ക്യാപ്റ്റൻ, പവനായി ആയ കഥ പറഞ്ഞ് സത്യൻ അന്തിക്കാട്

അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിനെ സംവിധായകൻ സത്യൻ അന്തിക്കാട് അനുസ്മരിക്കുന്നു.

നാടോടിക്കാറ്റ് എന്ന സിനിമ എഴുതിക്കൊണ്ടിരിക്കെ പവനായി എന്ന കഥാപാത്രം രൂപപ്പെട്ടപ്പോൾ ഞാനും ശ്രീനിവാസനും തീരുമാനിച്ചത് അതു ക്യാപ്റ്റൻ രാജുവിന്റെ രൂപഭാവമുള്ള ഒരാളായിരിക്കണം എന്നാണ്. പക്ഷേ, അതൊരു തമാശ കഥാപാത്രമായിരിക്കുകയും ചെയ്യും. അദ്ദേഹം ഗൗരവത്തോടെ ചെയ്യുന്ന കാര്യം കാഴ്ചക്കാരനു തമാശയായി തോന്നണം.

ഒരു ദിവസം ശ്രീനിവാസൻ പറഞ്ഞു, ക്യാപ്റ്റൻ രാജുവിനെപ്പോലെ ഒരാളുണ്ട്. 

അതാരാണു ശ്രീനി?

ക്യാപ്റ്റൻ രാജു തന്നെ.

അങ്ങനെയാണു ക്യാപ്റ്റൻ രാജുവിനെ പവനായിയാകാൻ ക്ഷണിക്കുന്നത്. ആദ്യ ദിവസങ്ങളിൽ ക്യാപ്റ്റനു ചെറിയൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. അതുവരെ വില്ലനായി മാത്രം തിളങ്ങിയ ആളാണ്. സ്വയമൊരു കാർട്ടൂൺ കഥാപാത്രമാക്കി സങ്കൽപിച്ചു ചെയ്തുകൊള്ളാൻ പറഞ്ഞപ്പോൾ ക്യാപ്റ്റനു പെട്ടെന്നു മനസ്സിലായി. പല സീനുകളിലും പവനായി നിറഞ്ഞുനിന്നു. ക്യാപ്റ്റന്റെ കഥാപാത്രം ആ സിനിമയുടെ വിജയത്തിലും ദാസനും വിജയനുമെന്ന കഥാപാത്രങ്ങളുടെ വിജയത്തിലും വലിയ പങ്കുവഹിച്ചു. ‘പവനായി ശവമായി’എന്ന ഡയലോഗ് ഇന്നും ജീവിക്കാനുള്ള പ്രധാന കാരണം ആ വേഷം കാഴ്ചക്കാരുടെ മനസ്സിൽ പതിഞ്ഞതുതന്നെയാണ്.

അതീവ നന്മയുള്ള മനുഷ്യനായിരുന്നു ക്യാപ്റ്റൻ. വർഷങ്ങൾക്കുശേഷം ട്രെയിനിൽ കണ്ടപ്പോൾ എനിക്കു ക്യാപ്റ്റനെ അഭിമുഖീകരിക്കാനൊരു ചമ്മൽ. കുറെക്കാലമായി ക്യാപ്റ്റനെ ഒരു വേഷത്തിനും വിളിച്ചിട്ടില്ല. എന്റെ മുഖം വായിച്ചെന്നപോലെ ക്യാപ്റ്റൻ പറഞ്ഞു, ‘സത്യൻ എനിക്ക് ഒരു വേഷവും തന്നില്ലെങ്കിലും പ്രയാസമില്ല. ജീവിതത്തിൽ തരാവുന്ന ഏറ്റവും വലിയ വേഷമാണു പവനായ്. എത്ര വേഷം തന്നാലും അതിലും വലുതു കിട്ടാനിടയില്ല. അതൊരു നിമിത്തമാണു സത്യൻ. ആ വേഷം മനസ്സിൽ വരുമ്പോൾ എന്റെ മുഖം തെളിഞ്ഞല്ലോ. അതുതന്നെ ഭാഗ്യം. നമ്മൾ അർഹിക്കുന്നതിൽ കൂടുതൽ ആഗ്രഹിക്കരുത്’– ഞാൻ വല്ലാതായിപ്പോയി.

വീട്ടിൽ വരാൻ വിളിച്ചശേഷമാണു യാത്ര പറഞ്ഞത്. വളരെ നിർബന്ധിച്ചാണു വിളിച്ചത്. പക്ഷേ, പോകാനായില്ല. ക്യാപ്റ്റൻ കാലമേറെ കഴിഞ്ഞിട്ടും അതേ സൗഹൃദം സൂക്ഷിച്ചു. സിനിമയിലുള്ളവർ സിനിമയ്ക്കു പുറത്തുണ്ടാക്കേണ്ട സൗഹൃദത്തെക്കുറിച്ച് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു.

ഒരിക്കൽപോലും പരിഭവം കാണിച്ചില്ല. കിട്ടിയ വേഷങ്ങളിൽ അതീവ സന്തോഷത്തോടെയാണു ക്യാപ്റ്റൻ ജീവിച്ചത്. അതു നൽകിയവരുമായി മരണം വരെയും അടുപ്പം സൂക്ഷിക്കുകയും ചെയ്തു. കൂടുതലും ചെയ്ത കഥാപാത്രങ്ങളുടെ നിഴലുപോലും സ്വന്തം ജീവിതത്തിൽ പകർത്താതെയാണു ക്യാപ്റ്റൻ യാത്ര ചോദിക്കുന്നത്. തെളിനീർപോലെയാണു ക്യാപ്റ്റൻ ജീവിച്ചത്. ഒരിക്കൽ കണ്ടവർക്കുപോലും അത് അനുഭവപ്പെടും.