Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമായി ദുൽക്കറിന്റെ ‘ചാർലി ഡാൻസ്’: വിഡിയോ

മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പർ മെഗാഷോയിൽ ദുൽക്കർ സൽമാൻ അവതരിപ്പിച്ച ഗംഭീര നൃത്തത്തിന്റെ വിഡിയോ പുറത്തിറങ്ങി. ചടുലമായ ചുവടുകളുമായി ദുൽക്കർ കളം നിറഞ്ഞപ്പോൾ ആരാധകരും ആസ്വാദകരും അവേശത്തിൽ ആറാടി.

ഇത് ആദ്യമായാണ് ഒരു സ്റ്റേജ് ഷോയിൽ ദുൽക്കർ നൃത്തം അവതരിപ്പിക്കുന്നത്. ആദ്യ വേദിയുടെ പതർച്ചകളേതുമില്ലാതെ മലയാളത്തിന്റെ പ്രിയ യുവതാരം പരിപാടി ഗംഭീരമാക്കി. ജോമോന്റെ സുവിശേഷങ്ങളിലെ ‘നോക്കി നോക്കി നോക്കി നിന്നു’ എന്ന ഗാനത്തിനു ചുവടു വച്ചാണ് ദുൽക്കർ നൃത്തം ആരംഭിച്ചത്. പിന്നാലെ ചാർലിയിലെ ‘ഒരു കരിമുകിലിന്’ എന്ന ഗാനത്തിനായി ഇഷ തൽവാറിനൊപ്പം ചുവടു വച്ചു. പിന്നീട് ഒക്കെ കൺമണിയിലെ ഗാനത്തിനായി വീണ്ടും സ്റ്റൈലൻ സ്റ്റെപ്പുകളിട്ടു. 

വെള്ളത്തൊപ്പി വച്ച് വെള്ള ടീ ഷർട്ടും കറുത്ത ജീൻസും വെള്ള ഷൂസുമണിഞ്ഞ് സ്റ്റൈലൻ ലുക്കിലാണ് ദുൽക്കർ എത്തിയത്. പ്രസന്ന മാസ്റ്റർ ഒരുക്കിയ നൃത്തം ആരാധകർക്ക് വലിയൊരു വിരുന്നായിരുന്നു. പല സമയത്തും സ്ത്രീകൾ ഉൾപ്പടെയുള്ള ആരാധകർ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റു നിന്ന് തങ്ങളുടെ ആവേശം പങ്കു വച്ചു. മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടിയ അതേ കയ്യടിയും ഹർഷാരവവും യുവതാരമായ ദുൽക്കറിനും ലഭിച്ചത് അദ്ദേഹത്തിന്റെ ജനപിന്തുണയെ അടയാളപ്പെടുത്തുന്നതായി.