Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2006ലെ നിയമം നിലവിലെ മെഡിക്കൽ കോഴ്സുകൾക്കു ബാധകമല്ല

Medical

ന്യൂഡൽഹി∙ എൽഡിഎഫ് സർക്കാർ 2006ൽ‍ സ്വാശ്രയ മെഡിക്കൽ, എൻജിനീയറിങ് കോളജുകളെ നിയന്ത്രിക്കാൻ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകൾ നിലവിലെ മെഡിക്കൽ കോഴ്സുകൾക്കു ബാധകമല്ലെന്ന സർക്കാർ നിലപാട് സുപ്രീം കോടതി അംഗീകരിച്ചു. വിവിധ മെഡിക്കൽ കോഴ്സുകൾക്കായി കഴിഞ്ഞ വർഷം നിയമം പാസാക്കിയിട്ടുണ്ടെന്നു സർക്കാർ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.

2006ലെ നിയമത്തിലെ ചില സുപ്രധാന വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്നു വിലയിരുത്തി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ 2007 ജനുവരിയിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണു സുപ്രീം കോടതി ഇന്നലെ പരിഗണിച്ചത്. ഇന്നലത്തെ തീരുമാനത്തോടെ, ഹൈക്കോടതി വിധി മെഡിക്കൽ കോളജുകളുടെ കാര്യത്തിൽ ശരിവയ്ക്കപ്പെട്ട സ്ഥിതിയായി.

ന്യൂനപക്ഷ സ്ഥാപനങ്ങൾക്കുള്ള അവകാശങ്ങളും മറ്റും എടുത്തുപറഞ്ഞായിരുന്നു 2006ൽ ചീഫ് ജസ്റ്റിസ് വി.കെ.ബാലിയുടെ വിധി. 2006ലെ നിയമം സംസ്ഥാനത്തെ സ്വാശ്രയ എ‍ൻജിനീയറിങ് കോളജുകളെ എങ്ങനെ ബാധിക്കുമെന്നത് അടുത്ത മാസം ഒൻപതിനു സുപ്രീം കോടതി പരിഗണിക്കും. സർക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും എതിർകക്ഷികൾക്കു വേണ്ടി സുനിൽ ഗുപ്തയും റോമി ചാക്കോയും ഹാജരായി.