട ആ നാലു വയസുകാരന്റെ കണ്ണുകളുമായുള്ള സാദൃശ്യം അയാളെ ആശ്ചര്യപ്പെടുത്തി. കുതിർന്ന ടഫൽബാഗിന്റെ കെട്ടഴിക്കാൻ ശ്രമിക്കുന്ന പോലീസുകാരൻ മൂക്കു ചുളിക്കുന്നത് അയാൾ ശ്രദ്ധിച്ചു. കരിഞ്ഞ മാംസത്തിന്റെയും മുടിയുടെയും രൂക്ഷഗന്ധം അന്തരീക്ഷമാകെ പടരുമ്പോൾ പത്മയുടെ ചുണ്ടുകൾ യാന്ത്രികമായി ചലിച്ചു.

“കൺചിമ്മിയില്ല നിൻ

ഉടൽകരിക്കും ചിതയാളി

കാഴ്ചയെ മറയ്ക്കുമ്പോൾ എൻ

ഫുക്കാൻ ഓ ഫുക്കാൻ”